അവനി: ഭീതിയുടെ നീണ്ട ദിനരാത്രങ്ങള്‍

എന്നാല്‍, സെപ്തംബറിലും ഒക്ടോബറിലും അധികൃതര്‍ക്ക് അവനിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതിന്റെ സാന്നിദ്ധ്യം മനസ്സിലാക്കുന്നതിനുള്ള സൂചനകള്‍ പോലും കിട്ടിയിരുന്നില്ല. അപ്പോഴെല്ലാം ഗ്രാമവാസികള്‍ ഭയത്തില്‍ കഴിഞ്ഞുകൂടി. ഒക്ടോബര്‍ 17 നാണ് അവനിയെക്കുറിച്ച് ആദ്യ സൂചന കിട്ടിയത്. അതിനു ശേഷം അവനിയെ പലരും കണ്ടു. നവംബര്‍ രണ്ടിന് റാലിഗണിലേക്കുള്ള റോഡില്‍ അവനി കുട്ടികളുമായി നടക്കുന്നത് ശ്രദ്ധയില്‍ പെട്ട ബൊറാത്തി ഗ്രാമവാസികള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈദരാബാദില്‍ നിന്നുള്ള ഷാര്‍പ് ഷൂട്ടര്‍ നവാബ് ഷെയ്ഫത്ത് അലിഖാന്റെ മകന്‍ അസ്ഗറും സംഘവും സ്ഥലത്ത് പാഞ്ഞെത്തി. എന്നാല്‍, മയക്കുവെടി വയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നിറയൊഴിക്കുകയായിരുന്നു.

അവനി: ഭീതിയുടെ നീണ്ട ദിനരാത്രങ്ങള്‍

ജയ്ദീപ് ഹര്‍ദികാര്‍

തുടര്‍ച്ചയായി കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ശ്രദ്ധ ആകര്‍ഷിക്കപ്പെട്ട ഗ്രാമമാണ് മഹാരാഷ്ട്രയിലെ ബൊറാത്തി. 2016 മാര്‍ച്ച് മുതല്‍ നിരവധി പേരാണ് ബൊറാത്തിയില്‍ അവനിയെന്ന കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒട്ടേറെപേര്‍ക്ക് പരിക്കേറ്റു. ഒരുപാട് കന്നുകാലികള്‍ ചത്തു. 50 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന പരുത്തി കൃഷി മേഖലയായിരുന്നു അവനിയുടെ വിഹാരകേന്ദ്രം. ചെറുകിട ജലസേചന പദ്ധതികളുള്ള പ്രദേശം കൂടിയാണിവിടം. ബൊറാത്തി അടക്കം 12 ഗ്രാമങ്ങളിലെ 13ഓളം പേരെ അവനി കൊന്നുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്ര വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അവനിക്കായി വ്യാപക തെരച്ചില്‍ നടത്തി. 2018 സെപ്തംബര്‍ ഒന്നിനാണ് അവനിയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് തുടങ്ങിയത്. എന്നാല്‍ അതിനു മുന്‍പ് തന്നെ ഗ്രാമവാസികള്‍ അവനിക്കായി വലവിരിച്ചിരുന്നു.

200ഓളം ഉദ്യോഗസ്ഥര്‍ അവനിയെ വേട്ടയാടാന്‍ ഇറങ്ങി. സംസ്ഥാന വന്യജീവി സംരക്ഷണ സംഘവും ഹൈദരാബാദില്‍ നിന്നുള്ള ഷാര്‍പ് ഷൂട്ടര്‍മാരും പ്രദേശത്ത് ക്യാമ്പ് ചെയ്തു. അവനിയുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നതിനായി പ്രദേശങ്ങളില്‍ 90ഓളം ക്യാമറകളാണ് സ്ഥാപിച്ചത്.

സെപ്തംബര്‍ ഒന്നിനാണ് അന്വേഷണ സംഘത്തിന് ബൊറാത്തിക്ക് സമീപമുള്ള കാട്ടില്‍ അവനിയുടെ കാല്‍പ്പാടുകള്‍ കണ്ടെന്ന വിവരം ലഭിച്ചത്. അന്നു തന്നെ കാട്ടിനുള്ളില്‍ ഘടിപ്പിച്ച ക്യാമറയില്‍ വ്യക്തമല്ലാത്ത ചിത്രങ്ങളും കണ്ടെത്തിയിരുന്നു. ഇതിനിടെ അവനിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടിയതോടെ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഇതിനെ കൊല്ലാന്‍ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ മൃഗസ്നേഹികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മയക്കുവെടി വയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ അവനിയെ കൊല്ലണമെന്നു തന്നെയാണ് കോടതിയും ഉത്തരവിട്ടത്.

എന്നാല്‍, സെപ്തംബറിലും ഒക്ടോബറിലും അധികൃതര്‍ക്ക് അവനിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതിന്റെ സാന്നിദ്ധ്യം മനസ്സിലാക്കുന്നതിനുള്ള സൂചനകള്‍ പോലും കിട്ടിയിരുന്നില്ല. അപ്പോഴെല്ലാം ഗ്രാമവാസികള്‍ ഭയത്തില്‍ കഴിഞ്ഞുകൂടി. ഒക്ടോബര്‍ 17 നാണ് അവനിയെക്കുറിച്ച് ആദ്യ സൂചന കിട്ടിയത്. അതിനു ശേഷം അവനിയെ പലരും കണ്ടു. നവംബര്‍ രണ്ടിന് റാലിഗണിലേക്കുള്ള റോഡില്‍ അവനി കുട്ടികളുമായി നടക്കുന്നത് ശ്രദ്ധയില്‍ പെട്ട ബൊറാത്തി ഗ്രാമവാസികള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈദരാബാദില്‍ നിന്നുള്ള ഷാര്‍പ് ഷൂട്ടര്‍ നവാബ് ഷെയ്ഫത്ത് അലിഖാന്റെ മകന്‍ അസ്ഗറും സംഘവും സ്ഥലത്ത് പാഞ്ഞെത്തി. എന്നാല്‍, മയക്കുവെടി വയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നിറയൊഴിക്കുകയായിരുന്നു.

യവാത്മ ജില്ലയിലെ ബൊറാത്തി ഗ്രാമത്തിലെ ഏക കന്നുകാലി മേയ്ക്കുന്നയാളാണ് ശങ്കര്‍ അത്രാം. ഗ്രാമങ്ങളിലുള്ള കന്നുകാലികളെ വനത്തില്‍ മേയ്ക്കാന്‍ കൊണ്ടുപോകലാണ് ഇദ്ദേഹത്തിന്റെ ജോലി. മാസത്തില്‍ ഒരു പശുവിന് 100 രൂപ വച്ച് അത്രാമിന് കിട്ടും. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് അത്രാമിന്റെ കുടുംബം. അത്രാമും അദ്ദേഹത്തിന്റെ ഭാര്യ സുലോചനയും സ്‌കൂളില്‍ പോയിട്ടില്ല.

എന്നാല്‍ ഇവരുടെ മൂന്ന് മക്കള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. എത്ര കഷ്ടപ്പെടേണ്ടിവന്നാലും അവരെ പഠിപ്പിക്കണമെന്നാണ് അത്രാമിന്റെ ആഗ്രഹം. മൂത്ത മകള്‍ ദിഷ ബി.എ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. രണ്ടാമത്തെ മകള്‍ വൈഷ്ണവി 10ാം ക്ലാസ് കഴിഞ്ഞു. ഇളയവന്‍ അനോജ് 9ാം ക്ലാസിലാണ് പഠിക്കുന്നത്. അങ്കണവാടിയില്‍ ആയയായി ജോലി ചെയ്യുകയാണ് സുലോചന. മാസം 3,000 രൂപയാണ് ശമ്പളം. അത്രാം മടങ്ങിയെത്തുംവരെ പ്രാര്‍ത്ഥനയോടെയാണ് വീട്ടിലിരിക്കുന്നതെന്ന് സുലോചന പറഞ്ഞു. ഒരു കുഴപ്പവും കൂടാതെ അദ്ദേഹം തിരികൈയത്തുമ്പോള്‍ താന്‍ കടുവയോട് മനസ്സില്‍ നന്ദി പറയാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശങ്കര്‍ അത്രാമിന്റെ മുന്‍കരുതലുകള്‍

ദിവസങ്ങള്‍ക്ക് മുന്‍പ് ശങ്കര്‍ അത്രാം ചെയ്ത കാര്യങ്ങള്‍ കണ്ട് സമീപവാസികള്‍ അദ്ദേഹത്തെ കളിയാക്കി ചിരിക്കുകയായിരുന്നു. കടുവയില്‍നിന്ന് രക്ഷനേടാന്‍ അത്രാം സ്വയം രക്ഷാകവചങ്ങള്‍ തീര്‍ത്തു. എണ്ണ നിറച്ചുവക്കുന്ന ഒരു വലിയ കാന്‍ എടുത്ത് മുറിച്ച് ഒരു പടച്ചട്ടയുണ്ടാക്കി. കശാപ്പുകാര്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ കത്തി റബ്ബര്‍ ഷീട്ടിലും കട്ടിയേറിയ തുണിയിലും പൊതിഞ്ഞ് കഴുത്തില്‍ ഒരു ബെല്‍റ്റുപോലെ സ്ഥാപിച്ചു.

കഴുത്തിലെ ബെല്‍റ്റില്‍ കൂര്‍ത്ത നഖങ്ങള്‍ പുറത്തേക്ക് കാണത്തക്കവിധം പതിപ്പിച്ചുവച്ചു. പുറകില്‍ ഒരു മുഖമുണ്ടെന്ന് തോന്നുന്ന വിധത്തില്‍ വട്ടത്തിലുള്ള ഒരു പ്ലെയ്റ്റ് കഴുത്തിന് പുറകിലായി വച്ചു. ഈ കാഴ്ച കണ്ടാണ് പ്രദേശവാസികള്‍ അദ്ദേഹത്തെ പരിഹസിച്ചത്.

സഹയാത്രികര്‍ക്കൊപ്പം

ജനരോഷവും ഭയവും വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് സെപ്തംബറില്‍ വനംവകുപ്പ് ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും വനത്തിലേക്ക് പോകുന്നവര്‍ക്കൊപ്പം അയക്കാന്‍ തീരുമാനിച്ചു. പാണ്ടുറാങ് മെഷ്റാമിനെയാണ് അത്രാമിനൊപ്പം പോകാന്‍ വനംവകുപ്പ് നിയോഗിച്ചത്്. രാവിലെ പത്ത് മണിമുതല്‍ വൈകിട്ട് ആറു വരെ മെഷ്റാം അത്രാമിനൊപ്പം ഉണ്ടാകും.

പിമ്പാല്‍ഷെന്റ ഗ്രാമത്തിലാണ് മെഷ്റാം താമസിക്കുന്നത്. ബൊറാത്തിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. പിമ്പാല്‍ഷെന്റയില്‍ 2018 ഓഗസ്റ്റ് 28ന് വനപാലകനായ നഗോരാവുവിനെ അവനി കൊലപ്പെടുത്തിയിരുന്നു. ബൊറാത്തിക്ക് സമീപ പ്രദേശങ്ങളില്‍ നടക്കുന്ന മൂന്നാമത്തെ മരണമായിരുന്നു ഇത്. പശുക്കളുമായി വനത്തില്‍ മേയ്ക്കാന്‍ പോകുമ്പോള്‍ അത്രാം പേടിച്ച് മരത്തിന് മുകളില്‍ കയറിയിരിക്കുകയാണ് ചെയ്യാറെന്ന് മെഷ്റാം പറഞ്ഞു. എന്നാല്‍, സുരക്ഷയ്ക്കായി തന്നെ നിയോഗിച്ചതില്‍ പിന്നെ അത്രാമിന്റെ ഭയം കുറഞ്ഞുവെന്ന് മെഷ്‌റാം പറയുന്നു. സ്വന്തമായി ഭൂമിയൊന്നുമില്ലാത്ത അത്രാമിനെ സംബന്ധിച്ചിടത്തോളം ഭൂവുടമയായ മെഷ്റാമിന്റെ സുരക്ഷ വളരെ ആഢംബരമായിരുന്നു. മാസം 9,000 രൂപയ്ക്കാണ് മെഷ്റാമിനെ അത്രാമിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചത്.

കടുവയുമായുള്ള ആദ്യ കൂടിക്കാഴ്ച

2017 സെപ്തംബറിലാണ് അത്രാം അവനിയെ നേരിട്ട് കാണുന്നത്. അവനിയെ കണ്ടതും അത്രാം പേടിച്ച് വിറച്ചു. തനിക്ക് ചെയ്യാവുന്ന ഏക കാര്യം മരത്തില്‍ കയറുകയായിരുന്നുവെന്ന് അത്രാം പറഞ്ഞു. മരത്തില്‍ കയറി മണിക്കൂറുകളോളം ഇരുന്നു. ജീവനുവേണ്ടി പ്രാര്‍ത്ഥിച്ച് മരത്തിലിരിക്കുമ്പോള്‍ അവനി താഴെത്തന്നെ ഉണ്ടായിരുന്നു. പിന്നീട് അത്രാമിന്റെ കന്നുകാലികളില്‍ ഒന്നിനെ വലിച്ചിഴച്ച് അവനി വനത്തിനകത്തേക്ക് കടന്നുപോയി. ഈ സമയം മരത്തില്‍ നിന്ന് ചാടിയിറങ്ങി ബാക്കിയുള്ള കന്നുകാലികളുമായി അത്രാം വീട്ടിലേക്ക് ഓടി. അതിന് മുന്‍പ് ഇത്ര വേഗത്തില്‍ താന്‍ ഓടിയിട്ടില്ലെന്ന് അത്രാം പറഞ്ഞു.

50 പശുക്കളും കടുവയും

ഗ്രാമത്തില്‍ കന്നുകാലികളുള്ള വീടുകളില്‍ പോയി കന്നുകാലികളെ കുളിപ്പിക്കലും വനങ്ങളില്‍ മേയ്ക്കാന്‍ കൊണ്ടുപോകലുമാണ് വര്‍ഷങ്ങളായി അത്രാമിന്റെ ജോലി. മാസത്തില്‍ ഒരു പശുവിന് 100 രൂപ വച്ച് നല്‍കിയിരുന്ന അത്രാമിന് കടുവ ഇറങ്ങിയതിന് ശേഷം അദ്ദേഹത്തിന്റെ ജോലിയില്‍ അപകടസാദ്ധ്യത കൂടിയതിനാല്‍ ശമ്പളത്തില്‍ വര്‍ദ്ധന വേണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് ഒരു പശുവിന് 150 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.

അപകടം മണത്താല്‍ ഒരു കാരണവശാലും പശുക്കളെ സംരക്ഷിക്കാന്‍ നോക്കാതെ സ്വന്തം ജീവന്‍ രക്ഷിക്കണമെന്ന് ഗ്രാമവാസികള്‍ അത്രാമിനോട് പറഞ്ഞിരുന്നു. അത് അത്രാമിന് വലിയ ആശ്വാസമായിരുന്നു. രണ്ട് വര്‍ഷത്തിനിടക്ക് നിരവധി പശുക്കളാണ് കടുവക്ക് ആഹാരമായത്. തന്റെ പക്കലുള്ള പശുക്കളെ പിടിക്കുമ്പോള്‍ വേദനയുണ്ടെങ്കിലും സ്വന്തം ജീവന്‍ നഷ്ടപ്പെടാത്തതില്‍ സന്തോഷമുണ്ടെന്നും അത്രാം പറഞ്ഞു.

2016 മുതല്‍ രണ്ടര വര്‍ഷക്കാലം 13പേരെയാണ് അവനി കൊന്നത്. ഇരയാക്കപെട്ടവരില്‍ ചിലരെക്കുറിച്ച്.

സോനാബായി ഗോസാലെ (70), 2016 ജൂണ്‍ 1

അവനിയുടെ ആദ്യത്തെ ഇര സോനാഭായിയാണ്. ആടിന് ഭക്ഷണംതേടി പുറത്തുപോയതായിരുന്നു അവര്‍. ഭര്‍ത്താവ് വമന്റാവുവിനോട് താനിപ്പോള്‍ വാമെന്നും പറഞ്ഞാണ് സോനാഭായി പുറത്തുപോയത്.

വീട്ടിലെ പണികള്‍ എല്ലാം എളുപ്പം തീര്‍ത്ത് പുല്ലു ശേഖരിക്കാന്‍ പോകുന്നത് സോനാഭായിയുടെ ദിനചര്യയായിരുന്നു. എന്നാല്‍ 2016 ജൂണ്‍ ഒന്നിന് പുല്ല് ശേഖരിക്കാന്‍ പോയ സോനാഭായി തിരിച്ചുവന്നില്ല. അമ്മയെ കാണാതായതോടെ മകന്‍ സുഭാഷ് അന്വേഷിക്കാനായി ഒരു കുട്ടിയെ പറഞ്ഞയച്ചു. അമ്മയെ അവിടെയെങ്ങും കാണാനില്ലെന്നായിരുന്നു തിരിച്ചെത്തിയപ്പോള്‍ അവന്‍ നല്‍കിയ മറുപടി. അമ്മയുടെ വെള്ളക്കുപ്പിയും കൈയില്‍പിടിച്ചാണ് അവന്‍ തിരിച്ചെത്തിയത്. സഹായത്തിനു സുഹൃത്തുക്കളെയും കൂട്ടി സുഭാഷ് അമ്മ സ്ഥിരം പോവാറുള്ള സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. എന്തിനെയോ വലിച്ചുകൊണ്ടുപോയതിന്റെ പാടുകള്‍ അഞ്ചേക്കര്‍ വരുന്ന പ്രദേശത്ത് അവര്‍ കണ്ടെത്തി. അടയാളങ്ങള്‍വെച്ചു പിന്തുടര്‍ന്നു. 500മീറ്ററോളം മുന്നോട്ടുപോയപ്പോള്‍ ആ രംഗം കണ്ട് സുഭാഷ് ഞെട്ടിപ്പോയി. രക്തത്തില്‍ കുളിച്ചു ജീവനറ്റുകിടക്കുന്ന അവന്റെ അമ്മയായിരുന്നു അത്.

2016 മാര്‍ച്ചിലാണ് അവനി ഈ പ്രദേശത്തെത്തിയതെന്നു കരുതുന്നു. സോനാഭായി കൊല്ലപ്പെടുന്നതു വരേ അവനി ഈ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നുണ്ടെന്നു ആര്‍ക്കും അറിവില്ലായിരുന്നു. സോനാഭായിയുടെ കുടുംബത്തിന് മഹാരാഷ്ട്ര വനംവകുപ്പില്‍നിന്ന് 10ലക്ഷം രൂപയാണ് നഷ്ടപരിഹാരം ലഭിച്ചത്.

ഗജനന്‍ പവാര്‍ (40), 2017 ഓഗസ്റ്റ് 25

ഞങ്ങള്‍ എത്തുമ്പോള്‍ ഇന്ദുകലഭായ് പവാര്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. 2017 ഓഗസ്റ്റ് 25നാണ് അവരുടെ ഇളയമകന്‍ ഗജനന്‍ അവനിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വൈകീട്ട് കൃഷിയിടത്തില്‍വെച്ചാണ് ഗജനന്‍ അവനിയുടെ കയ്യില്‍പ്പെടുന്നത്. കാട്ടിനുള്ളില്‍ 500മീറ്റര്‍ ഉള്ളിലായാണ് മൃതദേഹം ഗ്രാമവാസികള്‍ കണ്ടെത്തിയത്. ആ രാത്രിയില്‍ ഗ്രാമവാസികള്‍ക്കാര്‍ക്കും ഉറക്കമില്ലായിരുന്നു. യുവാക്കള്‍ ഉള്‍പ്പെടെ കാവലിരുന്നു. അവനിക്കായി വനംവകുപ്പ് ഉദ്യോഗസ്ഥരും ഇവരോടൊപ്പംചേര്‍ന്ന് വലവിരിച്ചു. ''എവിടെനിന്നോ വന്ന കടുവ എന്റെ മകനെ ഇല്ലാതാക്കി. വനംവകുപ്പ് കടുവയെ കൊല്ലണം. എങ്കില്‍ മാത്രമേ എനിക്ക് സാധാരണ ജീവിതത്തിലേക്ക്് വരാന്‍ കഴിയൂ'' ഗജനന്റെ അമ്മ പറഞ്ഞു.

രാംജി ഷെന്‍ട്രെ (68), 2018 ജനുവരി 27

ജനുവരി 27നു വൈകീട്ടു നടന്ന സംഭവത്തിന്റെ ആഘാതം ഇപ്പോഴും കലാഭായിയെ വിട്ടൊഴിഞ്ഞിട്ടില്ല. അവരുടെ ഭര്‍ത്താവ് രാംജി തന്റെ റാബി വിളകള്‍ നശിപ്പിക്കുന്ന പന്നിക്കൂട്ടങ്ങളെ തുരത്താനായി കൃഷിയിടത്തില്‍ പുകയിടുകയായിരുന്നു. മറുവശത്ത് കലാഭായി പരുത്തികള്‍ ശേഖരിക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് പിന്നില്‍ നിന്നും അവനി ഗര്‍ജ്ജിച്ചുകൊണ്ട് കുറ്റിച്ചെടിക്കുള്ളില്‍ നിന്നും കുതിച്ചെത്തി രാംജിയുടെ കഴുത്തിനു കടിച്ച് വലിച്ചുകൊണ്ടുപോയത്. ജീവനും കൊണ്ട് കലാഭായി കുതിച്ചുപാഞ്ഞു. അടുത്ത പാടത്ത് പശുക്കളെ മേയുന്ന ഗ്രാമവാസിയാണ് രാംജിയെ കഴുത്തിനു കടിച്ച് കൊണ്ടുപോവുന്ന അവനിയെ പിന്തിരിപ്പിച്ചത്. അയാള്‍ ഒച്ചയിട്ടതോടെ അവനി വനത്തിലേക്ക് കുതിച്ചു. രാംജിയുടെ മൃതദേഹം വനത്തിനുള്ളില്‍വെച്ചാണ് കണ്ടെടുത്തത്.

''വിവാഹം കഴിഞ്ഞ് ഇവിടെയെത്തിയ ശേഷം എല്ലാദിവസും മുടങ്ങാതെ ഞാന്‍ അദ്ദേഹത്തോടൊപ്പം കൃഷിയിടത്തിലെത്തിയിരുന്നു'' - കലാഭായി പറഞ്ഞു. ഇതായിരുന്നു ഞങ്ങളുടെ ജീവിതം. ഇപ്പോള്‍ കൃഷിയിടത്തിലേക്ക് പോവാറില്ലെന്ന് നിറഞ്ഞ കണ്ണുകളോടെ കലാഭായി പറഞ്ഞു. വീടിന്റെ ചുമരില്‍ ഭര്‍ത്താവിന്റെ ഫോട്ടോ തൂക്കിയിട്ടിട്ടുണ്ട്. അദ്ദേഹം മരണപ്പെട്ടെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. രാംജിയുടെ മകന്‍ നാരായണ്‍ ഭിന്നശേഷിക്കാരനാണ്. ഇപ്പോള്‍ അവന് വനംവകുപ്പില്‍ സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ട്.

ഗുലബ്രാവോ മൊകാശെ (65), 2018 ഓഗസ്റ്റ് 5

രാവിലെ സഹോദരന്റെ വാക്കുകള്‍ ധിക്കരിച്ച് ഇറങ്ങിയതായിരുന്നു ഗുലബ്രാവോ മൊകാശെ. പശുവിനെ മേയാന്‍ കൊണ്ടുപോകുന്നത് വിശ്രമമില്ലാത്ത പണിയാണ്. ഉള്‍ക്കാട്ടിലേക്കു കടക്കരുത്. അവിടെ എന്തോ അപകടം പതിയിരിപ്പുണ്ട്്. പറഞ്ഞുതീര്‍ന്നില്ല. ഞെട്ടിക്കുന്ന കാഴ്ച്ചയാണ് നെട്ടുജി കാണുന്നത്. തന്റെ സഹോദരന്‍ കടുവയുടെ പല്ലുകള്‍ക്കിടയില്‍ പിടയുകയാണ്. ഒച്ചവെച്ചു നോക്കി. കല്ലെടുത്ത് എറിഞ്ഞു. ഒടുവിലാണ് സഹോദരന്റെ ശരീരം ഉപേക്ഷിച്ച് അവനി കാട്ടിലേക്കു കുതിച്ചത്. അപ്പോഴേക്കും ഗുലബ്രാവോയുടെ ശരീരം മാന്തിക്കീറിയ നിലയിലായിരുന്നു. ഇപ്പോഴും നാട്ടുജിക്ക് ആ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. ഈ സംഭവത്തിനു ശേഷം ഗുലബ്രാവോയുടെ മകന് വനംവകുപ്പില്‍ ജോലി ലഭിച്ചു.

നാഗറാവു ജുംഗരെ (65), 2018 ഓഗസ്റ്റ് 28

ജുംഗരെയാണ് അവനിയുടെ അവസാനത്തെ ഇര. തന്റെ കന്നുകാലികളെി കാട്ടില്‍ േമായാന്‍ കൊണ്ടുപോയതായിരുന്നു ഇദ്ദേഹം. ഏറെനേരമായിട്ടും ജുംഗരെയെ കാണാതായപ്പോള്‍ ഗ്രാമവാസികള്‍ കാട്ടിലെത്തി തെരച്ചില്‍ ആരംഭിച്ചു. ഏറെനേരത്തെ തെരച്ചിലിനൊടുവിലാണ് മൃതശരീരം കണ്ടെത്തിയത്. രക്തം ഊറ്റിക്കുടിച്ച ശേഷം മൃതദേഹം ഉപേക്ഷിച്ച നിലയിലായിരുന്നു. ഈ സംഭവത്തിനു ശേഷം ജുംഗരെയുടെ മകന് വനംവകുപ്പില്‍ ജോലി ലഭിച്ചു.

ഗ്രാമവാസികളില്‍ ചിലര്‍ക്ക് ഗാര്‍ഡുകളായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ലഭിച്ചിരുന്നു. അവനി കൊല്ലപ്പെട്ട സ്ഥിതിക്ക് ഇനി എന്താവുമെന്ന് അറിയില്ല. നഷ്ടപരിഹാരത്തിന്റെ ഭാഗമായി ഇവരുടെ ജോലികള്‍ നിലനിര്‍ത്താന്‍ സാദ്ധ്യതയുണ്ട്. ഇരകളുടെ കുടുംബങ്ങള്‍ക്ക് 10ലക്ഷം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. പലര്‍ക്കും ഇപ്പോഴും ഈ തുക കിട്ടിയിട്ടില്ല.

വിവര്‍ത്തനം: പി. ഷബീബ് മുഹമ്മദ്, ടി.കെ മിഥുന, ശ്രീവിദ്യ മോഹന്‍

Read More >>