ജോസഫിലെ പാട്ടുകാരന്‍

അടിമുടി ഒരു ജോജു ജോര്‍ജ്ജ് ചിത്രമാണു പുറത്തിറങ്ങാനിരിക്കുന്ന 'ജോസഫ്' . ജോസഫായി വേഷമിടുന്നത് ജോജു ജോര്‍ജ്ജാണു. സിനിമ നിര്‍മ്മിക്കുന്നതും അദ്ദേഹം തന്നെ. ഇപ്പോഴിതാ , ചിത്രത്തില്‍ ജോജു പാടിയ പാടവരമ്പത്തിലൂടെ എന്ന പാട്ടും ഹിറ്റായിരിക്കുന്നു. താളവാദ്യത്തില്‍ പത്മശ്രീ നേടിയ കുഴൂര്‍ നാരായണ മാരാരുടെയും , നാടന്‍ പാട്ടില്‍ അന്തര്‍ദേശീയ ശ്രദ്ധ നേടിയ കരിന്തലക്കൂട്ടത്തിന്റെയും ജന്മനാട്ടില്‍ നിന്നാണു ജോജുവിന്റെയും വരവ്

ജോസഫിലെ പാട്ടുകാരന്‍

കുഴൂര്‍ : ചെണ്ടപ്പുറത്ത് കോലു വയ്ക്കുന്നിടത്തൊക്കെ ആടിയും പാടിയും നടന്ന ഒരു ചെറുപ്പം ജോജു ജോര്‍ജ്ജ് എന്ന നടനുണ്ട്. അതിനാല്‍ തന്നെ അദ്ദേഹം നായകവേഷത്തില്‍, നായക കഥാപാത്രത്തിന്റെ പേരില്‍ തന്നെ ജോസഫ് എന്ന ചിത്രത്തില്‍ പാടി എന്നും ആ പാട്ട് ഹിറ്റായി എന്ന് കേള്‍ക്കുമ്പോഴും ജോജുവിനെ അടുത്തറിയുന്നവര്‍ അത്ഭുതപ്പെടില്ല. പ്രത്യേകിച്ച് അത് നാടന്‍ പാട്ടിന്റെ ശീലിലുള്ളതാവുമ്പോള്‍. ജോജു ജോര്‍ജ്ജ് , ജോസഫില്‍ പാടിയ പാട്ട് കേട്ടിട്ട് ബാക്കി പറയാം.

ജോജു ജോര്‍ജ്ജ് എന്ന നടന്റെ ശരിക്കും ചെറുപ്പകാലവും , കളിച്ച് വളര്‍ന്ന കുഴൂര്‍ എന്ന ഗ്രാമവും നന്നായി കടന്നു വരുന്ന വരികളും ദ്യശ്യങ്ങളുമാണു ചിത്രത്തിലെ പാട്ടിലുള്ളത്. ഭാഗ്യരാജ് എന്ന പാലക്കാട് പറളി സ്വദേശിയാണു പാട്ടിന്റെ വരികളും സംഗീതവും ചെയ്തിരിക്കുന്നത്. പാട്ടിന്റെ ആദ്യഭാഗം പാടിയിരിക്കുന്നത് ബെന്‍ഡിക്ട് ഷൈനാണ്

ഭാഗ്യരാജ് എന്ന ഈ പാട്ടെഴുത്തുകാരനു അവസരം കൊടുത്തത് ജോജുവാണെന്ന സാക്ഷ്യം അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിലുണ്ട്. സംഭവം സത്യമായിട്ടാ എന്നാണു , പാട്ട് പുറത്ത് വന്നതിനെക്കുറിച്ച് ഭാഗ്യരാജ് എഴുതിയിരിക്കുന്നത്.


വീണ്ടും ജോസഫിലെ പാട്ടുകാരനിലേക്ക്. ജോജു ജോര്‍ജ്ജിന്റെ ജന്മദേശം കുഴൂരാണു. കുഴൂരിനെക്കുറിച്ച് വിക്കിപ്പീഡിയ നല്‍കുന്ന ആമുഖമിതാണു. കേരളത്തിൽ തൃശൂർ ജില്ലയുടെ മാള ബ്ലോക്ക് പഞ്ചായത്തിലെ കുഴൂർ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കുഴൂർ. തൃശ്ശൂർ നഗരത്തിൽ നീന്നും ഏകദേശം 40 കി. മി. ദൂരത്തിലും എറണാകുളം നഗരത്തിൽ നിന്ന് ഏകദേശം 25 കീ. മി ദൂരത്തിലുമായാണ് കുഴൂർ സ്ഥിതി ചെയ്യുന്നത്. ഭാരത സർക്കാർ പത്മഭൂഷൺ നൽകി ആദരിച്ച പഞ്ചവാദ്യകുലപതി കുഴൂർ നാരായണ മാരാർ ജനിച്ചതും വളർന്നതും ഈ ഗ്രാമത്തിലാണു. കേരളത്തിൽ നിന്ന് അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച കരിന്തലക്കൂട്ടം എന്ന മ്യൂസിക് ബാൻഡ് പിറവിയെടുത്തത് ഈ ഗ്രാമത്തിൽ നിന്നാണു.

പല പല തൊഴിലുകള്‍ക്കായി നാട് വിടും വരെ ജോജു ജോര്‍ജ്ജ് എന്ന ചെറുപ്പക്കാ‍രന്റെ ബാല്യവും കൌമാരവുമൊക്കെ നിറഞ്ഞത് കുഴൂരും പരിസര പ്രദേശങ്ങളിലുമാണു. കുഴൂരമ്പലത്തിലെ ഉത്സവത്തിനും ഷഷ്ഠിക്കും , പൂയ്യത്തിനുമൊക്കെ , താളത്തിലലിഞ്ഞ് നില്‍ക്കുന്ന ഒരു ജോജുവിനെ കാണാത്തവര്‍ ആ നാട്ടില്‍ കുറവായിരിക്കും. ഇപ്പോഴും സമയം കിട്ടിയാല്‍ , തെക്കന്‍ താണിശ്ശേരി അമ്പ് പെരുന്നാളിനും , ഉത്സവങ്ങള്‍ക്കും ഓടിയെത്തുന്ന ഒരാള്‍ ജോജുവില്‍ ഇപ്പോഴുമുണ്ട്.

താളങ്ങളുടെയും നാടന്‍ പാട്ടുകളുടെയും ജന്മനാട്ടില്‍ നിന്ന് കൂടിയാണു ഈ നടന്റെ വരവ്. ആ നടനത്തില്‍ താളബോധം വന്നതില്‍ , തീര്‍ത്തും അത്ഭുതപ്പെടാനില്ല എന്ന് തന്നെയാണു പറഞ്ഞ് വന്നത്.

നവംബര്‍ 16 നാണു, എം .പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ജോസഫ് പുറത്തിറങ്ങുന്നത്. ജോസഫ് എന്ന ടൈറ്റില്‍ കഥാപാത്രമായി ജോജു ജോര്‍ജ്ജ് വരുമ്പോള്‍ അതൊരു ഉത്സവമാക്കി മാറ്റുകയാണു, ജോജുവിന്റെ നാട്ടിലെ കൂട്ടുകാര്‍.


Read More >>