മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 യില്‍ നിന്ന് വിരമിച്ചു

ട്വന്റി-20യില്‍ 2006ല്‍ ടീം ഇന്ത്യ അരങ്ങേറുമ്പോള്‍ മിതാലിയായിരുന്നു ക്യാപ്റ്റന്‍. അന്താരാഷ്‌ട്ര ട്വന്റി-20യില്‍ 89 മത്സരങ്ങള്‍ കളിച്ച മിതാലി 2364 റണ്‍സ് നേടി.

മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 യില്‍ നിന്ന് വിരമിച്ചു

ഡല്‍ഹി: മുൻ ഇന്ത്യൻ വനിത ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ് ട്വന്റി-20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏകദിനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരമിക്കുന്നെതന്ന് പ്രഖ്യാപന വേളയിൽ വനിതാ ക്രിക്കറ്റിലെ ഇതിഹാസമായ മിതാലിപറഞ്ഞു. മുപ്പത്തിയാറുകാരിയായ മിതാലി 32 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. മൂന്ന് വനിതാ ട്വന്റി-20 ലോകകപ്പുകളിലും മിതാലിയായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചിരുന്നത്.

'2006 മുതല്‍ ഞാന്‍ ട്വന്റി-20യില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്. 13 വര്‍ഷത്തെ ട്വന്റി-20 കരിയറിന് വിരാമം കുറിക്കുകയാണ്. ഇനി 2021 ഏകദിന ലോകകപ്പിലേക്ക് മാത്രമാകും എന്റെ ശ്രദ്ധ.' വിരമിക്കില്‍ പ്രഖ്യാപിച്ചുകൊണ്ട് മിതാലി പറഞ്ഞു. 2006-ല്‍ ഡെര്‍ബിയില്‍ ഇന്ത്യ ആദ്യമായി അന്താരാഷ്ട്ര ട്വന്റി-20 കളിച്ചത് മിതാലിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.

ട്വന്റി-20യില്‍ 2006ല്‍ ടീം ഇന്ത്യ അരങ്ങേറുമ്പോള്‍ മിതാലിയായിരുന്നു ക്യാപ്റ്റന്‍. അന്താരാഷ്‌ട്ര ട്വന്റി-20യില്‍ 89 മത്സരങ്ങള്‍ കളിച്ച മിതാലി 2364 റണ്‍സ് നേടി. 19 അര്‍ധ സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ വനിതാ താരമാണ് മിതാലി. രണ്ടായിരം ക്ലബിലെത്തിയ ആദ്യ ഇന്ത്യന്‍ താരവും മിതാലിയാണ്.

പുറത്താകാതെ നേടിയ 97 റണ്‍സാണ് ഏറ്റവുമയര്‍ന്ന സ്‌കോര്‍. മാര്‍ച്ചില്‍ ഗുവാഹത്തിയില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു മിതാലിയുടെ അവസാന ട്വന്റി-20 മത്സരം. 203 ഏകദിനങ്ങള്‍ കളിച്ച മിതാലി 51.29 ബാറ്റിങ് ശരാശരിയില്‍ 6720 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഏഴു സെഞ്ചുറികളും ഉള്‍പ്പെടുന്നു. 10 ടെസ്റ്റില്‍ നിന്ന് 663 റണ്‍സാണ് സമ്പാദ്യം. ടെസ്റ്റില്‍ ഒരു സെഞ്ചുറിയും മിതാലിയുടെ അക്കൗണ്ടിലുണ്ട്.

Next Story
Read More >>