ശബരിമലയും സ്വാമിയുടെ ​ഗുരുത്വാകർഷണവും

പലരും സ്വാമിയോട് അദ്ദേഹം എഴുതിയ ഗ്രാവിറ്റേഷനൽ മാട്രിക്‌സ് എന്ന പ്രതിഭാസത്തെക്കുറിച്ച് വിശദീകരണം ചോദിച്ചു. ചിലരോട് സ്വാമി അതു വിശദീകരിക്കുകയും ചെയ്തു. പറഞ്ഞ ആൾക്കോ കേട്ട ആൾക്കോ ഒന്നും മനസ്സിലായില്ലെന്നു മാത്രം.

ശബരിമലയും സ്വാമിയുടെ ​ഗുരുത്വാകർഷണവും

ശബരിമലയിൽ യുവതികൾക്കു പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി വന്നപ്പോൾ വിധിയെ സ്വാഗതം ചെയ്തവരിൽ മുൻപന്തിയിലായിരുന്നു ബി.ജെ.പി നേതാവ് ഡോ.സുബ്രഹ്മണ്യൻ സ്വാമി. അതു ബി.ജെ.പി നിലപാടാണെന്ന് ആരും തെറ്റിദ്ധരിച്ചിരിക്കാൻ ഇടയില്ല. കാരണം, സ്വാമി ബി.ജെ.പിക്കും ഒരടി മേലെ നിൽക്കുന്ന നേതാവാണ്. നോട്ട് പിൻവലിച്ചത് മഹാ അബദ്ധമായി എന്ന് അന്നും ഇന്നും പറയുന്നുണ്ട് സ്വാമി. ശബരിമലയിലേക്കു മടങ്ങാം. സ്വാമി കോടതിവിധി കേട്ട് അത്യാവേശത്തിലായിരുന്നു. യുവതികളെ പ്രവേശിപ്പിക്കണം. തടസ്സമുണ്ടായാൽ പട്ടാളത്തെ ഉപയോഗിച്ചും വിധി നടപ്പാക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.

പിന്നെയാണ് കേരളത്തിൽ ബി.ജെ.പിയുടെ പ്രക്ഷോഭവും കോലാഹലവുമെല്ലാം തുടങ്ങിയത്. അപ്പോൾ പലരും ഡോ.സുബ്രഹ്മണ്യൻ സ്വാമി എവിടെ എന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതാ ഏറെ നാളുകൾക്കു ശേഷം സ്വാമി രംഗത്തെത്തിയിരിക്കുന്നു. അന്നത്തെ പഞ്ച് ഡയലോഗ് സ്വാമി ഉപേക്ഷിച്ചിരിക്കുന്നു. പട്ടാളത്തെ ഉപയോഗിച്ചും യുവതികൾക്കു ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന നിലപാട് ഇപ്പോൾ അദ്ദേഹത്തിനില്ല. എന്നു മാത്രമല്ല, യുവതികളെ പ്രവേശിപ്പിക്കരുത് എന്ന നിലപാടിലേക്കു അദ്ദേഹം മാറുകയും ചെയ്തിരിക്കുന്നു. ഇതിന് ആർ.എസ്.എസ്-വി.എച്ച്.പി ടൈപ്പുകൾ പറയുന്ന ന്യായമൊന്നുമല്ല അദ്ദേഹം പറയുന്നത്. അവിടെയാണ് അദ്ദേഹത്തിന്റെ പ്രതിഭയുടെ വിളയാട്ടം. സാമ്പത്തികശാസ്ത്രജ്ഞൻ മാത്രമല്ല സ്വാമി എന്നറിയാൻ ഈ വിശദീകരണം ശ്രദ്ധിക്കുക.

' ആർത്തവകാലത്തെ അശുദ്ധികാരണമാണ് സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് എന്ന ധാരണ ശരിയല്ല. ശബരിമല ക്ഷേത്രം 'ഗുരുത്വാകർഷണ പ്രഭവകേന്ദ്ര' ത്തിൽ പെടുന്ന സ്ഥലത്തായതുകൊണ്ട് അത് സ്ത്രീകൾക്കു ഹാനികരമാവുമെന്നതിനാൽ അവർ സ്വമേധയാ വരാതിരിക്കുകയാണു ചെയ്യുന്നത്.' ഇതാണ് സ്വാമി. ഇക്കാലം വരെ ശബരിമലയെക്കുറിച്ച് ആരും പറഞ്ഞിട്ടില്ലാത്തകാര്യമാണ് സ്വാമി പറഞ്ഞത്. സ്വാമിയുടെ ഭൗതികശാസ്ത്രത്തിലുള്ള പാണ്ഡിത്യം ആളുകളെ അൽഭുതപ്പെടുത്തി. പലരും സ്വാമിയോട് അദ്ദേഹം എഴുതിയ ഗ്രാവിറ്റേഷനൽ മാട്രിക്‌സ് എന്ന പ്രതിഭാസത്തെക്കുറിച്ച് വിശദീകരണം ചോദിച്ചു. ചിലരോട് സ്വാമി അതു വിശദീകരിക്കുകയും ചെയ്തു. പറഞ്ഞ ആൾക്കോ കേട്ട ആൾക്കോ ഒന്നും മനസ്സിലായില്ലെന്നു മാത്രം.


ഗുരുത്വാകർഷണത്തിൽ നിന്നു വ്യത്യസ്തമാണ് ഗ്രാവിറ്റേഷനൽ മാട്രിക്‌സ്. ഭൂമിയിൽനിന്നു ' വീണു' പോകാതെ എല്ലാറ്റിനെയും ഭൂമിയിൽതന്നെ നിർത്തുന്ന ശക്തിയാണല്ലോ ഗുരുത്വാകർഷണം. ഇത് ചിലേടത്ത് വ്യത്യസ്തമായിരിക്കുന്നതിനെക്കുറിച്ച് സിദ്ധാന്തങ്ങളുണ്ടെങ്കിലും ശബരിമലയിൽ എന്തെങ്കിലും വ്യത്യാസമുള്ളതായി ഇതു വരെ ആരും പറഞ്ഞിട്ടില്ല. വ്യത്യസ്തമായാൽത്തന്നെ സ്ത്രീകൾക്കു മാത്രം ദോഷമാകും എന്നൊന്നും ശാസ്ത്രജ്ഞന്മാർ അറിഞ്ഞിട്ടില്ല. ഡോ.സുബ്രഹ്മണ്യൻ സ്വാമിക്ക് ഇത് എവിടെനിന്നു കിട്ടി എന്നാണ് എല്ലാവരുടെയും ചോദ്യം.

സത്യം ഒരടി നീങ്ങുമ്പോൾ കള്ളം ആറടി നീങ്ങുന്നു

സത്യം ചെരിപ്പിടും മുമ്പ് കള്ളം ഭൂമിയെ പാതിവട്ടം സഞ്ചരിച്ചു കഴിഞ്ഞിരിക്കും എന്നാരാണ് പറഞ്ഞത്? മാർക് ട്വയിനിന്റെ പേരിൽ ഇങ്ങനെ ഒരു അപവാദമുണ്ട്. അതു വ്യാജമോ സത്യമേ ആകട്ടെ, ഇപ്പോഴും ഗവേഷകർ സത്യത്തിന്റെയും കളവിന്റെയും സ്പീഡ് അന്വേഷിക്കുന്നത് നിർത്തിയിട്ടില്ല. ചിലർ ആഗോള സർവെ തന്നെ നടത്തുന്നു. മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജി നടത്തിയ പഠനത്തിൽ വ്യാജവാർത്ത ആളുകളിലെത്തുന്നതിന് എടുക്കുന്നതിന്റെ ആറിരട്ടി സമയം എടുക്കും ഒരു സത്യം അത്രയും അകലത്ത് എത്താൻ എന്നു കണ്ടെത്തിയിയിട്ടുണ്ട്. ട്വിറ്റർ തുടങ്ങിയ ശേഷമുള്ള പത്തു വർഷക്കാലത്ത് 1,26,000 വാർത്തകൾ 30 ലക്ഷം ആളുകൾ കൈമാറിയ രീതി പഠിച്ചാണ് അവർ ഈ നിഗമനത്തിലെത്തിയത്. സയൻസ് മാഗസിൻ ഗവേഷണറിപ്പോർട്ട് വിശദമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

വ്യാജവാർത്താ സൈറ്റുകൾ വിക്കിപീഡിയയിൽ

സാമൂഹ്യമാദ്ധ്യമത്തിന്റെ സഹായത്തോടെ ബോധപൂർവം വ്യാജവാർത്തകൾ സൃഷ്ടിച്ചു പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകൾ ഏതെല്ലാം എന്നറിയാൻ എന്താണ് വഴി? തല പുകക്കേണ്ട. സംഗതി വിക്കിപീഡിയയിലുണ്ട്. നൂറ്റമ്പതോളം വ്യാജവാർത്താ സൈറ്റുകളുടെ പേരാണ് വിക്കിപ്പീഡിയയിലുള്ളത്. ഇതു പൂർണ്ണമാണെന്ന അവകാശവാദമൊന്നും അവർക്കില്ല. ആർക്കു വേണമെങ്കിലും പുതിയ പേരുകൾ ചേർക്കാം. തെളിവു നൽകണമെന്നു മാത്രം.ഈ സൈറ്റുകളിലേക്കു പോകാൻ ഒന്നിനും ലിങ്ക് കൊടുത്തിട്ടില്ല. സെർച്ച് ചെയ്തു ചെന്നാലും ഇവ വ്യാജമാണ് എന്നു മനസ്സിലാക്കുക എളുപ്പമല്ല. പ്രശസ്തമായ പല സൈറ്റുകളുടെയും പേരുകൾ ചെറിയ സ്‌പെല്ലിങ് വ്യത്യാസത്തോടെ വ്യാജം പ്രചരിപ്പിക്കാൻ ഉപയാഗിക്കുന്നു എന്നത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം

Read More >>