വ്യവസായി സാജന്റെ ആത്മഹത്യ: ത്രിതല ഭരണസംവിധാനത്തിന്റെ ജനകീയത നഷ്ടപ്പെട്ടത് കാരണം

ആന്തൂർ മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏകാധിപത്യത്തിന്റെയും സഹിഷ്ണുത ഇല്ലാത്ത പ്രവർത്തനത്തിന്റെയും വിളനിലമായ ഭൂമികയായിരുന്നു. 1995 ൽ ഒക്ടോബർ 26 ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.ദാസനെ ക്രൂരമായി സി.പി.എം പ്രവർത്തകർ കൊല ചെയ്തു . ആ സമയത്ത് പഞ്ചായത്തായിരുന്ന ആന്തൂരിൽ രാഷ്ട്രീയ എതിരാളികൾക്ക് പ്രവർത്തന സ്വാതന്ത്രമില്ലാത്ത പ്രദേശത്ത് എല്ലാ വാർഡിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അത്ഭുതപ്പെടുത്തുന്ന വോട്ടുകൾ നേടുകയും ചെയ്തിരുന്നു

വ്യവസായി സാജന്റെ ആത്മഹത്യ: ത്രിതല ഭരണസംവിധാനത്തിന്റെ ജനകീയത നഷ്ടപ്പെട്ടത് കാരണം

സതീശന്‍ പാച്ചേനി

രാഷ്ട്രവും അതിനെ പ്രതിനിധീകരിക്കുന്ന ഭരണകൂടവും മർദ്ദനത്തിനും ചൂഷണത്തിനുമുള്ള ഉപാധിയാണെന്നാണ് കാറൽ മാർക്‌സ് അഭിപ്രായപ്പെട്ടത്. ഇതിന്റെ പൂർത്തീകരണം കമ്മ്യൂണിസ്റ്റ് ഭരണത്തിൽ നിന്നാണെന്നത് ചരിത്രത്തിലെ വൈരുദ്ധ്യമായി തോന്നാം. കമ്മ്യൂണിസ്റ്റ് പാർട്ടിക്കു മേൽക്കോയ്മയുള്ള ലോകത്തെല്ലായിടത്തും എതിരാളികളെ ഉൻമൂലനം ചെയ്യാൻ, സാധാരണക്കാരെ ജീവിക്കാൻ അനുവദിക്കാത്ത, വ്യത്യസ്തതകളെ ഉൾക്കൊള്ളാൻ കഴിയാത്ത ചിന്ന ബഡാ ' സ്റ്റാലിനുകളെ കാണാം. പാർട്ടി ഗ്രാമങ്ങൾ കെട്ടിപൊക്കിയ ബർലിൻ മതിലുകൾ കാണാം. കണ്ണൂർ ജില്ലയിലെ ആന്തൂർ അത്തരത്തിലുള്ള ഒരു പ്രദേശമാണ്. രാഷ്ട്രീയ എതിരാളികൾക്ക് ഊരുവിലക്കുള്ള ഇവിടെ സ്വന്തം പാർട്ടിക്കാർക്കു പോലും രക്ഷയില്ലാന്നായിരിക്കുന്നു. ഇതിന്റെ തെളിവാണ് പാറയിൽ സാജന്റെ ആത്മഹത്യ.

ദീർഘകാലം നൈജീരിയയിൽ പ്രവാസജീവിതത്തിന്റെ പ്രതിസന്ധികളെ തരണം ചെയ്തത് സ്വരുക്കൂട്ടിയ സമ്പാദ്യം ഉപയോഗിച്ചാണ് താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് മേൽക്കൈയുള്ള കുറ്റിക്കോൽ നെല്ലിയോട്ട് ഓഡിറ്റോറിയം പണിതതും സമീപത്തു തന്നെ വില്ലാ പ്രൊജക്ട് നടപ്പിലാക്കിയതും. സ്വന്തം പാർട്ടി നേതാക്കൾ മാത്രം ഭരണം നടത്തുന്ന നഗരസഭയിൽ ഇതൊക്കെ ചെയ്തത് ജന്മദേശത്ത് കുറച്ചു പേർക്ക് തൊഴിൽ നല്കാമല്ലോ എന്ന ചിന്തയാലാണ്. ഒപ്പം തനിക്ക് ലഭിക്കുന്ന വരുമാനത്തിലൂടെ സന്തോഷത്തോടെ ജീവിക്കാമല്ലോ എന്നും സാജൻ കരുതി.

കെട്ടിടനിർമ്മാണ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് എല്ലാവിധ അനുമതികളും ലഭിച്ചതിനു ശേഷമാണ് പദ്ധതി ആരംഭിച്ച് പൂർത്തികരിച്ചത്. എന്നാൽ, കെട്ടിട നമ്പർ ഉൾപ്പെടെയുള്ള സാങ്കേതിക കാര്യങ്ങൾ ലഭിച്ച് കൺവൻഷൻ സെന്റർ തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നടപടി ക്രമങ്ങളിലേക്ക് എത്തുമ്പോഴാണ് പ്രവർത്തനാനുമതി നല്കാതെ തടസ്സവാദങ്ങളുമായി ആന്തൂർ നഗരസഭ രംഗത്ത് വന്നത്. ജീവിതത്തിന് നിറം പിടിപ്പിക്കാനും നിരവധി സ്വപ്നങ്ങൾ പൂവണിയാനുമായി പ്രതീക്ഷയോടെ മുന്നോട്ട് നീങ്ങവേയാണ് അനാവശ്യ തടസ്സവാദങ്ങൾ ഉന്നയിച്ച് നഗരസഭാധികൃതർ സാജന്റെ സ്വപ്നക്കൾക്കു മീതെ ഇരുൾ പരത്തിയത്.

ആന്തൂർ മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏകാധിപത്യത്തിന്റെയും സഹിഷ്ണുത ഇല്ലാത്ത പ്രവർത്തനത്തിന്റെയും വിളനിലമായ ഭൂമികയായിരുന്നു. 1995 ൽ ഒക്ടോബർ 26 ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.ദാസനെ ക്രൂരമായി സി.പി.എം പ്രവർത്തകർ കൊല ചെയ്തു . ആ സമയത്ത് പഞ്ചായത്തായിരുന്ന ആന്തൂരിൽ രാഷ്ട്രീയ എതിരാളികൾക്ക് പ്രവർത്തന സ്വാതന്ത്രമില്ലാത്ത പ്രദേശത്ത് എല്ലാ വാർഡിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അത്ഭുതപ്പെടുത്തുന്ന വോട്ടുകൾ നേടുകയും ചെയ്തിരുന്നു.

ദാസന്റെ ഭാര്യ വിമല മത്സരിച്ച വാർഡിൽ മറ്റൊരു കോൺഗ്രസ് കുടുംബവും പ്രകടമായി ഇല്ലാതിരുന്നിട്ടും മുന്നൂറിലധികം വോട്ടുകൾ നേടിയിരുന്നു. രണ്ട് വാർഡുകളിൽ നേരിയ വോട്ടിനാണ് വിജയം നഷ്ടപ്പെട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് ദാസന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കെതിരെ നടത്തിയ വാഹന പ്രചാരണജാഥ വലിയ ജനവികാരം ഉയർത്തിയിരുന്നു.

ആന്തൂരിൽ സി.പി.എമ്മിന്റെ കോട്ടകൊത്തളങ്ങളിൽ വിള്ളൽ വീണാൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ അത് ബാധിക്കുമെന്ന് മനസ്സിലാക്കിയ സി.പി.എം നേതൃത്വം വി.ദാസനെ ക്രൂരമായി കൊല ചെയ്തു.

മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണം നടത്താനോ, പ്രചാരണ ബോർഡ് സ്ഥാപിക്കാനോ ഓഫീസുകൾ പ്രവർത്തിപ്പിക്കാനോ ആന്തൂരിൽ സ്വാതന്ത്ര്യമില്ലായിരുന്നു. സി.പി.ഐയുടെ ഓഫിസ് പ്രവർത്തിക്കുന്ന കോൾമൊട്ടയിലെ കെ.വി.മൂസാൻകുട്ടി മാസ്റ്റർ സ്മാരക മന്ദിരം പോലും പലപ്പോഴായി തകർക്കപ്പെട്ടിരുന്നു. സി.പി.എം നേതാക്കളുടെ ശൈലിയും പ്രവർത്തനവും അസഹിഷ്ണുതയിലും അഹങ്കാരത്തിലും താൻപോരിമയിലും അഭിരമിച്ച് ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാർഷ്ട്യത്തിൽ ആന്തൂരിലെ ഭരണ സമിതി മുന്നോട്ട് പോവുകയാണ്.

സി.പി.എം അനുഭാവിയായിട്ട് പോലും സാജനെ തടസ്സവാദങ്ങൾ ഉന്നയിച്ച് ബുദ്ധിമുട്ടിച്ചപ്പോൾ സി.പി.എം ജില്ലാ സെക്രട്ടറിയെ കണ്ട് പരാതി പറഞ്ഞതും ചീഫ് ടൗൺ പ്ലാനറുടെ പരിശോധന നടത്തിയതും പ്രവർത്തനാനുമതി നല്കാതിരിക്കാൻ അനധികൃത നിർമ്മാണം ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയതും ഇതിനകം സാജന്റെ ബന്ധുക്കളും സുഹൃത്തുക്കളും മാധ്യമങ്ങളോട് പങ്കുവെച്ചിട്ടുണ്ട്.

അധികാര കസേരകൾ അഹങ്കരിക്കാനും താൻപോരിമയും പ്രമാണിത്തവും കാണിച്ച് അല്പബുദ്ധിയിൽ ആത്മനിർവൃതി അടയുന്ന തരത്തിൽ ഒരു വിഭാഗം സി.പി.എം നേതാക്കൾ ഉല്ലസിച്ച് നടക്കുകയാണ്. അതിനു കാരണം ആ പാർട്ടിയിലെ അംഗങ്ങൾക്ക് പൊതുവായി സംവദിക്കാനും സ്വതന്ത്ര ജനാധിപത്യ വീക്ഷണം ഉയർത്തിപ്പിടിക്കാനും കഴിയാത്തതിനാലും പരസ്യമായി അഭിപ്രായപ്രകടനത്തിന് സാധിക്കാത്തതു കൊണ്ടുമാണ്.

പാർട്ടി ചട്ടക്കൂടെന്ന് പറഞ്ഞ് കാറ്റും വെളിച്ചവും കടക്കാത്ത ഇരുമ്പ് മറ സൃഷ്ടിച്ച് സാധാരണക്കാരായ പാർട്ടി മെമ്പർമാരെ പറ്റിക്കുകയാണ് സി.പി.എം ചെയ്ത് കൊണ്ടിരിക്കുന്നത്. നഗരസഭാ അദ്ധ്യക്ഷയെ തിരുത്താനും ശാസിക്കാനും ജില്ലാ സെക്രട്ടറിക്ക് കഴിയാതെ പോകുന്നതിന് കാരണം മനുഷ്യത്വമില്ലാത്ത സംഘടനാ രീതിയാണ്. ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും അനുസരിപ്പിക്കുന്നതാണ് പാർട്ടി ഗ്രാമങ്ങളിലെ ശൈലി. സാജനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തേണ്ടതുണ്ട്. പ്രസ്തുത സംഭവത്തിൽ ആന്തൂർ നഗരസഭയിലെ ഭരണതലത്തിലെയും ഉദ്യോഗസ്ഥ സംവിധാനത്തിലെയും പ്രവർത്തനങ്ങളും ഇടപെടലുകളും ചരടുകളില്ലാത്ത അന്വേഷണത്തിലൂടെ പുറം ലോകമറിയേണ്ടതാണ്. സാജന്റെ ആത്മഹത്യ സംസ്ഥാനത്തിന്റെ വ്യവസായ സൗഹൃദ സാഹചര്യങ്ങളുടെ നേർ ചിത്രമാണ് വെളിപ്പെടുത്തുന്നത് എന്നത് ഏറെ ഗൗരവതരവും ആശങ്ക ഉളവാക്കുന്നതുമാണ്.

നിയമങ്ങളും ചട്ടങ്ങളും പാലിച്ച് എല്ലാവിധ സാങ്കേതിക അനുമതികളും നേടിയ ഒരു സ്ഥാപനം പണികഴിപ്പിച്ചതിനു ശേഷം പ്രവർത്തനാനുമതി നല്കാത്തത് നഗരസഭകളുടെ രീതിയാണെങ്കിൽ അത് തിരുത്താനും തിരുത്തിക്കാനും നിയമപരമായ ഒരു സംവിധാനം വേണമെന്നുള്ളത് ഒന്ന് കൂടി അടിവരയിടുകയാണ് ആന്തൂർ സംഭവം.

നഗരസഭയുടെ ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ട് ബോധപൂർവ്വം പ്രവാസി വ്യവസായിയെ മാനസികമായി തളർത്താനും സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി നല്കുന്നതിൽ ഹിതകരമല്ലാത്ത ഇടപെടൽ നടത്തിയോ എന്നും പരിശോധിക്കണം. രാജീവ് ഗാന്ധി വിഭാവനം ചെയ്ത് പഞ്ചായത്ത് നഗരപാലിക നിയമങ്ങൾ പാസായിട്ട് 25 വർഷം പൂർത്തിയായിരിക്കുകയാണ്. താഴെത്തട്ടിൽ ഏറ്റവും വേഗത്തിൽ ഏറ്റവും ഗുണകരമായ രീതിയിൽ നീതി ഉറപ്പു വരുത്തുക എന്നതാണ് അധികാര വികേന്ദ്രീകരണത്തിന്റെ കാതൽ. എന്നാൽസി.പി.എമ്മിന് അധികാരം കേന്ദ്രീകരിക്കാനുള്ള ഒന്നായി മാറ്റിയിരിക്കുകയാണ് അധികാര വികേന്ദ്രീകരണ നിയമം.

ജനങ്ങളുമായി നേരിട്ടിടപ്പെടുന്ന ഒരു ജനാധിപത്യ സ്ഥാപനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. നന്നായി പ്രവർത്തിക്കുന്ന തദ്ദേശ സ്വയംഭരണങ്ങൾക്ക് ഒരപവാദമായി മാറിയിരിക്കുന്നു ആന്തൂർ നഗരസഭ. അധികാരത്തിന്റെ മത്ത് മൂത്ത് നടക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരികളിൽ നിന്ന് നീതി പ്രതീക്ഷിക്കാൻ കഴിയില്ല. ഇനിയുമിത്തരം ചെയ്തികൾ നാം ഇവരിൽ നിന്ന് പ്രതീക്ഷിക്കണം. മനുഷ്യത്വം സംവിധാനങ്ങൾക്കെതിരെ പൊതുസമൂഹം ഒന്നിക്കണം, കുറ്റക്കാർക്ക് ശിക്ഷ ലഭിക്കണം, അനാഥമാക്കപ്പെട്ട കുടുംബത്തിന് നീതി ലഭിക്കണം.

Read More >>