അല്‍സാരി ജോസഫ് എറിഞ്ഞിട്ടു; മുംബൈയ്ക്ക് 40 റണ്‍സ് ജയം

വെറും 12 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ജോസഫ് ഐ.പി.എല്ലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന റെക്കോഡും സ്വന്തം പേരിലാക്കി.

അല്‍സാരി ജോസഫ് എറിഞ്ഞിട്ടു;  മുംബൈയ്ക്ക് 40 റണ്‍സ് ജയം

മുംബൈ ഇന്ത്യന്‍സിനെ ബൗളിങ് പിച്ചൊരുക്കി സ്വീകരിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദിന് പിഴച്ചു. വിജയത്തിലേക്ക് ഉദിച്ചുയരാമെന്ന് പ്രതീക്ഷിച്ച സണ്‍റൈസേഴ്സിനെ അല്‍സാരി ജോസഫ് എന്ന അരങ്ങേറ്റ ബൗളറുടെ പ്രകടനമാണ് തകര്‍ത്തത്. വെറും 12 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ജോസഫ് ഐ.പി.എല്ലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന റെക്കോഡും സ്വന്തം പേരിലാക്കി. ആദ്യം ബാറ്റുചെയ്ത മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് 17.4 ഓവറില്‍ 96 റണ്‍സിന് കൂടാരം കയറേണ്ടി വന്നു. കീറോണ്‍ പൊള്ളാര്‍ഡിന്റെ (46*) ബാറ്റിങും മുംബൈ ജയത്തില്‍ നിര്‍ണ്ണായകമായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് തുടക്കം മുതലെ കാലിടറി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (11) മടക്കി മുഹമ്മദ് നബി തുടക്കമിട്ട വിക്കറ്റുവേട്ട കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ചു. സൂര്യകുമാര്‍ യാദവ് (7), ക്വിന്റന്‍ ഡീകോക്ക് (19), ഇഷാന്‍ കിഷന്‍ (17), ഹര്‍ദിക് പാണ്ഡ്യ എന്നിവരൊക്കെ മികച്ചൊരു ഇന്നിങ്സ് കെട്ടിപ്പടുക്കാനാവാതെ മടങ്ങി. എന്നാല്‍ അവസാന രണ്ട് ഓവറില്‍ ആളിക്കത്തിയ പൊള്ളാര്‍ഡ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചു. 26 പന്തില്‍ നാല് സിക്സും രണ്ട് ഫോറുമാണ് പൊള്ളാര്‍ഡ് നേടിയത്. ഹൈദരാബാദിന് വേണ്ടി സിദ്ധാര്‍ത്ഥ് കൗള്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

അനായാസം ജയം സ്വപ്നംകണ്ട ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി. ജോണി ബെയര്‍സ്റ്റോയെ (16) പുറത്താക്കി രാഹുല്‍ ചാഹറാണ് ഹൈദരാബാദിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറെ (15) പുറത്താക്കിയ ജോസഫ് പിന്നീട് കളം കീഴക്കി. വിജയ് ശങ്കര്‍ (5), ദീപക് ഹൂഡ(20), റാഷിദ് ഖാന്‍ (0), ഭുവനേശ്വര്‍ കുമാര്‍ (2), സിദ്ധാര്‍ത്ഥ് കൗള്‍ (0) എന്നിവരാണ് ജോസഫിനെ മുന്നില്‍ വീണ മറ്റു താരങ്ങള്‍. രാഹുല്‍ ചാഹര്‍ രണ്ടും ബൂംറ, ബെഹറന്‍ഡോര്‍ഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി ജോസഫിന് മികച്ച പിന്തുണ നല്‍കി. ആറ് പോയിന്റുള്ള ഹൈദരാബാദ് രണ്ടാം സ്ഥാനത്തും തുല്യപോയിന്റുള്ള മുംബൈ നാലാമതുമാണ്.

Read More >>