പ്ലാസ്റ്റിക് കടലിന് വേണ്ട; നമുക്ക് റോഡ് പണിയാം

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ തള്ളുന്നതു കുറയ്ക്കാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ശുചിത്വസാഗരം പദ്ധതി ഹിറ്റാകുകയാണ്.

പ്ലാസ്റ്റിക് കടലിന് വേണ്ട; നമുക്ക് റോഡ് പണിയാം

വീണ്ടുമൊരു ലോകസമുദ്രദിനം എത്തി. സമുദ്രങ്ങൾ അക്ഷരാർത്ഥത്തിൽ പ്ലാസ്റ്റിക് സമുദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നെന്ന് യു.എൻ റിപ്പോർട്ട് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. എട്ട് ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ് സമുദ്രത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയുയർത്തി പ്രതിവർഷം സമുദ്രത്തിലേക്ക് ഒഴുക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ തള്ളുന്നതു കുറയ്ക്കാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ശുചിത്വസാഗരം പദ്ധതി ഹിറ്റാകുകയാണ്. കടലിൽ ഒഴുകിനടന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇന്ന് റോഡുനിർമാണത്തിനുള്ള ടാർ ആയിക്കഴിഞ്ഞു. ഈ പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച ആദ്യ റോഡിന്റെ പണി പൂർത്തിയായി.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിന്റെ ആവാസവ്യവസ്ഥയ്ക്കു ഭീഷണിയായ സാഹചര്യത്തിലാണ് ഇവ നീക്കം ചെയ്യുന്നതിന് 'ശുചിത്വസാഗരം' പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, ശുചിത്വമിഷൻ, സാഫ്, കേന്ദ്ര സർക്കാർ ഏജൻസിയായ നെറ്റ്ഫിഷ്, കൊല്ലം ജില്ലാ ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ എന്നിവർ സംയുക്തമായി നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിലാണ് 2017 ഓഗസ്റ്റിൽ പദ്ധതി നടപ്പാക്കിയത്. അഷ്ടമുടി കായലിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. മാലിന്യം ശേഖരിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് ബാഗുകൾ നൽകി. മത്സ്യബന്ധനത്തിനിടെ കിട്ടുന്ന പ്ലാസ്റ്റിക്കും പഴയ വലകളും കടലിൽ ഉപേക്ഷിച്ചിരുന്ന തൊഴിലാളികൾ അവ ബാഗുകളിലാക്കി കരയിലേക്കു കൊണ്ടുവന്നു. മത്സ്യബന്ധന ബോട്ടുകൾ നീണ്ടകരയിലെത്തിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ശക്തികുളങ്ങരയിലെ പ്ലാന്റിലെത്തിച്ച് പൊടിച്ചാണ് ടാറാക്കി മാറ്റുന്നത്. മാലിന്യങ്ങൾ വേർതിരിച്ച് കഴുകുന്നതിന്റെയും പൊടിക്കുന്നതിന്റെയും ചുമതല 25 അംഗ കുടുംബശ്രീ പ്രവർത്തകർക്കാണ്. ദിവസം 200 കിലോ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്. ആദ്യ 10 മാസം കൊണ്ടുതന്നെ 25 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് കടലിൽ നിന്ന് ശേഖരിച്ചത്.

പ്ലാസ്റ്റിക് മാലിന്യം എത്തിക്കുന്നതു പ്രോൽസാഹിപ്പിക്കാന്‍ മത്സ്യത്തൊഴിലാളികൾക്ക് പ്രതിഫലം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സർക്കാർ ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ട്.

ശുചിത്വസാഗരം പദ്ധതിപ്രകാരം കടലിൽനിന്നും തീരദേശത്തുനിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് കൊല്ലം ജില്ലയിൽ ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ കേരളപുരം പൂട്ടാണിമുക്ക് -ഞെട്ടയിൽമുക്ക്-കോവിൽമുക്ക് റോഡിന്റെ നിർമാണമാണ് പൂർത്തിയായത്. രണ്ടു കിലോമീറ്റർ റോഡിനായി 500 കിലോ പ്ലാസ്റ്റിക് മാലിന്യമാണ് ഉപയോഗിച്ചത്. തീരദേശ റോഡിന്റെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ 90 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം നടത്തിയത്. 10,000 രൂപയ്ക്കാണ് 500 കിലോ പ്ലാസ്റ്റിക് ശുചിത്വസാഗരം പദ്ധതിയിൽനിന്നു വാങ്ങിയത്. ശുചിത്വസാഗരം പദ്ധതിയുടെ നീണ്ടകര ഷ്രെഡിങ് യൂനിറ്റിൽ പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് ആദ്യമായി ടാർ ചെയ്യുന്ന റോഡാണിത്.

ചിപ്പിങ് കാർപെറ്റ് ഉൾപ്പെടെ രണ്ട് പ്രതലമായാണ് ടാറിങ് നടത്തിയത്. ചിപ്പിങ് കാർപെറ്റ് രീതി അനുസരിച്ച് 12 മില്ലിമീറ്റർ വലിപ്പമുള്ള പാറക്കഷണങ്ങളും പ്ലാസ്റ്റിക്കും ടാറും യന്ത്രത്തിലിട്ടു ചൂടാക്കി കൂട്ടിക്കുഴച്ചശേഷം റോഡിൽ നിരത്തി. പിന്നീട് ഇതിനു മുകളിൽ ആറ് മില്ലിമീറ്റർ വലുപ്പമുള്ള ചല്ലിയും ടാറും ചേർത്ത് സീൽ കോട്ടിങ് നടത്തിയാണ് ടാർ ചെയ്തിരിക്കുന്നത്. ആകെയുള്ള നിർമാണവസ്തുക്കളുടെ ഏഴു ശതമാനം പ്ലാസ്റ്റിക് ആണ് ടാറിങ്ങിനായി ഉപയോഗിക്കുന്നത്. സാധാരണ ടാറിനേക്കാൾ വേഗത്തിൽ ഒട്ടിപ്പിടിക്കുന്നതിനാലും ബലം കൂടുതലായതിനാലും ടാറിങ് ദീർഘകാലം നിലനിൽക്കും. സാധാരണ വസ്തുക്കൾ ഉപയോഗിക്കുന്നതിനേക്കാൾ എട്ടുശതമാനം നിർമാണ ചെലവ് കുറയുമെന്നതിനാൽ കൂടുതൽ റോഡുകളുടെ നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനു നടപടികൾ പുരോഗമിക്കുകയാണ്. കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്‌നത്തിന് പരിഹാരം കൂടിയാണ് ഈ റോഡുനിർമാണം.

Read More >>