സൂപ്പര്‍ കിങ്സിന് തകര്‍പ്പന്‍ ജയം

ഈ ജയത്തോടെ ഐ.പി.എല്ലില്‍ 100 ജയം നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡ് ധോണി സ്വന്തം പേരിലാക്കി.

സൂപ്പര്‍ കിങ്സിന് തകര്‍പ്പന്‍ ജയം

ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്സിന് തകര്‍പ്പന്‍ ജയം. ആവേശം അവസാന പന്തിലേക്കെത്തിയ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 151 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ചെന്നൈ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. എം.എസ് ധോണിയുടെയും (58), എം.എസ് ധോണിയുടെയും അര്‍ദ്ധ സെഞ്ച്വറിയാണ് ചെന്നൈ വിജയത്തില്‍ നിര്‍ണ്ണായകമായത്. അവസാന പന്തില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് വേണമെന്നിരിക്കെ സ്റ്റോക്‌സിനെ സിക്‌സറടിച്ച മിച്ചര്‍ സാന്റ്‌നറാണ് ചെന്നൈക്കായി വിജയ റണ്‍ നേടിയത്. ഈ ജയത്തോടെ ഐ.പി.എല്ലില്‍ 100 ജയം നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡ് ധോണി സ്വന്തം പേരിലാക്കി.

അവസാന ഓവറില്‍ 18 റണ്‍സായിരുന്നു ചെന്നൈയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എം.എസ് ധോണിക്കൊപ്പം രവീന്ദ്ര ജഡേജ ക്രീസീല്‍. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സിലാണ് രാജസ്ഥാന്‍ പ്രതീക്ഷവെച്ചത്. എന്നാല്‍ സ്റ്റോക്സിന്റെ ആദ്യ പന്ത് തന്നെ ജഡേജ അതിര്‍ത്തി കടത്തി. അടുത്ത പന്ത് നോബോള്‍. അടുത്ത പന്തില്‍ ധോണിയെ ക്ലീന്‍ബൗള്‍ഡ് ചെയ്ത് സ്റ്റോക്സ് ചെന്നൈയെ ഞെട്ടിച്ചു. ഇതോടെ അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ എട്ട് റണ്‍സ്. ഉയര്‍ന്നെത്തിയ നാലാം പന്ത് ഫീല്‍ഡ് അംപയര്‍ നോബോള്‍ വിളിച്ചെങ്കിലും ലെഗ് അംപയറുടെ നിര്‍ദേശപ്രകാരം അത് പിന്‍വലിച്ചു. ഇതോടെ ചെന്നൈ നായകന്‍ ധോണി ഗ്രൗണ്ടിലേക്കെത്തുകയും അംപയറോട് ക്ഷോഭിക്കുകയും ചെയ്തു. നാടകീയ സംഭവങ്ങള്‍ക്ക് ശേഷം അവസാന പന്തില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ മൂന്ന് റണ്‍സ്. രാജസ്ഥാന്റെ വിജയപ്രതീക്ഷകളെ തകിടം മറിച്ച് മിച്ചല്‍ സാന്റ്നര്‍ അവസാന പന്ത് സിക്സര്‍ പായിച്ചതോടെ ജയം ചെന്നൈയ്ക്കൊപ്പം.

തകര്‍ച്ചയോടെ തുടങ്ങിയ ശേഷമായിരുന്നു ചെന്നൈയുടെ തിരിച്ചുവരവ്. അക്കൗണ്ട് തുറക്കും മുമ്പെ ഷെയ്ന്‍ വാട്സണെ ധവാല്‍ കുല്‍ക്കര്‍ണി മടക്കിയപ്പോള്‍ ഫഫ് ഡുപ്ലെസിസിനെ (7) ജയദേവ് ഉനദ്ഘട്ടും പുറത്താക്കി. സുരേഷ് റെയ്ന (4) റണ്ണൗട്ടായപ്പോള്‍ കേദാര്‍ ജാദവിനെ(1) ആര്‍ച്ചര്‍ സ്റ്റോക്സിന്റെ കൈകളിലെത്തിച്ചു. പിന്നീടൊത്തുചേര്‍ന്ന ധോണി-റായിഡു കൂട്ടുകെട്ട് ചെന്നൈയ്ക്ക് അടിത്തറ പാകുകയായിരുന്നു. മിച്ചല്‍ സാന്റ്നര്‍ (3 പന്തില്‍ 10*),രവീന്ദ്ര ജഡേജ (4 പന്തില്‍ 9) എന്നിവര്‍ പുറത്താവാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാനെ ചെന്നൈ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. ദീപക് ചഹാര്‍,ശര്‍ദുല്‍ ഠാക്കൂര്‍,രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ സാന്റ്നര്‍ ഒരു വിക്കറ്റും നേടി. സ്മിത്തിന്റെ വിക്കറ്റെടുത്ത ജഡേജ ഐ.പി.എല്ലില്‍ 100 വിക്കറ്റ് തികയ്ക്കുകയും ചെയ്തു.

26 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സാണ് രാജസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍. ജോസ് ബട്ലര്‍ (23),ശ്രേയസ് ഗോപാല്‍ (19), റിയാന്‍ പരാഗ് (16)അജിന്‍ക്യ രഹാനെ (14),സ്റ്റീവ് സ്മിത്ത് (15) എന്നിവരാണ് രാജസ്ഥാന്റെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. സീസണില്‍ അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന്‍ രണ്ട് പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.

Read More >>