ന്യൂസീലന്‍ഡിൽ തുടക്കം കസറി; ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം

27 പന്തില്‍ 56 റണ്‍സടിച്ച കെഎല്‍ രാഹുല്‍, 29 പന്തില്‍ 58 റണ്‍സടിച്ച ശ്രേയസ് അയ്യര്‍ എന്നിവരുടെ മികവിലാണ് ഇന്ത്യ വിജയം പിടിച്ചത്. 32 പന്തില്‍ 45 റണ്‍സടിച്ച ക്യാപ്റ്റന്‍ വീരാട് കോഹ്ലിയും തിളങ്ങി.

ന്യൂസീലന്‍ഡിൽ തുടക്കം കസറി; ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം

നെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ആറു വിക്കറ്റ് ജയം. കിവീസ് ഉയര്‍ത്തിയ 204 റണ്‍സ് വലിയ വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. 27 പന്തില്‍ 56 റണ്‍സടിച്ച കെഎല്‍ രാഹുല്‍, 29 പന്തില്‍ 58 റണ്‍സടിച്ച ശ്രേയസ് അയ്യര്‍ എന്നിവരുടെ മികവിലാണ് ഇന്ത്യ വിജയം പിടിച്ചത്. 32 പന്തില്‍ 45 റണ്‍സടിച്ച ക്യാപ്റ്റന്‍ വീരാട് കോഹ്ലിയും തിളങ്ങി.

വലിയ ലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ (7) ഇന്ത്യക്ക് നഷ്ടമായി. മിച്ചല്‍ സാന്റനറുടെ പന്തില്‍ റോസ് ടെയ്‌ലര്‍ക്ക് ക്യാച്ച്. തുടർന്ന് രാഹുല്‍ - കോഹ്ലി സഖ്യമാണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്. ഇരുവരും ചേർന്ന് 99 റണ്‍സാണ് ഇന്ത്യൻ സ്കോറിലേക്ക് കൂട്ടിച്ചേർത്തത്. ശിവം ദുബെ (13) നിരാശപ്പെടുത്തി. 12 പന്തില്‍ 14 റണ്‍സെടുത്ത മനീഷ് പാണ്ഡെ ശ്രേയസിന് പിന്തുണ നൽകി. ന്യൂസിലന്‍ഡിനായി സോധി രണ്ട് വിക്കറ്റ് വീഴ്ത്തി. ടിക്‌നര്‍, സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട കിവീസിനെ ഇന്ത്യൻ ക്യാപ്റ്റൻ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍ കോളിന്‍ മണ്‍റോ (59), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (51), റോസ് ടെയ്‌ലര്‍ (54) എന്നിവര്‍ കിവീസിനായി അര്‍ധ സെഞ്ചുറി നേടി. ജസ്പ്രീത് ബുംറ, യൂസ്വേന്ദ്ര ചാഹല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാകൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Read More >>