മകളാണു നായിക

കനി ഉള്‍പ്പടെയുള്ള അഭിനേത്രികളെ സിനിമയിലെ നായികമാരായി പരിഗണിച്ചെങ്കിലും, കാലക്രമേണ ആ തിരച്ചില്‍ മകളിലേക്ക് എത്തുകയായിരുന്നു. 10 വര്‍ഷം മുന്‍പാണു സുധാ രാധിക ഈ സിനിമയുടെ പണികള്‍ തുടങ്ങുന്നത്. വ്യക്തിപരമായ അലച്ചിലുകളും, അമ്മയുടെ മരണവും സിനിമയുടെ ജോലികള്‍ വൈകിച്ചു.

മകളാണു നായിക

മസ്ക്കറ്റ് : സിനിമാ പ്രവര്‍ത്തകയും പ്രവാസി മലയാളിയുമായ സുധാ രാധിക കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യചിത്രമായ പക്ഷികള്‍ക്ക് പറയാനുള്ളത് വൈകാതെ കാണികളിലെത്തും. സംവിധായികയുടെ 13 വയസ്സുകാരിയായ മകള്‍ നിലാഞ്ജനയാണു സിനിമയിലെ നായിക. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്ന് വരികയാണെന്ന് സുധ തത്സമയത്തോട് പറഞ്ഞു. മസ്ക്കറ്റിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്ക്കൂളില്‍ എട്ടാം തരം വിദ്യാര്‍ത്ഥിനിയാണു നിലാഞ്ജന .

കനി ഉള്‍പ്പടെയുള്ള അഭിനേത്രികളെ സിനിമയിലെ നായികമാരായി പരിഗണിച്ചെങ്കിലും, കാലക്രമേണ ആ തിരച്ചില്‍ മകളിലേക്ക് എത്തുകയായിരുന്നു. 10 വര്‍ഷം മുന്‍പാണു സുധാ രാധിക ഈ സിനിമയുടെ പണികള്‍ തുടങ്ങുന്നത്. വ്യക്തിപരമായ അലച്ചിലുകളും, അമ്മയുടെ മരണവും സിനിമയുടെ ജോലികള്‍ വൈകിച്ചു. അതെക്കുറിച്ച് സംവിധായികയുടെ സ്വന്തം വാക്കുകള്‍ ഇങ്ങനെ " ഞാൻ ഈ ഫിലിം പല കാലഘട്ടത്തിൽ ആയി പ്ലാൻ ചെയ്തിരുന്നു. 10 കൊല്ലത്തിനിടയിൽ. കനി മുതൽ പലരും . ഒടുവിൽ എല്ലാം ആയപ്പോൾ ഒരുപാടു കുട്ടികൾ അഭിനയിക്കാൻ വന്നെങ്കിലും മലയാളിത്തമുള്ള മുഖങ്ങൾ ഇല്ലായിരുന്നു. പലർക്കും ചൈല്‍ഡ് അബ്യൂസ്‌ എന്നു കേട്ടപ്പോൾ പ്രശ്നം. ഒടുവിൽ നിലാഞ്ജന ഒരു ഓപ്ഷൻ ആയി എടുത്തതാണു . എന്നാൽ ആക്റ്റ്‌ ലാബിലെ ആദ്യ മിനിറ്റ്‌ പെർഫോമൻസിൽ എന്നെ അവൾ വിസ്മയിപ്പിച്ചു. ബാക്കി നിങ്ങൾ സിനിമ കണ്ടിട്ട് പറയുക . "

കവി ഗിരീഷ് പുത്തന്‍ ചേരി നേരത്തേ എഴുതിയ ഗാനം ചിത്രത്തിലുണ്ട്. ഷഹബാസ് അമന്‍, ബാലമുരളി എന്നിവരാണു സംഗീതം. മുഹമ്മദ് എ യാണു ക്യാമറ. ശബ്ദമിശ്രണം അരുണ്‍ വര്‍മ്മ. ജിനു ശോഭയാണു എഡിറ്റര്‍ . സുധാ രാധിക എഴുതിയ ഒരു ഗാനവും പക്ഷികള്‍ക്ക് പറയാനുള്ളതില്‍ ഉണ്ട് .

ശക്തമായ ആഗ്രഹങ്ങള്‍ക്ക് ലോകം മുഴുവന്‍ കൂട്ടു നില്‍ക്കുന്ന മാജിക് അല്‍ക്കെമിസ്റ്റ് എന്ന നോവല്‍ അവതരിപ്പിക്കുന്നു എങ്കില്‍, അതിനു നേരേ എതിരാണു പക്ഷികള്‍ക്ക് പറയാനുള്ളത് എന്ന സിനിമയിലെ പ്രമേയമെന്ന് സംവിധായിക പറഞ്ഞു. ലോകം മുഴുവന്‍ എതിരു നില്‍ക്കുന്ന ജീവിതമാണു സിനിമയെ നയിക്കുന്നത് .

തൃശ്ശൂര്‍ സ്വദേശിനിയായ സുധ കോളേജ് പഠനകാലത്ത് പവിത്രന്‍, ചിന്ത രവി തുടങ്ങിയ പ്രതിഭകളുടെ കൂടെ സിനിമാ- ഡ്യോക്യുമെന്ററി ചിത്രീകരണങ്ങളില്‍ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് . . ലണ്ടനിലെ സ്റ്റോറി മെയ്ക്കേഴ്സില്‍ നിന്ന് തിരക്കഥാ രചനയില്‍ പരിശീലനം നേടിയ സുധാ രാധിക മസ്ക്കറ്റ് ഫിലിം സൊസൈറ്റിയുടെ സജീവ പ്രവര്‍ത്തകയാണു. അറബ് മേഖലയിലെ സംവിധായകന്‍ ഡോ. ഖാലിദിന്റെ സിനിമാപ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു . ബിസിനസ്സുകാരനായ ഷായാണു സുധയുടെ ഭര്‍ത്താവ് .Read More >>