രാജസ്ഥാനെ തകര്‍ത്ത് ഡല്‍ഹി ഒന്നാമത്

36 പന്തില്‍ 78 റണ്‍സെടുത്ത ഋഷഭ് പന്തിന്റെ മികവ് മത്സരം ഡല്‍ഹിക്ക് അനുകൂലമാക്കുകയായിരുന്നു.

രാജസ്ഥാനെ തകര്‍ത്ത് ഡല്‍ഹി ഒന്നാമത്

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറു വിക്കറ്റിന്റെ ആവേശ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 191 എന്ന മികച്ച സ്‌കോര്‍ നേടിയപ്പോള്‍, 19.2 ഓവറില്‍ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി വിജയം കണ്ടു. 105 റണ്‍സെടുത്ത രഹാനെ രാജസ്ഥാനായി തിളങ്ങിയപ്പോള്‍ 36 പന്തില്‍ 78 റണ്‍സെടുത്ത ഋഷഭ് പന്തിന്റെ മികവ് മത്സരം ഡല്‍ഹിക്ക് അനുകൂലമാക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട രാജസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത് രഹാനെയുടെ രണ്ടാം ഐ.പി. എല്‍ സെഞ്ചുറിയാണ്. മൂന്ന് സിക്സും 11 ബൗണ്ടറിയും ഉള്‍പ്പടെ 63 പന്തില്‍ നിന്നാണ് രഹാനെ 105 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്. ഏഴു വര്‍ഷത്തിനുശേഷമാണ് രഹാനെ ഐ.പി.എല്ലില്‍ ഒരു സെഞ്ചുറി നേടുന്നത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 32 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത് രഹാനെയ്ക്ക് മികച്ച പിന്തുണ നല്‍കി. രണ്ടാം ഓവറില്‍ തന്നെ ഒരൊറ്റ പന്ത് പോലും നേരിടാതെ റണ്ണൗട്ടായ സഞ്ജു സാംസണ്‍ പുറത്തായതോടെ പകച്ചുപോയ രാജസ്ഥാനെ കരകയറ്റിയത് രണ്ടാം വിക്കറ്റിലെ 135 റണ്‍സിന്റെ സ്മിത്ത്-രഹാനെ കൂട്ടുകെട്ടാണ്.

വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡെല്‍ഹിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ധവാന്‍ 27 പന്തില്‍ 54 റണ്‍സെടുത്ത് ടീമിന് തട്ടുപൊളിപ്പന്‍ തുടക്കം നല്‍കി. പൃഥ്വി ഷാ 42 റണ്‍സെടുത്തപ്പോള്‍, 36 പന്തില്‍ ആറു ബൗണ്ടറികളും, നാല് സിക്‌സറുകളുമടക്കം 78 റണ്‍സ് നേടിയ ഋഷഭ് പന്ത് ടീമിനെ തകര്‍പ്പന്‍ വിജയത്തിലെത്തിക്കുകയായിരുന്നു.

ഡല്‍ഹിക്കുവേണ്ടി റബാഡ രണ്ടും ഇശാന്തും അക്സര്‍ പട്ടേലും മോറിസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രാജസ്ഥാനുവേണ്ടി ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

Read More >>