ഉദിച്ചുയര്‍ന്ന് സണ്‍റൈസേഴ്‌സ്; കൊല്‍ക്കത്തക്കെതിരെ ഒമ്പതു വിക്കറ്റ്‌ ജയം

80 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോണി ബെയര്‍‌സ്റ്റോയും, 67 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുമാണ് ടീമിന്റെ ജയം അനായാസമാക്കിയത്.

ഉദിച്ചുയര്‍ന്ന് സണ്‍റൈസേഴ്‌സ്;  കൊല്‍ക്കത്തക്കെതിരെ ഒമ്പതു വിക്കറ്റ്‌ ജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സണ്‍റൈസേഴ്‌സ് ഹൈദരബാദിന് ഒമ്പതു വിക്കറ്റ് ജയം. മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 159 റണ്‍സ് വിജയ ലക്ഷ്യം 30 പന്ത് ബാക്കി നില്‍ക്കേ ഹൈദരാബാദ് മറികടന്നു. 80 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോണി ബെയര്‍‌സ്റ്റോയും, 67 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുമാണ് ടീമിന്റെ ജയം അനായാസമാക്കിയത്. സീസണില്‍ കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്.

കൊല്‍ക്കത്ത ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരബാദ് ഒരു ഘട്ടത്തില്‍ പോലും പതറിയില്ല. ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയും അര്‍ദ്ധ സെഞ്ച്വറിയുമായി കളം നിറഞ്ഞു. അഞ്ചു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 38 ബോളില്‍ 68 റണ്‍സെടുത്ത വാര്‍ണറുടെ വിക്കറ്റ് മാത്രമാണ് ഹൈദരബാദിന് നഷ്ടമായത്. 12 ഓവറില്‍ പ്രിഥ്വി രാജിന് വിക്കറ്റ് നല്‍കി വാര്‍ണര്‍ മടങ്ങുമ്പോള്‍ ഹൈദരബാദ് 131റണ്‍സ് നേടി. പിന്നീടിറങ്ങിയ കെയ്ന്‍ വില്യംസണ്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നാല് സിക്‌സും ഏഴ് ഫോറുമടക്കം 43 പന്തില്‍ 80 റണ്‍സുമായി ബെയര്‍സ്റ്റോ വിജയം അനായാസമാക്കി. കെയ്ന്‍ ഒമ്പതു ബോളില്‍ എട്ടു റണ്‍സെടുത്തു.

അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ക്രിസ് ലിന്നിന്റെ മികവിലായിരുന്നു കൊല്‍ക്കത്തയുടെ ഇന്നിങ്സ്. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത എട്ടു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ലിന്നും നരെയ്നും 42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 25 റണ്‍സെടുത്ത നരെയ്നെ പുറത്താക്കി ഖലീല്‍ അഹമ്മദ് കൊല്‍ക്കത്തയുടെ ആദ്യ വിക്കറ്റെടുത്തു. ശുഭ്മാന്‍ ഗില്‍ മൂന്നു റണ്‍സിനും നിധീഷ് റാണ 11 റണ്‍സിനും പുറത്തായി. ആറു റണ്‍സായിരുന്നു ദിനേശ് കാര്‍ത്തിക്കിന്റെ സംഭാവന. എന്നാല്‍ ഒരറ്റത്ത് പിടിച്ചുനിന്ന ക്രിസ് ലിന്‍ 47 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 51 റണ്‍സ് അടിച്ചു. റിങ്കു സിങ്ങ് 30 റണ്‍സെടുത്ത് പുറത്തായി. പിന്നീട് കൊല്‍ക്കത്തയുടെ പ്രതീക്ഷ ആന്ദ്ര റസ്സലിലായിരുന്നു. എന്നാല്‍ ഒമ്പത് പന്ത് നേരിട്ട റസ്സല്‍ 15 റണ്‍സിന് പുറത്തായി. പിയൂഷ് ചൗളയുടെ സമ്പാദ്യം നാല് റണ്‍സായിരുന്നു. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് മൂന്നു വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ രണ്ടു വിക്കറ്റുമെടുത്തു. സന്ദീപ് ശര്‍മ്മ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Read More >>