മലപ്പുറം ഗവ. വനിതാ കോളജ്: തല്‍ക്കാലം കുടിയിറങ്ങേണ്ടി വരില്ല

ഇന്നലെ തിരുവനന്തപുരത്താണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലുമായി മലപ്പുറം നഗരസഭാദ്ധ്യക്ഷ സി.എച്ച്. ജമീല കൂടിക്കാഴ്ച്ച നടത്തിയത്. തുടര്‍ന്നും വാടക നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചതായും അതിന് നഗരസഭ സന്നദ്ധമാണെന്നും സി.എച്ച്. ജമീല തത്സമയം പത്രത്തോട് പറഞ്ഞു. ഇന്‍കെല്ലിലെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും അവര്‍ അറിയിച്ചു.

മലപ്പുറം ഗവ. വനിതാ കോളജ്: തല്‍ക്കാലം കുടിയിറങ്ങേണ്ടി വരില്ലമലപ്പുറം വനിതാ കോളേജ്

മലപ്പുറം: വാടകയെ ചൊല്ലി കുടിയിറക്ക് ഭീഷണി നേരിട്ടിരുന്ന മലപ്പുറം വനിത ഗവ. കോളജിന് താല്‍ക്കാലിക ആശ്വാസമായി മന്ത്രിയും നഗരസഭയും. വാടക നല്‍കാനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം ശിരസാ വഹിക്കാന്‍ നഗരസഭ തയാറായതോടെ പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക പരിഹാരത്തിന് വഴി തെളിഞ്ഞു. തിരുവനന്തപുരത്ത് നടന്ന മന്ത്രി-നഗരസഭാദ്ധ്യക്ഷ കൂടിക്കാഴ്ചയിലാണ് പോംവഴികള്‍ തുറന്നത്. എങ്കിലും കോളജിന്റെ ശനിദശ പൂര്‍ണമായി പരിഹരിക്കപ്പെടണമെങ്കില്‍ സ്വന്തം കെട്ടിടമെന്ന സ്വപ്‌നം കൂടി പൂവണിയണം.

ഇന്നലെ തിരുവനന്തപുരത്താണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലുമായി മലപ്പുറം നഗരസഭാദ്ധ്യക്ഷ സി.എച്ച്. ജമീല കൂടിക്കാഴ്ച നടന്നത്. തുടര്‍ന്നും വാടക നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചതായും അതിന് നഗരസഭ സന്നദ്ധമാണെന്നും സി.എച്ച്. ജമീല തത്സമയം പത്രത്തോട് പറഞ്ഞു. ഇന്‍കെല്ലിലെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും അവര്‍ അറിയിച്ചു.

കെട്ടിട വാടക തുടര്‍ന്നും നഗരസഭ നല്‍കുമെന്നും ഭൂമിയേറ്റെടുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയാതയും മന്ത്രി ഡോ.കെ.ടി ജലീല്‍ അറിയിച്ചു. വ്യവസായ വകുപ്പിന് കീഴിലുള്ള ഭൂമിയുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കേണ്ടത് റവന്യൂ വകുപ്പാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഒരു മാസത്തോളം നീണ്ട അനിശ്ചിത്വങ്ങള്‍ക്കൊടുവിലാണ് കോളജ് പ്രതിസന്ധിക്ക് പരിഹാരമാവുന്നത്. വാടക നല്‍കുന്നതില്‍ നിന്ന് നഗരസഭ പിന്‍മാറിയതിനെ തുടര്‍ന്ന് കോളജ് കുടിയിറക്ക് ഭീഷണി നേരിടുന്നത് പുറത്തു കൊണ്ടുവന്നത് തത്സയമം പത്രമായിരുന്നു. കഴിഞ്ഞ 18നാണ് ഇതു സംബന്ധിച്ച ആദ്യ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകളുള്‍പ്പടെ രംഗത്തെത്തി. നഗരസഭയെ പഴി ചാരി സര്‍ക്കാരും സര്‍ക്കാരിനെ കുറ്റപ്പെടുത്തി നഗരസഭയും രംഗത്തിറങ്ങിയോതെട കോളജ് നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരുന്നു. ഇതിനിടക്ക് രാഷ്ട്രീയ വിഴുപ്പലക്കലുകളും ഉണ്ടായി.

മലപ്പുറം മുണ്ടുപറമ്പിലാണ് ജില്ലയിലാണു ഏക സര്‍ക്കാര്‍ വനിതാ കോളജ് പരാധീനതകളോട് മല്ലിട്ട് തുടരുന്നത്. കോളജ് സ്ഥാപിച്ച് നാലുവര്‍ഷം കഴിഞ്ഞിട്ടും സ്വന്തം കെട്ടിടമില്ലാത്തതാണു ഈ കലാലയത്തെ അലട്ടുന്ന പ്രധാന തലവേദന. വാടക കെട്ടിടത്തില്‍ മതിയായ സൗകര്യങ്ങളില്ലാതെ വീര്‍പ്പ്മുട്ടിയാണ് പഠനം തുടരുന്നത്. ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചത് വിദ്യാര്‍ത്ഥിനികളും അദ്ധ്യാപകരുമാണ്. കോളജ് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ ഒരു സൗകര്യവുമില്ലാത്ത കെട്ടിടത്തിലാണ് കോളജുള്ളത്. 400 വിദ്യാര്‍ത്ഥിനികളും മുപ്പതോളം ജീവനക്കാരുമാണ് ഇവിടെ ദുരിതപ്പെടുന്നത്. നിലവില്‍ പ്രതിമാസം 48000 രൂപയാണ് വാടക. ഈ തുകക്ക് ഇതിലും സൗകര്യമുള്ള കെട്ടിടങ്ങള്‍ മലപ്പുറം പരിസരങ്ങളില്‍ ലഭിക്കുമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നുണ്ട്.

നേരത്തെ കോട്ടപ്പടിയില്‍ ആരംഭിച്ച കോളജ് പിന്നീട് ഇവിടേക്ക് പറിച്ചുനടുകയായിരുന്നു. വാടക വലിയ സാമ്പത്തിക ബാദ്ധ്യതയായതിനാല്‍ തുടര്‍ന്ന് നല്‍കാനാവില്ലെന്നായിരുന്നു നഗരസഭയുടെ നിലപാട്. ഇക്കാര്യം രണ്ട് മാസം മുന്‍പ് തന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ നടപടികളൊന്നുമുണ്ടായിരുന്നില്ല. കെട്ടിട നിര്‍മാണത്തിനായി സര്‍ക്കാര്‍ 10 കോടിരൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമിയില്ലാത്തതിനാല്‍ ഇതു ഉപയോഗപ്പെടുത്താനാവുന്നില്ല.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മൗനത്തില്‍; കുടിയിറക്കത്തിന് നാളുകളെണ്ണി മലപ്പുറം വനിതാ കോളജ് എന്ന തലക്കെട്ടില്‍ തത്സമയം കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ട് .