ഡല്‍ഹിയെ മടക്കി ചെന്നൈ

ഞായറാഴ്ച ഹൈദരാബാദില്‍ നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിങ്സ് നേരിടും.

ഡല്‍ഹിയെ മടക്കി ചെന്നൈ

വിശാഖപട്ടണം: ഒടുവില്‍ ഐ.പി.എല്‍ പന്ത്രണ്ടാം സീസണിന്റെ ഫൈനല്‍ മത്സരത്തിന് തീരുമാനമായി. ആദ്യ യോഗ്യതാമത്സരത്തില്‍ മുംബൈയോട് തോറ്റ ചെന്നൈ രണ്ടാം യോഗ്യതാമത്സരത്തില്‍ ഡല്‍ഹിയെ കീഴടക്കി ഫൈനലിലേക്ക്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ജയം. ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ ഒരോവര്‍ ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്ത് വിജയിച്ചു. ഹാഫ് ഡുപ്ലെസിയാണ് മാന്‍ ഓഫ് ദി മാച്ച്. ഞായറാഴ്ച ഹൈദരാബാദില്‍ നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിങ്സ് നേരിടും.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ ബാറ്റിങ് നിരയെ 147 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ചെന്നൈ വിജയം ഉറപ്പിച്ചിരുന്നു. ഡല്‍ഹിക്കായി റിഷഭ് പന്ത് 38 രണ്‍സും കോളിന്‍ മണ്‍റൊ 27 റണ്‍സുമെടുത്തു. അവസാനം ബാറ്റ് ചെയ്ത ഇഷാന്ത് ശര്‍മ്മയുടെ പത്ത് റണ്‍സുകൂടി ചേര്‍ത്താണ് ഡല്‍ഹി 147 എന്ന സ്‌കോറിലെത്തിയത്. രണ്ടു വിക്കറ്റ് വീതമെടുത്ത ദീപക് ചഹര്‍, ഹര്‍ഭജന്‍ സിങ്, ഡ്വയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവരാണ് ഡല്‍ഹിയെ പിടിച്ചുകെട്ടിയത്. 19 ഓവറില്‍ നാലു വിക്കറ്റിന് ചെന്നൈ ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരായ വാട്സനും (50) ഡുപ്ലെസിയും (50) കളിയില്‍ അര്‍ധ സെഞ്ച്വറി നേടി. ഇരുവരും പുറത്തായ ശേഷം സുരേഷ് റെയ്നയും എംഎസ് ധോണിയും അടുത്തടുത്ത് പുറത്തായെങ്കിലും അമ്പാട്ടി റായിഡു നേടിയ 20 റണ്‍സിന്റെ ബലത്തില്‍ ചെന്നൈ 6 വിക്കറ്റ് വിജയവുമായി ഫൈനലിലേക്ക് കടന്നു. ടോസിനു ശേഷം ചെന്നൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ യോഗ്യതാ മത്സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങിയത്. മുരളി വിജയ്ക്കു പകരം ശര്‍ദ്ദുല്‍ താക്കൂര്‍ ടീമിലെത്തി. മറുഭാഗത്ത് ആദ്യ മത്സരത്തില്‍ ജയിച്ച അതേ ടീമിനെ തന്നെയാണ് ഡല്‍ഹി കളത്തിലിറക്കിയത്.

പത്തില്‍ എട്ടും ഫൈനല്‍

കളിച്ച പത്ത് സീസണുകളില്‍ എട്ടിലും ഫൈനലിലേക്ക് യോഗ്യത നേടി ചെന്നൈ സൂപ്പര്‍ കിങ്സ് ചരിത്രം കുറിച്ചിരിക്കുകയാണ്. അതേസമയം, ഐ.പി.എല്ലിലെ എട്ട് ടീമുകളില്‍ ഫൈനല്‍ കളിയ്ക്കാത്ത ഏക ടീമാണ് ഡല്‍ഹി. എട്ടാം ഫൈനലിനാണ് ചെന്നൈ യോഗ്യത നേടിയത്. കോഴ വിവാദങ്ങളെ തുടര്‍ന്ന് രണ്ട് സീസണുകളില്‍ ടീം കളിച്ചിരുന്നില്ല. ബാക്കി എട്ടു തവണയും ചെന്നൈ ഫൈനലില്‍ കടന്നു. മൂന്നു തവണ കപ്പും സ്വന്തമാക്കി. ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ഫൈനലില്‍ കീഴടങ്ങിയ ചെന്നൈ 2010, 2011 സീസണുകളില്‍ ചാമ്പ്യന്മാരായി. 2012, 2013 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ടു തവണ ഫൈനലിലെത്തിയെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടും മുംബൈ ഇന്ത്യന്‍സിനോടും തോറ്റു. 2015ല്‍ മുംബൈ വീണ്ടും ചെന്നൈയെ പരാജയപ്പെടുത്തി. പിന്നീടുള്ള രണ്ടു വര്‍ഷം വിലക്ക് കാരണം ചെന്നൈ ഐ.പി.എല്ലി ല്‍ കളിച്ചിരുന്നില്ല. 2018ല്‍ മടങ്ങിയെത്തിയപ്പോള്‍ കിരീടം സ്വന്തമാക്കിയ ചെന്നൈ 2019ല്‍ വീണ്ടും ഫൈനലിലേക്ക് എത്തിയിരിക്കുകയാണ്.

Read More >>