കഥകൾ കിട്ടിയ നാട്ടിലെ കുട്ടികൾക്കൊപ്പം

ഈ നൂറ്റാണ്ടിലും സ്ത്രീകളുടെ അവകാശങ്ങൾ ചർച്ച മാത്രം ചെയ്യപ്പെടുന്ന സമൂഹം ആണ് നമ്മുടേതെന്നത് ഒട്ടും സന്തോഷം തരുന്ന കാര്യമല്ല. ശബരിമല വിഷയത്തിൽ എന്റെ നിലപാട് വേറെയാണ്. ഞാനൊരു നിരീശ്വര വാദിയൊന്നുമല്ല. എനിക്ക് തോന്നിയത്, ഒരാൾ ഒന്നും വേണ്ട എന്നു വച്ച് നിത്യബ്രഹ്മചാരി ന്നും പറഞ്ഞ് ദൂരെ ഒരിടത്ത് കാട്ടിൽ പോയിരുന്നാൽ എന്തിനാ പിന്നെ എല്ലാരും ശല്യം ചെയ്യാൻ പോണേ. ലക്ഷക്കണക്കിന് ആളുകളല്ലേ അവിടെ പോണത്. എന്റെ അഭിപ്രായത്തിൽ ശബരിമല മൃഗങ്ങൾക്ക് വിട്ടുകൊടുക്കണം. ആളുകൾക്ക് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രാർത്ഥിക്കാൻ വേറെ എത്രയോ അയ്യപ്പ ക്ഷേത്രങ്ങളുണ്ട്.

കഥകൾ കിട്ടിയ നാട്ടിലെ കുട്ടികൾക്കൊപ്പം

വി.ഷബ്ന

നിതാ നായരുടെ എ വില്ലേജ് പൂരം എന്ന ഓര്‍മക്കുറിപ്പ് ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠ പുസ്‌കത്തില്‍ പഠിക്കാനുണ്ട്. മുണ്ടക്കോട്ടു കുറിശ്ശി കുന്നത്ത് കാവിലെ പൂരത്തെയും പുത്തനാല്‍ക്കാവിലെ കാളവേലയെയും കുറിച്ചുള്ള എഴുത്തുകാരിയുടെ ബാല്യകാല സ്മരണകളാണ് ആ പാഠം. ചളവറ എച്ച്.എസ്.എസിലെ കുട്ടികള്‍ക്ക് ആ പാഠത്തോട് ഒരാത്മബന്ധമുണ്ട്. അവരുടെ നാടിന്റെ കഥയാണ് അത്. അവര്‍ കാണുന്ന പൂരവും കാളവേലയുമൊക്കെ അനിതാ നായരുടെ എഴുത്തിലുണ്ട്.

ചളവറയിൽനിന്നു നാലു കിലോമീറ്റർ ദുരമേയുള്ള മുണ്ടക്കോട്ടു കുറിശ്ശിയിലേക്ക്. അവിടെയാണ് അനിതാ നായരുടെ തറവാട്. അവിടുന്നാണ് അവർക്ക്ഏറെ അനുഭവങ്ങളും കുറേ കഥകളും കിട്ടിയത്. പൂതനും തിറയും ചിലമ്പും ചെണ്ടയുമൊക്കെ നിറഞ്ഞു നിൽക്കുന്ന എഴുത്തിന് പ്രചോദനം ഈ ഗ്രാമമാണ്. എ വില്ലേജ് പൂരം മാത്രമല്ല, ദി ബെറ്റർ മാൻ, കൂ കൂ തീവണ്ടി പോലുള്ള കൃതികളിലൊക്കെ ഈ ഗ്രാമത്തിന്റെ ചിത്രങ്ങൾ കാണാം. അതുകൊണ്ടു തന്നെ നാട്ടുകാരി കൂടിയായ എഴുത്തുകാരി സ്‌കൂളിലെത്തിയപ്പോള്‍ കുട്ടികള്‍ ആയിരം ചോദ്യങ്ങള്‍ കൊണ്ട് അവരെ പൊതിഞ്ഞു.

അനിതാ നായരും സ്വന്തം നാട്ടിലെ കുട്ടികളും തമ്മില്‍ നടന്ന വര്‍ത്തമാനത്തിന്റെ പ്രസക്ത ഭാഗമാണ് ചുവടെ:

മാഡത്തിന് പൂതനെയും തിറയെയും പേടിയാണെന്നും രാത്രി പേടി സ്വപ്‌നങ്ങള്‍ കണ്ടിരുന്നെന്നും എ വില്ലേജ് പൂരം എന്ന പാഠത്തില്‍ പറയുന്നുണ്ട്. ഇപ്പോഴും പേടിയുണ്ടോ?

(ചിരി) കുട്ടിക്കാലത്ത് പ്രാഥമിക വിദ്യാഭ്യാസമൊക്കെ കേരളത്തിന് പുറത്തായിരുന്നു. വല്ലപ്പോഴും വരുമ്പോഴാണ് പൂതനെയും തിറയെയുമൊക്കെ കാണുന്നത്. ആ സമയത്ത്, പൂതന്റെയും തിറയുടെയും ചിലമ്പിന്റെയും ചെണ്ടയുടെയും ശബ്ദം കേള്‍ക്കുമ്പോഴേ പേടിയായിരുന്നു. മുതിര്‍ന്നവരുടെ പിന്നില്‍ പോയി ഓടിയൊളിക്കും. പല രാത്രികളില്‍ ധാരാളം പേടിസ്വപ്‌നങ്ങളും കണ്ടിട്ടുണ്ട്. പിന്നെ മുതിര്‍ന്നപ്പോള്‍ ആ പേടിയൊക്കെ മാറി.

നമ്മുടെ നാട്, മുണ്ടക്കോട്ടുകുറിശ്ശി എഴുത്തുജീവിതത്തില്‍ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

മുണ്ടക്കോട്ടുകുറിശ്ശി എന്റെ ജന്മനാടല്ല പക്ഷേ തറവാടൊക്കെ നില്‍ക്കുന്ന പ്രദേശമായതുകൊണ്ട് പ്രത്യേക ബന്ധമുണ്ട്. ലോകത്തെവിടെപോയാലും ഇവിടെ എത്തുമ്പോഴാണ് ഇതാണ് എന്റെ നാട്, ഇവിടെയാണ് എന്റെ ബന്ധുക്കള്‍ എന്ന തോന്നലുണ്ടാകുക. ഞാനിവിടെയല്ല ജനിച്ചുവളര്‍ന്നത് എന്നതുകൊണ്ടുതന്നെ അവധിക്കാലങ്ങളില്‍ വരുമ്പോള്‍ എന്നിക്കിവിടെ കണ്ടതൊക്കെ-പൂതനും തിറയും പൂരവും പാടവും വയലുമൊക്കെ അതിശയങ്ങളായിരുന്നു. കാരണം ഞാനധികവും നഗരങ്ങളിലാണ് വളര്‍ന്നത്. അപ്പൊ ഇവിടത്തെ ഓരോരോ ചെറിയ കാര്യങ്ങളും-പൂക്കളും പക്ഷികളും ആകാശത്തിന്റെ നിറം, പൊന്‍മോത്ത് മലയില്‍ ആദ്യം മഴപെയ്തിട്ട് പിന്നെ മുണ്ടക്കോട്ടുകുറിശ്ശിയില്‍ മഴപെയ്യുന്നത്.

അങ്ങനെ ഓരോന്നും പ്രത്യേക അനുഭവമായിരുന്നു എന്റെ മനസില്‍ സൃഷ്ടിച്ചിരുന്നത്. അപ്പൊ ഞാന്‍ എഴുതാന്‍ തുടങ്ങിയപ്പൊ എനിക്ക് മനസ്സിലായി. ഞാന്‍ ഏറ്റവും അധികം സ്‌നേഹിക്കുന്ന എന്റെ നാടിനെകുറിച്ചാണ് ഞാന്‍ ആദ്യം എഴുതേണ്ടതെന്ന്. അതെന്റെ കവിതകളില്‍ വന്നിട്ടുണ്ട്. കഥകളില്‍ വന്നിട്ടുണ്ട്. ലേഖനങ്ങളില്‍ വന്നിട്ടുണ്ട്. അതിനെ നൊസ്റ്റാള്‍ജിയ എന്ന് പറയാന്‍ പറ്റില്ല. കാരണം വിട്ടുനില്‍ക്കണ സ്ഥലത്തെ കുറിച്ച് ആലോചിക്കുമ്പോഴാണ് നൊസ്റ്റാള്‍ജിയ. ഇവിടെ നില്‍ക്കണ ആളെന്ന നിലയില്‍ തോന്നുന്ന സന്തോഷം അതിനെ കുറിച്ചാണ് ഞാനെഴുതുന്നത്.

മാഡത്തെ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി എന്നാണല്ലോ വിശേഷിപ്പിക്കാറ്. എഴുത്തുകാരി എന്ന് വിശേഷിപ്പിക്കുന്നതല്ലേ കൂടുതല്‍ ഭംഗി

എനിക്കങ്ങനെതന്നെയാണ് (എഴുത്തുകാരി എന്ന്) വിശേഷിപ്പിക്കേണ്ടത്. ലേബലൊക്കെ സാഹിത്യവേദികളില്‍ ഓരോ ആളുകള്‍ വലിച്ചുണ്ടാക്കുന്നതാണ്. ശരിക്കുപറഞ്ഞാല്‍ പെണ്ണെഴുത്ത് ആണെഴുത്ത് എന്നൊന്നുമില്ല. എഴുത്തുമാത്രമേ ഉള്ളൂ. പാട്ടില്‍ പെണ്‍പാട്ട് ആണ്‍പാട്ട് എന്നൊന്നുമില്ലല്ലോ. അതേപോലെത്തന്നെയാണ് എഴുത്തിലും ഒരു ലേബല്‍ വക്കേണ്ട ആവശ്യമൊന്നുമില്ല.

മനുഷ്യന്റെ മനസ്സ് ഒരു വല്ലാത്ത സംഭവമാണ്. എന്തുകിട്ടിയാലും ഒരു ലേബലൊട്ടിക്കണം. അങ്ങനെ വന്ന ലേബലാണ് ഇന്ത്യയില്‍ ഇംഗ്ലീഷിലെഴുതുന്ന എഴുത്തുകാര്‍ എന്നത്. കുട്ടി പറഞ്ഞപോലെ എനിക്കൊരു ലേബലിലും താല്പര്യമില്ല.

എ വില്ലേജ് പൂരം എന്ന പാഠത്തില്‍ clouds of dust with swirling fete', eerie silence, pagan rhythm എന്നൊക്കെയുള്ള വാക്കുകളും വാചകങ്ങളും കണ്ടു. ഡിക്ഷണറി തിരഞ്ഞാലൊന്നും ഇതിന്റെ ശരിക്കുള്ള അര്‍ത്ഥം കിട്ടുകയില്ല. ടീച്ചറ് പറഞ്ഞു ആലങ്കാരിക ഭാഷയാണെന്ന്. മാഡം പരസ്യ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്നുവെന്നും പറഞ്ഞു. ആ അനുഭവങ്ങളും പരിചയവും creative writing നെ സഹായിച്ചിട്ടുണ്ടോ?

തീര്‍ച്ചയായും. അധികമായി വരുന്ന ഓരോ വാക്കുകള്‍ക്കും പണം ചെലവാകുമെന്ന് വന്നാല്‍ നമ്മള്‍ ഏറ്റവും കുറഞ്ഞ വാക്കുകളില്‍ ആശയം എക്‌സ്പ്രസ് ചെയ്യില്ലേ. അതുപോലെ പുതുമയും നിര്‍ബന്ധമാണ്. അച്ചടക്കത്തോടെ എഴുതാന്‍ ഈ ജോലി ഉറപ്പായും സഹായിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടു വര്‍ഷങ്ങള്‍ ഓഫീസ് കഴിഞ്ഞ് രാത്രിയിലായിരുന്നു എന്റെ എഴുത്തു ജീവിതം. സമയനിഷ്ഠ, ചുരുക്കെഴുത്ത് ഇതൊക്കെ, അഡ്വര്‍ടൈസ്‌മെന്റ് രംഗത്തെ പരിചയത്തിലൂടെ ലഭിച്ചിട്ടുണ്ട്.


കുട്ടികള്‍ക്കുള്ള കൂടുതല്‍ പുസ്തകങ്ങള്‍ പ്രതീക്ഷിക്കാമോ?

ഞാന്‍ ആറു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് കുട്ടികള്‍ക്കായി. കുട്ടികള്‍ക്കുള്ള രണ്ട് പുതിയ പുസ്തകങ്ങളുടെ പണിപ്പുരയിലാണ്. എനിക്കിഷ്ടമാണ് കുട്ടികള്‍ക്ക് വേണ്ടി എഴുതാന്‍.

ഇപ്പൊ കേരളത്തിലൊക്കെ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളൊക്കെ കൂടുതലാണല്ലോ. ഞങ്ങള്‍ എവിടെയെങ്കിലും പോകാനിറങ്ങിയാല്‍ അമ്മയും മുത്തശ്ശിയുമൊക്കെ പറയും കാലം നന്നല്ല, പോണ്ടാന്ന് ശരിക്കും കാലത്തിനാണോ ആളുകളുടെ മനോഭാവത്തിനാണോ പ്രശ്‌നം?

ഹ.ഹ ഇത്രയും പ്രായമായിട്ടും ലോകം മുഴുവന്‍ ഒറ്റക്ക് സഞ്ചരിച്ചിട്ടും ഇപ്പോഴും എന്നോടും പറയും അമ്മയൊക്കെ. ഒറ്റക്കാണോ പോണേ, ആരേലും കൂട്ടിപ്പൊയ്ക്കുടേന്ന്. കാലമല്ല ആളുകളുടെ മനോഭാവം തന്നെയാണ് പ്രശ്‌നം. നിങ്ങള് കരുത്തരാവുക എന്നത് തന്നെയാണ് പ്രധാനം. എനിക്ക് പോകാനും എന്തെങ്കിലും പ്രശ്‌നം വന്നാല്‍ നേരിടാനുമുള്ള കരുത്തുണ്ടെന്ന് അച്ചനമ്മമാരെ ബോധ്യപ്പെടുത്തുക.

ബെറ്റര്‍മാനിലെ കൈക്കുറിശ്ശി എന്ന ഗ്രാമം യഥാര്‍ത്ഥത്തില്‍ മുണ്ടക്കോട്ടുകുറിശ്ശി ആണല്ലോ.

ഞാനാദ്യം പറഞ്ഞില്ലേ. എഴുതിത്തുടങ്ങുമ്പോ, ഈ നാട്ടില്‍ ഞാന്‍ കണ്ട പുതിയ അനുഭവങ്ങളായിരുന്നു എന്റെ ആശയങ്ങളുടെ അടിത്തറ. ഈ നാടിനോടുള്ള സ്‌നേഹത്തില്‍ നിന്നാണ്, ഇവിടെ നിന്ന് കിട്ടുന്ന അനുഭവങ്ങളുടെ കരുത്തിലാണ് അതൊക്കെ എഴുതുന്നത്.

സ്ത്രീ പുരുഷ സമത്വമൊക്കെ വലിയ ചർച്ചയാണല്ലോ. പ്രത്യേകിച്ച് ശബരിമല വിഷയത്തിലൊക്കെ. എന്താണ് മാഡത്തിന്റെ നിലപാട്.

ഈ നൂറ്റാണ്ടിലും സ്ത്രീകളുടെ അവകാശങ്ങൾ ചർച്ച മാത്രം ചെയ്യപ്പെടുന്ന സമൂഹം ആണ് നമ്മുടേതെന്നത് ഒട്ടും സന്തോഷം തരുന്ന കാര്യമല്ല. ശബരിമല വിഷയത്തിൽ എന്റെ നിലപാട് വേറെയാണ്. ഞാനൊരു നിരീശ്വര വാദിയൊന്നുമല്ല. എനിക്ക് തോന്നിയത്, ഒരാൾ ഒന്നും വേണ്ട എന്നു വച്ച് നിത്യബ്രഹ്മചാരി ന്നും പറഞ്ഞ് ദൂരെ ഒരിടത്ത് കാട്ടിൽ പോയിരുന്നാൽ എന്തിനാ പിന്നെ എല്ലാരും ശല്യം ചെയ്യാൻ പോണേ. ലക്ഷക്കണക്കിന് ആളുകളല്ലേ അവിടെ പോണത്. എന്റെ അഭിപ്രായത്തിൽ ശബരിമല മൃഗങ്ങൾക്ക് വിട്ടുകൊടുക്കണം. ആളുകൾക്ക് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രാർത്ഥിക്കാൻ വേറെ എത്രയോ അയ്യപ്പ ക്ഷേത്രങ്ങളുണ്ട്.

ദി ബെറ്റർമാൻ, കൂ കൂ തീവണ്ടി തുടങ്ങിയ കൃതികളിലൊക്കെ മുണ്ടക്കോട്ടുകുറിശ്ശിയിലെ അനുഭവങ്ങളാണല്ലോ ചിത്രീകരിച്ചിരിക്കുന്നത്. ഏങ്ങിനെയാണ് അതിലേക്ക് വന്നത്?

ഞാൻ നേരത്തെ പറഞ്ഞതു പോലെ ഇവിടുത്തെ കാര്യങ്ങൾ എഴുതുമ്പോഴാണ് ഞാൻ ഏറ്റവും സന്തോഷവതിയാകുന്നത്. ഇവിടത്തെ അനുഭവങ്ങൾ എന്നെ അത്രമാത്രം സ്വാധീനിക്കുന്നുണ്ട്. അതെന്റെ എഴുത്തിലും വരും. കൃഷി അടക്കം ഞാൻ ഓരോ കാര്യങ്ങളും നന്നായി മനസ്സിലാക്കിയിട്ടാണ് എഴുതുന്നത്. നിരീക്ഷണങ്ങളുടേയും ഭാവനയുടേയും മിശ്രിതം.


കേരളം ഒരു പുരോഗമന സംസ്ഥാനമാണെന്നാണല്ലോ പറയാറ്. ഇപ്പൊ മാഡത്തിന് അത് ശരിയാണെന്ന് തോന്നുന്നുണ്ടോ?

ഇല്ല, തോന്നുന്നില്ല. നൂറ്റാണ്ടുകൾ മുൻപത്തെ ആചാരം നിലനിർത്താൻ വേണ്ടി ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ പുരോഗമനമാണ് നേടിയതെന്നു തോന്നുന്നില്ല. നൂറു ശതമാനം പുരോഗമനമെന്നൊക്കെ നമ്മൾ പറയും. എവിടെയാണ് ഈ പുരോഗമെന്നൊക്കെ ഇപ്പൊ നമുക്ക് മനസ്സിലാവുന്നുണ്ട്. ശബരിമലയിൽ കയറിയ കനകദുർഗ്ഗയെ അമ്മായി അമ്മ തലക്കടിച്ചു എന്നു കണ്ടു. അഭിപ്രായ വ്യത്യാസങ്ങൾക്ക് വയലൻസാണോ മറുപടി? വ്യത്യസ്ത നിലപാടുകളെ അടിച്ചമർത്തുകയാണോ വേണ്ടത്? ഇങ്ങനയുള്ള നിലപാടുകാർ അധികരിക്കുമ്പോൾ ആ സ്‌റ്റേറ്റ് പ്രോഗ്രസീവ് ആണെന്നു പറയാമോ എന്നത് എന്റെ ഉള്ളിൽ കുറേ കാലമായുള്ള തോന്നലാണ്. വളരെയധികം വേദനയുണ്ടാക്കുന്ന കാര്യമാണ്.

പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളൊക്കെ കൂടുതലാണല്ലോ. ഞങ്ങളെങ്ങോട്ടെങ്കിലും പോകാനിറങ്ങിയാൽ അമ്മേം മുത്തശ്ശീമൊക്കെ പറയും കുട്ടീ പോകണ്ട കാലം നന്നല്ലാന്ന്. ശരിക്കും കാലത്തിനാണോ കൊഴപ്പം? ആളുകളുടെ മനോഭാവമാണോ മാറേണ്ടത്?

നിങ്ങളോട് മാത്രമല്ല ഇത്രയും പ്രായമായിട്ടും ലോകം മുഴുവൻ യാത്രചെയ്തിട്ടും എന്റെ അമ്മ എന്നോട് പറയണ കാര്യമാണ്. എയർപോർട്ടിൽ വന്നിറങ്ങിയാല്‍ ഒറ്റയ്ക്കു ടാക്‌സിയിൽ വരാൻ പാടില്ലാ, പരിചയമുള്ള ആരുടെയെങ്കിലും കൂടെയേ വരാവൂന്ന് എന്ന് പറയും. നാടല്ല ആൾക്കാരാണ് ശരിയാവേണ്ടത്. കേരളത്തിന് പുറത്ത് ജീവിക്കുന്ന ആളെന്ന നിലയിൽ, കേരളത്തിൽ സ്ത്രീകളുടെ അവസ്ഥ മികച്ചതാണെന്നായിരുന്നു ആദ്യം എന്റെ തോന്നൽ. ഡിഗ്രിക്ക് പഠിക്കാനെത്തിയപ്പോഴാണ് അതും ശരിയല്ല എന്ന് മനസ്സിലായത്. മരുമക്കത്തായം സ്ത്രീകൾക്ക് അധികാരം നൽകിയെന്നൊക്കെ പറയുന്നതു വെറുതെയാണ്.

സ്ത്രീശാക്തീകരണം യഥാർത്ഥത്തിൽ ഓരോ സ്ത്രീയുടെയും ഉള്ളിൽ നിന്ന് സംഭവിക്കുന്നതാണ്. നമ്മൾക്കതിന് കഴിവുണ്ടെന്ന് ഓരോ സ്ത്രീയും തെളിയിക്കണം. എത്രത്തോളം സ്ത്രീകൾ ഭയക്കുന്നുവോ, ആക്രമിക്കാൻ തോന്നലുള്ളവർക്ക് എളുപ്പമാകും. അപ്പൊ ആദ്യം വേണ്ടത് ഭയം മനസ്സിൽ നിന്ന് കളയലാണ്. വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തുക. ഞാൻ ലോകത്തിൽ എവിടെയൊക്കെയോ പോയി വന്നിട്ടുണ്ട്.

എനിക്ക് ഇതുവരെ മോശം അനുഭവങ്ങളുണ്ടായിട്ടില്ല. കാരണം ഭയം മനസ്സിൽ തോന്നിയാൽപോലും ഞാനത് കാണിക്കില്ല. പിന്നെ കുറച്ച് കരുതൽ വേണം. സ്വന്തം കരുത്തിൽ വിശ്വസിക്കണം എന്നതാണ് എനിക്ക് നിങ്ങളോടുള്ള ഉപദേശം.

ചെമ്മീൻ വിവർത്തനം ചെയ്യുമ്പോൾ ബുദ്ധിമുട്ടുണ്ടായോ? എന്തുകൊണ്ടായാലും കൂടുതൽ വിവർത്തനങ്ങൾ ഉണ്ടാകാത്തത്?

നളചരിതം വായിച്ച് ആകൃഷ്ടയായി, അത് പരിഭാഷപ്പെടുത്താനുള്ള ആഗ്രഹത്തിൽ നിന്ന്, അതിലേക്കുള്ള ആദ്യപടി എന്ന നിലയിലാണ്, ചെമ്മീന്റെ വിവർത്തനത്തിലേക്ക് എത്തുന്നത്. പ്രാദേശികമായ ഭാഷാ വ്യത്യാസങ്ങൾ, ആലപ്പുഴയിലെ ഭാഷയൊക്കെ കൊണ്ടുവരുന്നത് പ്രയാസമായിരുന്നു. സ്വന്തം പുസ്തകം എഴുതുന്നതിനേക്കാൾ കൂടുതൽ സമയം അതിനെടുക്കുന്നത് കൊണ്ടാണ് പരിഭാഷകളിലേക്ക് കടക്കാത്തത്.

Read More >>