ഇവിടെ ഏറ്റുമുട്ടുന്നത് ഗജകേസരികള്‍

തൃശൂരിലെ മുഴുവൻ അസംബ്ലി മണ്ഡലങ്ങളും ഇടതുമുന്നണി തൂത്തുവാരിയിട്ടുണ്ടെന്നതാണ് അവരുടെ ആത്മവിശ്വാസം. അതിൽ നാലെണ്ണം സി.പി.ഐക്ക് സ്വന്തവുമാണ്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുന്ന ഇടതുമുന്നണി തങ്ങളുടെ മണ്ഡലം സുരക്ഷിതമാണെന്ന ധാരണയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. തൃശൂർ ഡി.സി.സി പ്രസിഡന്റായ ടി.എൻ പ്രതാപനെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുമ്പോൾ യു.ഡി.എഫിൽ മറ്റ് അസ്വാരസ്യങ്ങളൊന്നുമുണ്ടായില്ല. മുന്നണി ഒറ്റക്കെട്ടായി പ്രതാപനു വേണ്ടി ചലിച്ചാൽ തൃശൂർ മറിച്ചിടാനാവുമെന്നുതന്നെയാണ് യു.ഡി.എഫ് കരുതുന്നത്

ഇവിടെ ഏറ്റുമുട്ടുന്നത്  ഗജകേസരികള്‍

മുജീബുറഹ്മാന്‍ കരിയാടന്‍

തൃശൂരെന്ന് പറയുമ്പോൾ മലയാളിയുടെ മനസ്സിൽ വരിക പൂരമാണ്. എന്നാൽ, തെരഞ്ഞെടുപ്പ് പൂരമെത്തിയപ്പോൾ ഈ മണ്ഡലം എൻ.ഡി.എയുടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഏറെ പിറകിലായിരുന്നു. കേരളത്തിലെ ഗ്ലാമർ മണ്ഡലമായി വയനാട് ചർച്ചകളിൽ ഇടംപിടിച്ചതോടെ തൃശൂരിനെ ആരും ശ്രദ്ധിക്കാതായി.

ബി.ജെ.പി എ ക്ലാസ് മണ്ഡലമായാണ് തൃശൂരിനെ കരുതിയിരുന്നത്. എന്നാൽ എൽ.ഡി.എഫും യു.ഡി.എഫും രണ്ട് ഘട്ടങ്ങൾ പ്രചാരണത്തിൽ പിന്നിട്ടപ്പോഴും സ്വന്തം സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ അവർക്കായില്ല. ബി.ഡി.ജെ.എസിന് നൽകിയ മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളി കച്ചകെട്ടി ഇറങ്ങിയെങ്കിലും വയനാട്ടിൽ രാഹുൽ വന്നതോടെ തുഷാർ കളം മാറി. അതോടെ ബി.ഡി.ജെ.എസിന് അനുവദിച്ച തൃശൂർ സീറ്റ് ബി.ജെ.പി തിരികെയെടുത്തു. സൂപ്പർ താരം സുരേഷ് ഗോപിയെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് ഇനി 20 ദിവസം മാത്രമാണ് ബാക്കി.

തിരികെപ്പിടിക്കാൻ യു.ഡി.എഫ്

കഴിഞ്ഞ തവണ സ്ഥാനാർത്ഥികളെ വച്ചുമാറി നഷ്ടപ്പെടുത്തിയ തൃശൂരും ചാലക്കുടിയും തിരികെ പിടിക്കാനുള്ള കടുത്ത ഒരുക്കങ്ങളിലാണ് യു.ഡി.എഫ് ക്യാമ്പ്. 2016ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും എൽ.ഡി.എഫ് തൂത്തുവാരിയെങ്കിലും ടി.എൻ പ്രതാപനെ രംഗത്തിറക്കിയാണ് യു.ഡി.എഫ് തൃശൂർ പിടിക്കാൻ ശ്രമിക്കുന്നത്. ലോക്‌സഭയിലേക്ക് ടി.എൻ പ്രതാപൻ ആദ്യമായാണ് മത്സരിക്കുന്നതെങ്കിലും ഒന്നരപ്പതിറ്റാണ്ടുകാലം കേരള നിയമസഭയിലെ പരിചയമുണ്ട് അദ്ദേഹത്തിന്.

തൃശൂർ ഡി.സി.സി പ്രസിഡന്റായ ടി.എൻ പ്രതാപനെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുമ്പോൾ യു.ഡി.എഫിൽ മറ്റ് അസ്വാരസ്യങ്ങളൊന്നുമുണ്ടായില്ല. മുന്നണി ഒറ്റക്കെട്ടായി പ്രതാപനു വേണ്ടി ചലിച്ചാൽ തൃശൂർ മറിച്ചിടാനാവുമെന്നുതന്നെയാണ് യു.ഡി.എഫ് കരുതുന്നത്. നിയമസഭാ മണ്ഡലങ്ങളിൽ സി.പി.ഐക്കാണ് മുൻതൂക്കമെങ്കിലും പാർലമെന്റ് മണ്ഡലത്തിന് യു.ഡി.എഫിനെ പിന്തുണച്ചിട്ടുള്ളത് അവർക്ക് ആത്മവിശ്വാസം നല്കുന്നു.

ഏകമണ്ഡലം നിലനിർത്താൻ സി.പി.ഐ

സി.പി.ഐക്ക് ലോക്‌സഭയിൽ പ്രതിനിധിയുള്ള ഒരേയൊരു മണ്ഡലമാണ് തൃശൂർ. തങ്ങളുടെ അഭിമാന മണ്ഡലം നിലനിർത്താൻ രാജാജി മാത്യു തോമസിനെയാണ് പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്.

തൃശൂരിലെ മുഴുവൻ അസംബ്ലി മണ്ഡലങ്ങളും ഇടതുമുന്നണി തൂത്തുവാരിയിട്ടുണ്ടെന്നതാണ് അവരുടെ ആത്മവിശ്വാസം. അതിൽ നാലെണ്ണം സി.പി.ഐക്ക് സ്വന്തവുമാണ്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുന്ന ഇടതുമുന്നണി തങ്ങളുടെ മണ്ഡലം സുരക്ഷിതമാണെന്ന ധാരണയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.

ഒരിക്കൽ എം.എൽ.എ ആയിരുന്ന രാജാജി മാത്യു തോമസ് ഇതിനകം നിരവധി തവണ മണ്ഡല പര്യടനം പൂർത്തിയാക്കി. കഴിഞ്ഞ 16 തെരഞ്ഞെടുപ്പുകളിൽ എട്ടു തവണയും തൃശൂരിൽ സി.പി.ഐയാണ് ജയിച്ചു കയറിയതെന്നആത്മവിശ്വാസവുമുണ്ട്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 38,227 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന ഇടതിന് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് നിയോജമണ്ഡലങ്ങളും കൂടി 1,22,624 വോട്ട് കൂടുതൽ നേടാനായതും ചെറിയ കാര്യമല്ല.

സൂപ്പർ സ്റ്റാർ ഇമേജുമായി എൻ.ഡി.എ

സിനിമയിലെ സൂപ്പർ താരം മാത്രമല്ല രാജ്യസഭാഗം കൂടിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഏറെ വൈകിയാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതെങ്കിലും സുരേഷ് ഗോപിയുടെ ഗ്ലാമർ പരിവേഷത്തിലൂടെ കുറേയേറെ മുന്നോട്ടു പോകാനാവുമെന്നാണ് എൻ.ഡി.എ പ്രതീക്ഷിക്കുന്നത്. ബി.ജെ.പിക്ക് എ പ്ലസ് മണ്ഡലമായിട്ടും ബി.ഡി.ജെ.എസിന് നൽകിയ സീറ്റ് രാഹുൽ പ്രഭാവത്തോടെയാണ് തിരികെ കിട്ടിയത്.

ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഒരാഴ്ചയോളം സ്ഥാനാർത്ഥിയായി പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയതിന് ശേഷമാണ് സുരേഷ് ഗോപിയെത്തുന്നത്. അടുത്തടുത്ത മണ്ഡലങ്ങളായ ചാലക്കുടിയിലും തൃശൂരിലും രണ്ട് മലയാള സിനിമാ താരങ്ങൾ മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ തുഷാർ മത്സര രംഗത്തുണ്ടായപ്പോൾ അടുപ്പിക്കാൻ സാധിക്കുമെന്ന് കരുതിയിരുന്ന വോട്ടുകൾക്കു പകരം ഇപ്പോൾ സുരേഷ് ഗോപി വന്നപ്പോൾ എൻ.എസ്.എസ്സിലായി പ്രതീക്ഷ. താരപ്രഭയ്ക്കപ്പുറം സുരേഷ് ഗോപി എത്രദൂരം സഞ്ചരിക്കുമെന്നിടത്താണ് എൻ.ഡി.എയുടെ നേട്ടം.

ആരാകും നേടുക

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കായി സാഹിത്യകാരി സാറാ ജോസഫ് മത്സരിച്ച് 44,638 വോട്ടുകൾ നേടിയ മണ്ഡലമാണ് തൃശൂർ. ഈ തവണ ആം ആദ്മി രംഗത്തില്ലാത്തതിനാൽ അവരുടെ വോട്ട് ആർക്ക് ലഭിക്കുമെന്നത് നിർണ്ണായകമാണ്. മാത്രമല്ല, സാമുദായിക ഘടകങ്ങൾക്കും വലിയ പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ വിശ്വസിക്കുന്നുണ്ട്.