ഇടത്തോട്ട് ചരിഞ്ഞ ചരിത്രം, കാസര്‍കോട് മാറുമോ

കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശ്ശേരി നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കാസർകോട് മണ്ഡലം. കാസർകോടിനൊപ്പമായിരുന്ന തളിപ്പറമ്പ് 2004-ലെ മണ്ഡല പുനർനിർണ്ണയത്തോടെ കണ്ണൂർ ലോക് സഭാ മണ്ഡലത്തിന്റെ ഭാഗമായി; പുതുതായി രൂപവൽക്കരിച്ച കല്യാശ്ശേരി കാസർകോടിനൊപ്പവും.

ഇടത്തോട്ട് ചരിഞ്ഞ ചരിത്രം, കാസര്‍കോട് മാറുമോ

ഏറെ പുകള്‍പെറ്റതാണ് കാസര്‍കോടിന്റെ ചരിത്രവും വര്‍ത്തമാനവും. മഞ്ചേശ്വരം മുതല്‍ കല്യാശ്ശേരി വരെയുള്ള പ്രദേശം ഉടുപ്പിലും നടപ്പിലും ഭാഷയിലും ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഭാഷാസംഗമ ഭൂമിയാണിത്. രാഷ്ട്രകവി ഗോവിന്ദ പൈയും കവി ടി.ഉബൈദും ജീവിച്ച മണ്ണ്. കമ്മ്യൂണിസ്റ്റ്-കര്‍ഷക പ്രസ്ഥാന ചരിത്രത്തില്‍ ഇന്നും ആവേശം ചോരാത്ത കയ്യൂര്‍ ഇവിടെയാണ്. സ്വതന്ത്ര ഇന്ത്യയിലെ പാര്‍ലമെന്ററി ചരിത്രത്തിലുമുണ്ട് കാസര്‍ക്കോടിന് സവിശേഷ സ്ഥാനം. ആദ്യ ലോക്സഭയിലെ എ.കെ.ഗോപാലന്‍ എന്ന കമ്മ്യൂണിസ്റ്റുകാരനായ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തയച്ച മണ്ഡലമെന്ന ഖ്യാതി. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ എ.കെ.ജിയുടെ ഭൂരിപക്ഷം 5,145 വോട്ടായിരുന്നു. '62 ലും 67 ലും ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് അദ്ദേഹം വിജയം ആവര്‍ത്തിച്ചു. 1971ല്‍ എ.കെ.ജി പാലക്കാട്ടേയ്ക്ക് മാറിയതോടെ കാസര്‍കോടും മാറി. അന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സി (ഐ.എന്‍.സി)ന്റെ യുവ നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളിയോട് പരാജയപ്പെട്ടത് സി.പി.എമ്മിന്റെ കരുത്തനായ ഇ.കെ നായനാര്‍. 1977, 84 ലും ജയം കോണ്‍ഗ്രസ്സിനൊപ്പം നിന്നു. ഇതൊഴിച്ചാല്‍ പിന്നീട് കാസര്‍കോട് എന്നും ഇടതുപക്ഷത്തോടൊപ്പമാണ്.

കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശ്ശേരി നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കാസര്‍കോട് മണ്ഡലം. കാസര്‍കോടിനൊപ്പമായിരുന്ന തളിപ്പറമ്പ് 2004-ലെ മണ്ഡല പുനര്‍നിര്‍ണ്ണയത്തോടെ കണ്ണൂര്‍ ലോക് സഭാ മണ്ഡലത്തിന്റെ ഭാഗമായി. പുതുതായി രൂപവല്‍ക്കരിച്ച കല്യാശ്ശേരിയായി കാസര്‍കോടിനൊപ്പം. ഉദുമ മുതല്‍ കല്യാശ്ശേരി വരെയുള്ള അഞ്ചു നിയമസഭാമണ്ഡലങ്ങള്‍ ഇടതുപക്ഷത്തിന്റെ കുത്തകയാണ്. കയ്യൂരും കരിവെള്ളൂരും ഉള്‍പ്പെടുന്ന സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങള്‍.


കാസര്‍കോട്ടെ ഏഴു മണ്ഡലത്തില്‍ ഒന്നില്‍ പോലും കോണ്‍ഗ്രസ്സിന് എം.എല്‍.എയില്ല. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ മുസ്ലിം ലീഗിന്റെ കരുത്തിലാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. ഈ മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് ഏറെ സ്വാധീനമുള്ളതും. ലീഗിന്റെ വോട്ടുകള്‍ക്ക് മുന്‍തൂക്കമുള്ള ഈ രണ്ടു മണ്ഡലങ്ങള്‍ വച്ചാണ് സി.പി.എം കോട്ടകളായ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനെയും കല്ല്യാശ്ശേരിയെയും യു.ഡി.എഫ് നേരിടുന്നത്. പ്രാദേശികവാദവും കടുത്ത ഗ്രൂപ്പ് പോരും കാരണം ശക്തനായൊരു നേതാവിനെ വളര്‍ത്തിയെടുക്കാന്‍ ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇതെല്ലാം സി.പി.എം അനുകൂല ഘടകങ്ങളാണ്. ഐ.എന്‍.എല്ലിന്റെ മുന്നണി പ്രവേശം എല്‍.ഡി.എഫിന് കൂടുതല്‍ നേട്ടമാകും.

2014ലെ തെരഞ്ഞെടുപ്പ് ഫലമാണ് യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നത്. സി.പി.എമ്മിന്റെ ഭൂരിപക്ഷം 64,427ല്‍നിന്നു 6921 ആക്കി കുറക്കാന്‍ ടി. സിദ്ധിഖിലൂടെ യു.ഡി.എഫിന് കഴിഞ്ഞു. നല്ലൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ സി.പി.എമ്മിന്റെ നെടുങ്കോട്ടയെ പിടിച്ചുകുലുക്കാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്സ്. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തങ്ങള്‍ക്ക് അനുകൂലഘടകമാണെന്നും അവര്‍ കരുതുന്നു. എതിര്‍സ്ഥാനാര്‍ത്ഥി കരുത്തനാണെങ്കില്‍ വിജയം അനായാസമാവില്ലെന്ന് എല്‍.ഡി.എഫിനും ബോദ്ധ്യമുണ്ട്. ബേഡകം, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ സി.പി.ഐയുമായി വിഭാഗീയതയാണ് സി.പി.എമ്മിന്റെ ഭയം. 2014ലെ തെരഞ്ഞെടുപ്പില്‍ പി. കരുണാകരന് വിമത വിഭാഗത്തിന്റെ വോട്ട് കിട്ടിയില്ലെന്നും സി.പി.എം സംശയിക്കുന്നു. ഇതു അനുകൂല വോട്ടാക്കാനും കോണ്‍ഗ്രസ്സ് ശ്രമമാരംഭിച്ചു.

ബി.ജെ.പി ശക്തി തെളിയിക്കുന്ന മണ്ഡലം കൂടിയാണ് കാസര്‍കോട്. 1984 മുതലാണ് ബി.ജെ.പി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്. കന്നി മത്സരത്തില്‍ കെ.ജി.മാരാര്‍ 59,021 വോട്ട് നേടി. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം എല്‍.ഡി.എഫിനും യു.ഡി.എഫിനും വോട്ടില്‍ വലിയ ഏറ്റക്കുറച്ചലുണ്ടാകുമ്പോഴും ബി.ജെ.പി വോട്ട് ക്രമാനുഗതമായി വര്‍ദ്ധിച്ചു. 1998ല്‍ പി.കെ കൃഷ്ണദാസിന് 10,3093 വോട്ട് ലഭിച്ചെങ്കില്‍ 2014ല്‍ കെ.സുരേന്ദ്രനില്‍ എത്തിനില്‍ക്കുമ്പോള്‍ അത് 1,72,826 ആയി വര്‍ദ്ധിച്ചു. ബി.ജെ.പിയുടെ ഈ വളര്‍ച്ച ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാണ്. കാസര്‍കോട്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി രണ്ടാംസ്ഥാനത്താണ്.

സ്ഥാനാര്‍ത്ഥികള്‍ ആയേക്കാവുന്നവര്‍

വ്യക്തമായ രാഷ്ട്രീയം തന്നെയാണ് മണ്ഡലത്തിലുള്ളത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ കഴിവും സ്വീകാര്യതയും പ്രധാനമാണ്. ഒരുകാലത്ത് കാസര്‍കോടിന് വടക്ക് നിര്‍ണ്ണായകമായിരുന്ന കര്‍ണ്ണാടകസമിതിക്ക് ഇന്നു സ്വാധീനമില്ല. മതസാമുദായിക വിഭാഗങ്ങള്‍ക്ക് അവരുടേതായ രാഷ്ട്രീയവുമുണ്ട്. അതിനാല്‍ ശക്തനായ നേതാവിനെ രംഗത്തിറക്കാനാണ് മൂന്നു മുന്നണികളുടെയും ശ്രമം.

തുടര്‍ച്ചയായി മൂന്നുതവണ എം.പിയായ സി.പി.എമ്മിലെ പി.കരുണാകരന്‍ മത്സരരംഗത്തുണ്ടാകാനിടയില്ല. പാര്‍ട്ടി കോട്ടയായ കല്ല്യാശ്ശേരി, പയ്യന്നൂര്‍ മണ്ഡലങ്ങള്‍ കണ്ണൂര്‍ ജില്ലയിലായതിനാല്‍ കണ്ണൂരിലെ നേതാക്കള്‍ക്കും ഇവിടെ ഒരു കണ്ണുണ്ട്. അങ്ങനെയെങ്കില്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനാണ് സാദ്ധ്യത. ഡല്‍ഹി കേന്ദ്രീകരിച്ച് കര്‍ഷക സമരങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വംകൊടുക്കുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കരിവെള്ളൂര്‍ സ്വദേശി ഡോ.വിജുകൃഷ്ണനും കാസര്‍കോട് ജില്ല മുന്‍സെക്രട്ടറി കെ.പി.സതീശ് ചന്ദ്രനും സാദ്ധ്യതാ പട്ടികയിലുണ്ട്. ബൂത്തു തലം മുതല്‍ പാര്‍ലമെന്റ് മണ്ഡലംവരെ കമ്മിറ്റികള്‍ മാസങ്ങള്‍ മുമ്പുതന്നെ പ്രവര്‍ത്തനങ്ങളാരംഭിച്ചു.


യു.ഡി.എഫ് പതിവിനു വിപരീതമായി ഇത്തവണ നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു തുടക്കമിട്ടു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, ബെന്നിബഹന്നാന്‍, ജോണി നെല്ലൂര്‍ തുടങ്ങി നിരവധി യു.ഡി.എഫ് നേതാക്കള്‍ പങ്കെടുത്ത് കാഞ്ഞങ്ങാട് നടന്ന മണ്ഡലം കമ്മിറ്റി രൂപീകരണയോഗം അണികളില്‍ ആവേശം പകരുന്നതായി. ബൂത്തുകമ്മിറ്റി രൂപീകരണം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ടി. സിദ്ധിഖ് വയനാട്ടില്‍ മത്സരിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍, കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠന്‍, മുന്‍ എം.പി ഐ.രാമറൈയുടെ മകനും ഡി.സി.സി നേതാവുമായ ഐ. സുബ്ബറാവു തുടങ്ങിയവരുടെ പേരുകളാണ് കോണ്‍ഗ്രസ്സില്‍നിന്നും പറഞ്ഞുകേള്‍ക്കുന്നത്. ബി.ജെ.പിയുടെ ലിസ്റ്റില്‍ രവീശതന്ത്രി, ജില്ലാപ്രസിഡന്റ് കെ.ശ്രീകാന്ത് തുടങ്ങിയവരുടെ പേരുകളാണുള്ളത്. മണ്ഡലത്തില്‍ ഇത്തവണ 1,26,506വോട്ട് കൂടി. 2009ല്‍ 11,13,954ല്‍ 847491 വോട്ടും(76.07ശതമാനം) 2014ല്‍ 1240460ല്‍ 973592 (78.4ശതമാനം) വോട്ടും പോള്‍ചെയ്തു.

പുതിയ വോട്ടര്‍മാര്‍ ആരോടൊപ്പം

പുതിയ വോട്ടുകളുടെ കണക്ക് ഉടന്‍ വരാനിരിക്കുന്നു. 2018 ജനുവരിയിലെ കണക്കുപ്രകാരം, 2014ലെ പാര്‍ലമെന്റ് തെരഞ്ഞടുപ്പിനുശേഷം ജില്ലയില്‍ 2,08,165 വോട്ടിന്റെ വര്‍ദ്ധനയുണ്ടായി. ജനസംഖ്യ 13,73,083 ആണ്. ഇതില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളത് 9,71,214 പേര്‍. ജനസംഖ്യയുടെ 70.73 ശതമാനം. യഥാക്രമം 4,73,832 പുരുഷന്മാരും4,97,382 സ്ത്രീകളുമാണുള്ളത്.

സാമൂഹികരംഗത്ത് ശ്രദ്ധചെലുത്തി: എം.പി

അങ്കണവാടികൾക്കു കെട്ടിടങ്ങൾ അനുവദിച്ചതു മുതൽ കേന്ദ്രസർവ്വകലാശാല വരെയുള്ള വികസനപ്രവർത്തനങ്ങൾ. മറാട്ടി സമുദായത്തിന് പിന്നാക്കവിഭാഗ അംഗീകാരം നേടിക്കൊടുത്തു. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നം പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. വികസനത്തോടൊപ്പം സാമൂഹിക മേഖലയിലും ശ്രദ്ധചെലുത്താനായി.

റെയിൽവെ സ്‌റ്റേഷനുകളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കൽ, മേൽപ്പാലങ്ങൾ തുടങ്ങി കാഞ്ഞങ്ങാട് -കാണിയൂർ പാതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വരെ നടത്തി. എം.പി. ഫണ്ടിന്റെ വിനിയോഗത്തിലും ഏറെ മുന്നിലാണ്. ഇതിനകം തന്നെ 97 ശതമാനം എം.പി. ഫണ്ട് മണ്ഡലത്തിൽ ചെലവഴിച്ചു. 477 പദ്ധതികളിൽ 374 പ്രവൃത്തികൾക്കു അനുമതി നൽകി. 247 പദ്ധതികൾ പൂർത്തീകരിച്ചു. 127 പദ്ധതികളുടെ നിർവ്വഹണം നടക്കുന്നുണ്ട്. 52 സ്‌ക്കൂളുകൾക്ക് ബസ് അനുവദിച്ചു. 3.30കോടിയുടെ പ്രവൃത്തികൾ പട്ടികജാതി- വർഗ്ഗ മേഖലകളിൽ അനുവദിച്ചു.

ജില്ലയിൽ എഴുപതോളം റോഡ് പ്രവൃത്തികളും സ്‌കൂളുകൾക്കും വായനശാലകൾക്കുമായി ഇരുപത്തിയഞ്ചോളം കെട്ടിടനിർമ്മാണ പ്രവൃത്തികളും 26 സ്‌ക്കൂളുകൾക്ക് വാഹനങ്ങളും 72 സ്‌ക്കൂളുകൾക്കു കമ്പ്യുട്ടറുകളും അനുബന്ധ ഉപകരണങ്ങളും നൽകാനുള്ള പദ്ധതികൾക്കുകൂടി ഭരണാനുമതി നൽകിയിട്ടുണ്ട്. യു.പി.എ സർക്കാരിന്റെ കാലത്ത് കാസർകോട്ട് എച്ച്.എ.എൽ, കെൽഭെൽ തുടങ്ങിയ സംരംഭങ്ങൾ ആരംഭിച്ചു.

കാസര്‍കോട് പിടിക്കും: എ.ഗോവിന്ദൻ നായർ (യു.ഡി.എഫ് ജില്ലാകൺവീനർ)

ഇത്തവണ കാസർകോട് ലോക്സഭാമണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിക്കും. മൂന്നുമാസമായി തെരഞ്ഞെടുപ്പ് പ്രവർത്തന രംഗത്താണ്. യു.ഡി.എഫ് ബൂത്തു കമ്മിറ്റി വരെ സജ്ജമായി. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയിലേക്കു കടന്നില്ലെങ്കിലും ശക്തനായ സ്ഥാനാർത്ഥിയായിരിക്കും കാസർകോട്ട്.

എം.പിയുടെയും സംസ്ഥാന സർക്കാരിന്റെയും വികസനപോരായ്മകൾ ഉയർത്തിക്കൊണ്ടുവരും. മണ്ഡലത്തെ സംബന്ധിച്ചിടത്തോളം എം.പിയുടെ 15 വർഷം പൂർണ്ണപരാജയമാണ്. എം.പി ഫണ്ട് പാർട്ടി ഗ്രാമങ്ങളിൽ മാത്രമാണ് ചെലവഴിച്ചത്. യു.പി.എ സർക്കാർ കൊണ്ടുവന്ന ചില പദ്ധതികളുടെ കുത്തക ഏറ്റെടുക്കുകയാണദ്ദേഹം. യു.ഡി.എഫ് കാലത്ത് കൊണ്ടുവന്ന പദ്ധതികൾ പൂർത്തീകരിച്ച് ഉൽഘാടനം ചെയ്യുകയാണ്. ആരോഗ്യ,വിദ്യാഭ്യാസ, വ്യാവസായിക മേഖലയിൽ ഒരു മാറ്റവും ഉണ്ടായില്ല. കേന്ദ്രസർവ്വകലാശാലയും കെൽഭെൽ സംരംഭവും എച്ച്.എ.എല്ലും കൊണ്ടുവന്നത് യു.പി.എ ഭരണകാലത്താണ്.

Read More >>