പാകിസ്താനെ വീഴ്ത്തി ഇംഗ്ലണ്ട്

സെഞ്ച്വറി നേടിയ ജോസ് ബട്ലറിന്റെ (110) ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ തുണച്ചത്.

പാകിസ്താനെ വീഴ്ത്തി ഇംഗ്ലണ്ട്

സതാംപ്റ്റണ്‍: പാകിസ്താനെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ആവേശ ജയം. ബാറ്റിങ് കരുത്തുകണ്ട മത്സരത്തില്‍ 12 റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 373 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 361 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സെഞ്ച്വറി നേടിയ ജോസ് ബട്ലറിന്റെ (110) ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ തുണച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചു. ജേസണ്‍ റോയിയും (87) ജോണി ബെയര്‍സ്റ്റോയും (51) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 115 റണ്‍സ് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തു. മൂന്നാമന്‍ ജോ റൂട്ടും (40) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് മടങ്ങി. നാലാം വിക്കറ്റില്‍ ഒത്തുകൂടിയ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും (48 പന്തില്‍ 71) ബട്ലറും (55 പന്തില്‍ 110) ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മോര്‍ഗന്‍ ആറ് ഫോറും ഒരു സിക്സും പറത്തിയപ്പോള്‍ ബാറ്റിങ് വിസ്ഫോടനമാണ് ബട്ലര്‍ സൃഷ്ടിച്ചത്. 200 പ്രഹരശേഷിയില്‍ ബാറ്റുവീശിയ ബട്ലര്‍ ഒമ്പത് സിക്സും ആറ് ഫോറും പറത്തി. പാകിസ്താനുവേണ്ടി ഷഹീന്‍ ഷാ അഫ്രീദി,ഹസന്‍ അലി,യാസിര്‍ ഷാ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടിക്കിറങ്ങിയ പാകിസ്താനും മികച്ച തുടക്കം ലഭിച്ചു. ഫഖര്‍ സമാന്‍ (138) സെഞ്ച്വറി നേടിയപ്പോള്‍ ഇമാം ഉല്‍ഹഖും (35) നിരാശപ്പെടുത്തിയില്ല. ഒന്നാം വിക്കറ്റില്‍ 92 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ബാബര്‍ അസാം (51),ആസിഫ് അലി (51),ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് (41*) എന്നിവരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് ബൗളര്‍മാരും വിജയത്തില്‍ നിര്‍ണ്ണായകമായി. ഡേവിഡ് വില്ലി,ലിയാം പ്ലക്കറ്റ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ക്രിസ് വോക്സ്,മോയിന്‍ അലി,ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

Read More >>