നാടിന്റെ കാവല്‍ക്കാരന്‍ കുങ്കുറുവിനെ കൊന്ന കൊലയാളിക്കും അന്നം വിളമ്പി കുടുക്കിക്കാര്‍

എത്ര തണുപ്പിലും നാട്ടുകാരെ സുഖമായി ഉറക്കി നാടിനു കാവലിരിക്കുന്ന കുങ്കുറുവിന്റെ ജീവന്‍ അഞ്ചു ദിവസങ്ങള്‍ക്കു മുമ്പ് സമൂഹ വിരുദ്ധരെടുത്തു. എന്നാല്‍ ഒരു നായ ചത്തെന്നു പറഞ്ഞ് എഴുതി തള്ളിയില്ല കുടുക്കിക്കാര്‍. നാടൊന്നാകെ ആ മിണ്ടാപ്രാണിയുടെ ഘാതകര്‍ക്കായി ഒരുമിച്ചു കഴിഞ്ഞു.

നാടിന്റെ കാവല്‍ക്കാരന്‍ കുങ്കുറുവിനെ കൊന്ന കൊലയാളിക്കും അന്നം വിളമ്പി കുടുക്കിക്കാര്‍

വയനാട്ടിലെ കുടുക്കിക്കാര്‍ക്ക് പ്രിയങ്കരനായ കാവല്‍ക്കാരന്‍ ഉണ്ടായിരുന്നു. രാത്രി വൈകിയെത്തുന്ന നാട്ടുകാരെയും അന്യനാട്ടില്‍ നിന്നും കുടുക്കിയിലെത്തുന്ന അപരിചിതരെയും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്ന കാവല്‍ക്കാരന്‍. എത്ര ഇരുട്ടിയാലും കുടുക്കിയിലെവിടെയെങ്കിലും നാടിന്റെ കാവല്‍ക്കാരനായി കുങ്കുറുവെന്ന നായയുണ്ടാവും.

എത്ര തണുപ്പിലും നാട്ടുകാരെ സുഖമായി ഉറക്കി നാടിനു കാവലിരിക്കുന്ന കുങ്കുറുവിന്റെ ജീവന്‍ അഞ്ചു ദിവസങ്ങള്‍ക്കു മുമ്പ് സമൂഹ വിരുദ്ധരെടുത്തു. എന്നാല്‍ ഒരു നായ ചത്തെന്നു പറഞ്ഞ് എഴുതി തള്ളിയില്ല കുടുക്കിക്കാര്‍. നാടൊന്നാകെ ആ മിണ്ടാപ്രാണിയുടെ ഘാതകര്‍ക്കായി ഒരുമിച്ചു കഴിഞ്ഞു. കുങ്കുറുവിന്റെ വിയോഗത്തില്‍ നാട്ടിലെ മുതിര്‍ന്നവരെന്നോ യുവാക്കളെന്നോയില്ലാതെ ഒരുമിച്ചിരിക്കുകയാണ്.

ഘാതകരെ കണ്ടെത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ അന്വേഷണം തകൃതിയായി നടക്കുന്നുണ്ട്. പൊലീസുകാരെക്കാള്‍ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന കുങ്കുറുവിന്റെ കൊലയാളികളെ കണ്ടെത്താന്‍ പൊലീസില്‍ നാട്ടുകാര്‍ പരാതി കൊടുത്തു. പ്രതിഷേധ സംഗമവും നടത്തി.

ഇത് കൊണ്ടും കുങ്കുറുവിനോടുള്ള കടപ്പാടും സ്‌നേഹം കഴിഞ്ഞെന്നു കരുതാന്‍ വരട്ടെ. വിയോഗത്തിന്റെ അഞ്ചാം ദിനമായ ഇന്ന് അന്നദാനമായിരുന്നു. കുങ്കുറുവിന്റെ ജീവനെടുത്ത കൊലയാളിക്കും ഒരു പിടി അന്നം പങ്കുവെക്കാനും ഇവര്‍ മറന്നില്ല. വരു ദിവസങ്ങളിലും അന്നദാനവും മറ്റും നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. കൊലയാളിയെ കണ്ടെത്തുന്നതിനായുള്ള സമര പരിപാടികളും ആലോചിക്കുന്നുണ്ട്.

കറതീര്‍ന്ന സ്‌നേഹം പൊലിഞ്ഞിട്ട് ഇന്നേക്ക് അഞ്ചാം നാള്‍ എന്ന കുറിപ്പോടെ നാട്ടുകാര്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് കണ്ടാല്‍ കുങ്കുറുവിന്റെ കൊലയാളിക്കു പോലും അലിവു തോന്നും! ചെയ്ത തെറ്റോര്‍ത്ത് സഹതപിക്കുമായിരിക്കും. പിന്നാലെ കുടുക്കിയുടെ പ്രിയങ്കരനായ കാവല്‍ക്കാരനെ കൊന്ന കൊലയാളിയുടെ അടിയന്തിരം എന്ന തലക്കെട്ടും ഫ്‌ളക്‌സുകളിലുണ്ട്, ഓര്‍മ്മയാക്കായി ഒരു പിടി അന്നം പങ്കുവെക്കുമ്പോള്‍ അതില്‍ ഒരു പിടി കൊലയാളിക്കും എന്നിങ്ങനെയുള്ള വരികള്‍ വെറെയും.

Read More >>