ട്വീറ്റിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ; രണ്ടാം ടി20യിൽ സഞ്ജു കളിക്കുമോ?

2015 സിംബാബ്‌വെയ്‌ക്കെതിരായിരുന്നു സഞ്ജു ആദ്യവും അവസാനവുമായി ഇന്ത്യയ്ക്കായി കളിച്ചത്.

ട്വീറ്റിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ; രണ്ടാം ടി20യിൽ സഞ്ജു കളിക്കുമോ?

ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിനിറങ്ങും. ആദ്യ മത്സരത്തിലേറ്റ പരാജയത്തിന് മറുപടി നൽകാനാവും രോഹിതും സംഘവും രാജ്‌കോട്ടിലെത്തുന്നത്. ഇതോടെ ആദ്യ കളിയിലെ ടീമിൽ നിർണ്ണായക മാറ്റങ്ങളുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും തുടരുമ്പോള്‍ മൂന്നാം നമ്പറില്‍ ആരെത്തും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞ മത്സര പരാജയപ്പെട്ട കെഎല്‍ രാഹുലിനെ മാറ്റി നിർത്താൻ മാനേജ്മെന്റ് തീരുമാനിച്ചാൽ മലയാളി താരം സഞ്ജു വി സാംസണ് അവസരം ലഭിച്ചേക്കും. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തുടരാനും സാധ്യതയുണ്ട്. നാലാമന്‍ ശ്രേയസ് അയ്യരെ ഇലവനില്‍ നിന്ന് ഒഴിവാക്കാനുള്ള സാധ്യത വിരളമാണ്. 2015 സിംബാബ്‌വെയ്‌ക്കെതിരായിരുന്നു സഞ്ജു ആദ്യവും അവസാനവുമായി ഇന്ത്യയ്ക്കായി കളിച്ചത്.

അതേസമയം മത്സരത്തിന് മുന്നോടിയായുള്ള സഞ്ജുവിന്‍റെ ട്വീറ്റ് ചില സൂചനകള്‍ നല്‍കുന്നുണ്ടെന്നാണ് ആരാധകരുടെ പക്ഷം. 'മത്സരദിനം, കരുത്തോടെ മുന്നോട്ടുപോകാം'...എന്നായിരുന്നു സഞ്ജുവിന്‍റെ ട്വീറ്റ്. ഇതോടെ കടുത്ത പ്രതീക്ഷയിലാണ് ആരാധകർ. സഞ്ജുവിനെ ബാറ്റ്‌സ്മാന്‍ എന്ന നിലയിലാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് മുഖ്യ സെലക്ടര്‍ എംഎസ്കെ.പ്രസാദ് നേരത്തെ പറഞ്ഞിരുന്നു.

ആഭ്യന്തര ക്രിക്കറ്റിലെ സഞ്ജുവിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ചുറിയാണ് നേടാനായതും നേട്ടമായി. ഗോവയ്‌ക്കെതിരായ മത്സരത്തില്‍ 212 റണ്‍സാണ് സഞ്ജു നേടിയത്. ഇതിൽ 10 സിക്‌സും 21 ഫോറുകളും ഉൾപ്പെടും. ഈ നേട്ടത്തോടെ വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡ് നേടാനും സഞ്ജുവിനായി.

സഞ്ജുവിനെ ടീം ഇന്ത്യ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരങ്ങളായ യുവരാജ് സിങ്, ഗൗതം ഗംഭീര്‍ ഉൾപ്പെടെയുള്ളവർ രം​ഗത്തെത്തയിരുന്നു. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള മത്സരത്തിൽ ടീം യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ന് ജയിക്കാനായില്ലെങ്കില്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടും.

Read More >>