മഹാത്മാവിന്റെ ഉമ്മറത്ത്; ഗാന്ധിയുടെ പോര്‍ബന്ധറിലെ ജന്മവീട്ടിലേക്ക് നടത്തിയ സഞ്ചാരം

യഥാര്‍ത്ഥത്തില്‍ പോര്‍ബന്ധറില്‍ ഗാന്ധിയുടെ ജനനമേ ഉള്ളൂ. ഇപ്പോഴൊരു സ്മാരകവും. അവിടെ ഗാന്ധിയില്ല.

മഹാത്മാവിന്റെ ഉമ്മറത്ത്; ഗാന്ധിയുടെ പോര്‍ബന്ധറിലെ ജന്മവീട്ടിലേക്ക് നടത്തിയ സഞ്ചാരം

എം.അബ്ബാസ്

നേരിയ മഞ്ഞുവീണു തണുത്ത ആ രാത്രിയില്‍ ബസ് ഏതെല്ലാമോ ഗുജറാത്തി ഗ്രാമങ്ങളുടെ മുതുകിലൂടെ പാഞ്ഞു. രാജ്‌കോട്ടില്‍ നിന്ന് ബസ്സെടുക്കുമ്പോഴുള്ള ബഹളങ്ങള്‍ ഇപ്പോഴില്ല. വെള്ളത്തലപ്പാവും കമ്പിളിക്കോട്ടും പൈജാമയും ധരിച്ച കര്‍ഷകര്‍ ഏതാണ്ടൊരു മയക്കത്തിലേക്ക് വീണ മട്ടാണ്. പരുത്തിപ്പാടങ്ങളിലെ ഉച്ചവെയില്‍ തീര്‍ത്ത തഴമ്പുകളുണ്ട് അവരുടെ ദേഹം നിറയെ. അവര്‍ തമ്മില്‍ തമ്മില്‍ മിണ്ടിപ്പറഞ്ഞിരുന്ന നാട്ടുഭാഷയില്‍ ഒരക്ഷരം പോലും മനസ്സിലാകാതെ അന്തിരിച്ചിരിക്കുയായിരുന്നു ഞാന്‍. ഇരുട്ടു കനക്കവെ, നേര്‍ത്തു പോയ ശബ്ദങ്ങള്‍ക്കിടയില്‍ ഞാന്‍ ബാഗില്‍ സൂക്ഷിച്ച കടലപ്പൊതിയെടുത്തു തുറന്നു. സീറ്റില്‍ അടുത്തിരുന്ന, കട്ടിമീശയും കമ്പിളിമേല്‍ക്കുപ്പായവും ധരിച്ച സഹയാത്രികനു നീട്ടി. ഒന്നും ഉരിയാടാതെ അതില്‍ നിന്ന് അല്പമെടുത്ത അയാളുടെ മുഖത്ത് ഒരു പരുക്കന്‍ ചിരി വിടര്‍ന്നു.

കൃഷിപ്പാടങ്ങള്‍ക്കിടയിലെ ചെറിയ നാല്‍ക്കവലകളില്‍ ബസ്സില്‍ നിന്ന് ആരെല്ലാമോ ഇറങ്ങുകയും കയറുകയും ചെയ്തു. നാലു മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ആ മുക്കാല്‍വണ്ടി പോര്‍ബന്ധറില്‍ ചെന്നു നിന്നു. ഇതാ മഹാത്മാവിന്റെ നഗരം, മനസ്സു പറഞ്ഞു. പോര്‍ബന്ധര്‍ വിളക്കുകാലുകളിലെ വെളിച്ചത്തിനു കീഴെ ചാഞ്ഞുകിടന്നു മയങ്ങുന്നു. റോഡരികിലെ ചാരുബഞ്ചുകളില്‍ ആ രാവിലും ആരൊക്കെയോ കഥ പറഞ്ഞിരിക്കുന്നു. നഗരം വലംവെച്ച കടല്‍ക്കാറ്റിന് ചരിത്രത്തിന്റെ ഉപ്പുമണം. കടലിലേക്ക് ഉഗ്രപ്രതാപത്തോടെ കാല്‍നീട്ടിയിരുന്ന നഗരമാണിത്.

രാവെളിച്ചത്തില്‍ കണ്ട വശ്യതയുണ്ടായിരുന്നില്ല പുലര്‍ക്കാലത്തെ പോര്‍ബന്ധറിന്. ഉടുത്തൊരുങ്ങാത്ത പെണ്‍കുട്ടിയെപ്പോലെ അതിന്റെ ഉടലൊരുക്കങ്ങള്‍. മുഷിഞ്ഞ തുണിക്കഷ്ണം പോലെ നഗരം പലയിടത്തേക്ക് നീണ്ടു കിടക്കുന്നു. വെടിപ്പില്ലാതെ തൊട്ടുരുമ്മി നില്‍ക്കുന്ന ഗല്ലികളിലെ പഴകിയ കെട്ടിടങ്ങളില്‍ രാജകീര്‍ത്തിയുടെ ശേഷിപ്പുകള്‍ കാണാം. വാസ്തുകലയുടെ ഒന്നാംതരം വൈദഗ്ദ്ധ്യങ്ങള്‍ നിറഞ്ഞ കെട്ടിടങ്ങള്‍. വെളുപ്പിനു തന്നെ നിരത്തു കീഴടക്കിയിട്ടുണ്ട് പാല്‍വണ്ടികള്‍. തലപ്പാവും മേല്‍പ്പുതപ്പുമിട്ട് ഗ്രാമീണ കര്‍ഷകര്‍ വഴിയരികില്‍ ചായ മോന്തുന്നു. ജീര്‍ണിച്ചു കഴിഞ്ഞ വലിയ മരവാതിലിനു പിന്നില്‍ നിന്ന് മൂക്കുത്തിയണിഞ്ഞ ഒരു ഗുജറാത്തി സ്ത്രീ തലയിട്ടു നോക്കി.

കീര‍്ത്തി മന്ദിറിന്‍റെ മുമ്പില്‍ ലേഖകന്‍കീര‍്ത്തി മന്ദിറിന്‍റെ മുമ്പില്‍ ലേഖകന്‍


കുളിച്ചൊരുങ്ങി കീര്‍ത്തിമന്ദിറിലേക്ക് ഒരു ഓട്ടോ പിടിച്ചു. ഒരു ചെറുമഴ പെയ്തതില്‍പ്പിന്നെ റോഡിനിരുവശവും ചാണകവും വെള്ളവും പരന്നുകിടക്കുന്നു. ഗാന്ധിയുടെ പേരില്‍ രാജ്യത്തുടനീളം റോഡുകളുണ്ടെങ്കിലും ഈ എം.ജി റോഡ് ചെന്നെത്തുന്നത് ഗാന്ധിയുടെ ഉമ്മറത്തേക്കാണ്. ഇടുങ്ങിയ റോഡിനിരുവശവും വഴി വാണിഭക്കാരായ പെണ്ണുങ്ങള്‍. റോഡ് ചെന്നെത്തുന്നത് മനേക് ചൗക്കില്‍; മൂന്നു നിലക്കെട്ടിടങ്ങള്‍ക്കുള്ളിലെ ചത്വരം. എല്ലാറ്റിനും സാക്ഷിയായി മുട്ടിനു മുകളില്‍ മുണ്ടും മേല്‍മുണ്ടും ചുറ്റിയ വെള്ള ഗാന്ധിപ്രതിമ. ഒരു കൈയിലൊരു പുസ്തകവും മറുകൈയില്‍ ഊന്നുവടിയും. കഴുത്തില്‍ പൂമാല. ചത്വരത്തിലെ തിരക്കില്‍ നിന്നു നോക്കിയാല്‍ കാണാം റോഡിലേക്ക് ഉന്തി നില്‍ക്കുന്ന ചെറുബോര്‍ഡ്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, പൂജ്യ മഹാത്മാഗാന്ധി ജന്മസ്ഥല്‍, കീര്‍ത്തി മന്ദിര്‍, പോര്‍ബന്ധര്‍.

കമലദളം കൊണ്ട് ചിത്രപ്പണി ചെയ്ത വലിയ തൂണുകള്‍ക്കുള്ളില്‍ വലിയ രണ്ടു വാതിലുകള്‍. വാതിലിനുള്ളില്‍ ചെറുവാതില്‍ എന്നതാണ് പോര്‍ബന്ധറിലെ കെട്ടിടങ്ങളില്‍ കണ്ട വിശേഷം. രണ്ടു ചെറുവാതിലുകളും തുറന്നിരിക്കുന്നു. മുകളില്‍ രണ്ട് ചര്‍ക്കകളുടെ കൊത്തുപണി. ചെരുപ്പഴിച്ചിട്ടു വേണം അകത്തു കയറാന്‍. നടുവില്‍ അലങ്കാരപ്പണി ചെയ്ത തൂവെള്ള മാര്‍ബിള്‍ പാകിയ നടുമുറ്റം. മാര്‍ബിള്‍ത്തൂണുകളില്‍ ഗുജറാത്തിയിലും ഹിന്ദിയിലും ഗാന്ധി ചരിതം കോറിയിട്ടിരിക്കുന്നു. ഒരു ആര്‍ട്ട് ഗ്യാലറി പോലെയാണ് വരാന്ത. ബ്ലാക് ആന്‍ഡ് വൈറ്റ് ഫ്രൈമുകളില്‍ മഹാത്മാവിന്റെ ജീവിതം. ചെറുബാല്യം തൊട്ട് മരണം വരെ. നടുവില്‍ എല്ലാറ്റിനും സാക്ഷിയെന്ന പോലെ ഗാന്ധിയുടെയും കസ്തൂര്‍ബയുടെയും മുഴുകായച്ചിത്രം.

കെട്ടിടത്തിന്റെ ഒരു വശത്താണ് ഗാന്ധി ജനിച്ച വീട്. ബര്‍ത്ത് പ്ലേസ് ഓഫ് മഹാത്മാഗാന്ധി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പൗരാണിപ്പഴമയോടെ ഒരു മൂന്നുനിലക്കെട്ടിടം. 22 മുറികളുള്ള വലിയ വീടാണത്. ഹവേലി എന്നു പറയും. 1777ല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ഹര്‍ജിവാന്‍ജി റാഷിദാസ്ജി ഗാന്ധി, മന്‍ബായ് എന്ന സ്ത്രീയില്‍ നിന്നു വാങ്ങിയതാണ് കെട്ടിടം. മുത്തച്ഛന്‍ ഉത്തംചന്ദ്ജി കെട്ടിടത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. രണ്ടു നില മൂന്നു നിലയാക്കി. പോര്‍ബന്ധറിലെ ദിവാനായിരുന്നു ഉത്തംചന്ദ് ഗാന്ധി. ആ സ്ഥാനപ്പേരിന്റെ ബലത്തിനൊത്ത വീടൊന്നുമല്ലയിത്. ഗാന്ധി ജനിച്ച മുറി അതുപോലെ സൂക്ഷിച്ചിട്ടുണ്ട്. ജനിച്ച സ്ഥലത്ത് സ്വസ്തിക് മുദ്ര. മുകളില്‍ ചര്‍ക്കയില്‍ നൂല്‍ നെയ്യുന്ന അര്‍ദ്ധനഗ്നനായ ഗാന്ധി.

പുതലിഭായി തന്റെ നാലാമത്തെ മകനായി മോഹന്‍ദാസ് കരംചന്ദ് ഗാന്ധിക്ക് ജന്മം നല്‍കിയത് ഇവിടെയാണ് എന്ന് ചുമരിലെ മരപ്പലകയില്‍ എഴുതിയിരിക്കുന്നു. ജനലിനും വാതിലിനുമൊക്കെ പച്ചനിറം. വാതിലിലെ കൊത്തുപണികള്‍ക്കു മേലും പച്ച തന്നെ. വാതിലിനു മുകളില്‍ അച്ഛന്‍ കരംചന്ദിന്റെയും പുതലിബയുടെയും ചിത്രം. മറ്റൊരു മുറിയില്‍ ചര്‍ക്ക. വീട്ടിലെ മുറികളെല്ലാം ചെറുതാണ്. ബാല്യത്തില്‍ ഗാന്ധി വായനയ്ക്കായി ഗാന്ധി ഉപയോഗിച്ചിരുന്ന മുറി പ്രത്യേകം തന്നെ അടയാളപ്പെടുത്തിയിരിക്കുന്നു. ഓരോ നിലയിലേക്കു കയറാനും മരഗോവണി. ബലത്തിനായി തടിച്ച മരക്കയറും. അതിലൂടെ തൂങ്ങിയിറങ്ങുന്ന കുട്ടികള്‍. പുറത്തേക്ക് തുറക്കുന്ന അരവാതിലുകളില്‍ മുഖമുരുമ്മി സെല്‍ഫിക്കു പോസ് ചെയ്യുന്നവര്‍. വീട്ടില്‍ ഒരു നല്ല ഗൈഡ് പോലുമില്ലെന്നത് അത്ഭുതപ്പെടുത്തി. അല്ലെങ്കിലും ഗാന്ധിയെ അത്രയേ നിങ്ങള്‍ക്കു വേണ്ടൂ എന്ന് ഈ വീടു വിളിച്ചുപറയുന്നതു പോലെ തോന്നി.

മോഹന്‍ദാസ് ജനിക്കുമ്പോള്‍ കത്യാവാറിലെ തെക്കുപടിഞ്ഞാറന്‍ നാട്ടുരാജ്യമാണ് പോര്‍ബന്ധര്‍. കത്യാവാറിലെ 74 നാട്ടുരാജ്യങ്ങളില്‍ ഒന്ന്. അറേബ്യ, പേര്‍ഷ്യ, കിഴക്കേ ആഫ്രിക്ക രാഷ്ട്രങ്ങളുമായി വ്യാപാര ബന്ധമുള്ള തുറമുഖ നഗരം. തെക്കന്‍ ഗുജറാത്തിലെ ജുനഗഡില്‍ നിന്നാണ് ഗാന്ധിയുടെ അറിപ്പെടുന്ന പൂര്‍വികരില്‍ ആദ്യത്തെയാളായ ലാല്‍ജി ഗാന്ധി പോര്‍ബന്ധറിലേക്ക് കുടിയേറിയത്; 1674ല്‍. ജുനഗഡിലെ ജന്മിക്കു കീഴില്‍ എസ്റ്റേറ്റ് മാനേജരായിരുന്നു ലാല്‍ജി. പോര്‍ബന്ധറില്‍ രാജാവിന്റെ ഡെപ്യൂട്ടി ദിവാനായി. ലാല്‍ജിയുടെ മരണ ശേഷം മകന്‍ റാംജി ഗാന്ധി, പേരമകന്‍ റഹിദാസ് ഗാന്ധി, അദ്ദേഹത്തിന്റെ മകന്‍ ഹര്‍ജിവന്‍ദാസ് ഗാന്ധി എന്നിവരെല്ലാം ഡെപ്യൂട്ടി ദിവാന്മാരായിരുന്നു. ഹര്‍ജിവന്‍ദാസിന്റെ മകനായ ഉത്തംചന്ദ് ഗാന്ധിയിലൂടെയാണ് മഹാത്മാഗാന്ധിയുടെ കുടുംബചരിതം ജീവസ്സുറ്റതാകുന്നത്. ഭരണപാടവം കൊണ്ട് പോര്‍ബന്ധിലെ നായിബ് ദിവാനില്‍ നിന്നും ദിവാനായി മാറി ഉത്തംചന്ദ്.


ഗാന്ധി ജനിച്ച സ്ഥലം അടയാളപ്പെടുത്തിയിരിക്കുന്നുഗാന്ധി ജനിച്ച സ്ഥലം അടയാളപ്പെടുത്തിയിരിക്കുന്നു
സമൃദ്ധിയുടെ കാലത്തിനിടെയാണ് 1831ല്‍ രാജാവ് റാണ ഖിമോജിയുടെ അപ്രതീക്ഷിത മരണം. 12കാരന്‍ മകന്‍ വികമത്ജി അധികാരമേറ്റെങ്കിലും രാജാവിന്റെ വിധവ റാണി രൂപാലിബയുടെ കൈയിലായിരുന്നു ഭരണത്തിന്റെ ചെങ്കോല്‍. ഉരുക്കുമുഷ്ടിയുള്ള വനിത. ആയിടെയാണ് ഒരു ട്രഷറി ഉദ്യോഗസ്ഥന് രാജ്ഞി വധശിക്ഷ പ്രഖ്യാപിച്ചത്. അയാള്‍ അഭയം തേടിയത് ഗാന്ധിയുടെ വീട്ടില്‍. അയാളെ കൈമാറണമെന്ന് രൂപാലിബയുടെ ഉഗ്രശാസന വന്നു. ഉത്തംചന്ദ് വഴങ്ങിയില്ല. വീട് തീയിട്ടു കളയാനായിരുന്നു രാജ്ഞിയുടെ ഉത്തരവ്. ആ തീരുമാനം നടപ്പിലാകാതിരിക്കാന്‍ വീടിനു കാവല്‍ നിന്നത് പോര്‍ബന്ധറില്‍ വന്നു പോയ അറബ് വ്യാപാരികള്‍. സൈന്യവും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഗുലാം മുഹമ്മദ് മക്‌റാനി എന്ന അറബ് ഗാര്‍ഡ് ഏറ്റുമുട്ടലില്‍ മരിച്ചു വീണു. കീര്‍ത്തിമന്ദിറിനു തൊട്ടടുത്തുള്ള വൈഷ്ണവ ക്ഷേത്രത്തില്‍ ഇപ്പോഴുമുണ്ട് അയാള്‍ക്കായൊരു സ്മാരകം.

ഗാന്ധിയുടെ ജന്മവീട്ഗാന്ധിയുടെ ജന്മവീട്വ്യാപാരത്തിനു വന്ന അറബികള്‍ ഗാന്ധികുടുംബത്തിന് വിരുന്നുകാര്‍ മാത്രമായിരുന്നില്ല. പോര്‍ബന്ധര്‍ തീരത്ത് അവര്‍ തീര്‍ത്തത് സ്‌നേഹത്തിന്റെ മഹാസാഗരം. രാജ്ഞിയുമായി ഇടഞ്ഞതോടെ ഗാന്ധി കുടുംബം പോര്‍ബന്ധര്‍ വിട്ട് ജന്മനാടായ ജുനഗഥിലെ കുതിയാനയിലേക്ക് പോയി. രൂപാലിബയുടെ മരണശേഷമാണ് അവര്‍ വീണ്ടും തിരിച്ചെത്തിയത്; 1841ല്‍. ഉത്തംചന്ദിനു രണ്ടു മക്കളായിരുന്നു, കരംചന്ദ് ഗാന്ധിയും തുളസീദാസ് ഗാന്ധിയും. ഔപചാരിക വിദ്യാഭ്യാസം കുറവായിരുന്നെങ്കിലും മികച്ച ഭരണപാടവമുണ്ടായിരുന്നു കരംചന്ദിന്. 25-ാം വയസ്സില്‍ അദ്ദേഹം പോര്‍ബന്ധറിലെ ദിവാനായി. തുറമുഖ നഗരത്തെ മുപ്പതു വര്‍ഷം ഭരിച്ച ദിവാന്‍. ആളും പരിവാരവും അര്‍ത്ഥവും ആ വീട്ടില്‍ കയറിയിറങ്ങിയ കാലത്താണ് ഗാന്ധിയുടെ ജനനം. 1869 ഒക്ടോബര്‍ രണ്ടിന്.

ലോകത്തുടനീളം അടിവേരുകള്‍ പടര്‍ത്തിയ ഒരു മഹാവൃക്ഷത്തിന്റെ ജനനം. ഏഴു വയസ്സുമാത്രമേ മോഹന്‍ദാസ് പോര്‍ബന്ധറില്‍ താമസിച്ചുള്ളൂ. പില്‍ക്കാല ജീവിതം പോലെ പോര്‍ബന്ധര്‍ അറിഞ്ഞോ അറിയാതെയോ മഹാത്മാവിന്റെ ജീവിതത്തില്‍ ഒരിടത്താവളം മാത്രമായിരുന്നു. അഹമ്മദാബാദിലെ സബര്‍മതി പോലെ, ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗ് പോലെ, ഡല്‍ഹിയിലെ ബിര്‍ളയുടെ വീടു പോലെ. സൗരാഷ്ട്രയുടെ ഹൃദയമായിന്ന രാജ്‌കോട്ടിലായിരുന്നു പില്‍ക്കാല ജീവിതം. നിയമപഠനത്തിനായി ലണ്ടനിലെ പഠനച്ചെലവു വഹിക്കാമെന്ന് പോര്‍ബന്ധര്‍ സ്‌റ്റേറ്റ് ഏറ്റെങ്കിലും മോഹന്‍ദാസ് അതു സ്വീകരിച്ചില്ല. അതു സംഭവിച്ചിരുന്നെങ്കില്‍ പോര്‍ബന്ധറിന് ഒരു നല്ല ദിവാനെ കിട്ടുമായിരുന്നു. രാജ്യത്തിന് ഒരു മഹാത്മാവിനെ നഷ്ടമാകുകയും ചെയ്യുമായിരുന്നു.

ഹാവേലിയുടെ വലതു വശത്താണ് ഗാന്ധിയുടെ സംഭവബഹുലമായ ജീവിതം ചിത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എവിടെ സ്‌നേഹമുണ്ടോ അവിടെ ദൈവമുണ്ട് എന്ന് മുറിയില്‍ കോറിയിട്ടിരിക്കുന്നു. സ്‌നേഹത്തിന്റെ മറുഭാഷ പോലെ ആ ചില്‍ക്കൂടുകള്‍ക്കുള്ളില്‍ ഗാന്ധി തുടിക്കുന്നു. ടാഗോറും നെഹ്‌റുവും ജിന്നയും ഈ ചിത്രങ്ങളിലും ഗാന്ധിക്കു കൂട്ട്.

കീര്‍ത്തി മന്ദിറിന് ഉള്ളില്‍ പ്രദര്‍ശിപ്പിച്ച ഗാന്ധിയുടെ ജീവിത ചിത്രങ്ങള്‍കീര്‍ത്തി മന്ദിറിന് ഉള്ളില്‍ പ്രദര്‍ശിപ്പിച്ച ഗാന്ധിയുടെ ജീവിത ചിത്രങ്ങള്‍സേഥ് ശ്രീ നന്‍ജിഭായ് കാളിദാസ് മേത്ത എന്ന വ്യവസായിയാണ് കീര്‍ത്തി മന്ദിര്‍ നിര്‍മാണം ആരംഭിച്ചത്. 1947ല്‍ ഗാന്ധി ജീവിച്ചിരിക്കുമ്പോള്‍ തന്നെ. എന്നാല്‍ അതിനിടെ, മതവൈരം മൂത്ത നാഥുറാം ഗോഡ്‌സെ പോയിന്റ് ബ്ലാങ്കില്‍ നിന്ന് മഹാത്മാവിനെ വെടിവെച്ചു കൊന്നു. അതിനും രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സ്മാരകം രാഷ്ട്രത്തിന് സമര്‍പ്പിച്ചത് സര്‍ദാര്‍ വല്ലഭായ് പട്ടേലാണ്; 1950 മെയ് 27ന്. രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട പട്ടേലിനെയും ഗാന്ധിയുടെ പട്ടേലിനെയും വെവ്വേറെ ഓര്‍ത്തു. ഗുജറാത്തില്‍ ജനിച്ച പട്ടേലും അവിടെത്തന്നെ ജനിച്ച ഗാന്ധിയും ഓര്‍മയുടെ പല തട്ടുകള്‍ തീര്‍ത്തു.

കീര്‍ത്തി മന്ദിര്‍കീര്‍ത്തി മന്ദിര്‍കീര്‍ത്തിമന്ദിറിന് അകത്തുള്ള ഓടുപാകിയ വഴിയിലൂടെ ഏകദേശം അമ്പതു മീറ്റര്‍ നടന്നാല്‍ കസ്തൂര്‍ബയുടെ സ്മാരകമെത്തി. സിമന്റടര്‍ന്നു വീണ പഴയ കല്‍്ച്ചുമരില്‍ ആര്‍ക്കോ വേണ്ടി ഒരു സൂചനാ ബോര്‍ഡ് കണ്ടു; കസ്തൂര്‍ബാ ഗാന്ധി സ്മാരക്. ഇടയില്‍ വെള്ളം കെട്ടി നിന്ന ആ വഴിയില്‍ മനുഷ്യരാരും ഉണ്ടായിരുന്നില്ല. ഒരു പട്ടിയും പശുവും പോകുന്നതു കണ്ടു.

യഥാര്‍ത്ഥത്തില്‍ പോര്‍ബന്ധറില്‍ ഗാന്ധിയുടെ ജനനമേ ഉള്ളൂ. ഇപ്പോഴൊരു സ്മാരകവും. അവിടെ ഗാന്ധിയില്ല. ഗാന്ധിയുടെ വഴിയില്ല. ആ വഴികളിലൊക്കെ എന്നേ മണ്ണു വീണിരിക്കുന്നു. ലോകത്തുടനീളം പടരാനായി ഗാന്ധി ഏഴാം വയസ്സില്‍ തന്നെ പുറപ്പെട്ടു പോയിരുന്നല്ലോ. അങ്ങനെ പിറന്ന മണ്ണില്‍ വേരുകളില്ലാത്ത മഹാവൃക്ഷമായി മാറി ഗാന്ധി.

Read More >>