ഒരേയൊരു മിതാലി; രാജ്യാന്തര ക്രിക്കറ്റിൽ ഇരുപതാണ്ട് പിന്നിട്ട് മിതാലിയുടെ കുതിപ്പ്

1999 ജൂൺ 26ന് അയർലൻഡിനെതിരെയായിരുന്നു മിതാലിയുടെ രാജ്യാന്തര ഏകദിന അരങ്ങേറ്റം. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുമ്പോൾ മിതാലിയുടെ കരിയർ 20 വർഷവും 105 ദിവസവും പിന്നിട്ടു.

ഒരേയൊരു മിതാലി; രാജ്യാന്തര ക്രിക്കറ്റിൽ ഇരുപതാണ്ട് പിന്നിട്ട് മിതാലിയുടെ കുതിപ്പ്

ലോക വനിതാ ക്രക്കറ്റ് ചരിത്രത്തില്‍ പുത്തന്‍ നായികക്കല്ലു പിന്നിട്ട് ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ മിതാലി രാജ്. രാജ്യാന്തര ക്രിക്കറ്റിൽ 20 വർഷത്തിൽ കൂടുതൽ കരിയർ പിന്നിടുന്ന ആദ്യ വനിതാ താരമായി മാറിയിരിക്കുകയാണ് മിതാലി. ദക്ഷിണാഫ്രിക്കക്കെതിരെ വഡോദരയിൽ നടക്കുന്ന മത്സരത്തിനിറങ്ങിയതോടെയാണ് മിതാലി അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.

1999 ജൂൺ 26ന് അയർലൻഡിനെതിരെയായിരുന്നു മിതാലിയുടെ രാജ്യാന്തര ഏകദിന അരങ്ങേറ്റം. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുമ്പോൾ മിതാലിയുടെ കരിയർ 20 വർഷവും 105 ദിവസവും പിന്നിട്ടു. മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു. ഇത്രയും കാലം കരിയർ പടുത്തുയർത്തിയ മറ്റൊരു വനിതാ താരമില്ല. ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ കളിച്ച വനിത താരങ്ങളിലും റെക്കോർഡ് നേട്ടമാണ് മിതാലിക്കുള്ളത്.


204 മത്സരങ്ങളാണ് ഇതുവരെ മിതാലി കളിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഇം​ഗ്ലീഷ് താരം ഷാർലറ്റ് എഡ്‌വേർഡ്സ് 191 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ തന്നെ ജൂലിയൻ ഗോസ്വാമി 177 മത്സരങ്ങളും ഓസ്ട്രേലിയയുടെ അലക്സ് ബ്ലാക്ക്‌വെൽ 144 മത്സരങ്ങളും കളിച്ച് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്. 36കാരിയായ മിതാലി ഇന്ത്യയ്ക്കായി 10 ടെസ്റ്റും 89 ടിട്വന്റിയും കളിച്ചിട്ടുണ്ട്.

ഏകദിന മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കഴിഞ്ഞ മാസമാണ് താരം ടിട്വന്റിയില്‍ നിന്നും വിരമിച്ചത്. ഏകദിന ക്രിക്കറ്റിൽ 6000 റൺസ് പിന്നിടുന്ന ആദ്യ താരവും മിതാലിയാണ്. പുരുഷ-വനിത താരങ്ങളുടെ കളി ജീവിത്തത്തിൻെറ കണക്കെടുത്താൽ സച്ചിന്റേതാണ് ഏറ്റവും വലിയ കരിയർ. ഇക്കൂട്ടത്തിൽ നാലാം സ്ഥാനത്താണ് താരം. 22 വർഷവും 91 ദിവസവും നീണ്ടുനിൽക്കുന്നതായിരുന്നു സച്ചിന്റെ കളി ജീവിതം. 21 വർഷവും 184 ദിവസവും പിന്നിട്ട സനത് ജയസൂര്യ. 20 വർഷവും 272 ദിവസവും പിന്നിട്ട ജാവേദ് മിയൻദാദ് എന്നിവരാണ് താരത്തിന് മുന്നിലുള്ളത്.

Next Story
Read More >>