ബംഗളൂരു തോല്‍ക്കുന്നു; ഇന്ത്യക്ക് പേടി

ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ലോകകപ്പിൽ കോലിയുടെ ഐ.പി.എല്ലിലെ മോശം ഫോം ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയാണുയരുന്നത്.

ബംഗളൂരു തോല്‍ക്കുന്നു; ഇന്ത്യക്ക് പേടി

ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ തോൽവി തുടരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ അവസാന മത്സരത്തിൽ നാല് വിക്കറ്റിനാണ് ബംഗളൂരു തോറ്റത്. ആദ്യം ബാറ്റു ചെയ്ത ബംഗളൂരു നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 149 റൺസടിച്ചപ്പോൾ മറുപടിക്കിറങ്ങിയ ഡൽഹി 18.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം മറികടന്നു.

സീസണിലെ ബംഗളൂരുവിന്റെ തുടർച്ചയായ ആറാം തോൽവിയാണിത്. ഡൽഹിക്കായി ശ്രേയസ് അയ്യർ (67) അർദ്ധ സെഞ്ച്വറി നേടി. പൃഥ്വി ഷാ (28), കോളിൻ ഇൻഗ്രാം (22), റിഷഭ് പന്ത് (18) എന്നിവരാണ് ഡൽഹിയുടെ മറ്റ് സ്‌കോറർമാർ. ആദ്യം ബാറ്റു ചെയ്ത ബംഗളൂരുവിനെ തകർത്തത് കഗിസോ റബാദയുടെ നാല് വിക്കറ്റ് പ്രകടനമാണ്. വിരാട് കോലിക്കും (41) മോയിൻ അലിക്കും (32) മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിൽക്കാനായത്.

ബംഗളൂരു തുടർച്ചയായി തോൽക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിനാണ് ആശങ്ക കൂടുതൽ. കാരണം ഐ.പി.എൽ അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ ഏകദിന ലോകകപ്പ് ആരംഭിക്കും. ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ലോകകപ്പിൽ കോലിയുടെ ഐ.പി.എല്ലിലെ മോശം ഫോം ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയാണുയരുന്നത്. നിലവിൽ കടുത്ത സമ്മർദ്ദത്തിലാണ് കോലി. തുടർ തോൽവികളിൽ ബംഗളൂരു ആരാധകരുടെ പ്രതിഷേധവും ശക്തമാണ്. കോലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ബംഗളൂരു തുടർച്ചയായി തോൽക്കുന്നത് കോലിയെ മാനസികമായി കൂടുതൽ തളർത്തുമെന്നും ലോകകപ്പിൽ ഇന്ത്യക്കത് തിരിച്ചടിയാവുമെന്നും സാമൂഹ്യമാദ്ധ്യമങ്ങളിലെ ചർച്ച.

കോലിക്ക് വിശ്രമം നൽകണമെന്ന് മൈക്കിൾ വോൺ

ഈയവസരത്തിൽ ബുദ്ധിപരമായ തീരുമാനമാണ് ബി.സി.സി.ഐയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ അഭിപ്രായപ്പെട്ടു. തുടർ തോൽവികൾ അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കും. ഈ അവസരത്തിൽ കോലിക്ക് വിശ്രമം നൽകണം. ലോകകപ്പിന് മുന്നോടിയായി മാനസികമായി തയ്യാറാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കോലി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും സഹതാരങ്ങൾക്ക് അവസരത്തിനൊത്ത് ഉയരാൻ സാധിക്കാത്തതാണ് ടീമിന്റെ പ്രതിസന്ധി. ആറ് മത്സരത്തിൽ നിന്ന് 33.83 ശരാശരിയിൽ 203 റൺസാണ് കോലി നേടിയത്. ഇതിൽ ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടും. 19 ബൗണ്ടറിയും നാല് സിക്‌സുമാണ് കോലി ഈ സീസണിൽ അടിച്ചെടുത്തത്.

കോലിക്ക് പകരം രോഹിത്

ഏകദിന ലോകകപ്പിൽ കോലിക്ക് പകരം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ രോഹിത് ശർമയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ക്യാപ്റ്റൻസിയിൽ വൻ പരാജയമാകുന്ന കോലിയെക്കാൾ കേമൻ രോഹിതാണെന്നാണ് പലരുടെയും അഭിപ്രായം. അവസരത്തിനൊത്ത് ബൗളർമാർക്ക് ഓവർ കൊടുക്കുന്നതിൽ കോലിക്ക് പിഴക്കുന്നു. കളത്തിലെ സഹതാരങ്ങളോടുള്ള കോലിയുടെ പെരുമാറ്റത്തിനെതിരെയും ആരോപണം ഉയരുന്നുണ്ട്. പിഴവുകളിൽ കൂടെ നിൽക്കാതെ ദേഷ്യപ്പെടുന്ന ക്യാപ്റ്റൻ ടീമിന് ഗുണം ചെയ്യില്ലെന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങിലൂടെ പലരും പ്രതികരിക്കുന്നത്.

എല്ലാം കണ്ടറിയണം

ബി.സി.സി.ഐയുടെ കൈയിലാണ് എല്ലാ തീരുമാനങ്ങളും. ലോകകപ്പിന് മുമ്പ് കളിക്കാർക്ക് അനിവാര്യമായ സമയത്ത് വിശ്രമം അനുവദിക്കുമെന്ന് ബി.സി.സി.ഐ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ കോലിക്ക് വിശ്രമം അനുവദിക്കുക എളുപ്പമല്ല. വലിയ പ്രതിഫലം മുടക്കി താരങ്ങളെ ടീമിലെത്തിച്ച ഫ്രാഞ്ചൈസികൾ ബി.സി.സി.ഐയുടെ ആവശ്യം പരിഗണിക്കാൻ സാദ്ധ്യത കുറവാണ്.

Read More >>