' കോഹ്ലി കൂടുതല്‍ ക്ഷമയും അച്ചടക്കവും കാണിക്കണം' ; ഉപദേശവുമായി വിവിഎസ് ലക്ഷ്മണ്‍

വെല്ലിംഗടണില്‍ ആദ്യ ഇന്നിങ്‌സില്‍ രണ്ട് റണ്‍സിന് പുറത്തായ കോഹ്ലി രണ്ടാം ഇന്നിങ്‌സില്‍ 43 പന്തില്‍ നിന്ന് 19 റണ്‍സ് മാത്രമാണ് നേടിയത്.

കിവീസിനെതിരായ ആദ്യ ടെസ്റ്റില്‍ താളം കണ്ടെത്താനാവാത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഉപദേശവുമായി മുന്‍താരം വിവിഎസ് ലക്ഷ്മണ്‍. ഇന്ത്യൻ ക്യാപ്റ്റൻ കൂടതല്‍ അച്ചടക്കവും ക്ഷമയും കാണിക്കണമെന്നാണ് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായ ലക്ഷ്മണ്‍ പറയുന്നത്.

'കോഹ്ലി കൂടുതല്‍ ക്ഷമയും അച്ചടക്കവും കാണിക്കണം. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ മികച്ച പന്തുകളെ ബഹുമാനിക്കണം. തുടകത്തില്‍ കാണിക്കുന്ന ക്ഷമ പിന്നീട് കോഹ്ലിക്ക് നഷ്ടപ്പെടുന്നു. സ്റ്റമ്പിന് നേര്‍ക്ക് പന്തെറിയുമ്പോള്‍ റണ്‍സ് കണ്ടെത്തുന്നു.

എന്നാല്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കോഹ്ലിയുടെ ക്ഷമ പരീക്ഷിക്കുന്നു. കിവീസ് ബൗളര്‍മാര്‍ കോഹ്ലിക്ക് സ്‌കോര്‍ കണ്ടെത്താനുള്ള ഒരവസരവും നല്‍കിയില്ല.' - ലക്ഷ്മൺ പറഞ്ഞു. വെല്ലിംഗടണില്‍ മൂന്നാം ദിനം കളി അവസാനിച്ചതിന് പിന്നാലെയായിരുന്നു ലക്ഷ്മണിൻെറ പ്രതികരണം.

വെല്ലിംഗടണില്‍ ആദ്യ ഇന്നിങ്‌സില്‍ രണ്ട് റണ്‍സിന് പുറത്തായ കോഹ്ലി രണ്ടാം ഇന്നിങ്‌സില്‍ 43 പന്തില്‍ നിന്ന് 19 റണ്‍സ് മാത്രമാണ് നേടിയത്. ട്രെന്റ് ബൗള്‍ട്ടിന്റെ ഷോര്‍ട്ട് പിച്ച് പന്തിലായിരുന്നു പുറത്താകൽ. റണ്‍മെഷീന്‍ എന്ന് വിശേഷിക്കപ്പെടുന്ന കോഹ്ലിക്ക് കഴിഞ്ഞ 20 ഇന്നിങ്‌സിലും സെഞ്ചുറി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. 183 റണ്‍സ് ലീഡ് വഴങ്ങി മറുപടിക്കിറങ്ങിയ ഇന്ത്യ മൂന്നാംദിനം കളി നിർത്തുമ്പോൾ 144-4 എന്ന സ്‌കോറിലാണ്. ആറു വിക്കറ്റുകൾ ബാക്കി നിൽക്കെ ഇപ്പോഴും ആതിഥേയരേക്കാള്‍ 39 റണ്‍സിന് പിറകിലാണ് സ്കോർ.

Next Story
Read More >>