ട്രോളില്‍ കുളിച്ച് മഴക്കളി

ലോകകപ്പിന്റെ ആവേശം കെടുത്തിയ മഴയെക്കുറിച്ച് രസികന്‍ പോസ്റ്റുകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത്

ട്രോളില്‍ കുളിച്ച് മഴക്കളി

ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ മഴയില്‍ കുതിര്‍ന്നതോടെ ട്രോളന്മാര്‍ക്ക് ഉത്സവമാണ്. ചരിത്രത്തിലെ ഏറ്റവും കുടുതല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച റെക്കോര്‍ഡ് സ്വന്തമാക്കി മുന്നേറുമ്പോളാണ് ട്രോളന്മാരുട ഇടപെടല്‍. ലോകകപ്പിന്റെ ആവേശം കെടുത്തിയ മഴയെക്കുറിച്ച് രസികന്‍ പോസ്റ്റുകളും സംഘാടകരായ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) പരിഹസിച്ചും വിമര്‍ശിച്ചുമുള്ള പോസ്റ്റുകളുമാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത്.

പതിനെട്ട് കളിയില്‍ നാലെണ്ണം പൂര്‍ണമായും മഴ കൊണ്ടുപോയി. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത്രയധികം കളികള്‍ ഉപേക്ഷിക്കുന്നത് ആദ്യം. ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകള്‍ നടത്തുമ്പോള്‍ കാര്യമായ ആലോചന ഉണ്ടായില്ലേയെന്നാണ് ആരാധകരുടെ ചോദ്യം.

എന്നാല്‍ ഇംഗ്ലണ്ടില്‍ വേനല്‍ക്കാലത്തിന് തുടക്കമാണെന്നും ഈ മഴയെല്ലാം കാലംതെറ്റിയതാണെന്നുമാണ് ഐസിസി വിശദീകരണം. ഓരോ കളിക്കും പകരം ദിനങ്ങള്‍ പ്രായോഗികമല്ലെന്നും വിശദീകരിക്കുന്നു. ഇതൊന്നും ആരാധകരെ തൃപ്തരാക്കുന്നില്ല. കളി മുടങ്ങുമ്പോള്‍ വേദി മാറ്റിയാലും പകരം സംവിധാനം ഉണ്ടാക്കണമെന്നാണ് അഭിപ്രായം. ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

ലോകകപ്പില്‍ മേഘങ്ങളും സൂര്യനും തമ്മിലാണ് മത്സരമെന്നാണ് പരിഹാസം. റണ്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ പെരുമഴയെന്ന് ഒരു ആരാധകന്‍ കുറിച്ചിട്ടു. മഴ സെമിയിലെത്തുമെന്നും കപ്പ് നേടുമെന്നും പരിഹാസം. ലോകകപ്പിന്റെ രൂപമാറ്റവും നിര്‍ദേശിക്കുന്നു. കപ്പ് കുടയുടെ രൂപത്തിലാക്കണം. വെള്ളത്തിനടിയില്‍ കളി നടക്കുന്ന സാങ്കല്‍പ്പിക ചിത്രങ്ങളും ധാരാളം.

പുതിയ കാലാവസ്ഥ പ്രവചനപ്രകാരം ലോകകപ്പിലെ ഏഴു മത്സരങ്ങള്‍ കൂടി മഴയുടെ ഭീഷണിയിലാണ്. വെസ്റ്റിന്‍ഡീസിന്റെ നാലു മത്സരങ്ങള്‍ക്കും ദക്ഷിണാഫ്രിക്കയുടെ മൂന്ന് മത്സരങ്ങള്‍ക്കും മഴ ഭീഷണി നിലനില്‍ക്കുകയാണ്. ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ - പാകിസ്താന്‍ മത്സരത്തിനും സെമിഫൈനലിനും മഴഭീഷണിയൊഴിഞ്ഞപ്പോള്‍ വിന്‍ഡീസിനെതിരായ ഇന്ത്യയുടെ മത്സരത്തിന് മുകളില്‍ കാര്‍മേഘമുണ്ട്.


Read More >>