ഒരു വിവാഹമോചനത്തിന്റെ നഷ്ടം 7000 കോടി ഡോളര്‍

വിവാഹമോചനത്തിലൂടെ ബെസോസ് ഭാര്യയ്ക്ക് നല്‍കേണ്ടത് സ്വന്തം സ്വത്തിന്റെ പാതിയാണ്. ഏകദേശം ഏഴായിരം കോടി ഡോളര്‍. വിവാഹമോചനത്തിനു ശേഷം ആമസോണിന്റെ നിയന്ത്രണത്തില്‍ ബെസോസിന്റെ സ്വാധീനം എങ്ങനെയാകും എന്നതിനെ കുറിച്ച് വ്യക്തതയില്ല.

ഒരു വിവാഹമോചനത്തിന്റെ നഷ്ടം 7000 കോടി ഡോളര്‍

വിവാഹ മോചിതനാകുന്ന ആമസോണ്‍ മേധാവി ജെഫ്ബെസോസാണ് ടെക് മേഖലയിലെ ഇപ്പോഴത്തെ ചൂടുള്ള വാര്‍ത്ത. 25 വര്‍ഷമായി ഭാര്യ മക്കെന്‍സിയുമായുള്ള ദാമ്പത്യ ജീവിതമാണ് ബെസോസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. യാഥാര്‍ത്ഥ്യമായാല്‍ ലോകത്തെ ഏറ്റവും 'ചെലവേറിയ' വിവാഹമോചനമാകുമിത്. വിവാഹമോചനത്തിലൂടെ ബെസോസ് ഭാര്യയ്ക്ക് നല്‍കേണ്ടത് സ്വന്തം സ്വത്തിന്റെ പാതിയാണ്. ഏകദേശം ഏഴായിരം കോടി ഡോളര്‍. വിവാഹമോചനത്തിനു ശേഷം ആമസോണിന്റെ നിയന്ത്രണത്തില്‍ ബെസോസിന്റെ സ്വാധീനം എങ്ങനെയാകും എന്നതിനെ കുറിച്ച് വ്യക്തതയില്ല. കമ്പനി വളര്‍ത്തിയത് ഭര്‍ത്താവായിരുന്നെങ്കിലും നിഴല്‍പോലെ അതിനു കൂടെ മക്കന്‍സിയുണ്ടായിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ചേര്‍ന്ന് ഉണ്ടാക്കിയതാണ് ആമസോണിന്റെ ഖ്യാതിയും മൂല്യവും.

>>ദാമ്പത്യം തകര്‍ത്തത് മറ്റൊരു പ്രണയം

യു.എസിലെ മുന്‍ ടി.വി ആങ്കര്‍ ലോറന്‍ സാഞ്ചസുമായുള്ള ബെസോസിന്റെ പ്രണയമാണ് ഇരുവരുടെയും ജീവിതത്തിലെ വില്ലനായത് എന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡ് ഏജന്റ് പാട്രിക് വൈറ്റ്ഷെല്ലിന്റെ ഭാര്യയായിരുന്നു സാഞ്ചസ്. ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് താമസം. ഹെലികോപ്ടര്‍ പൈലറ്റ് കൂടിയാണ് 49കാരിയായ സാഞ്ചസ്. ഫോക്സിന്റെ ഗുഡ് ഡേ ലോസ് ആഞ്ചല്‍സ് പരിപാടി ഏറെക്കാലം അവതരിപ്പിച്ചിരുന്നത് ഇവരായിരുന്നു. ആദ്യ ദാമ്പത്യത്തില്‍ ഇവര്‍ക്ക് 12ഉം 10 ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.

>> സ്വത്ത് തുല്യമായി വീതിക്കേണ്ടി വരും

വിവാഹ മോചിതരാകുന്നവര്‍ സ്വത്ത് തുല്യമായി വീതം വയ്ക്കണമെന്നാണ് ഇരുവരും താമസിക്കുന്ന വാഷിങ്ടണിലെ വ്യവസ്ഥ. എന്നാല്‍ ഇരുവരും തമ്മില്‍ വിവാഹത്തിന് മുമ്പ് ഏതെങ്കിലും വിധത്തിലുള്ള ധാരണയില്‍ എത്തിയിട്ടുണ്ടെങ്കില്‍, അതിന്റെ അടിസ്ഥാനത്തിലാവും സ്വത്ത് വിഭജനം. വാഷിങ്ടണില്‍ കമ്മ്യൂണിറ്റി പ്രോപ്പര്‍ട്ടി സംവിധാനമാണ് നിലവിലുള്ളത്. ഇതനുസരിച്ച് വിവാഹജീവിത കാലയളവില്‍ നേടിയ സ്വത്ത് വിവാഹമോചന സമയത്ത് ദമ്പതികള്‍ക്ക് പരസ്പര ധാരണയോടെ ഭാഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് കോടതി തുല്യമായി പങ്കുവെക്കും. ആമസോണിന് പുറമേ, ബഹിരാകാശ പര്യവേഷണ കമ്പനി ബ്ലൂ ഒറിജിന്‍, വിഖ്യാത മാദ്ധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് എന്നിവയിലും ബെസോസിന് ഓഹരികളുണ്ട്. യു.എസിലെ നാഷണല്‍ എന്‍ക്വയറര്‍ ടാബ്ലോയ്ഡാണ് ഇരുവരുടെയും വിവാഹമോചന വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്, തൊട്ടുപിന്നാലെ ന്യൂയോര്‍ക്ക് പോസ്റ്റും.

>>ഇരുവരുടെയും സ്വത്തുകള്‍

നിലവില്‍ ലോകത്തെ അതിസമ്പന്നനാണ് ജെഫ് ബെസോസ്. ബ്ലൂംബര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം 137 ബില്യണ്‍ യു.എസ് ഡോളറാണ് 54കാരന്റെ ആസ്തി. ഭാര്യയ്ക്കു പുറമേ, മൂന്നു മക്കളും ഒരു മകളുമുണ്ട്. വാഷിങ്ടണ്‍ സ്റ്റേറ്റ്, ബെവര്‍ലി ഹില്‍സ്, ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ ഡി.സി എന്നിവിടങ്ങളിലായി ഇവര്‍ക്ക് സ്വത്തുണ്ട്. വെസ്റ്റ് ടെക്സാസില്‍ 400,000 ഏക്കര്‍ വരുന്ന ഭൂമിയുണ്ട്. യു.എസിലെ ഭൂവുടമസ്ഥരില്‍ 25ാമതാണ് ദമ്പതികളുടെ സ്ഥാനം. വാഷിങ്ടണ്‍ ഡി.സിയിലെ ബംഗ്ലാവിനു മാത്രം വില മൂന്നു കോടി ഡോളറാണ്. ഇതിന് പുറമേ, ബവറി ഹില്‍സില്‍ മൂന്നു കോടി ഡോളറിന്റെ ബംഗ്ലാവും കലിഫോര്‍ണിയയില്‍ ഒന്നരക്കോടി ഡോളറിന്റെ ബംഗ്ലാവും. മെഡിന, വാഷിങ്ടണ്‍, സീറ്റ്ല്‍ എന്നിവിടങ്ങളില്‍ കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവുകള്‍ വേറെയും....

>>അതിസമ്പന്നയാകാന്‍ മെക്കന്‍സി

സ്വത്ത് ഭാഗിക്കപ്പെടുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നയായി മക്കന്‍സി മാറും. വിവാഹമോചനത്തിലൂടെ 69 ബില്യണ്‍ യു.എസ് ഡോളറാണ് ഇവര്‍ക്ക് ലഭിക്കുക. ആമസോണ്‍ ഓഹരികള്‍ക്ക് പുറമേ, 400,000 ഏക്കര്‍ ഭൂമിയും ഇരുവര്‍ക്കും സ്വന്തമായുണ്ട്. 2018ലാണ് ബില്‍ ഗേറ്റ്സിനെ പിന്തള്ളി ബെസോസ് ലോകത്തെ അതിസമ്പന്നനായത്. സ്വത്ത് പങ്കുവയ്ക്കുന്നതിലൂടെ അത് ബെസോസിന് നഷ്ടമാകും. അതേസമയം, മക്കന്‍സി ലോകത്തെ അതിസമ്പന്നയായി മാറുകയും ചെയ്യും. ആമസോണ്‍ പ്രശസ്തമായ ശേഷം സ്വകാര്യ ജീവിതത്തിലേക്ക് ഒതുങ്ങിക്കൂടുകയായിരുന്നു മക്കന്‍സി. കമ്പനിയുടെ ആദ്യ നാളുകളിലാണ് ഇവര്‍ വലിയ സ്വാധീനം ചെലുത്തിയത്.