ഒടുവില്‍ ജയിച്ചു; പഞ്ചാബിനെ എട്ടിവിക്കറ്റിന് തോല്‍പ്പിച്ച് ബംഗളൂരു

എ.ബി ഡിവില്ലിയേഴ്സിന്റെയും (59*) വിരാട് കോലിയുടെയും അര്‍ദ്ധ സെഞ്ച്വറികളാണ് ബംഗളൂരുവിനെ തുണച്ചത്.

ഒടുവില്‍ ജയിച്ചു;  പഞ്ചാബിനെ എട്ടിവിക്കറ്റിന് തോല്‍പ്പിച്ച് ബംഗളൂരു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആദ്യ ജയം. തുടര്‍ച്ചയായ ആറ് തോല്‍വിക്ക് ശേഷം ഇറങ്ങിയ മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് ബംഗളൂരു തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 173 റണ്‍സടിച്ചപ്പോള്‍ ബംഗളൂരു 19.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. എ.ബി ഡിവില്ലിയേഴ്സിന്റെയും (59*) വിരാട് കോലിയുടെയും അര്‍ദ്ധ സെഞ്ച്വറികളാണ് ബംഗളൂരുവിനെ തുണച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നിരയില്‍ ക്രിസ് ഗെയിന് മാത്രമാണ് തിളങ്ങാനായത്. പതിവുപോലെ ബംഗളൂരു പേസര്‍മാര്‍ നന്നായി തല്ലുകൊണ്ടെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതിലും മിടുക്ക് കാട്ടി. സ്പിന്‍ നിരയും മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ പഞ്ചാബിന്റെ ബാറ്റിങ് നിര റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. വെടിക്കെട്ട് വീരന്‍ കെ.എല്‍ രാഹുലിനെ (18) മടക്കി ചാഹല്‍ ആദ്യ പ്രഹരമേല്‍പ്പിച്ചു. മായങ്ക് അഗര്‍വാളിനെയും (15) നിലയുറപ്പിക്കും മുമ്പെ ചാഹല്‍ കൂടാരം കയറ്റിയപ്പോള്‍ സര്‍ഫറാസ് ഖാനെ (15) മുഹമ്മജ് സിറാജും പുറത്താക്കി. ഒരുവശത്ത് വിക്കറ്റ് കൊഴിയുമ്പോഴും വെടിക്കെട്ട് ബാറ്റിങ്ങുമായി ഗെയില്‍ (99*) കളം നിറഞ്ഞു. 64 പന്തില്‍ 10 ഫോറും അഞ്ച് സിക്സുമാണ് ഗെയില്‍ പറത്തിയത്. മന്ദീപ് സിങും (18) പുറത്താവാതെ നിന്നു.

മറുപടിക്കിറങ്ങിയ ബംഗളൂരു തുടക്കം മുതല്‍ ആക്രമിച്ചു. പാര്‍ഥിവ് പട്ടേല്‍ (19) തുടക്കത്തിലെ പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുകൂടിയ വിരാട് കോലിയും എ.ബി ഡിവില്ലിയേഴ്സും ചേര്‍ന്ന് ബംഗളൂരുവിന് അടിത്തറപാകി. രണ്ടാമനായി കോലി പുറത്താകുമ്പോള്‍ ബംഗളൂരു സ്‌കോര്‍ബോര്‍ഡ് 15.3 ഓവറില്‍ രണ്ട് വിക്കറ്റിന് 128 എന്ന മികച്ച നിലയിലായിരുന്നു. കോലി 53 പന്തില്‍ എട്ട് ഫോര്‍ അടിച്ചെടുത്തപ്പോള്‍ ഡിവില്ലിയേഴ്സ് 38 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും പറത്തി. മാര്‍ക്കസ് സ്റ്റോയിനിസ് 16 പന്തില്‍ 28 റണ്‍സുമായി പുറത്താവാതെ നിന്നു. നാല് ഫോറാണാണ് സ്റ്റോയിനിസ് നേടിയത്. ഇനിയുള്ള മത്സരങ്ങളിലും ജയം ആവര്‍ത്തിച്ചാല്‍ മാത്രമെ ബംഗളൂരുവിന് പ്ലേ ഓഫ് സാദ്ധ്യത നിലനിര്‍ത്താനാവൂ.