'' ബുംറ കുറച്ചു കൂടി അ​ഗ്രസീവാകണം''; കിവീസിനെതിരെ വിക്കറ്റ് ലഭിക്കാത്തതിൻെറ കാരണങ്ങൾ ചൂണ്ടിക്കാട്ടി സഹീർ ഖാൻ

ബുംറയ്ക്കു എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാര്‍ ഇത്രയും ആദരവ് നല്‍കുന്നുവെന്നത് നല്ല സൂചനയാണ്. ഇനി ബുംറയുടെ കോര്‍ട്ടിലാണ് പന്ത്.

ന്യൂസിലാന്‍ഡിനെതിരായ നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യയുടെ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റുകൾ ലഭിക്കാത്തതിൻെറ കാരണങ്ങൾ ചൂണ്ടിക്കാട്ടി മുൻ താരം സഹീർ ഖാൻ. താരത്തിനെതിരെ വളരെ തന്ത്രപൂര്‍വമാണ് കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ കളിച്ചതെന്നും കുറേക്കൂടി അഗ്രസീവായി പന്തെറിഞ്ഞാല്‍ മാത്രമേ ഇനി ബുംറയ്ക്കു തന്റെ പഴയ താളത്തിലേക്കു മടങ്ങിയെത്താനാവൂവെന്നുമാണ് സഹീർ പറയുന്നത്.

ബുംറയ്‌ക്കെതിരെ റൺസ് നേടിയില്ലെങ്കിലും വിക്കറ്റുകൾ നൽകാതെ ക്ഷമയോടെ കളിക്കുവാനും മറ്റു ബൗളര്‍മാര്‍ക്കെതിരേ പരമാവധി റണ്‍സ് നേടുകയും ചെയ്യുകയെന്ന തന്ത്രമായിരുന്നു കിവീസ് പരീക്ഷിച്ചത്. പ്രതിരോധത്തിലൂന്നിയുള്ള ഈ തന്ത്രം വിജയമായതോടെയാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ബുംറയ്ക്ക് ഒരു വിക്കറ്റു പോലും ലഭിക്കാതിരുന്നത്.

കുറച്ചു കാലങ്ങൾക്കുള്ളിൽ തന്നെ പേസ് ബൗളറെന്ന നിലയില്‍ തന്റേതായ ഒരിടം നേടിയെടുക്കാൻ ബുംറയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇനി ഇത് കാത്തുസൂക്ഷിക്കുകയാണ് പ്രധാന വെല്ലുവിളി. എതിര്‍ ടീമുകള്‍ ഇപ്പോള്‍ ബുംറയെ മനസ്സിലാക്കി കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ തുടക്കമാണ് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ കണ്ടത്. കുറേക്കൂടി അഗ്രസീവായി പന്തെറിഞ്ഞാല്‍ മാത്രമേ ഇനി ബുംറയ്ക്കു തന്റെ പഴയ താളത്തിലേക്കു മടങ്ങിയെത്താവൂ.

ഇക്കാരണത്താൽ തന്നെ ബുംറ ഇനി ശൈലി മാറ്റിയേ തീരൂ. വിക്കറ്റിനായി ബാറ്റ്‌സ്മാന്റെ ഭാഗത്തു നിന്നു പിഴവിനു വേണ്ടി കാത്തിരിക്കുകയെന്ന പഴയ രീതി ഇനി പ്രാവർത്തികമല്ല. ഇതിനായി അദ്ദേഹം കൂടുതല്‍ ആക്രമണോത്സുകത കാണിക്കേണ്ടതുണ്ട്. ബുംറയ്ക്കു എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാര്‍ ഇത്രയും ആദരവ് നല്‍കുന്നുവെന്നത് നല്ല സൂചനയാണ്. ഇനി ബുംറയുടെ കോര്‍ട്ടിലാണ് പന്ത്. അവരെ കൊണ്ട് ഷോട്ട് കളിപ്പിപ്പിച്ച് വിക്കറ്റ് നേടാനാണ് ബുംറ ശ്രമിക്കേണ്ടതെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

കിവീസിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ സമ്പൂർണ്ണ വിജയത്തിന് ശേഷം ഏകദിന പരമ്പര കെെവിട്ടതിന് പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ബുംറയ്ക്ക് വിക്കറ്റ് നേടാനാവാതിരുന്നതാണെന്നാണ് കരുതപ്പെടുന്നത്. ടി20യിൽ മികച്ച പ്രകടനം നടത്തിയ താരത്തിന് ഏകദിന പരമ്പരയിൽ 30 ഓവറുകള്‍ ബൗള്‍ ചെയ്തിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. ഇതോടെ ടെസ്റ്റ് പരമ്പരയിലെ താരത്തിൻെറ പ്രകടനത്തിനായി ഉറ്റു നോക്കുകയാണ് ആരാധകർ. രണ്ടു ടെസ്റ്റുകളുള്‍പ്പെട്ട പരമ്പരയിലെ ആദ്യ മത്സരത്തിന് ഫെബ്രുവരി 21ന് തുടക്കമാവും.

Next Story
Read More >>