മേലാവിന്റെ തിരുവുള്ളം പോലെ

നരേന്ദ്രനാഥ് വോറയുടെ പിന്‍ഗാമിയായി സത്യപാല്‍ മാലികിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജമ്മു കശ്മീര്‍ ഗവര്‍ണറായി നിയമിച്ചത് ഇക്കൊല്ലം ആഗസ്ത് 18 ന് ആണ്. കശ്മീരിലെ പതിമൂന്നാമത് ഗവര്‍ണറാണ് സത്യപാല്‍ മാലിക്. ബി.ജെ.പിയുടെ കണക്കനുസരിച്ച് കശ്മീരില്‍ ഭരണം നടത്താന്‍ പരമയോഗ്യന്‍. അതും പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ ബീഹാറില്‍ ഗവര്‍ണറായിരുന്ന സത്യപാലിനെ കശ്മീരില്‍ കുടിയിരുത്തിയത്.

മേലാവിന്റെ തിരുവുള്ളം പോലെ

ന്ത്യയിലെ ഭരണവ്യവസ്ഥയില്‍ ഗവര്‍ണര്‍ ഒരു പേപ്പര്‍ വെയ്റ്റ് മാത്രമാണെന്ന് കരുതുന്നവരുണ്ട്. 'സ്പെന്റ് ഫോഴ്സ്' ആയിക്കഴിഞ്ഞ നേതാക്കന്മാരേയും വാലാട്ടി വിധേയത്വം പ്രകടിപ്പിച്ച ബ്യൂറോക്രാറ്റുകളേയും ഉന്നതങ്ങളില്‍ വര്‍ത്തിക്കുന്നവരുടെ ഇഷ്ടക്കാരെയും കുടിയിരുത്താനുള്ള ഇടങ്ങളാണ് രാജ്ഭവനുകള്‍. അവര്‍ ചില്ലറ സുഖഭോഗങ്ങളില്‍ മുഴുകി അവിടെയങ്ങനെ വിശ്രമ ജീവിതം നയിച്ചു കൊള്ളും. ഇതിന്, പട്ടം താണുപിള്ള മുതല്‍ കുമ്മനം രാജശേഖരന്‍ വരെയുള്ളവരുടെ ഉദാഹരണങ്ങള്‍ കേരളത്തില്‍ തന്നെയുണ്ടല്ലോ. എന്നാല്‍ ഗ്രഹണ സമയത്ത് നീര്‍ക്കോലിയും വിഷം ചീറ്റുമെന്ന പറഞ്ഞപോലെ 'ഗുബര്‍നോറിയല്‍ പോസ്റ്റ്' ചിലപ്പോള്‍ കരുത്താര്‍ജ്ജിക്കാറുണ്ട്. അതാണ് ഇപ്പോള്‍ നാം ജമ്മു-കശ്മീരില്‍ കണ്ടത്. അവിടെ നിയമസഭയങ്ങ് പിരിച്ചു വിട്ടുകളഞ്ഞു ഗവര്‍ണര്‍, അതും കോണ്‍ഗ്രസും പി.ഡി.പിയും നാഷനല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കാന്‍ വട്ടം കൂട്ടുമ്പോള്‍. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി യുടെ താല്പര്യങ്ങള്‍ക്കൊത്ത് ജനാധിപത്യ സമ്പ്രദായത്തെ അട്ടിമറിച്ച ഈ നാറ്റക്കേസിലെ നായകനാണ് സത്യപാല്‍ മാലിക്.

നരേന്ദ്രനാഥ് വോറയുടെ പിന്‍ഗാമിയായി സത്യപാല്‍ മാലികിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജമ്മു കശ്മീര്‍ ഗവര്‍ണറായി നിയമിച്ചത് ഇക്കൊല്ലം ആഗസ്ത് 18 ന് ആണ്. കശ്മീരിലെ പതിമൂന്നാമത് ഗവര്‍ണറാണ് സത്യപാല്‍ മാലിക്. ബി.ജെ.പിയുടെ കണക്കനുസരിച്ച് കശ്മീരില്‍ ഭരണം നടത്താന്‍ പരമയോഗ്യന്‍. അതും പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ ബീഹാറില്‍ ഗവര്‍ണറായിരുന്ന സത്യപാലിനെ കശ്മീരില്‍ കുടിയിരുത്തിയത്. അത് ഒരിക്കലും വെറുതെയായിട്ടില്ല. ബി.ജെ.പി. മനസ്സില്‍ കണ്ടത് സത്യപാല്‍ മരത്തില്‍ കണ്ടു. ബദ്ധവൈരികളായിരുന്ന കശ്മീരിലെ മൂന്നു മുഖ്യധാരാപാര്‍ട്ടികളും ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കാന്‍ കരുനീക്കങ്ങള്‍ നടത്തിയപ്പോള്‍, പ്രസ്തുത ഗവണ്‍മെന്റ് നിലനില്‍ക്കുകയില്ലെന്ന് വിലയിരുത്താന്‍ ഈ പഴയ ബി.ജെ.പിക്കാരന് യാതൊരു പ്രയാസവുമില്ല. പണ്ട് പലതവണ കോണ്‍ഗ്രസ്സും അടുത്ത കാലത്ത് ബി.ജെ.പിയും സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിപ്പോന്ന അജണ്ട ആവര്‍ത്തിക്കാന്‍ സത്യപാല്‍ മാലിക് തയ്യാറായത് അങ്ങനെയാണ്. ജനാധിപത്യമെന്നൊക്കെ പറഞ്ഞാല്‍ മണ്ണാങ്കട്ട, തനിക്കു വേണ്ടത് ഡല്‍ഹിയിലിരിക്കുന്ന മേലാളന്മാരെ തൃപ്തിപ്പെടുത്തല്‍. അതിനിടയില്‍ കശ്മീര്‍ കലാപകലുഷിതമാവുമോ ജനങ്ങള്‍ തെരുവിലിറങ്ങുമോ എന്നൊക്കെ നോക്കാന്‍ ആര്‍ക്കു നേരം?

പറഞ്ഞു വന്നാല്‍ അങ്ങനെയൊരു 'ഹാര്‍ഡ്കോര്‍' ബി.ജെ.പിക്കാരനൊന്നുമല്ല സത്യപാല്‍ മാലിക്. യു.പിയിലെ ഭാഗ്പതിലെ ഹിസാവാദാ എന്ന ഗ്രാമത്തില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച ഈ 72 കാരന്‍ തഞ്ചവും തരവും പോലെ ഭാരതീയ ക്രാന്തിദള്‍, കോണ്‍ഗ്രസ്, ജനതാദള്‍, ലോക്ദള്‍, സമാജ് വാദി പാര്‍ട്ടി എന്നിവയിലെല്ലാം ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. മീറത്ത് കോളേജില്‍ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം 1989-ല്‍ അലിഗഡില്‍ നിന്നാണ് ആദ്യം ലോക് സഭാംഗമായത്. അന്ന് ജനതാദള്‍ ആയിരുന്നു പാര്‍ട്ടി. 1996ല്‍ അവിടെത്തന്നെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായപ്പോള്‍ നാലാം സ്ഥാനത്തായിരുന്നു. പിന്നീട് ആള്‍ കളംമാറ്റിച്ചവിട്ടി, 1980 ലും 1986 ലും രാജ്യസഭാംഗമായി. നേരത്തെ 1974ല്‍ യു.പി. അസംബ്ലിയിലും അദ്ദേഹം അംഗമായിരുന്നു. ആദ്യ കാലത്ത് കറകളഞ്ഞ സോഷ്യലിസ്റ്റാശയക്കാരനായ ഈ അഭിഭാഷകന്‍ പില്‍ക്കാലത്ത് എങ്ങനെയാണ് കാവി രാഷ്ട്രീയത്തിന്റെ കാവല്‍ ഭടനായത് എന്നത് എളുപ്പത്തില്‍ പിടികിട്ടാത്ത ഒരു സമസ്യയാണ്. ഇന്ത്യയിലെ, വിശേഷിച്ചും വടക്കേ ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളുടെ സഞ്ചാരപഥങ്ങളില്‍ ഇത്തരം കടങ്കഥകള്‍ നിരവധിയുണ്ട് എന്നയേയുള്ളു അതിന് ഉത്തരം. കശ്മീരില്‍ സ്വന്തം പണി മേലാളന്മാരുടെ തിരുവുള്ളമറിഞ്ഞ് നിറവേറ്റിയ ഗവര്‍ണറാണ് സത്യപാല്‍ മാലിക്. മറ്റു ചികിത്സകള്‍ ഫലിക്കാതിരിക്കുമ്പോള്‍ കാളന്‍നെല്ലായി എന്ന് പറഞ്ഞതുപോലെ മറ്റുവഴികള്‍ പ്രയോഗിക്കാനില്ലാത്തപ്പോള്‍ കണ്ടെത്തിയ അടിയന്തിര നടപടി. അതു കശ്മീരിന്റെ ജനമനസ്സ് തിരിച്ചറിഞ്ഞു കൊണ്ടുള്ള ഒന്നാണോ എന്നൊക്കെ ആരു നോക്കുന്നു?

Read More >>