വിജയവഴിയിൽ പഞ്ചാബ്

ഒമ്പതു മത്സരങ്ങളിൽ നിന്ന് അഞ്ചു ജയവുമായി പഞ്ചാബിന് പത്ത് പോയന്റായി.

വിജയവഴിയിൽ പഞ്ചാബ്

രാജസ്ഥാൻ റോയൽസിനെ 12 റൺസിന് തോൽപ്പിച്ച് കിങ്സ് ഇലവൻ പഞ്ചാബ് വീണ്ടും വിജയവഴിയിൽ. ഇതോടെ ഒമ്പതു മത്സരങ്ങളിൽ നിന്ന് അഞ്ചു ജയവുമായി പഞ്ചാബിന് പത്ത് പോയന്റായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 170 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

കെ.എല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് പഞ്ചാബ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 47 പന്തില്‍ മൂന്ന് ഫോറുകളും രണ്ടു സിക്‌സുകളുമടക്കം 52 റണ്‍സാണ് കെ.എല്‍ രാഹുല്‍ നേടിയത്. ഡേവിഡ് മില്ലര്‍ (40), ക്രിസ് ഗെയ്ല്‍ (30), മായങ്ക് അഗര്‍വാള്‍ (26) എന്നിവരാണ് പഞ്ചാബിന്റെ മറ്റു സ്‌കോറര്‍മാര്‍. അവസാനം ആഞ്ഞടിച്ച അശ്വിൻ നാലു പന്തിൽ 17 റൺസ് നേടി. രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

വമ്പൻ വിജയലക്ഷ്യത്തിലേക്ക്​ രാഹുൽ തൃപതിയുടെ (50) ബാറ്റിങ്​ കരുത്തിൽ രാജസ്​ഥാൻ പൊരുതിയെങ്കിലും അവസാനം തകർന്നത്​ തിരിച്ചടിയായി. ജോസ്​ ബട്ട്​ലർ (23), സഞ്​ജു സാംസൺ (27), അജിൻക്യ രഹാനെ (26) എന്നിവർക്കും പിടിച്ചുനിൽക്കാനായില്ല. സ്​റ്റുവർട്ട്​ ബിന്നി (11 പന്തിൽ 33) വാലറ്റത്ത്​ പുറത്താകാതെ ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും രക്ഷയുണ്ടായില്ല.

അവസാന 18 പന്തില്‍ 50 റണ്‍സായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്മദ് ഷമിയെ ബൗണ്ടറിയും സിക്‌സറും പറത്തി തുടങ്ങിയ ബിന്നി രാജസ്ഥാനെ ജയത്തിലെത്തിക്കുമെന്ന് ഒരുഘട്ടത്തില്‍ തോന്നിച്ചു. എന്നാല്‍ മറുവശത്ത് വേണ്ടത്ര പിന്തുണ കിട്ടിയില്ല. ക്യാപ്റ്റന്‍ രഹാന ആവശ്യത്തിലധികം പന്തുകള്‍ പാഴാക്കി.

Read More >>