ഡബിളടിച്ച് മായങ്കിൻെറ മന്ത്രജാലം; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് യമണ്ടൻ ലീഡ്

330 പന്തില്‍ 28 ഫോറും 8 സിക്‌സും അടക്കം 243 റണ്‍സ് എടുത്ത മായങ്ക് അഗര്‍വാളിനെ ഹസ്സന്‍ മിര്‍സയാണ് പുറത്താക്കിയത്. കരിയറിലെ എട്ടാമത്തെ ടെസ്റ്റാണ് മായങ്ക് കളിക്കുന്നത്.

ഡബിളടിച്ച് മായങ്കിൻെറ മന്ത്രജാലം; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് യമണ്ടൻ ലീഡ്

ഇന്‍ഡോറിൽ ബംഗ്ലാദേശിനെതിരെയുള്ള ആ​ദ്യ ടെസ്റ്റിൽ ഇന്ത്യയക്ക് കൂറ്റൻ ലീഡ്. തുടർച്ചയായ രണ്ടാം പരമ്പരയിലും ഇരട്ട സെഞ്ച്വറി കുറിച്ച് കരുത്തു കാട്ടിയ മായങ്ക് അഗര്‍വാളിൻെറ മികവിലാണ് ഇന്ത്യ കൂറ്റൻ ലീഡിലേക്ക് കുതിക്കുന്നത്. 330 പന്തില്‍ 28 ഫോറും 8 സിക്‌സും അടക്കം 243 റണ്‍സ് എടുത്ത മായങ്ക് അഗര്‍വാളിനെ ഹസ്സന്‍ മിര്‍സയാണ് പുറത്താക്കിയത്. കരിയറിലെ എട്ടാമത്തെ ടെസ്റ്റാണ് മായങ്ക് കളിക്കുന്നത്. നേരത്തെ ദക്ഷിണാഫ്രിയ്ക്ക് എതിരെ മായങ്ക് ഡബിള്‍ തികച്ചിരുന്നു.

ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 493 റണ്‍സെന്ന നിലയിലാണ്. ഇതോടെ സന്ദർശകരേക്കാൾ 343 റൺസ് മുന്നിലാണ് ഇന്ത്യ. 60 റണ്‍സുമായി രവീന്ദ്ര ജഡേജയും 25 റണ്ണോടെ ഉമേഷ് യാദവും ക്രീസില്‍.


രണ്ടാം ദിനം ഒന്നിന് 86 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയെ ചെറുതായൊന്ന് പേടിപ്പിക്കാൻ സന്ദർശകർക്കായി. 68 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി കുറിച്ച പൂജാര (54) നാല് റണ്‍കൂടി കൂട്ടിച്ചേര്‍ത്ത് മടങ്ങി. അലസമായ ഡ്രൈവിന് ശ്രമിച്ച് പുറത്താവുകയായിരുന്നു. തുടർന്നെത്തിയ ക്യാപ്റ്റന്‍ വിരാട് കോലി സംപൂജ്യനായി കൂടാരം കയറി.

നാലാം വിക്കറ്റില്‍ രഹാനെ-മായങ്ക് സഖ്യം ഇന്ത്യക്ക് വീണ്ടും മേല്‍ക്കൈ നല്‍കി. 190 റണ്‍സാണ് സഖ്യം ഇന്ത്യൻ സ്കോറിലേക്ക് സംഭാവന നൽകിയത്. ഇതിൽ 86 റൺസായിരുന്നു രഹാനെയുടെ സംഭാവന. മയങ്ക് പുറത്തായ ശേഷമെത്തിയ വൃദ്ധിമാന്‍ സാഹ(12)യ്ക്ക് കാര്യമായ സംഭാവന നൽകാനായില്ല. ബംഗ്ലാദേശിനായി അബു ജെയ്ദ് 25 ഓവറിൽ 108 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തി.

Read More >>