ഇന്ത്യന്‍ തോല്‍വി സമ്പൂര്‍ണ്ണം; തിരിച്ചു കൊത്തി കിവികള്‍

നേരത്തെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യ കിവീസിനെ വെെറ്റ് വാഷ് ചെയ്തിരുന്നു. ഏകദിന പരമ്പയിൽ തിരിച്ചടിച്ചതോടെ കിവീസിന് മധുര പ്രതികാരം കൂടിയായി.

ഇന്ത്യന്‍ തോല്‍വി സമ്പൂര്‍ണ്ണം; തിരിച്ചു കൊത്തി കിവികള്‍

ന്യൂസി‍ലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് സമ്പൂർണ്ണ തോൽവി. ബേ ഓവലിൽ നടന്ന മൂന്നാം ഏകദിനത്തില്‍ 17 പന്തുകള്‍ ബാക്കി നില്‍ക്ക അഞ്ചു വിക്കറ്റിനാണ് കിവികള്‍ വിജയം കൈക്കലാക്കിത്. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ കെെവിട്ടിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 296 റണ്‍സെടുത്തു.

മറുപടിക്കിറങ്ങിയ കിവീസ് 47.1 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം നേടി. അര്‍ധ ശതകം നേടിയ ഓപ്പണര്‍മാരായ ഹെന്റി നിക്കോള്‍സിന്റെയും മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെയും പ്രകടനമാണ് ആതിഥേയരുടെ വിജയത്തിൽ നിർണ്ണായകമായത്. 103 പന്തുകള്‍ നേരിട്ട നിക്കോള്‍സ് ഒമ്പത് ഫോറുകളടക്കം നേടി 80 റണ്‍സെടുത്തു. ഗപ്റ്റില്‍ 46 പന്തില്‍ നിന്ന് നാലു സിക്‌സും ആറ് ഫോറുമടക്കം 66 റണ്‍സെടുത്തു.

ഓപ്പണിങ് വിക്കറ്റിൽ ഇരുവരും അടിച്ചെടുത്ത 106 റണ്‍സ് കൂട്ടുകെട്ടാണ് കിവീസ് ഇന്നിങ്‌സിന് അടിത്തറ പാകിയത്. കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം 27 പന്തില്‍ 54 റണ്‍സെടുത്ത് കിവീസ് ജയം വേഗത്തിലാക്കി. മൂന്നു സിക്‌സും അഞ്ചു ഫോറുമടക്കമായിരുന്നു ഗ്രാന്‍ഡ്‌ഹോമിൻെറ വെടിക്കെട്ട്. 32 റണ്‍സെടുത്ത ടോം ലഥം പുറത്താവാതെ നിന്നു. ഇന്ത്യയ്ക്കായി യുവേന്ദ്ര ചാഹല്‍ പത്ത് ഓവറില്‍ 47 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

കെഎല്‍ രാഹുലിന്‍റെ ശതകത്തിന്റേയും ശ്രേയസ് അയ്യരുടെ അര്‍ധ ശതകത്തിൻ കരുത്തിലാണ് ഇന്ത്യ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 296 റണ്‍സെടുത്തത്. 113 പന്തുകൾ നേരിട്ട രാഹുല്‍ ഒമ്പത് ഫോറുകളും രണ്ട് സിക്സും പറത്തിയാണ് 112 റണ്‍സ് അടിച്ചെടുത്തു. ശ്രേയസ് അയ്യര്‍ ഒമ്പത് ഫോറുകള്‍ സഹിതം 63 പന്തില്‍ 62 റണ്‍സാണ് നേടിയത്. 42 റണ്‍സോടെ മനീഷ് പാണ്ഡെയും 40 റണ്‍സുമായി പൃഥ്വി ഷായും ടീമിന് സംഭാവന നൽകി.

ക്യാപ്റ്റന്‍ കോഹ്ലിക്ക് 12 പന്തില്‍ ഒമ്പത് റണ്‍സെടുക്കാനെ സാധിച്ചൊള്ളു. കിവീസിനായി ഹാമിഷ് ബെന്നറ്റ് പത്ത് ഓവറില്‍ 64 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. നേരത്തെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യ കിവീസിനെ വെെറ്റ് വാഷ് ചെയ്തിരുന്നു. ഏകദിന പരമ്പയിൽ തിരിച്ചടിച്ചതോടെ കിവീസിന് മധുര പ്രതികാരം കൂടിയായി.

Next Story
Read More >>