85-ാം വയസ്സില്‍ വിരമിക്കാനൊരുങ്ങി വിന്‍ഡീസ് ബൗളര്‍

കഴിഞ്ഞ ദിവസമാണ് സെസില്‍ റൈറ്റ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബര്‍ ഏഴിനാണ് സെസിലിന്റെ വിരമിക്കല്‍ മത്സരം.

85-ാം വയസ്സില്‍ വിരമിക്കാനൊരുങ്ങി വിന്‍ഡീസ് ബൗളര്‍

ക്രിക്കറ്റ് ലോകത്ത് വെസ്റ്റിന്റീസ് ഇതിഹാസങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്സ്, ഗാരി സോബേഴ്‌സ്, ഫ്രാങ്ക് വോറല്‍ എന്നിവരുടെ പേരിനൊപ്പം ചേര്‍ത്തുവെയ്ക്കാനാകില്ലെങ്കിലും നീണ്ട കരിയറിൻെറ കാര്യത്തിൽ ഇവരെയെല്ലാം കടത്തി വെട്ടുന്നതാണ് സെസില്‍ റൈറ്റ് എന്ന പേര്. പ്രായത്തെ വെറും നമ്പറാക്കി ചെറുപ്പം മനസ്സിനാണെന്ന് തെളിയിച്ച ഈ 85 വയസുകാരൻ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് സെസില്‍ റൈറ്റ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബര്‍ ഏഴിനാണ് സെസിലിന്റെ വിരമിക്കല്‍ മത്സരം. പേസ് ബൗളറായ സെസില്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത് ക്രിക്കറ്റ് ഇതിഹാസങ്ങളായ വെസ് ഹാളിനും സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സിനുമൊപ്പമാണ്. ബാര്‍ബഡോസിനെതിരെ ജമൈക്കന്‍ ടീമിലായിരുന്നു അരങ്ങേറ്റം.

പിന്നീട് 1959-ല്‍ സെസില്‍ ഇംഗ്ലണ്ടിലേക്ക് പോയി. അവിടെ സെന്‍ട്രല്‍ ലാന്‍സഷെയര്‍ ലീഗില്‍ ക്രോംപ്റ്റണ് വേണ്ടി കളിച്ചു. 1962-ല്‍ ഇംഗ്ലണ്ടില്‍ തന്നെ തുടരാന്‍ തീരുമാനിച്ച സെസില്‍ പിന്നീട് പ്രൊഫഷണല്‍ ക്രിക്കറ്റ് താരമായി വളരുകയായിരുന്നു. 60 വർഷം നീണ്ട പ്രൊഫഷണല്‍ കരിയറില്‍ ഇതുവരെ 7000 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

തന്റെ 60 വർഷത്തെ കരിയറിനിടെ 5 സീസണിൽ മാത്രം 538 വിക്കറ്റ് വീഴ്ത്തിയ ചരിത്രവും സെസിൽ റൈറ്റിനുണ്ട്. പരിശീലനം മുടക്കാതിരിക്കുന്നതിനാല്‍ പ്രായക്കൂടതല്‍ കൊണ്ടുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളൊന്നും സെസിലിന് ഇല്ല. എല്ലാ ഭക്ഷണവും കഴിക്കുന്ന കൂട്ടത്തിലാണെങ്കിലും ഫിറ്റ്‌നെസ് വിട്ടൊരു കളിയില്ലെന്ന് സെസില്‍ പറയുന്നു.

Read More >>