നാലാം കിരീട സ്വപ്‌നവുമായി മുംബൈ ചെന്നൈ പോരാട്ടം

ഇന്ത്യന്‍ സമയം രാത്രി 7.30ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം.

നാലാം കിരീട സ്വപ്‌നവുമായി മുംബൈ ചെന്നൈ പോരാട്ടം

ഹൈദരാബാദ്: നാലാം കീരീട സ്വപ്‌നവുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശപ്പോരില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും മുഖാമുഖം. ഇന്ത്യന്‍ സമയം രാത്രി 7.30ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ ചെന്നൈ 2010ലും 2011ലും കിരീടം നേടി. 2013, 2015, 2017 വര്‍ഷത്തെ ഐ.പി.എല്‍ കിരീടം മുംബൈയും കരസ്ഥമാക്കി. ആരാധകരുടെ ഇഷ്ടടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ കണക്കുകള്‍ മുംബൈക്കൊപ്പമാണ്. ഈ സീസണില്‍ മൂന്ന് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ജയം മുംബൈയ്ക്കായിരുന്നു. ഈ ആധിപത്യം ഫൈനലിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യന്‍സിന്റെ വരവ്. ഇതുവരെ 27 തവണ ഏറ്റുമുട്ടിയപ്പോള്‍ 16 തവണ മുംബൈയും 11 തവണ ചെന്നൈയും ജയിച്ചു.

ലസിത് മലിംഗ, ജസ്പ്രീത് ബൂംറ എന്നീ പേസ് ബൗളര്‍മാരാണ് മുംബൈയുടെ കരുത്ത്. എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന ഇരുവരും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടുന്നതും മുംബൈയ്ക്ക് ഗുണം ചെയ്യും. ഈ സീസണില്‍ ബൂംറ 17 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മലിംഗ 15 വിക്കറ്റും പോക്കറ്റിലാക്കി. ഹര്‍ദിക് പാണ്ഡ്യയും പേസില്‍ മികവുകാട്ടുന്നു. 14 വിക്കറ്റാണ് താരം സ്വന്തം പേരിലാക്കിയത്. ആദ്യ പവര്‍പ്ലേയിലെ മിച്ചല്‍ മഗ്ലങ്ങന്റെ ബൗളിങിലും ടീം പ്രതീക്ഷ വയ്ക്കുന്നു. സ്പിന്നര്‍ രാഹുല്‍ ചാഹറും ആദ്യ യോഗ്യതാ മത്സരത്തില്‍ തിളങ്ങിയിരുന്നു. സ്പിന്‍ ഓള്‍റൗണ്ടര്‍ ജയന്ത് യാദവിനെയും മുംബൈ ഇന്ന് ടീമില്‍ നിലനിര്‍ത്തിയേക്കും.

ഓപ്പണിങ്ങാണ് ടീമിന്റെ നട്ടെല്ല്. ക്വിന്റന്‍ ഡീ കോക്ക് സ്ഥിരതയോടെ കളിക്കുമ്പോള്‍ രോഹിത് ശര്‍മയും മോശമാക്കുന്നില്ല.500 റണ്‍സുമായി ഡീകോക്കാണ് മുംബൈ നിരയില്‍ മുന്നില്‍. രോഹിത് 390 റണ്‍സും നേടി. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവും ശോഭിക്കുന്നു. 409 റണ്‍സ് ഇതിനോടകം അദ്ദേഹം അടിച്ചെടുത്തു. ചെന്നൈയ്ക്കെതിരായ ആദ്യ യോഗ്യതാ മത്സരത്തില്‍ സൂര്യകുമാറിന്റെ അര്‍ദ്ധ സെഞ്ച്വറിയാണ് ടീമിന് വിജയം സമ്മാനിച്ചത്. ഹര്‍ദിക് പാണ്ഡ്യ (386),കീറോണ്‍ പൊള്ളാര്‍ഡ് (238),ക്രുണാല്‍ പാണ്ഡ്യ (176) എന്നിവര്‍ അണിനിരക്കുന്ന മദ്ധ്യനിരയും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. നാലാം നമ്പറില്‍ ആരെന്നുള്ളതാണ് മുംബൈയെ കുഴക്കുന്നത്. യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് തന്നെ നാലാം നമ്പറില്‍ അവസരം ലഭിക്കാനാണ് സാധ്യത.

പരിക്കും സ്ഥിരതയില്ലായ്മയും വേട്ടയാടിയ ചെന്നൈ ഡല്‍ഹിയെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് കലാശപ്പോരിനൊരുങ്ങുന്നത്. ബൗളിങ് നിരയ്ക്ക് മികവുണ്ടെങ്കിലും ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരുന്നില്ല. ഡല്‍ഹിക്കെതിരായ രണ്ടാം യോഗ്യതാ മത്സരത്തില്‍ ഓപ്പണര്‍മാര്‍ ഫോം കണ്ടെത്തിയത് ടീമിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. ഫഫ് ഡുപ്ലെസിസ്-ഷെയ്ന്‍ വാട്സണ്‍ ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം ചെന്നൈയ്ക്ക് നിര്‍ണ്ണായകമാവും. സുരേഷ് റെയ്നയ്ക്ക് സ്ഥിരതയില്ല. ഈ സീസണില്‍ മികവിനൊത്തുയരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. മദ്ധ്യനിരയിലെ ധോണിയുടെ സാന്നിദ്ധ്യമാണ് ടീമിന്റെ കരുത്ത്. റണ്‍നിരക്കുയര്‍ത്തുന്നതില്‍ താരങ്ങള്‍ പരാജയപ്പെടുന്നതും ചെന്നൈയെ പ്രതിസന്ധിയിലാക്കുന്നു. കേദാര്‍ ജാദവിന്റെ അഭാവം മദ്ധ്യനിരയില്‍ നിഴലിച്ച് നില്‍ക്കുന്നു. അമ്പാട്ടി റായിഡു അതിവേഗം സ്‌കോര്‍ ചെയ്യുന്നതില്‍ പരാജയപ്പെടുന്നു. രവീന്ദ്ര ജഡേജ,ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ബാറ്റിങ്ങില്‍ കൂടുതല്‍ ശോഭിക്കേണ്ടത് ടീമിന് അത്യാവശ്യമാണ്.

ഹര്‍ഭജന്‍ സിങ്,ഇമ്രാന്‍ താഹിര്‍ എന്നീ സീനിയര്‍ സ്പിന്നര്‍മാരാണ് ചെന്നൈയുടെ തുറപ്പുചീട്ടുകള്‍. 24 വിക്കറ്റുകള്‍ വീഴ്ത്തിയ താഹിര്‍ വിക്കറ്റുവേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത്. ഇന്ന് രണ്ടുവിക്കറ്റ് വീഴ്ത്തിയാല്‍ കഗിസോ റബാദയെ മറികടന്ന് വിക്കറ്റുവേട്ടക്കാരില്‍ താഹിറിന് ഒന്നാമതെത്താം. ദീപക് ചാഹറിന്റെ പേസ് ബൗളിങും മുംബൈയ്ക്ക് ഭീഷണി.

Read More >>