ഒരു തെരുവുപാട്ടിന്റെ കഥ

മിഠായി മധുരമുള്ള കോഴിക്കോടിന്റെ തെരുവുകളില്‍ പാട്ട് പാടി ജീവിക്കുന്ന തെരുവുഗായകനാണു ബാബു ഭായ്. കോഴിക്കോടിന്റെ തെരുവുകളില്‍ കുടുംബസമേതം പാട്ടുകള്‍ പാടുമ്പോള്‍ ആളുകള്‍ കൊടുക്കുന്ന ചെറിയ സമ്മാനത്തുക കൊണ്ടാണു ഇവരുടെ ജീവിതം. ഈ മാസം 6 നു കോഴിക്കോട്ടെ പോലീസുകാര്‍ ഇത് തടഞ്ഞു. തത്സമയം ദിനപത്രം ഏഴാം തിയതിയാണു ഇത് സംബന്ധിച്ച വാര്‍ത്ത കൊടുത്തത്. ഇന്ന് സെപ്തംബര്‍ 13 വൈകുന്നേരം ഒരു കൂട്ടം മനുഷ്യര്‍, പ്രത്യേകിച്ച് യുവാക്കള്‍ തെരുവില്‍ ബാബുഭായ്ക്കും കുടുംബത്തിനുമൊപ്പം പാടി. തെരുവിന്റെ കഥയെഴുതിയ എസ് കെ പൊറ്റക്കാടിന്റെ സ്മാരകത്തിനു താഴെ കൂടിയിരുന്നായിരുന്നു തെരുവിന്റെ സംഘഗാനം. വരൂ ഈ തെരുവിലെ പാട്ട് കേള്‍ക്കൂ- ഒരു തെരുവ് പാട്ടിന്റെ കഥ

ഒരു തെരുവുപാട്ടിന്റെ കഥ

വരൂ, ഈ തെരുവിലെ പാട്ടുകേള്‍ക്കൂ

കോഴിക്കോട് : കാല്‍നൂറ്റാണ്ടായി കോഴിക്കോടിന്റെ തെരുവീഥികളില്‍ ബാബു ഭായിയുടെ സംഗീതമുണ്ട്. കുടുബത്തിനൊപ്പമാണു പാട്ടുകള്‍ പാടുക. കേട്ട് ഇഷ്ടപ്പെടുന്നവരും കൂടെ പാടുന്നവരും ഒടുവില്‍ സമ്മാനമായി ചെറുതുകകള്‍ നല്‍കും. ഇത് കൊണ്ടാണു ഒരു കൊച്ചുകുടുംബത്തിന്റെ ജീവിതം. എന്നാല്‍ ഈ മാസം 6 നു തെരുവിലെ ഈ പാട്ടിനു കോഴിക്കോട്ടെ പോലീസ് വിലക്കേര്‍പ്പെടുത്തി. തത്സമയത്തിലെ ഫൊട്ടോഗ്രാഫറായ വിശ്വജിത്ത് പി കെയാണു ഇതിന്റെ ചിത്രം പകര്‍ത്തിയത്. ഈ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണു തത്സമയത്തിലെ റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഇര്‍ഷാദ് പിറ്റേന്ന് ഈ വാര്‍ത്ത ചിത്രസഹിതം നല്‍കിയത്. തത്സമയം അത് ഏഴാം തിയതി ഒന്നാം പേജില്‍ നല്‍കുകയും ചെയ്തു.തെരുവിലല്ലെങ്കില്‍ പിന്നെ എവിടെയാണ് തമ്പ്രാ പാടുക എന്നതായിരുന്നു അതിന്റെ തലക്കെട്ട് .

'പിന്നെ എവിടെയാണു തമ്പ്രാ പാടുക' പടം: വിശ്വജിത്ത് പികെ

തെരുവിലല്ലെങ്കില്‍ പിന്നെ എവിടെയാണ് തമ്പ്രാ പാടുക ? തെരുവിന്റെ ഓരങ്ങളില്‍ ജീവിച്ചു പോയവരുടെ കഥ പറഞ്ഞ എസ്.കെ പൊറ്റക്കാടിന്റെ ഒരു പ്രതിമയുണ്ട് മിഠായിതെരുവ് തുടങ്ങുന്ന കിഡ്സണ്‍ കോര്‍ണറില്‍. ആ പ്രതിമയുടെ അരികിലിരുന്ന് തബല കൊട്ടി പാട്ടുപാടുകയായരുന്നു ബാബു ശങ്കരന്‍ എന്ന തെരുവുഗായകന്‍. കൂടെ ഹാര്‍മോണിയവുമായി ഭാര്യ ലതയുമുണ്ട്. പാട്ടില്‍ മുഴുകി ചുറ്റിലും കുറച്ചു പേര്‍. പത്തിന്റെയും ഇരുപതിന്റെയും നോട്ടുകള്‍ ഇയാളുടെ ടവ്വലിലേക്ക് എത്തിത്തുടങ്ങി. ഈ സമയത്താണ് രസംകൊല്ലിയായി ഒരു പൊലീസുകാരന്‍ വരുന്നത്. പാട്ടുപാടുകയായിരുന്ന ബാബുവിന്റെ അടുത്തെത്തിയ ഇയാള്‍ പാട്ടുനിര്‍ത്തി പെട്ടിയെടുത്ത് സ്ഥലംവിടാന്‍ ആവശ്യപ്പെടുന്നു. ഈ തെരുവില്‍ സംഗീതം വേണ്ടെന്നാണ് പൊലീസ് ഭാഷ്യം. കേണപേക്ഷിച്ചിട്ടും പൊലീസുകാരന്‍ പാട്ടുതുടരാന്‍ സമ്മതിച്ചില്ല. ബാബുവിന് വേണ്ടി വക്കാലത്തുമായി ആളുകള്‍ കൂടിയെങ്കിലും പൊലീസ് അയഞ്ഞില്ല. അവസാനം കണ്ണീരുമായി ബാബുവും ലതയും കിട്ടിയ പണം പെറുക്കി ഹാര്‍മോണിയവും തബലയും ചുമലിലേറ്റി നടന്നുനീങ്ങി. മുഹമ്മദ് ഇര്‍ഷാദ് എഴുതിയ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഇവിടെ


ബാബു പാടട്ടെ,പ്രശ്നമില്ലെന്ന് കളക്ടര്‍ സെപ്തംബര്‍ 8 നു പുറത്തിറങ്ങിയ തത്സമയത്തില്‍ ഇങ്ങനെ ഒരു വാര്‍ത്ത ഉണ്ടായിരുന്നു. ഇതായിരുന്നു അതിന്റെ ഉള്ളടക്കം .'മിഠായിതെരുവില്‍ പാട്ടുപാടി ഉപജീവനം നടത്തുകയായിരുന്ന ബാബുവിന് തെരുവില്‍ പാട്ടുപാടുന്നതിന് തടസ്സമില്ലെന്ന് ജില്ലാ കളക്ടര്‍ യു.വി ജോസ്. കോഴിക്കോടിന്റെ തെരുവുഗായകനായ ബാബു കഴിഞ്ഞ ദിവസം മിഠായിതെരുവില്‍ പാട്ടുപാടുന്നതിനിടെ പൊലീസ് പാട്ടുനിര്‍ത്തിച്ച് പറഞ്ഞയച്ചത് തല്‍സമയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കുയായിരുന്നു കളക്ടര്‍'.

ഈ തെരുവ് നമ്മളുടേത് കൂടിയാണു തല്‍സമയം വാര്‍ത്തയെതുടര്‍ന്ന് നിരവധി പേരാണ് ബാബുവിനും കുടുംബത്തിനും വേണ്ടി രംഗത്തുവന്നത്. സാമൂഹിക മാദ്ധ്യമങ്ങളിലും നിരവധി പേര്‍ വിഷയമേറ്റെടുത്തിരുന്നു. ബാബുവിന് വേണ്ടി സഫ്ദര്‍ ഹശ്മി നാട്യ സംഘം ഇന്നുമൂന്നു മണിക്ക് മിഠായിതെരുവിലെ കിഡ്സണ്‍ കോര്‍ണറില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. നൂറുകണക്കിനു യുവജനങ്ങളാണു ബാബുവിന്റെ പാട്ടിനു കൂട്ടായെത്തിയത്. ബാബുവിന്റെ ഭാര്യ ലതയും എല്ലാവരുടെയും കൂടെ പാടി

സ്വാതന്ത്ര്യസമരസേനാനി തായാട്ട് ബാലന്റെ പ്രസംഗം പാട്ടുകൂട്ടത്തിനു ഉണര്‍വ്വേകി. പൊതു ഇടങ്ങളില്‍ അധികാരത്തിന്റെ ഇടപെടല്‍ സൂക്ഷ്മതയോടെയുള്ളതാവണമെന്ന് തായാട്ട് ബാലന്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഇനിയുള്ള കാലം നമ്മള്‍ പാടാതിരുന്നാല്‍ നാടിന്റെ നട്ടെല്ലു പൊട്ടി നമ്മളുചാവും എന്ന പാട്ട് പാടിയാണു കുഞ്ഞന്‍ എന്ന പാട്ടുകാരന്‍ പ്രതിഷേധത്തിന്റെ ഭാഗമായത്

.

വരൂ ഈ ചുമരുകളിലെ ചിത്രങ്ങള്‍ കാണൂ. മേഖലയിലെ ചിത്രകാരന്മാരും പാട്ടിനൊപ്പം വരകള്‍ തീര്‍ത്തു.ബാബുരാജിന്റെ സംഗീതമുള്ള കോഴിക്കോടാണു വരകളില്‍ നിറഞ്ഞത്

വരൂ ഈ തെരുവിലെ പാട്ട് കേള്‍ക്കൂ- ഒരു തെരുവ് പാട്ടിന്റെ കഥ. തെരുവിന്റെ പാട്ടുകാരനും കുടുബത്തിനും വേണ്ടി, യുവാക്കള്‍ ഉള്‍പ്പടെയുള്ള വന്‍ജനാവലി എസ് കെ പൊറ്റക്കാട്ടിന്റെ മിഠായിതെരുവിലെ സ്മാരകത്തിനു ചുറ്റുമിരുന്നു പാട്ടുകള്‍ പാടി. തെരുവിന്റെ സംഗീതത്തിനു മനുഷ്യന്റെ മനസ്സുകളുടെ മതില്‍ക്കെട്ടുകള്‍ പൊളിക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ട നിമിഷങ്ങളായിരുന്നു ഇത്. കോഴിക്കോട്ടെ ഈ തെരുവുകളിലേക്ക് വരൂ. ഈ പാട്ടുകള്‍ കേള്‍ക്കൂ

Read More >>