പുസ്തകം തുറന്നാല്‍ സുഗന്ധം പരക്കും; നാരക ഗന്ധവുമായി മഞ്ഞനാരകം

ഇന്ത്യയിലെ ആദ്യത്തെ സുഗന്ധ പുസ്തകം

പുസ്തകം തുറന്നാല്‍ സുഗന്ധം പരക്കും; നാരക ഗന്ധവുമായി മഞ്ഞനാരകം

മുജീബുര്‍റഹ്മാന്‍ കരിയാടന്‍

കൊച്ചി: നോവലിന്റെ പേര് വായിക്കുമ്പോള്‍ മണം മൂക്കിലേക്കടിക്കുന്നത് സങ്കല്‍പ്പിച്ചിട്ടുണ്ടോ. പുതിയ പുസ്തകത്തിന്റെ മണമല്ല, നല്ല ചെറുനാരങ്ങയുടെ മണം!

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെക്റ്റസ് ക്രിയേറ്റിവ്സിന്റെ ആദ്യ പുസ്തകമായ 'മഞ്ഞനാരക'ത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മുറിച്ചുവെച്ച നാരങ്ങയാണ് കവര്‍ ചിത്രം. പുസ്തകം കൈയ്യിലെടുത്തുതുറക്കുകയേ വേണ്ടൂ, നാരങ്ങയുടെ മണം വായനക്കാരനെ തേടിയെത്തും. തലക്കെട്ടിന്റെ 'മണമുള്ള' ഇന്ത്യയിലെ ആദ്യ പുസ്തകമാണ് മഞ്ഞനാരകമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.


കൊച്ചി ജന്മഭൂമി പത്രത്തിലെ സബ് എഡിറ്റര്‍ സേവ്യര്‍ ജെ എഴുതിയ നോവലാണ് മഞ്ഞനാരകം. ഗ്രീക്ക് നോവലിസ്റ്റും ചിന്തകനുമായ നിക്കോസ് കസന്ത്സാക്കിസ് രചിക്കുന്ന നോവല്‍ എന്ന ഭാവനയിലാണ് സേവ്യര്‍ മഞ്ഞനാരകം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

1957ല്‍ അന്തരിച്ച കസാന്ത്സാക്കിസിന്റെ ഭാവനയിലൂടെ, കടന്നുപോകാന്‍ നോവലിസ്റ്റ് നാലര വര്‍ഷക്കാലമാണ് തന്റെ തൂലികയുമായി തപസ്സിരുന്നത്. കസാന്ത്സാക്കിസിന്റെ മാസ്റ്റര്‍പീസായ സോര്‍ബ ദ ഗ്രീക്കിന് ശേഷം അദ്ദേഹം എഴുതാന്‍ ആഗ്രഹിച്ചിരുന്ന നോവല്‍ എന്ന സങ്കല്‍പത്തിലൂടെയാണ് മഞ്ഞനാരകം കടന്നുപോകുന്നത്.

ചരിത്രവും ഭാവനയും കൂടിക്കലര്‍ന്നാണ് മഞ്ഞനാരകത്തിന്റെ തോട്ടം നോവലിസ്റ്റ് ഒരുക്കിയിരിക്കുന്നത്. ബുദ്ധന്‍, കൃസ്തു, മഹാത്മാഗാന്ധി, അഡോള്‍ഫ് ഹിറ്റ്ലര്‍, നാഥുറാം ഗോഡ്സെ, കാറല്‍ മാര്‍ക്സ്, മാര്‍ക്കോപോളോ എന്നിവരെ കൂടാതെ നോവലിസ്റ്റായ കസാന്ത്സാക്കിസും അദ്ദേഹത്തിന്റെ ഏതാനും കഥാപാത്രങ്ങളും നോവലില്‍ കടന്നുവരുന്നു. ഭൂതകാലത്തിലൂടെയും വര്‍ത്തമാനത്തിലൂടേയും സഞ്ചരിക്കുന്ന നോവല്‍ പരലോകത്തിന്റെ അവസ്ഥകളും വായനക്കാരന് പ്രദാനം ചെയ്യുന്നുണ്ട്. വിവിധ കാലങ്ങളിലൂടെ കടന്നുപോകുന്ന നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ പരസ്പരം നേരില്‍കണ്ട് തങ്ങളുടെ ആശയങ്ങള്‍ പങ്കുവെക്കുന്ന തരത്തിലാണ് രചനാശൈലിയുടെ മുന്നേറ്റം. ചരിത്രപുരുഷന്മാരെല്ലാം പ്രത്യക്ഷപ്പെടുന്നത് കസാന്ത്സാക്കിസിന്റെ വീക്ഷണത്തിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുമായാണ് എന്ന പ്രത്യേകതയുമുണ്ട്.

ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത പ്രത്യേകതരം രാസപദാര്‍ത്ഥമാണ് പുസ്തകത്തിന് നാരകത്തിന്റെ സുഗന്ധം നല്കാന്‍ ഉപയോഗിച്ചിട്ടുള്ളത്.സുഗന്ധം നല്കുന്ന രാസവസ്തുവിന് രണ്ട് ലക്ഷത്തിലേറെ രൂപയാണ് വിലവരുന്നത്. അതുകൊണ്ടുതന്നെ ആദ്യത്തേയും അവസാനത്തേയും പതിനാറ് പേജുകളിലാണ് സുഗന്ധവാഹിയായ രാവപദാര്‍ത്ഥമുള്ളത്. ആദ്യത്തേയും അവസാനത്തേയും പേജുകളിലെ സുഗന്ധം പുസ്തകത്തിന് മുഴുവന്‍ നാരങ്ങയുടെ മണം സമ്മാനിക്കുന്നുണ്ട്. ആറ് മാസക്കാലത്തോളം ഈ ഗന്ധം കടലാസുകളില്‍ തങ്ങിനില്‍ക്കുമെന്നാണ് പറയപ്പെടുന്നത്.

നാരങ്ങയുടെ സുഗന്ധമാണ് പുസ്തകത്തിനുള്ളതെങ്കിലും ദാര്‍ശനികമായ തലത്തില്‍ മറ്റൊരു അവസ്ഥയില്‍ നിന്നാണ് എഴുത്തുകാരന്‍വായനക്കാരെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ നാരക ഗന്ധം കൗതുകമായി മാത്രം കരുതിയാല്‍ മതിയെന്നും അതിനപ്പുറത്തേക്ക് പുസ്തകം സ്വീകരിക്കപ്പെടണമെന്നുമാണ് വായനക്കാരനോട് പ്രസാധകര്‍ ആവശ്യപ്പെടുന്നത്.

നിങ്ങള്‍ 'എല്ലാവരും വായിക്കുന്ന പുസ്തകങ്ങള്‍ മാത്രം വായിച്ചാല്‍ എല്ലാവരും ചിന്തിക്കുന്നതുപോലെയേ നിങ്ങള്‍ക്കും ചിന്തിക്കാനാവു' എന്ന ഹറുകി മുറകാമിയുടെ വാക്കുകളാണ് കവര്‍ പേജ് മറിക്കുമ്പോള്‍ വായനക്കാരെ സ്വാഗതം ചെയ്യുക. കഴിഞ്ഞ നാലര വര്‍ഷത്തിലേറെയായി നോവലിസ്റ്റിനോടൊപ്പം സഞ്ചരിക്കുകയായിരുന്നു റെക്റ്റസ് ഉടമയായ കണ്ണൂര്‍ സ്വദേശി വിനയചന്ദ്രനുമെന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്. നോവല്‍ എഴുതിക്കൊണ്ടിരിക്കെ തന്നെ ഡി.ടി.പി നിര്‍വ്വഹിക്കുകയും എഡിറ്റിങും ഡിസൈനിങുമെല്ലാം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയും ചെയ്യുകയായിരുന്നു വിനയചന്ദ്രന്‍. മഞ്ഞനാരകത്തിന്റെ കവര്‍ ഡിസൈന്‍ ഉള്‍പ്പെടെ നിര്‍വ്വഹിച്ച വിനയചന്ദ്രന്‍ തന്നെയാണ് വ്യത്യസ്തമായ തരത്തില്‍ തലക്കെട്ടിന് അനുയോജ്യമായ സുഗന്ധത്തോടെ തന്റെ ആദ്യപുസ്തകം പുറത്തിറക്കണമെന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചതും.

നോവലിസ്റ്റ് സേവ്യര്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൂര്‍ക്കൂട്ട് എന്ന യാത്രാ മാഗസിന്‍ നടത്തവെയാണ് വിനയചന്ദ്രനും സേവ്യര്‍. ജെയും ഒന്നിച്ചത്. പിന്നീട് മീഡിയ ബോക്‌സ് എന്ന മാഗസിനിലും ഇരുവരും ഒന്നിച്ച് യാത്ര ചെയ്‌തെങ്കിലും രണ്ട് പ്രസിദ്ധീകരണങ്ങളും സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് നിര്‍ത്തുകയായിരുന്നു. നിര്‍മ്മാണച്ചെലവ് കൂടുതലായതിനാല്‍ 230 രൂപ മുഖവിലയുള്ള 242 പേജ് മഞ്ഞനാരകം വിതരണക്കാര്‍ക്ക് കമ്മിഷന്‍ നല്കി വില്‍പ്പന നടത്തുന്നത് ലാഭകരമാകാത്തതിനാല്‍ www.rectus.in എന്ന തങ്ങളുടെ വെബ്സൈറ്റ് വഴിയാണ് പ്രസാധകര്‍ വായനക്കാരിലെത്തിക്കുന്നത്.

മാതൃഭൂമി ബുക്സിന്റെ നോവല്‍ മത്സരത്തില്‍ പ്രസിദ്ധീകരണാര്‍ഹമായി തെരഞ്ഞെടുക്കപ്പെട്ട കടല്‍ മലയോട് പറഞ്ഞത്, പൂര്‍ണ്ണ പബ്ലിക്കേഷന്‍സിന്റെ നോവല്‍ മത്സരത്തില്‍ പ്രസിദ്ധീകരണാര്‍ഹമായി തെരഞ്ഞെടുക്കപ്പെട്ട സീബ്രാവരകള്‍, ആത്മായനങ്ങളുടെ ഖസാക്ക് പുരസ്‌ക്കാരം നേടിയ വെയിലിലേക്ക് മഴ ചാഞ്ഞു, രാത്രിയുടെ പകലുറക്കം എന്നീ നോവലുകളും സ്നേഹാര്‍ദ്രം സേനാധിപന്‍ എന്ന ജീവചരിത്രവും എഴുതിയിട്ടുണ്ട് കൊച്ചി പള്ളുരുത്തി സ്വദേശിയായ സേവ്യര്‍.ജെ. കൃതി പുസ്തകോത്സവത്തില്‍ നാരക മണമുള്ള പുസ്തകവുമായി വന്നിട്ടുണ്ട്.


Read More >>