ഇന്ത്യക്കാർ വിളിച്ച് ഉപദേശം തേടും; പാക് താരങ്ങൾ വിളിക്കാത്തതിൽ സങ്കടമുണ്ട്: ശുഐബ് അക്തർ

പാക് താരങ്ങളുടെ പെരുമാറ്റം തന്നെ നിരാശപ്പെടുത്തുന്നുവെന്ന് പറഞ്ഞ അക്തർ മാതൃരാജ്യമെന്ന നിലയിൽ പാകിസ്താൻെറ ഇപ്പോഴത്തെ അവസ്ഥ സങ്കടകരമാണെന്നും തുറന്നു പറഞ്ഞു.

ഇന്ത്യക്കാർ വിളിച്ച് ഉപദേശം തേടും; പാക് താരങ്ങൾ വിളിക്കാത്തതിൽ സങ്കടമുണ്ട്: ശുഐബ് അക്തർ

പാക് ക്രിക്കറ്റ് താരങ്ങള്‍ തന്നോടും വിരമിച്ച മറ്റ് മുതിർന്ന താരങ്ങളോടും നിർദേശങ്ങളും ഉപദേശവും തേടാത്തതിന്റെ സങ്കടത്തിലാണ് പാക് ഇതിഹാസം ശുഐബ് അക്തർ. എന്നാൽ ബോളിങ് മെച്ചപ്പെടുത്തുന്നതിനുള്ള ഉപദേശങ്ങൾ തേടി ഇന്ത്യൻ താരങ്ങൾ വിളിക്കാറുണ്ടെന്നും അക്തർ പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലാണ് അക്തർ ഇക്കാര്യം തുറന്നു പറഞ്ഞത്.

ദക്ഷിണാഫിക്കയ്‌ക്കെതിരെയുള്ള മികച്ച പ്രകടനത്തിന് ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയെ അഭിനന്ദിച്ച അക്തര്‍ ലോകകപ്പിന് ശേഷം ഷമി തന്നെ വിളിച്ചിരുന്നതായും വെളിപ്പെടുത്തി. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെന്ന നിരാശയായിരുന്നു ഷമിക്ക്. മനക്കരുത്ത് കെെവിടാതെ കായികക്ഷമത കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നാണ് ഞാൻ ഷമിയോടു പറഞ്ഞത്. ഇനിയുള്ള പരമ്പരകളിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നും ഷമിയോട് പറഞ്ഞതായി അക്തർ വെളിപ്പെടുത്തി.

ഷമിക്ക് സ്വാഭാവികമായി ലഭിച്ച മികച്ച സീമും സ്വിങ്ങുമുണ്ട്. ഉപഭൂഖണ്ഡത്തിൽ വളരെ കുറച്ചുപേർക്കു മാത്രം വശമുള്ള റിവേഴ്സ് സ്വിങ്ങും ഷമിയുടെ ശേഖരത്തിലുണ്ട്. ഒരിക്കൽ നിങ്ങൾ റിവേഴ്സ് സ്വിങ് രാജാവാകുമെന്നും ഞാൻ ഷമിയോടു പറഞ്ഞു. പിന്നീട് ഷമിയുടെ വളർച്ച നാം കണ്ടതാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിശാഖപട്ടണത്തെ ചത്ത പിച്ചിൽനിന്നു പോലും അദ്ദേഹം വിക്കറ്റുകൾ കൊയ്തെടുത്തു. ഷമിയുടെ പ്രകടനം എനിക്കു വളരെയധികം സന്തോഷം നൽകുന്നുവെന്നും അക്തർ പറഞ്ഞു.

അതേസമയം, പാക് താരങ്ങളുടെ പെരുമാറ്റം തന്നെ നിരാശപ്പെടുത്തുന്നുവെന്ന് പറഞ്ഞ അക്തർ മാതൃരാജ്യമെന്ന നിലയിൽ പാകിസ്താൻെറ ഇപ്പോഴത്തെ അവസ്ഥ സങ്കടകരമാണെന്നും തുറന്നു പറഞ്ഞു. പുതിയ താരങ്ങളായ നസീം ഷാ, മൂസ ഖാൻ, ഹാരിസ് റൗഫ് തുടങ്ങിയവർക്ക് ലോകോത്തര പേസ് ബോളർമാരായി ഉയരാനുള്ള പ്രതിഭയുണ്ട്. നിർദ്ദേശങ്ങൾ തേടി അവർ എന്റെ അടുത്തേക്ക് വന്നിരുന്നെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അവരെ മികച്ച ബോളർമാരായി വളരാൻ സഹായിക്കാൻ എനിക്ക് സാധിക്കും അക്തർ പറഞ്ഞു.

Next Story
Read More >>