നമ്മുടെ ചരിത്രവും വർത്തമാനവും ഹിന്ദുത്വവും മുതലാളിത്തവും കവർന്നെടുക്കുന്നു: അരുന്ധതി റോയ്

'അംബേദ്കറെ സംബന്ധിച്ചിടത്തോളം അനീതിയെ കണ്ടെത്താന്‍ അദ്ദേഹത്തിന് ആഫ്രിക്ക വരെ പോകേണ്ടി വന്നിട്ടില്ല, അത് സ്വരാജ്യത്ത് അനുഭവിച്ചയാളാണ്. സ്വാതന്ത്ര്യം ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കാരണം ബ്രിട്ടീഷ് കോളോണിയലിസത്തേക്കാളും അങ്ങേയറ്റം ദുഷിച്ചതായിരുന്നു അദ്ദേഹം നേരിട്ട ഇന്ത്യയിലെ ഹിന്ദു കൊളോണിയലിസം.'

നമ്മുടെ ചരിത്രവും വർത്തമാനവും ഹിന്ദുത്വവും മുതലാളിത്തവും കവർന്നെടുക്കുന്നു: അരുന്ധതി റോയ്

ലണ്ടന്‍ : 'യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെച്ചുകൊണ്ട് കെട്ടിച്ചമക്കുന്ന വാര്‍ത്തകളിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. നമ്മുടെ ചരിത്രത്തേയും വിദ്യാഭ്യാസത്തേയും മുതലാളിത്തവും ഹിന്ദുത്വവും കവര്‍ന്നെടുക്കുകയാണ്. രാജ്യത്ത് വ്യാജ വാര്‍ത്തകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്,' ബുക്കര്‍ പ്രൈസ് ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയി അഭിപ്രായപ്പെട്ടു. 'അറ്റ്‌മോസ്റ്റ് ഹാപ്പിനെസ് ആന്‍ഡ് അറ്റ്‌മോസ്റ്റ് സാഡ്‌നെസ് : ദ ഡയറി ഓഫ് ഇന്ത്യ നൗ എ ഡേയ്‌സ്' എന്നപേരില്‍ ലണ്ടനില്‍ സംഘടിപ്പിച്ച ക്ലാസില്‍ സംസാരിക്കുകയായിരുന്നു അവര്‍. എങ്ങനെയാണ് ചിന്തിക്കേണ്ടത് എന്ന് തിരിച്ചറിയും മുമ്പേ നമ്മുടെ യുവാക്കളിൽ ഇന്നതാണ് ചെയ്യേണ്ടത് എന്നു കുത്തിവെക്കപ്പെടുകയാണെന്നും റോയ് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു നേതാക്കന്മാരായ ഗാന്ധിയേയും അംബേദ്ക്കറേയും താരതമ്യം ചെയ്താല്‍ 1980ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബ്രോ സംവിധാനം ചെയ്ത ഗാന്ധി എന്ന സിനിമ ഫിക്ഷന്‍ മാത്രമാണെന്നു നമുക്ക് തിരിച്ചറിയാനാവും. കാരണം ഇന്ത്യയിലെ പ്രശ്‌നങ്ങളെ ചിത്രീകരിക്കാന്‍ അത് പരാജയപ്പെട്ടു, റോയ്‌ സംസാരിച്ചു, 'അംബേദ്കറെ സംബന്ധിച്ചിടത്തോളം അനീതിയെ കണ്ടെത്താന്‍ അദ്ദേഹത്തിന് ആഫ്രിക്ക വരെ പോകേണ്ടി വന്നിട്ടില്ല, അത് സ്വരാജ്യത്ത് അനുഭവിച്ചയാളാണ്. സ്വാതന്ത്ര്യം ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കാരണം ബ്രിട്ടീഷ് കോളോണിയലിസത്തേക്കാളും അങ്ങേയറ്റം ദുഷിച്ചതായിരുന്നു അദ്ദേഹം നേരിട്ട ഇന്ത്യയിലെ ഹിന്ദു കൊളോണിയലിസം.'

ജനം ഫിക്ഷനെയും സത്യത്തേയും വ്യത്യസ്ത ധ്രുവങ്ങളായി കാണുന്നതില്‍ അവർ അത്ഭുതപ്പെട്ടു. 'ഞാനൊരു ഫിക്ഷന്‍ എഴുത്തുകാരിയാണ്, എന്നാല്‍ ഞാന്‍ എഴുതുന്നത് സത്യമാണ്. ഫിക്ഷന്‍ നിങ്ങളെ കുസൃതിയും തോന്നിവാസിയുമാക്കുന്നു. അത് നിങ്ങള്‍ക്കു നഷ്ടപ്പെട്ട ഒന്നിനെ മറ്റൊരു തരത്തില്‍ നേടിത്തരുന്നു,' 1997ല്‍ തന്റെ ആദ്യ പുസ്തകമായ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന് ബുക്കര്‍ പുരസ്‌കാരം ലഭിച്ച റോയി പറയുന്നു. സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ് സൗത്ത് ഏഷ്യ ഇന്‍സ്റ്രിറ്റിയൂട്ടിനു വേണ്ടി നൂര്‍ ഇനായത് ഖാന്‍ മെമോറിയല്‍ ട്രസ്റ്റ് ആണ് ക്ലാസ് സംഘടിപ്പിച്ചത്.