വ്യാജ ഏറ്റുമുട്ടൽ കേസ് വിചാരണയിലെ വെളിപ്പെടുത്തലുകൾ; സൊഹ്‌റാബുദ്ദീനും അമിത് ഷായും

അന്വേഷണം മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ മുതിർന്ന പൊലീസ് ഓഫിസർമാരായ ഡി.ജി വൻസാര, ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ രാജ്കുമാർ പാണ്ഡ്യയൻ, ഗുജറാത്ത് എസ്.പി ദിനേഷ് എം.എൻ തുടങ്ങിയവരെ പ്രതിചേർത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു

വ്യാജ ഏറ്റുമുട്ടൽ കേസ് വിചാരണയിലെ വെളിപ്പെടുത്തലുകൾ; സൊഹ്‌റാബുദ്ദീനും അമിത് ഷായും

മാനിനി ചാറ്റര്‍ജി


സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് ഗുജറാത്ത് പൊലീസിന്റെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ട് 13വർഷം കഴിഞ്ഞു. അക്കാലത്ത് ഗുജറാത്തിൽ ഇതുപോലെ നിരവധി ഏറ്റുമുട്ടൽ കൊലപാതകങ്ങളായിരുന്നു നടന്നത്. സൊഹ്‌റാബുദ്ദീന്റെതും അക്കൂട്ടത്തിൽ ഒന്നുമാത്രം. 2005 നവംബർ 26ന് സൊഹ്‌റാബുദ്ദീൻ കൊല്ലപ്പെട്ടതോടെയാണ് അമിത് ഷായുടെ പേരുകൂടി ചർച്ചാവിഷയമായത്. എന്നാൽ, കഴിഞ്ഞ നാലര വർഷമായി ഈ പേര് ആളുകളുടെ മനസ്സിൽനിന്ന് മായ്ച്ചുകളയാൻ വലിയ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മുംബൈ സി.ബി.ഐ കോടതിയിൽ കഴിഞ്ഞയാഴ്ച അമിതാഭ് താക്കൂർ, സന്ദീപ് തംഗാഡെ എന്നിവർ കേസിൽ വഴിത്തിരിവായ സത്യവാങ്മൂലമാണ് നൽകിയത്. ഇതിന് അവർക്ക് നന്ദി പറയേണ്ടതുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ചാനലുകളിൽ വലിയ വാർത്തകൾ വന്നില്ല, പത്രങ്ങളിലും വന്നില്ല. ഇതത്ര ആശ്ചര്യമുളവാക്കുന്നതായിരുന്നില്ല. എന്നിരുന്നാലും കേസിൽ വിചാരണ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ വാദം കേൾക്കുന്ന മുംബൈ പ്രത്യേക കോടതിയുടെ പ്രവർത്തനം ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. തമാശപോലെ മറക്കാൻ ഉദ്ദേശിക്കുന്ന ഒരു കാര്യമല്ലിത്. ശക്തരായവരെക്കുറിച്ച് വാചാലരാവുന്ന ആളുകൾ ഇപ്പോഴും നമുക്കിടയിലുണ്ടെന്നതിന് ഈ വെളിപ്പെടുത്തലുകൾ കൂടുതൽ ബലം നൽകുന്നു.

ഇന്ന് എല്ലാം അവിശ്വസനീയമെന്ന് നമുക്ക് തോന്നാം. വ്യാജ ഏറ്റുമുട്ടൽ കേസുകളുടെ മറപറ്റിയാണ് അമിത് ഷാ ദേശീയ രാഷ്ട്രീയത്തിലേക്കു കടന്നുവന്നത്. ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അദ്ദേഹത്തിന് തന്റെ പദവി നഷ്ടപ്പെട്ടു. സ്വന്തം നാട്ടിൽനിന്നുതന്നെ നാടുകടത്തപ്പെട്ടു.

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ്, ഭാര്യ കൗസർബി, സഹായി തുളൾസിറാം പ്രജാപതി എന്നീ മൂന്നുപേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ സി.ബി.ഐ അറസ്റ്റുചെയ്യുകയും ചെയ്തു. തുളസിറാം പ്രജാപതിയെ 2006 ഡിസംബർ 28ന് മറ്റൊരു ഏറ്റുമുട്ടലിലൂടെയായിരുന്നു പൊലീസ് കൊലപ്പെടുത്തിയത്. പാക് സഹായത്തോടെ ഗുജറാത്തിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ കൊല്ലാനെത്തിയ തീവ്രവാദിയെന്ന് മുദ്രകുത്തിയാണ് സൊഹ്‌റാബുദ്ദീനെ കൊന്നതെന്നായിരുന്നു ഗുജറാത്ത് പൊലീസിന്റെ വിശദീകരണം. തങ്ങൾക്കു നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് സൊഹ്‌റാബുദ്ദീനെ വെടിവെച്ചതെന്നും അധികൃതർ പറഞ്ഞു.

സൊഹ്‌റാബുദ്ദീന്റെ കൊലപാതകത്തെ തുടർന്ന് അദ്ദേഹത്തിന്റെ സഹോദരനായ റുബാബുദ്ദീൻ, കൗസർബിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രിം കോടതിക്ക് കത്തെഴുതി. സൊഹ്‌റാബുദ്ദീൻ കൊല്ലപ്പെട്ട സമയം കൗസർബിയെ എങ്ങനെ കാണാതായെന്നും ഇയാൾ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിൽ അന്വേഷണം നടത്താൻ സുപ്രിം കോടതി ഉത്തരവിട്ടു.

അന്വേഷണം മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ മുതിർന്ന പൊലീസ് ഓഫിസർമാരായ ഡി.ജി വൻസാര, ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ രാജ്കുമാർ പാണ്ഡ്യയൻ, ഗുജറാത്ത് എസ്.പി ദിനേഷ് എം.എൻ തുടങ്ങിയവരെ പ്രതിചേർത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു. അന്വേഷണത്തിൽ പൊലീസ് സൊഹ്‌റാബുദ്ദീനെതിരെ ചുമത്തിയ കേസ്സുകൾ കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തുകയും ചെയ്തു.

2010ൽ സുപ്രിം കോടതിയുടെ നിർദ്ദേശപ്രകാരമാണ് സി.ബി.ഐ കേസ് ഏറ്റെടുക്കുന്നത്. പിന്നീട് അന്വേഷണം കൂടുതൽ പുരോഗമിച്ചു. ഇതിൽ സൊഹ്‌റാബുദ്ദീന് ഗുജറാത്ത് പൊലീസ്, രാഷ്ട്രീയക്കാർ എന്നിവരുമായുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. രാജസ്ഥാനിലെ മാർബിൾ വ്യവസായമായിരുന്നു സൊഹ്‌റാബുദ്ദീൻ ലക്ഷ്യമിട്ടിരുന്നത്. കാര്യങ്ങൾ പൊലീസിന്റെ നിയന്ത്രണത്തിൽനിന്നും കൈവിട്ടപ്പോൾ അദ്ദേഹത്തെ ഇല്ലാതാക്കാൻ ഒരുമ്പെടുകയായിരുന്നു. എങ്ങനെയാണ് ഗുജറാത്ത് പൊലീസ് സൊഹ്‌റാബുദ്ദീനെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. ഹൈദരാബാദിൽ നിന്നും സാംഗ്ലിയിലേക്ക് ആഢംബര ബസ്സിൽ യാത്രചെയ്യുകയായിരുന്ന സൊറാബുദ്ദീനെയും ഭാര്യയെയും തുളസിറാം പ്രജാപതിയെയും ബസ്സിൽ നിന്നും കസ്റ്റഡിയിലെടുത്ത പൊലീസ് സൊഹ്‌റാബുദ്ദീനെയും ഭാര്യയെയും അഹമ്മദാബാദിലേക്കും തുളസിറാമിനെ രാജസ്ഥാനിലേക്കും കൊണ്ടുപോയി വ്യാജ ഏറ്റുമുട്ടൽ കഥ ചമച്ച് കൊല്ലുകയായിരുന്നു.

കുറ്റപത്രത്തിൽ എറ്റവും പ്രധാനപെട്ട കാര്യം അതിൽ അമിത് ഷായുടെ പേരുകൂടി ഉൾപ്പെട്ടിരുന്നുവെന്നതാണ്. കൊലയിലും മൃതദേഹങ്ങൾ ഒളിപ്പിക്കുന്നതിലും ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാക്ക് നേരിട്ട് പങ്കുണ്ടായിരുന്നുവെന്ന് സി.ബി.ഐ പറയുന്നു. ഇതേക്കുറിച്ചു പുറത്തുവന്ന വീഡിയോ, ഓഡിയോ രേഖകൾൾ നിഷ്പ്രഭമാക്കി സാക്ഷികളെ കൂറുമാറ്റാൻ രാഷ്ട്രീയക്കാർക്ക് എങ്ങനെ സാധിക്കുന്നുവെന്ന് പിന്നീടുണ്ടായ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു.

അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) സൊഹ്‌റാബുദ്ദീനെ അനധികൃതമായി കസ്റ്റഡിയിൽ എടുത്തതെന്ന് പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർ ജയിലിൽവെച്ച് മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷണസംഘം കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. കൗസർബിയെ കൊല്ലുന്നതിനും വൻസാരക്ക് അമിത് ഷാ നിർദ്ദേശം നല്കിയതിന്റെ തെളിവും സമർപ്പിക്കപ്പെട്ടു. ഈ തെളിവുകൾ എല്ലാം സി.ബി.ഐയുടെ പക്കൽ ഉണ്ടായിരുന്നിട്ടും 2014ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം അമിത് ഷാ കൂടുതൽ ശക്തനാവുകയായിരുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ രൂപംകൊണ്ടതിനു രണ്ടു മാസങ്ങൾക്കു ശേഷം അമിത് ഷാ ബി.ജെ.പിയുടെ ദേശീയ അദ്ധ്യക്ഷനായി അവരോധിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ വിശ്വസ്ത സുഹൃത്തായ അമിത് ഷായുടെ പിന്നീടുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു. രാജ്യത്തെ ശക്തനായ രണ്ടാമത് വ്യക്തിയായി അദ്ദേഹം മാറി. 2014നു ശേഷവും വ്യാജ ഏറ്റുമുട്ടലുകൾ രാജ്യത്ത് നടക്കുന്നുണ്ട്.

സി.ബി.ഐ പ്രത്യേക കോടതിയിൽ കേസിൽ ആദ്യ വിചാരണ നടന്നശേഷം ജഡ്ജിയായ ജെ.ടി ഉത്പതിനെ 2014ൽതന്നെ സർക്കാർ സ്ഥലം മാറ്റി. പിന്നീടു വന്ന ബി.എച്ച് ലോയ നാഗ്പൂരിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. മൂന്നാം തവണയും അമിത് ഷായെ ഭാഗ്യം തുണച്ചു. പിന്നീടു വന്ന ജഡ്ജി എം.ബി ഗോസാവി ഷായെ കേസ്സിൽ നിന്നും കുറ്റമുക്തനാക്കുകയായിരുന്നു.

ഭാഗ്യം വീണ്ടും അമിത് ഷായുടെ കൂടെയായിരുന്നു. വിധിക്കെതിരെ നിരന്തരം വാദിച്ച സി.ബി.ഐ എന്നാൽ, അമിത് ഷായുടെ കാര്യം മറന്നു. വിചാരണാ കോടതിയുടെ മഹാമനസ്‌കത അമിത് ഷായ്ക്കൊപ്പമായിരുന്നു. 2014-17 വരെ കേസ്സിൽ പ്രതിചേർക്കപ്പെട്ട 38പേരിൽ 16പേരെ മതിയായ തെളിവുകൾ സമർത്ഥിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്നു പറഞ്ഞ് കോടതി കുറ്റമുക്തരാക്കി. ഇവരിൽ പ്രതിചേർക്കപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു. ഇതിനെതിരെ അപ്പീൽ നൽകാൻ സി.ബി.ഐ മുതിർന്നില്ല. സി.ബി.ഐ നിലപാടിനെതിരെ സമർപ്പിക്കപ്പെട്ട പൊതുതാല്പര്യ ഹർജികളും ബോംബെ ഹൈക്കോടതി തള്ളി. ഈ സാഹചര്യത്തിലാണ് രണ്ടു പൊലീസുകാരുടെ നിലപാട് കേസ്സിൽ പുതിയ മാനം നൽകുന്നത്. അതും വിചാരണ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ. നവംബർ 19ന് കോടതിയിൽ സത്യവാങ്മൂലം നൽകാനെത്തിയതായിരുന്നു കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ അമിതാഭ് താക്കൂർ. ''ചെറിയ പരൽമീനുകൾ വിചാരണ നേരിടുന്നു. വലിയ മീനുകൾ ഇപ്പോഴും പുറത്ത് വിലസുന്നു'' ഇതായിരുന്നു അദ്ദേഹം കോടതിയിൽ പറഞ്ഞത്. താക്കൂർ നിലവിൽ ഒഡിഷയിൽ ഇൻസ്‌പെക്ടർ ജനറൽ (ക്രമസമാധാനം) ചുമതലയാണ് വഹിക്കുന്നത്. സൊഹ്‌റാബുദ്ദീനെ കൊല്ലാൻ കേസിൽ 22പ്രതികൾക്കും മതിയായ കാരണങ്ങൾ ഇല്ലായിരുന്നു. ഇവർ ഉന്നതോദ്യോഗസ്ഥരുടെ നിർദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്തത്- താക്കൂർ പറഞ്ഞു. കുറ്റമുക്തരാക്കപ്പെട്ട ഉന്നതരുടെ പേരുകൾ പരാമർശിക്കാനും അദ്ദേഹം മറന്നില്ല. അദ്ദേഹം സമർപ്പിച്ച കുറ്റപത്രത്തിൽ കേസ്സിൽ ഉൾപ്പെട്ട അഞ്ചുപേർ രാഷ്ട്രീയ-സാമ്പത്തിക ഗുണഭോക്താക്കളാണ്. അവർ അമിത് ഷാ, ഡി.ജി വൻസാര, രാജ്കുമാർ പാണ്ഡിയൻ, ദിനേഷ് എം.എൻ, അഭയ് ചുദസമ എന്നവരുടെ പേരുകളാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

പിന്നീട് രണ്ടു ദിവസത്തിനു ശേഷം, അമിത് ഷാ, വൻസാര, പാണ്ഡ്യൻ, ദിനേഷ് എന്നിവരാണ് തുൾസിറാം വധത്തിൽ മുഖ്യ സൂത്രധാരകരെന്ന കണ്ടെത്തലുമായി നാഗാലാൻഡ് കേഡറിലെ ഉദ്യോഗസ്ഥനായ സന്ദീപ് തംഗാഡെയെത്തി. തുൾസിറാം കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനാണ് സന്ദീപ് തംഗാഡെ. പൊലീസ് ക്രിമിനലുകൾ-രാഷ്ട്രീയക്കാർ എന്നിവരുടെ ബന്ധവും അദ്ദേഹം കോടതിയിൽ സമർത്ഥിച്ചു. അമിത് ഷായും രാജസ്ഥാൻ ആഭ്യന്തര മന്ത്രിയായ ഗുലാബ് ചന്ദ് കതാരിയയും (കുറ്റമുക്തരാക്കപ്പെട്ടവർ) രാഷ്ട്രീയക്കാരാണ്. സൊഹ്‌റാബുദ്ദീൻ, തുൾസിറാം, അസം ഖാൻ എന്നിവരുമായി ഇവർക്കുള്ള ബന്ധവും കൊലപാതകത്തിൽ അമിത് ഷാ ഉൾപ്പെടെയുള്ളവരുടെ പങ്ക് വ്യക്തമാക്കുന്ന ടെലിഫോൺ സംഭാഷണ രേഖയും തംഗാഡെ കോടതിയിൽ സമർപ്പിച്ചു.

ഈ മാസം ആദ്യം കേസ്സിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മറ്റൊരു പ്രൊസിക്യൂഷൻ സാക്ഷിയായ അസംഖാനും രംഗത്തെത്തി. ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹരൺ പാണ്ഡ്യയെ കൊല്ലാൻ സൊഹ്‌റാബുദ്ദീന് വൻസാര കരാർ നൽകിയിരുന്നുവെന്നാണ് സൊഹ്‌റാബുദ്ദീന്റെ സഹായിയായ അസം ഖാൻ വിചാരണാ കോടതിയിൽ വെളിപ്പെടുത്തിയത്. 2003ൽ ഹരൺ പാണ്ഡ്യ കൊല്ലപ്പെട്ടിരുന്നു. ഈ വിവരം സൊഹ്‌റാബുദ്ദീൻ തന്നോടു പറഞ്ഞെന്നാണ് അസം ഖാൻ മൊഴിനൽകിയത്. വിവരം മുമ്പുതന്നെ സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും അവരിത് നിരാകരിച്ചതായും അസം ഖാൻ മൊഴിനൽകി.

(കേസ്സിൽ 2017 നവംബർ വരെ 210 സാക്ഷികളെയാണ് പ്രൊസിക്യൂഷൻ വിചാരണാ കോടതിയിൽ വിസ്തരിച്ചത്. 2014നു ശേഷം കോടതിയിലും സി.ബി.ഐക്ക് മുമ്പിലും അമിത് ഷാക്കും അദ്ദേഹത്തിന്റെ കൂട്ടാളികൾക്കും പുഞ്ചിരിച്ചുകൊണ്ടേയിരിക്കാൻ ഭാഗ്യംലഭിച്ചു. എന്നാൽ, കേസിന്റെ അവസാന ഘട്ടത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും അസം ഖാന്റെയും വെളിപ്പെടുത്തലുകൾ അമിത് ഷാക്കും കൂട്ടർക്കും വലിയ വെല്ലുവിളിയാണ് ഉയർത്താൻ പോകുന്നത്).

(കടപ്പാട്: ടെലഗ്രാഫ്, വിവർത്തനം: പി. ഷബീബ് മുഹമ്മദ്)

Read More >>