ചില ബഷീറിയൻ നിനവുകൾ

അക്ബർ കക്കട്ടിലിന്റെ മൂന്നാം ചരമ വാര്‍ഷിക ദിനമാണ് നാളെ. ( ഫെബ്രുവരി 17. )സൗഹൃദങ്ങളുടെ രാജകുമാരനെന്ന് വിശേഷിപ്പിക്കാവുന്ന അക്ബര്‍ കക്കട്ടിലിന് മലയാളത്തിലെ മുതിര്‍ന്ന എഴുത്തുകാരുമായും ഗാഡമായ ബന്ധമാണുണ്ടായിരുന്നത്. അക്ബര്‍ കക്കട്ടില്‍ മലയാളത്തിലെ സാഹിത്യ രംഗത്തെ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് എഴുതിയ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു

ചില ബഷീറിയൻ നിനവുകൾ

അക്ബര്‍ കക്കട്ടില്‍

കഥകളിൽ മാത്രമല്ല സംഭാഷണങ്ങളിലും കത്തുകളിൽ പോലും പാത്രസൃഷ്ടി നടത്തിയിരുന്നല്ലോ ബഷീർ. അക്കൂട്ടത്തിൽ എനിക്കും ഒരു കഥാപാത്രമാകാൻ യോഗമുണ്ടായി. മാധ്യപ്രവർത്തകനായ കെ.പി കുഞ്ഞിമൂസ പ്രസിദ്ധീകരിച്ച കുറിപ്പുകളിൽ നിന്നാണ് ഇത് ഞാനറിയുന്നത്. രണ്ടും സംഭവിക്കുന്നത് ബഷീർ ജീവിച്ചിരുന്ന കാലത്തുതന്നെ. അതിൽ രണ്ടെണ്ണം ഞാനിവിടെ ഓർമ്മിച്ചെടുക്കാം.

ഒരു ദിവസം ബഷീർ പറഞ്ഞത്രെ: നമ്മുടെ ആ കക്കട്ടിൽ ഇന്നലെ ഇവിടെ വന്നിരുന്നു. കൂടെ ഒരു കൊച്ചു സുന്ദരിയുമുണ്ട്. അവന്റെ ഭാര്യയെന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്. യഥാർത്ഥത്തിൽ അതവന്റെ ഭാര്യയല്ല. അവന്റെ ഭാര്യയെ എനിക്കു പണ്ടെയറിയാം. ഇത് സംഗതി വേറെയാണ്. ഒരു പൊന്നിൻ കൂടാണ്. ചിന്നകശ്മല. കയ്യിലും കാതിലും കഴുത്തിലും കാലിലുമെല്ലാം നിറയെ സ്വർണ്ണാഭരണങ്ങളാണ്. കക്കട്ടിൽ ഭാഗത്തുനിന്ന് പെണ്ണുകെട്ടിയാൽ ഒരു പത്തായം നിറയെ പൊന്നു കിട്ടും. അവനങ്ങനെ ഒന്നിനെക്കൂടി അടിച്ചെടുത്തിരിക്കുകയാണ്. ഞാനും തീരുമാനിച്ചിട്ടുണ്ട് അവിടുന്ന് രണ്ട് പെണ്ണ് കെട്ടാൻ. അവന്റെയടുത്ത് ബഷീർ പറയാറുണ്ട്. 'എനിക്ക് കക്കട്ടിൽ നിന്ന് പെണ്ണുകെട്ടണം.'

'എന്തിനാ ഈവയസ്സുകാലത്ത് ഒരു പെണ്ണു കൂടി?'

ആദ്യതവണ ഞാൻ ചോദിച്ചു.

'മറ്റൊന്നിനുമല്ല-പുറം ചൊറിയാനാ'

'അത് കക്കട്ടിൽ നിന്നു തന്നെ വേണമെന്നുണ്ടോ?'

'അവിടുന്നായലല്ലേ കിലോ കണക്കിന് പൊന്നു കിട്ടൂ'

ബഷീർ വെറുതെ ഫലിതങ്ങൾ കാച്ചുകയല്ല, ആ ഫലിതത്തിനകത്ത് സ്റ്റൈലന്‍ ഗുണപാഠങ്ങൾ കൂടി അടക്കം ചെയ്യുമായിരുന്നു. വടക്കൻ കേരളത്തിൽ ഞങ്ങൾ മാപ്പിളമാർക്കിടയിൽ അക്കാലത്ത് വർദ്ധിച്ചുവന്ന സ്ത്രീധന സമ്പ്രദായത്തിനുനേർക്ക് വിരൽ ചൂണ്ടുകയായിരുന്നു അദ്ദേഹം. സൂക്ഷിച്ചു നോക്കിയാലേ ഈ സംഗതി നാം കാണൂ. അല്ലെങ്കിൽ ഒരു ചിരിയിൽ അതവിടെ തീരും. മറ്റൊരിക്കൽ ബഷീർ: 'ആ കക്കട്ടിലിന്റെ തൊലി ഉരിഞ്ഞെടുക്കണം.' എന്നിട്ട് ദേഹമാസകലം മുളകു പുരട്ടണം. അതിനുശേഷം ആണിതറച്ച ഒരു വീപ്പയിലാക്കി ഒരു വലിയ കേറ്റത്തിൽ നിന്ന് താഴേക്കുരുട്ടണം.

കേട്ടവർ കാര്യമറിയാതെ മിഴിച്ചുനിന്നു. അക്ബർ ബഷീറിന്റെ ഗുഡ്ബുക്കിൽ നിന്ന് പുറത്തായോ?

ആ സമയത്ത് ഡൽഹിയിലുണ്ടായിരുന്ന രശ്മിയുമായി ബന്ധപ്പെട്ടതാണ് കേസ്. (രശ്മി എന്നത് യഥാർത്ഥ പേരല്ല കേട്ടോ. രശ്മി എന്ന പേര് എന്റെ വകയാണ്). രശ്മി ബഷീറിന്റെ കടുത്ത ഒരാധികയായിരുന്നു.

ഇനി ബഷീർ തന്നെ പറയട്ടെ.

'രശ്മിക്ക് ഒരു പയ്യനെ അന്വേഷിക്കാൻ ഞാനവനോട് പറഞ്ഞിരുന്നു. അവൻ ആളെ കൊണ്ടുവന്നിരിക്കുന്നു. ആരാന്നറിയോ?'

ബഷീർ ഞാൻ കൊണ്ടുവന്ന പയ്യന്റെ പേര് പറഞ്ഞു. ചുറ്റിലും കൂടിയവർ ചിരിച്ചു.

പയ്യൻ ആരാണെന്ന് നിങ്ങൾ അറിയാൻ വരട്ടെ, അതിനു മുമ്പ് ഇതിനൊക്കെ ആധാരമായ സംഭവം പറയാം:

ഞാൻ ഡൽഹിയിൽ പോയപ്പോൾ രശ്മിയെ കാണാനിടവന്നിരുന്നു. പെരുത്ത ശ്വാസം മുട്ടു കാരണം ബഷീർക്ക വല്ലാതെ വലയുന്ന ഒരു സമയമാണത്. ബഷീർക്കയുടെ ആരോഗ്യനില അന്വേഷിച്ച രശ്മിയോട് ഞാൻ അപ്പോഴത്തെ അവസ്ഥ തുറന്നു പറഞ്ഞു. അവർ പൊട്ടിക്കരയാൻ തുടങ്ങി. എന്നെ വല്ലാതെ ഉലച്ച ഒരു സംഭവമായിരുന്നു അത്.

ബഷീറിനു കൊടുക്കാൻ രശ്മി എന്റെ വശം പങ്കജ് മല്ലിക്കിന്റെ പുതിയ ഗസലുകളുടെ റിക്കോർഡ് തന്നിരുന്നു. കക്കട്ടിലേക്കു മടങ്ങുന്നതിനുപകരം ഞാൻ നേരെ വൈലാലിലേക്കാണ് പോയത്. ഉണ്ടായതെല്ലാം പറഞ്ഞപ്പോൾ ബഷീറിന്റെ കണ്ണുകൾ നനഞ്ഞിരുന്നു.

ബഷീർ ആരോഗ്യം വീണ്ടെടുത്തു. ഞങ്ങളുടെ കണ്ടുമുട്ടലുകളിലെല്ലാം രശ്മിയും വിഷയമായി. അങ്ങനെയിരിക്കെയാണ് ബഷീർ പറയുന്നത്-'നീ അവൾക്ക് നല്ലൊരു പയ്യനെ കണ്ടുപിടിക്ക്. മിടുക്കനായിരിക്കണം.'

ചിലപ്പോൾ അദ്ദേഹം പറയുന്നത് കാര്യമാണോ തമാശയാണോ എന്ന് നമുക്ക് തിരിച്ചറിയാനാവില്ല. എന്നാലും ഞാൻ വാക്കു കൊടുത്തു: 'ആലോചിക്കാം.'

പിന്നീടൊരു കൂടിക്കാഴ്ചയിലാണ് കാര്യങ്ങൾ കുഴഞ്ഞുമറിയുന്നത്.

'രശ്മിക്ക് ഞാനൊരു വരനെ കണ്ടിട്ടുണ്ട്.'

'ആരാ?'

'മറ്റാരുമല്ല. ബഷീർക്ക കൂടി അറിയുന്ന ആളാ-മിടുക്കനാ

'അതാരാ? ആളിന്റെ ജിജ്ഞാസ വർദ്ധിച്ചു.

'നമ്മുടെ കുഞ്ഞുണ്ണിമാഷ്'

'ഫ.......'

ഞാൻ വൈലാലിൽ നിന്ന് 'ഗെറ്റൗട്ടാ'യി. പിന്നീട് 'ഗെറ്റിൻ' ആക്കിയെങ്കിലും 'ഉരുട്ടൽ കഥ'യ്ക്ക് നല്ല പ്രചാരം നൽകുക തന്നെ ചെയ്തു.

കുഞ്ഞിണ്ണിമാഷെയും രശ്മിയെയും പോലുള്ളവരെ തമാശക്കുപോലും ഇത്തരം contexേകളിലേക്ക് വലിച്ചിഴക്കരുതെന്നാണ് ബഷീർ പറയാതെ പറഞ്ഞത്. തമാശകൾ ആരെയും നോവിക്കാനുള്ളതല്ല, അവരെക്കൂടി ചിരിപ്പിക്കാനുള്ളതാണ്. ചിന്തിപ്പിക്കാനുള്ളതാണ്.

സ്‌നേഹം ഉള്ളിലൊതുക്കിവെക്കാനുള്ളതല്ലെന്നും അത് പ്രകടിപ്പിക്കാനുള്ളതാണെന്നുമാണ് ബഷീർ ജീവിതം കൊണ്ട് കാണിച്ചുതന്നത്. അതദ്ദേഹം പറയാറുമുണ്ട്. അപ്പോൾ നമുക്കാരോടെങ്കിലും നിരസമോ അതൃപ്തിയോ ഉണ്ടെങ്കിലോ? അതും പ്രകടിപ്പിക്കുക തന്നെ വേണം. അവിടെയും നാം ഹിപ്പോക്രാറ്റുകളാവാൻ പാടില്ല. ഇത് ബഷീർ പറഞ്ഞിട്ടില്ല. പക്ഷേ കാണിച്ചുതന്നിട്ടുണ്ട്.

1988 ലാണത്. എൻ.പി ഹാഫിസ് മുഹമ്മദും ഞാനും പി.കെ ബ്രദേഴ്‌സുമായി ചേർന്ന് മലയാളം പബ്ലിക്കേഷൻ നടത്തുന്ന കാലം. പ്രാഫ.എം കൃഷ്ണൻനായരുടെ ഒരു കനത്ത പുസ്തകം ആദ്യം പുറത്തിറക്കുന്നത് ഞങ്ങളായിരുന്നു. ഈ പുസ്തകത്തിന്റെ-തിരഞ്ഞെടുത്ത പ്രബന്ധങ്ങളുടെ-പ്രകാശനച്ചടങ്ങ് കോഴിക്കോട്ട്. കൃഷ്ണൻനായർസാർ ആദ്യമായും അവസാനമായും കോഴിക്കോട് വരുന്നത് ഈ ചടങ്ങിനാണ്. മാധ്യമ പ്രവർത്തകരും കഥാകൃത്തുക്കളുമായ എസ്.ഭാസുരചന്ദ്രനും ഇ.വി ശ്രീധരനുമായിരുന്നു പുസ്തകത്തിന്റെ എഡിറ്റർമാർ. ഭാസുരചന്ദ്രനും കൃഷ്ണൻനായരോടൊപ്പം കോഴിക്കോട്ടെത്തിയിട്ടുണ്ട്.

പ്രഭാത വണ്ടിക്കായിരുന്നു അതിഥികളുടെ വരവ്. ചടങ്ങ് വൈകുന്നേരമാണ്. ഇഷ്ടംപോലെ സമയം മുമ്പിൽ. ഹോട്ടൽ മുറിയിൽത്തന്നെ ഇരിക്കുക ബോറ്. കോഴിക്കോട്ട് എവിടെയെങ്കിലും പോകാനുണ്ടോ? അല്ലെങ്കിൽ ആരെയെങ്കിലും കാണാനുണ്ടോ?

കൃഷ്ണൻനായർസാർ പറഞ്ഞു: എനിക്ക് ബഷീറിനെയും എം.ടിയെയും കണ്ടാൽ കൊള്ളാമെന്നുണ്ട്.

'ബഷീർ' എന്നുകേട്ടപ്പോൾ ആതിഥേയരായ ഞങ്ങൾ വല്ലാതായി. 'ബാല്യകാലസഖി'യെക്കുറിച്ച് സുഖകരമല്ലാത്ത രീതിയിൽ എഴുതിയതിന്റെ പേരിൽ ബഷീറും കൃഷ്ണൻനായരും തമ്മിൽ സ്വരച്ചേർച്ചയില്ലാത്ത സമയമാണത്. കൃഷ്ണൻനായരുമായി ബഷീർ എങ്ങനെയാവും ഇടപെടുക?- അത് ഒരു പ്രശ്‌നമാണ്.

വാസ്വേട്ടൻ സ്ഥലത്തുണ്ടാവണേ......തിരക്കില്ലാത്ത സമയമാവണേ....എന്ന പ്രാർത്ഥനയോടെ ഞാൻ അങ്ങോട്ടു വിളിച്ചു. സരസ്വതിച്ചേച്ചി പറഞ്ഞു- മദ്രാസിലാണ്. മറ്റന്നാളേ എത്തൂ.

ഹാഫിസും ഞാനും പരസ്പരം നോക്കി. ഭാസുവിന് ഞങ്ങളുടെ പ്രയാസം മനസ്സിലാകുന്നുണ്ട്. ബഷീറുണ്ടോ എന്ന് നോക്ക് എന്ന മട്ടിൽ ഇരിക്കുകയാണ് കൃഷ്ണൻനായർ.

രണ്ടും കൽപിച്ച് ഞാൻ ബഷീറിനെ വിളിച്ചു.

'എം.കൃഷ്ണൻനായർസാറ് വന്നിട്ടുണ്ട്. ഭാസുരചന്ദ്രനുമുണ്ട്. കൂടെ. ഒന്നുകാണണമെന്നു പറയുന്നു.'

മറുതലയ്ക്കൽ കുറേ നേരത്തേക്ക് ശ്വാസം വിടുന്ന ശബ്ദം മാത്രം.

'ഇവിടെ മലയാളം പബ്ലിക്കേഷന്റെ ഒരു പരിപാടിക്ക് വന്നതാണ്. വൈകീട്ടാണ് മീറ്റിങ്ങ്. ഇപ്പോൾ ഹോട്ടലിൽ ഫ്രീയായിരിക്കയാണ്.'

ഞാനിങ്ങനെ നൊട്ടിപ്പെറുക്കി എന്തെല്ലാമോ പറയുന്നു. ശ്വാസഗതി അറിയാവുന്നതുകൊണ്ട് അപ്പുറത്ത് ആൾ ഫോൺ വെച്ചിട്ടില്ല എന്നുറപ്പാണ്. ഞാനും റിസീവർ പിടിച്ചുനിന്നു.

പെട്ടെന്നാണ് കടുപ്പത്തിൽ:

'ങാ, കൂട്ടി വന്നോളൂ'

ഞങ്ങൾ നാലുപേരും വൈലാലിലെത്തുമ്പോൾ ആ പതിവു കാഴ്ച. മാങ്കോസ്റ്റൈന്റെ ചുവട്ടിൽ, ചില്ലുകൾക്കിടയിലൂടെ ഇറങ്ങിവന്ന ഇളംവെയിലിനെ തൊട്ടുഴിഞ്ഞ്, എങ്ങും പോകാതെ അവിടെത്തന്നെ നിൽക്കുന്ന ഗസൽ സുന്ദരി. രണ്ടിനുമിടയിൽ ചാരുകസേരത്തണ്ടിൽ നീണ്ട വിരലുകൾ കൊണ്ട് താളം മുട്ടി, ധ്യാനലീനനായി ഒരു ചാരുചിത്ര ഭംഗിപോലെ ബഷീർ.

പക്ഷേ, ഫോൺ വിളിച്ചപ്പോഴുള്ളതിനേക്കാൾ കുഴപ്പിത്തിലാണ് കാര്യങ്ങൾ. ഇങ്ങനെ നാലുപേർ വന്ന് കുന്തംപോലെ നിൽക്കുന്നത് കാണുന്ന ഒരുഭാവവുമില്ല മൂപ്പർക്ക്.

ഹാഫിസും ഞാനും കസേരയെടുത്തുകൊണ്ടുവന്ന് അതിഥികളെ ഇരുത്തി.

ബഷീർ പതുക്കെ ചാരുകസേരയിൽ നിവർന്നിരുന്നു. തൊട്ടടുത്ത ടീപ്പോയിയിൽ അപ്പോഴാണ് ഉറയിലിട്ട ഒരു വലിയ കത്തി ഞങ്ങൾ കാണുന്നത്.

ഒരു നിമിഷം! ബഷീർ അതെടുക്കുന്നു. പിന്നെ ഉറയിൽ നിന്ന് കത്തിയൂരി വായുവിൽ ചുഴറ്റുന്നു. കത്തിയുടെ മൂർച്ച പരിശോധിക്കുന്നു. പുരികങ്ങൾ പുളയുന്നു. ഗ്രാമഫോണിൽ നിന്ന് ഗസൽ നാദം നിലച്ചതിനാൽ ഇപ്പോൾ ആ മുക്കിലൂടെ ഇറങ്ങിയും കേറിയും പോകുന്ന കാറ്റിന്റെ കൂറ്റ് മാത്രം.

എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഞങ്ങൾ. ഹാഫിസും ഞാനും വന്നാൽ ഓടിയെത്താറുള്ള ഫാബീത്തയെയും കാണുന്നില്ല.

'ബഷീർക്കാ കത്തി ഉറയിലിട്'

ഞാനപേക്ഷിച്ചു.

ഇപ്പോൾ കത്തി എന്റെ നേർക്കാണ്.

എനിക്ക് പേടിയും തുടങ്ങി. ഭൂതപ്രേതപിശാചുക്കളെ അകറ്റാനുള്ളതാണ് ബഷീറിന് കത്തി. എം.ടി പറഞ്ഞ ഒരു സംഭവം അന്നേരം മനസ്സിൽ തെളിഞ്ഞു. ബഷീറിന് വീണ്ടും സുഖമില്ലെന്നറിഞ്ഞ് അങ്ങോട്ടെത്തിയിരിക്കയാണ് വാസ്വേട്ടനും സംഘവും. വീട്ടിനു ചുറ്റിലും ആളുകൾ ചിതറി നിൽക്കുകയാണ്. കത്തി കാട്ടി അവരെയെല്ലാം വിരട്ടിയോടിച്ച് നിൽക്കുകയാണ് ഗുരു. ആർക്കും അടുക്കാൻ ധൈര്യമില്ല. പുനലൂർ രാജൻ മാത്രം അടുക്കാതെ നയത്തിൽ വീട്ടിലുണ്ട്. ദാഹിക്കുന്നു എന്നു പറഞ്ഞപ്പോൾ, ഇളനീർ കൊണ്ടുവരാൻ രാജൻ പോയി. അപ്പോൾ ബഷീർ പറയുന്നു: 'ചിലപ്പോൾ അവൻ പുനലൂർ രാജന്റെ രൂപത്തിലും വരും.'

'കത്തികൊണ്ട് കളിക്കല്ലേ-അത് താഴെ വെക്ക്'-ഞാൻ വീണ്ടും പറഞ്ഞു. ഭാഗ്യം! അദ്ദേഹം കത്തി ഉറയിലിട്ട് ടീപ്പോയിയിൽ വെച്ചു.

'കൃഷ്ണൻനായർസാറും ഭാസുവും വന്നത് കണ്ടില്ലേ? എന്താ ഒന്നും മിണ്ടാത്തത്?'

ബഷീർ അപ്പോഴാണ് അതിഥികളുടെ മുഖത്തേക്ക് നോക്കുന്നത്. അതൊരു പുതിയ ബഷീറായിരുന്നു.

'നിങ്ങൾ കോഴിക്കോട്ട് എപ്പൊ വന്നു?'

പിന്നെ കുശലങ്ങളായി, നീണ്ട സംസാരമായി.

ഫാബീത്ത കൊണ്ടുവന്ന ചായയും കുടിച്ച്, പിന്നെയും കുറച്ച് വർത്തമാനം പറഞ്ഞ് കൃഷ്ണൻനായർസാറും ഭാസുവും പിരിയുമ്പോൾ ബഷീർ അനുഗ്രഹ രൂപത്തിൽ കയ്യുയർത്തി പറഞ്ഞു: നന്നായി വരട്ടെ.

ഈ സംഭവത്തെക്കുറിച്ച് രണ്ടോ മൂന്നോ തവണ കൃഷ്ണൻനായർ തന്നെ, മറ്റൊരു തലത്തിൽ നിന്നുകൊണ്ട്, സാഹിത്യവാരഫലത്തിലും മറ്റുമായി എഴുതിയിട്ടുണ്ട്. ഏതായാലും ഞാനൊന്നുകൂടി പഠിച്ചുഅകൽച്ചയും പ്രകടിപ്പിച്ചുതന്നെ ബോധ്യപ്പെടുത്തേണ്ടതാണ്. എനിക്ക് വിയോജിപ്പുകളുണ്ട്. പക്ഷേ അതൊന്നും നമ്മൾ തമ്മിൽ സ്‌നേഹിക്കുന്നതിന് തടസ്സമല്ല എന്നുകൂടിയാണ് ബഷീർ പറയാതെ പറഞ്ഞത്. ഇന്നാലോചിക്കുമ്പോൾ തോന്നുന്നു. ഒരു ബഷീർക്കഥയുടെ എല്ലാ തലങ്ങളും ആ കൂടിക്കാഴ്ചയ്ക്കുണ്ടായിരുന്നു-കത്തി ചൂണ്ടിയത് എന്റെ നേർക്കാണ് എന്നതിൽപ്പോലും.

ഇങ്ങനെയെല്ലാമുള്ള ബഷീറിനെ നാം ആഘോഷിക്കുമ്പോൾ ഒരു കാര്യം കൂടി പറയാതെ വയ്യ.

വടകരയിൽ നിന്ന് ഡോ.പുനത്തിൽ കുഞ്ഞബ്ദുള്ളയാണ് ബഷീർ മരിച്ച വിവരം എന്നെ വിളിച്ചു പറയുന്നത്. ഞാനുടനെ വടകരയിലെത്തിയശേഷം ഞങ്ങളൊന്നിച്ച് വൈലാലിലേക്കുപോയി.

വൈലാലിലെത്തിയതും വായുവിലെന്നപോലെ ഞങ്ങളെ ചില കോഴിക്കോടൻ സുഹൃത്തുക്കൾ വെവ്വേറെ രണ്ടു മുറികളിലേക്ക് കൊത്തിപ്പറന്നു. അവർ പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ-ബഷീറിനെ മാങ്കോസ്റ്റൈന്റെ ചുവട്ടിൽ കബറടക്കണമെന്നും അദ്ദേഹം അങ്ങനെ ആഗ്രഹിച്ചിരുന്നുവെന്നും ചിലർ പറയുന്നു. ഫാബീത്തയും കുടുംബവും ആകെ ബേജാറിലാണ്. അങ്ങനെ സംഭവിച്ചാൽ ഭാവിയിൽ അത് ഒരു ജാറമായി മാറും. സന്ദർശകരെത്തും. ഭണ്ഡാരം വരും. നേർച്ചകളുണ്ടാകും. മെഴുകുതിരി കത്തിക്കും. ബഷീറിനെ ഒരു ദിവ്യപുരുഷനാക്കി മാറ്റും. അതുകൊണ്ട് ബഷീറിനെ പള്ളിപ്പറമ്പിൽത്തന്നെ അടക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.

ബഷീർ കുടുംബം എന്താണോ ആഗ്രഹിക്കുന്നത് അഃു നടക്കണമെന്നായിരുന്നു എന്റെ അഭിപ്രായം. പുനത്തിൽ അപകടകാരിയായതുകൊണ്ട് അദ്ദേഹത്തെയും ഒന്നു മെരുക്കാൻ അവർ എന്നെ നിയോഗിച്ചു. കുഞ്ഞീക്കയോടും ഇതിനകം വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനും എന്റെ അതേ അഭിപ്രായമാണെന്നും ഞാൻ പിന്നീട് മനസ്സിലാക്കി.

ബഷീറിനെ ഒരു മനുഷ്യനായി കാണാൻ ബഷീർ കുടുംബം ആഗ്രഹിച്ചു. നമ്മൾ ആസ്വാദകസമൂഹവും അദ്ദേഹത്തെ കണ്ടതും കാണുന്നതും ഇനി കാണേണ്ടതും അങ്ങനെ തന്നെ. ബഷീറിനെ ആഘോഷിക്കുമ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൃതികളെയും ആ തലത്തിൽ നിന്നു മാത്രം വിലയിരുത്താനും ആ വിലയിരുത്തലുകൾ വരും തലമുറകൾക്കായി കാത്തുവെക്കാനും സാധിച്ചാൽ ഈ ആഘോഷങ്ങൾ സാർത്ഥകമാവും.

ഒരിടത്ത് നിന്ന് നാം വട്ടത്തിൽ മൂത്രമൊഴിച്ചാൽ അടയാളപ്പെടുന്ന ഒരു സ്ഥലമുണ്ടല്ലോ-കേരളമെന്നു പറഞ്ഞാൽ അത്രയേയുള്ളുവെന്നും അതിനാൽ രക്ഷപ്പെടണമെങ്കിൽ ഇംഗ്ലീഷിൽ എഴുതണമെന്നും ബഷീർ ഞങ്ങളിൽ ചിലരോട് പറഞ്ഞിട്ടുണ്ട്. തമാശയായിരിക്കാമത്. കാരണം, സാധിക്കുമായിരുന്നിട്ടും അദ്ദേഹം ഇംഗ്ലീഷിൽ എഴുതിയില്ല. മലയാളത്തിൽ എഴുതി അതിന്റെ അതിരുകൾ ഭേദിക്കുകയും ചെയ്തു. അതദ്ദേഹത്തിനു സാധിച്ചത് ആ 'ബഷീറത്തം' കൊണ്ടാണ്. ആ ബഷീറത്തം അദ്ദേഹത്തിനു കിട്ടിയത് ഈ കേരളത്തിൽ ജീവിച്ചതുകൊണ്ടാണ്. മലയാളത്തിനുള്ളിൽ വേറൊരു മലയാളമുണ്ടാക്കിയാണ് അദ്ദേഹം, എല്ലാ കുറ്റങ്ങളോടും കുറവുകളോടും കൂടിത്തന്നെ, ഒരു വലിയ എഴുത്തുകാരനായത്.നന്ദി-ബഷീറിയൻ അനുഭവങ്ങൾക്ക്, അതിൽ ചിലത്

ഓർത്തെടുക്കാൻ അവസരമൊരുക്കിയ ഏഷ്യാനെറ്റിന്.

(എഷ്യാനെറ്റ് ബഷീർ ദിനപരിപാടിയിൽ അവതരിപ്പിച്ചത്).

(ഒലിവ് പ്രസിദ്ധീകരിച്ച അക്ബര്‍ കക്കട്ടിലിന്റെ അനുഭവം ഓര്‍മയാത്ര എന്ന പുസ്തകത്തില്‍ നിന്ന്)