വി.എസും ചില വിശ്വാസങ്ങളും

വീരേന്ദ്രകുമാറിനെ മുന്നണിയിലെടുക്കണമെന്ന ആഗ്രഹക്കാരനാണ് പണ്ടേ വി.എസ്. വീരന്റെ പാർട്ടി നേരത്തെ മുന്നണി വിടാനുണ്ടായ സാഹചര്യം ഉയർത്തിക്കാട്ടി പാർട്ടിക്കുള്ളിൽ അന്നത്തെ നേതൃത്വത്തിനെതിരെ വിമർശനം നടത്തിയ ആളാണ് വി.എസ്

വി.എസും ചില വിശ്വാസങ്ങളും

നാലു പാർട്ടികളെ ഒപ്പം കൂട്ടി ഇടതുമുന്നണി വിപുലീകരിച്ചു. ലോക് താന്ത്രിക് ജനതാദൾ, കേരളാ കോൺഗ്രസ്-ബി, ഐ.എൻ.എൽ, ജനാധിപത്യ കേരളാ കോൺഗ്രസ് എന്നീ പാർട്ടികളെ ഉൾപ്പെടുത്തിയതോടെ മുന്നണിയുടെ ജനകീയ അടിത്തറ വിപുലമാക്കാമെന്നും ഭരണത്തുടർച്ച നേടാമെന്നുമാണ് ഇടതു നേതൃത്വം കണക്കുകൂട്ടുന്നത്. ഐ.എൻ.എൽ ഒഴികെയുള്ളവർ യു.ഡി.എഫ് ബന്ധമുപേക്ഷിച്ചതിനു ശേഷമാണ് ഇടതു മുന്നണി പ്രവേശനം നേടുന്നത്. അതുകൊണ്ടു തന്നെ യു.ഡി.എഫ് പക്ഷത്തിരുന്നപ്പോൾ അവരെക്കുറിച്ചു നടത്തിയ ആക്ഷേപങ്ങൾക്കോ ആരോപണങ്ങൾക്കോ ഇപ്പോൾ പ്രസക്തിയില്ല. എന്നാൽ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്ന ഒരാളുണ്ട്. സാക്ഷാൽ വി.എസ് അച്യുതാനന്ദൻ.

അകത്തായവരെ ചൊല്ലി അധികമാരും കയർത്തില്ലെങ്കിലും വി.എസ് വെടിപൊട്ടിച്ചു കഴിഞ്ഞു. കളങ്കിതരെയും സ്ത്രീ വിരുദ്ധരേയും വർഗീയ വാദികളെയും കയറ്റി ഇരുത്താനുള്ള ഇടമല്ല ഇടതുമുന്നണിയെന്നാണ് വി.എസ് പ്രതികരിച്ചത്. വി.എസിന്റെ വിമർശനം ആർ. ബാലകൃഷ്ണപിള്ളയുടെ കേ.കോ.ബിക്കും (കേരളാ കോൺഗ്രസ്-ബി) ഐ.എൻ.എല്ലിനും എതിരെയാണ്. മുന്നണി പ്രവേശനത്തിനായി അപേക്ഷ നൽകിയ എല്ലാവരെയും പിടിച്ചു അകത്തിരുത്തുന്ന നടപടിയെ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് വി.എസിന്. അതദ്ദേഹം നേരത്തെ വ്യക്തമാക്കിയതുമാണ്. വി.എസിന് പാർട്ടിയിലും മുന്നണിയിലും സ്വാധീനമുണ്ടായിരുന്ന കാലത്ത് മേൽപ്പറഞ്ഞ കക്ഷികളെയൊന്നും മുന്നണിയുടെ നാലയലത്തു പോലും അടുപ്പിച്ചിരുന്നില്ല. ഇപ്പോൾ കാര്യങ്ങൾ വി.എസിന്റെ വഴിയേയല്ല. എതിർപ്പുയർത്തിയാലും അതാരും ഗൗനിക്കുക പോലുമില്ല.

വീരേന്ദ്രകുമാറിനെ മുന്നണിയിലെടുക്കണമെന്ന ആഗ്രഹക്കാരനാണ് പണ്ടേ വി.എസ്. വീരന്റെ പാർട്ടി നേരത്തെ മുന്നണി വിടാനുണ്ടായ സാഹചര്യം ഉയർത്തിക്കാട്ടി പാർട്ടിക്കുള്ളിൽ അന്നത്തെ നേതൃത്വത്തിനെതിരെ വിമർശനം നടത്തിയ ആളാണ് വി.എസ്. ഗതികെട്ടലഞ്ഞാലും മുന്നണി സ്വപ്നം കാണേണ്ടെന്നു പറഞ്ഞ് സി.പി.എം ആട്ടിയകറ്റിയപ്പോഴും വീരനു മേൽ വി.എസിന്റെ ഒരു വിരൽനീട്ടമുണ്ടായിരുന്നു. എന്നാൽ ബാലകൃഷ്ണപിള്ളയുടെ സ്ഥിതി അങ്ങനെയല്ല. ഇടമലയാറിൽ താൻ കേസു നടത്തി ശിക്ഷ വാങ്ങിച്ചു നൽകിയ ആൾക്കൊപ്പം മുന്നണി മേശയ്ക്കു ചുറ്റും ഇരിക്കേണ്ട അവസ്ഥ അദ്ദേഹത്തിന് ഉൾക്കൊള്ളാനാകില്ല. തനിക്കെതിരെ നാക്കുകൊണ്ടു പറയാൻ പാടില്ലാത്ത കാര്യം വരെ വിളിച്ചു പറഞ്ഞ ഗണേഷ് കുമാറിനോടു പോലും അദ്ദേഹം പൊറുത്തു നൽകിയിട്ടുണ്ട്. എന്നാൽ അഴിമതിക്കു സന്ധി ചെയ്യാൻ വേലിക്കകത്ത് ശങ്കരൻ മകൻ അച്യുതാനന്ദനെ നോക്കേണ്ടതില്ല.

കാൽനൂറ്റാണ്ടുകാലം ഐ.എൻ.എൽ കാത്തിരുന്നത് വർഗീയപാർട്ടിയെന്ന പേരുദോഷം മാറാനാണ്. ഇതിനുവേണ്ടി നേർന്ന നേർച്ചകൾക്കു കണക്കില്ല. പലകുറി എ.കെ.ജി സെന്ററിന്റെ കവാടം വരെയെത്തി മടങ്ങേണ്ടി വന്നു. ഓരോ തെരഞ്ഞെടുപ്പ് കാലത്തും വളഞ്ഞ വഴിയുള്ള ബന്ധം മതിയെന്നാണ് മുന്നണി പറഞ്ഞത്. അടുപ്പിക്കാനുള്ള അടവുകൾ പലതും പയറ്റുമ്പോഴും വി.എസും സി.പി.ഐയും എതിർത്തു. അങ്ങനെയാണ് അകത്തും പുറത്തുമല്ലാത്ത അവസ്ഥയിൽ ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞത്. മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രമെന്ന മാർക്്സ് വചനം ശിരസാ വഹിക്കുന്ന മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഐ.എൻ.എല്ലിനെ അഗ്നിശുദ്ധി വരുത്തി മുന്നണിയിലെടുത്തു. എന്നാൽ അവിടെയും വി.എസ് വിമർശന ശരമെയ്തു. പേരിലോ പാർട്ടി പരിപാടിയിലോ ആശയത്തിലോ മാറ്റം വരുത്താതെ ഐ.എൻ.എല്ലിന് കൽപ്പിച്ചു കിട്ടിയ പരിശുദ്ധിയാണ് വി.എസിനെ ചൊടിപ്പിച്ചത്. എന്നാൽ കാസർകോടും മലപ്പുറത്തും ലീഗിന്റെ കോട്ടമുറിക്കാനുള്ള ആയുധമാണ് ഐ.എൻ.എൽ എന്ന വിശദീകരണമാണ് പാർട്ടി, മുന്നണി നേതൃത്വം പറയുന്നത്. എന്തായാലും ലീഗിനൊപ്പമോ ലീഗിനേക്കാൾ കുറവോ വർഗീയതയുണ്ടെന്നു പറഞ്ഞ വി.എസിന് ഇനി അതും മാറ്റി പറയേണ്ടി വരും.

വളരുന്തോറും പിളരുകയും പിളരുംന്തോറും വളരുകയും ചെയ്യുന്ന കേരളാ കോൺഗ്രസുകൾ ഭിന്നിച്ചു നിൽക്കുന്നതിനെ പരിഹസിച്ച പഴയ കഥയൊന്നും ഇടതുമുന്നണിക്ക് ഓർമ്മയില്ല. കൂട്ടം തെറ്റി വന്ന കുഞ്ഞാടുകളെ മുന്നണിക്കുള്ളിലാക്കിയതോടെ മലയോരത്തെ ഗാഡ്ഗിൽ, കസ്തൂരി രംഗൻ വിഷയങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അസ്വസ്ഥതകൾക്കു ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്നാണ് സി.പി.എം കരുതുന്നത്. ഒന്നിച്ചൊന്നായി വരണമെന്നു ശഠിച്ചെങ്കിലും അതു നടന്നില്ലെന്നു മാത്രമല്ല, ദിവസം കഴിയുന്തോറും വീണ്ടും പിളർന്നേക്കുമോ എന്ന ശങ്കയും സി.പി.എമ്മിനുണ്ടായിരുന്നു. അതുകൊണ്ടാവണം കാത്തുനിർത്തിക്കാതെ ജനാധിപത്യ കേരളാ കോൺഗ്രസിനും ബെർത്ത് നൽകിയത്.

നാലു പാർട്ടികളും ഘടകകക്ഷികളായതോടെ പ്രതിപക്ഷത്തിന്റെ ഇരട്ടിയോളം വരും ഇടതുമുന്നണിയുടെ അംഗസംഖ്യ. അവർക്കുള്ള വോട്ടു ശതമാനം കൂടി കൂട്ടിയാൽ ഇനിയുള്ള കാലം ബംഗാൾ മോഡൽ (പഴയ) ഭരിക്കാമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. ശബരിമല, നവോത്ഥാനം, സാമുദായികം, ന്യൂനപക്ഷ സംരക്ഷണം തുടങ്ങി എല്ലാ വശങ്ങളും, പരമാവധി സമയമെടുത്ത് പഠിച്ചാണ് മുന്നണിയുടെ വിപുലീകരണം സാദ്ധ്യമാക്കിയത്. ഇടതു പക്ഷമെന്ന പേരുതന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും പാർലമെന്ററി ജനാധിപത്യത്തിൽ ചില നീക്കുപോക്കുകൾക്കു ആശയമോ നിലപാടോ തടസ്സമല്ല.

സെൻകുമാറിന്റെ പൊലീസ് വേഷം


മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്റെ രാഷ്ട്രീയം എന്തെന്നന്വേഷിച്ച് ഇനിയാരും പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല. സംഘിയെങ്കിൽ സംഘി എന്നതാണ് തന്റെ നിലപാടെന്നു സെൻകുമാർ വ്യക്തമാക്കി കഴിഞ്ഞു. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് സെൻകുമാറിന്റെ ചായ്‌വ്‌ എങ്ങോട്ടെന്നുള്ള ത്വരിതാന്വേഷണം തുടങ്ങിയത്. അതിനു ശേഷമാണ് സെൻകുമാർ ബി.ജെ.പി പക്ഷക്കാരനായതോ ആക്കി മാറ്റിയതോ എന്നു ചുരുക്കം. നിഷ്പക്ഷനും നീതിമാനുമായ പൊലീസ് ഓഫീസർ എന്നു പേരുകേട്ട സെൻകുമാർ സർവീസ് കാലയളവിൽ തന്റെ മുൻപിൻഗാമികളെ അപേക്ഷിച്ചു അധികം പേരുദോഷം കേൾപ്പിച്ചിട്ടില്ല. എന്നാൽ ഡി.ജി.പി സ്ഥാനത്തു നിന്നു മാറ്റാനുള്ള സർക്കാർ തീരുമാനത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തതോടെ സെൻകുമാർ ഭരണമുന്നണിക്കും മുഖ്യമന്ത്രിക്കും കണ്ണിലെ കരടായി. ഡി.ജി.പി കസേരയിൽ തിരിച്ചെത്തിയെങ്കിലും സർക്കാരും സെൻകുമാറും അത്രനല്ല ചേർച്ചയിലായിരുന്നില്ല.

വിരമിച്ച ശേഷം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി നാമനിർദ്ദേശം ചെയ്യാനുള്ള ശുപാർശയിൽ സർക്കാർ ഉടക്കുവെച്ചതോടെ അകൽച്ചയും ആരോപണങ്ങളുമായി. കേന്ദ്രം അനുകൂലിച്ച ഫയലിൽ ഉടക്കുവക്കാൻ നമ്പിനാരായണന്റെ കേസു വരെ സർക്കാർ കുത്തിപ്പൊക്കി.

കാര്യം എന്തായാലും കോടതി പരിഗണനയിലാണ്. സർക്കാരിനെതിരെ കോടതിയിൽ പോയി ഡി.ജി.പി പദവി തിരികെ വാങ്ങിയ കാലം തൊട്ടു തുടങ്ങിയതാണ് ബി.ജെ.പിമോദി ബന്ധമെന്ന ആരോപണം. ആദ്യമാദ്യം നിഷേധിച്ചെങ്കിലും പിന്നീട് സെൻകുമാർ പ്രതികരിച്ചില്ല. പിന്നീടുള്ള മൗനത്തിൽ വാഗ്ദാനങ്ങളുടെ സൂചനയുണ്ടെന്നു സി.പി.എമ്മും കണ്ടെത്തി. അമിത മോദിഭക്തിയിൽ ഗവർണറാക്കിയാലും ഇല്ലെങ്കിലും സെൻകുമാർ ബി.ജെ.പിക്കൊപ്പമാണ്. അക്കാര്യം അദ്ദേഹം തന്നെ പറഞ്ഞു കഴിഞ്ഞു. കാര്യം പറയുന്നതിന്റെ പേരിൽ സംഘിയെന്നു വിളിക്കുമെങ്കിൽ തന്നെയും സംഘിയെന്നു വിളിച്ചോളൂ എന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയത്. അതിനുള്ള ധൈര്യവും ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ടെന്നു സാരം. അതുകൊണ്ടു കൂടിയാവണം 2019ൽ മാത്രമല്ല 2024ലും മോദി തന്നെ കേന്ദ്ര ഭരണത്തിലെത്തണമെന്നു സെൻകുമാർ പറയുന്നത്.

കാണാതെ പോകരുത് ഈ അതിജീവന സമരങ്ങൾ


ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ ആയിരം ദിവസത്തിലേറെയായി നീതിക്കുവേണ്ടി സമരം ചെയ്യുകയാണ് ശ്രീജിത്ത്. തന്റെ അനുജന്റെ മരണത്തിന് ഉത്തരവാദിയായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്തിന്റെ സമരം. രാഷ്ട്രീയ പാർട്ടികളുടെയും സമുദായ സംഘടനകളുടെയും പിന്തുണയില്ലാത്തതുകൊണ്ടു അധികമാരും ശ്രദ്ധിക്കാതെ പോയ സമരം നവമാദ്ധ്യമ കൂട്ടായ്മയുടെ ഇടപെടലിനെ തുടർന്നാണ് അധികാരി വർഗ്ഗത്തിന്റെ കണ്ണിൽപ്പെട്ടത്. തുടർന്നു കേസന്വേഷണം സി.ബി.ഐയെ ഏൽപ്പിച്ചെങ്കിലും നടപടി തുടങ്ങാത്തതിൽ പ്രതിഷേധിച്ച് ശ്രീജിത്ത് സമരം തുടരുകയായിരുന്നു. സെക്രട്ടേറിയേറ്റു നടയിലെ സമരം ആയിരം ദിവസം പൂർത്തിയായ ദിവസം ശ്രീജിത്ത് തന്റെ സമരം സ്വയം നിർമ്മിച്ച ശവപ്പെട്ടിക്കുള്ളിലാക്കി. രാവും പകലും മഴയും വെയിലും ഒന്നും വകവെക്കാതെ ശ്രീജിത്ത് ശവപ്പെട്ടിക്കുള്ളിൽ കിടക്കുന്നത് പത്തുവാര അകലെയുള്ള സംസ്ഥാനത്തിന്റെ ഭരണത്തലവൻമാർ കാണാതിരിക്കില്ല. ആ യുവാവിന്റെ യൗവനം നടപ്പാതയിൽ കിടന്നുതീരാനുള്ളതല്ല. ന്യായമായ ആവശ്യങ്ങൾ കേൾക്കാനും നിയമാനുസൃതം അനുവദിക്കാവുന്ന ചെയ്തു കൊടുക്കാനുമാണ് ജനാധിപത്യ ഭരണകൂടങ്ങൾ. ആളും അർത്ഥവും പിന്നിലില്ലെന്നു കരുതി ഇമ്മട്ടിൽ അതിജീവന സമരം നടത്തുന്നവരെ അവഗണിക്കുന്നത് ആർക്കും ഭൂഷണമല്ല.

ഇതു തന്നെയാണ് ഡിവൈ.എസ്.പി വാഹനത്തിനു മുന്നിൽ തള്ളിയിട്ടു കൊന്ന നെയ്യാറ്റിൻകരയിലെ സനൽകുമാറിന്റെ ഭാര്യ വിജിയുടെയും അവസ്ഥ. പറക്കമുറ്റാത്ത രണ്ടു മക്കളും വാർദ്ധക്യത്തിലേക്കു കടന്ന അമ്മയും അടങ്ങുന്ന കുടുംബവുമായാണ് വിജി സെക്രട്ടറിയേറ്റിന് മുന്നിൽ സത്യഗ്രഹമിരിക്കുന്നത്. നീതി തന്നെയാണ് വിജിയുടെയും ആവശ്യം. കുടുംബത്തിന്റെ നെടുംതൂണാണ് പാതയോരത്തു പിടഞ്ഞു മരിച്ചത്. മരണപ്പെട്ട സനൽകുമാറിന്റെ വരുമാനം കൊണ്ടാണ് വിജിയുടെ കുടുംബം കഴിഞ്ഞിരുന്നത്. മരണം ആ യുവാവിനെ തട്ടിയെടുത്തതോടെ കുടുംബം അനാഥമായി. ബാങ്കിൽ നിന്നെടുത്ത വായ്പ അടയ്ക്കാനാകാതെ ജപ്തി നടപടിയുടെ വക്കിലാണ് ഈ കുടുംബം.

സനൽകുമാർ മരണപ്പെട്ട സമയത്ത് വീട്ടിലെത്തിയ മന്ത്രിമാരും ജനപ്രതിനിധികളും വിജിയ്ക്ക് ജോലിയുൾപ്പെടെയുള്ള വാഗാദാനങ്ങൾ നൽകിയിരുന്നു. എന്നാൽ ഒന്നും പ്രാവർത്തികമായില്ല. അതെല്ലാം ഇപ്പോൾ ജലരേഖയാണ്. സമരം നിർത്തിവന്നാൽ ജോലി നൽകാമെന്ന ഒത്തുതീർപ്പു ഫോർമുലയാണത്രെ സി.പി.എം ജില്ലാ സെക്രട്ടേറി മുന്നോട്ടുവച്ചത്. തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ടു ഫോൺ ചെയ്തപ്പോൾ മന്ത്രിമാരിൽ ചിലർ മോശമായി പ്രതികരിച്ചുവെന്ന പരിഭവവും വിജിക്കുണ്ട്. ഇന്നേക്കു 20 ദിവസമായി വിജിയുടെ സമരം സെക്രട്ടറിയേറ്റു നടയിൽ തുടങ്ങിയിട്ട്. തീർത്തും അവശയായതിനെ തുടർന്നു ഇടയ്ക്കു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രണ്ടു ദിവസത്തിനകം വിജി വീണ്ടും സമരപന്തലിലെത്തി. ജീവിതത്തിലെ കൈത്താങ്ങു നഷ്ടമായ തീരാവ്യഥ വിജിയുടെ മുഖത്തു കാണാം. ഇരുൾ പരന്ന ഭാവിയെ ഓർത്തു ആ യുവതി തലതാഴ്ത്തി കിടക്കുകയാണ്. സാർവദേശീയമായി സ്ത്രീകളെ സമുദ്ധരിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ജീവിക്കാനുള്ള അവസരത്തിനായി കേഴുന്ന വിജിയുടെ രോദനം കേൾക്കാതെ പോകരുത്.

Read More >>