മഴപ്പേടിയില്‍ ഓസീസ് പാക് മത്സരം

വിന്‍ഡീസിനെതിരെയുള്ള കളി മഴ മുടക്കിയതിനു ശേഷമാണ് പാകിസ്താന്‍ ഇന്ന് വീണ്ടും ഇറങ്ങുന്നത്.

മഴപ്പേടിയില്‍ ഓസീസ് പാക് മത്സരം

മഴപ്പേടിക്കിടെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഇന്ന് പാകിസ്താനെതിരെ. ടോന്‍ടണ്‍ കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചതിരിഞ്ഞ് മൂന്നിനാണ് മത്സരം. കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. വിന്‍ഡീസിനെതിരെയുള്ള കളി മഴ മുടക്കിയതിനു ശേഷമാണ് പാകിസ്താന്‍ ഇന്ന് വീണ്ടും ഇറങ്ങുന്നത്.

ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയും പാകിസ്താനും ഒമ്പത് തവണയാണ് നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ അഞ്ചു തവണ ഓസ്‌ട്രേലിയയും നാലു തവണ പാകിസ്താനും ജയിച്ചു. ഇന്ത്യയോട് പരാജയപ്പെട്ടതിനു ശേഷം വിജയവഴിയില്‍ തിരിച്ചെത്താനാണ് ഓസീസിന്റെ ശ്രമം. ഇംഗ്ലണ്ടിനെതിരെ മുന്‍നിര ഫോമിലേക്കെത്തിയത് പാകിസ്താന് ആശ്വാസമാണ്. എന്നാല്‍ ബൗളിങ് ഇപ്പോഴും പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രം. മുഹമ്മദ് ആമിര്‍ മാത്രമാണ് ബൗളിങില്‍ സ്ഥിരത പുലര്‍ത്തുന്നത്. ഇന്ത്യയ്‌ക്കെതിരെ തോറ്റെങ്കിലും മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ മികച്ച പ്രകടനം പുറത്തെടുത്തത് ഓസീസിന് ആത്മവിശ്വാസം പകരുന്നു. അപകടകാരിയായ ഡേവിഡ് വാര്‍ണറും സ്മിത്തും ഉസ്മാന്‍ ഖ്വാജയും ഫോമിലാണ്.

മൂന്നില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഓസ്ട്രേലിയ നാലാമതും മൂന്നില്‍ ഒരു മത്സരം മാത്രം ജയിച്ച പാകിസ്താന്‍ എട്ടാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ടിനോട് ജയിച്ച ആത്മവിശ്വാസത്തിലാണ് സര്‍ഫ്രാസ് അഹമ്മദും സംഘവും ഇറങ്ങുന്നത്. ഓസീസ് നിരയില്‍ പരിക്കേറ്റ മാര്‍ക്കസ് സ്റ്റോയിനിസ് ഇന്ന് കളിക്കില്ല. ഇന്ന് ജയിച്ചാല്‍ ന്യൂസീലന്‍ഡിനൊപ്പം പോയിന്റ് നിലയില്‍ ഓസീസിന് ഒന്നാമതെത്താനാകും. പാകിസ്താന്‍ ജയിച്ചാല്‍ രണ്ടാം സ്ഥാനത്തേക്ക് വരികയും ചെയ്യും.

Read More >>