ഭാവിയുടെ പഠനവഴി

ലോകത്തിന്റെ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുക എന്നത് പ്രധാനമാണ്. എന്നാല്‍ അതോടൊപ്പം ആലോചിക്കേണ്ട ചില വസ്തുതകള്‍ കൂടിയുണ്ട്. സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റും മറ്റ് സാങ്കേതിക വിദ്യകളും യഥേഷ്ടം ഉപയോഗിക്കുമ്പോഴും അവയുടെ പ്രവര്‍ത്തനം എങ്ങനെ എന്നതിനെ സംബന്ധിച്ച് അല്‍പമെങ്കിലും മനസ്സിലാക്കാന്‍ നാം ശ്രമിച്ചിട്ടുണ്ടോ?

ഭാവിയുടെ പഠനവഴി

ലോകത്തിന്റെ ഗതിവേഗം നാമെല്ലാം കണക്ക് കൂട്ടുന്നതിനുമപ്പുറമാണ്. കുട്ടിക്കാലത്തും ഇപ്പോഴും നാം പരിചയിച്ച സാങ്കേതിക സംവിധാനങ്ങള്‍ മാത്രമെടുത്ത് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. പോക്കറ്റുകളില്‍ എങ്ങോട്ടും കൊണ്ട് നടക്കാവുന്ന ഫോണുകള്‍ ഉണ്ടാവുമെന്നും ലോകത്തിന്റെ ഏതു കോണിലുമുള്ള ആളുകളുമായി തത്സമയം കണ്ട് സംസാരിക്കാന്‍ സാധിക്കുമെന്നും സ്റ്റുഡിയോകളില്‍ പോകാതെ തന്നെ നാമോരോരുത്തരും ഫോട്ടോഗ്രാഫര്‍മാരായി മാറുമെന്നും ഓരോ ദിവസവും എത്രയടി നടന്നു എന്നത് മുതല്‍ പള്‍സും ബി.പിയും ഹൃദയമിടിപ്പും വരെ നമ്മുടെ കയ്യിലെ വാച്ചുകള്‍ അളന്ന് തിട്ടപ്പെടുത്തി ഡോക്ടര്‍മാര്‍ക്ക് കൈമാറുമെന്നും മൊട്ടു സൂചി മുതല്‍ മൊബൈല്‍ ഫോണ്‍ വരെ ഫോണിലോ കമ്പ്യൂട്ടറിലോ ഓര്‍ഡര്‍ നല്‍കി വീട്ടുപടിക്കല്‍ എത്തിക്കാമെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അന്നതിനെ അതിശയോക്തിപരവും അരവട്ടുമായിട്ടായിരിക്കും ആളുകള്‍ വിലയിരുത്തുക. എന്നാല്‍ ഇന്നത് യാഥാര്‍ഥ്യമാണ്. മാത്രമല്ല ഇനിയും വരാന്‍ പോകുന്ന മാറ്റത്തിന്റെ വേഗതയെ കുറിച്ച് നാം ഏറെ ബോധവാന്മാരാണ് താനും.

ലോകത്തിന്റെ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുക എന്നത് പ്രധാനമാണ്. എന്നാല്‍ അതോടൊപ്പം ആലോചിക്കേണ്ട ചില വസ്തുതകള്‍ കൂടിയുണ്ട്. സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റും മറ്റ് സാങ്കേതിക വിദ്യകളും യഥേഷ്ടം ഉപയോഗിക്കുമ്പോഴും അവയുടെ പ്രവര്‍ത്തനം എങ്ങനെ എന്നതിനെ സംബന്ധിച്ച് അല്‍പമെങ്കിലും മനസ്സിലാക്കാന്‍ നാം ശ്രമിച്ചിട്ടുണ്ടോ? 'ഭാവനാസമ്പന്നരായ ചിലരുടെ ക്രിയാത്മകതയുടെ ഭാവനാശൂന്യരായ ഉപഭോക്താക്കള്‍' എന്ന് നമ്മെ ആക്ഷേപിച്ചാല്‍ പ്രതിരോധിക്കുക ദുഷ്‌കരമായിരിക്കും. സ്വപ്നം കാണാന്‍ പ്രേരിപ്പിക്കാന്‍, നാളെയുടെ ലോകത്തെ കുറിച്ച് ധാരണകള്‍ നല്‍കാന്‍ നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം! ലോകത്തിന്റെ ഒരു ഭാഗത്ത് മനുഷ്യജീവിതം അനായാസമാക്കാനുള്ള ചിന്തകളും ചര്‍ച്ചകളും നടക്കുമ്പോള്‍ മറു ഭാഗത്ത് വര്‍ഷങ്ങള്‍ പഴക്കമുള്ള പാഠപുസ്തകങ്ങളിലെ വാചകങ്ങള്‍ ആര്‍ക്കോ വേണ്ടി മനഃപാഠമാക്കുന്ന തിരക്കിലായിരുന്നു നാമോരോരുത്തരും.

ലോകംകൈക്കുമ്പിളില്‍

നാളത്തെ ലോകം എന്തായിരിക്കും എന്ന് നാം ചിന്തിച്ചിട്ടുണ്ടോ? മനുഷ്യനെ പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ഹ്യൂമനോയിഡ് റോബോട്ടുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. എന്ത് ചോദ്യങ്ങള്‍ക്കും ഉത്തരമായി ഗൂഗിള്‍ അസിസ്റ്റന്റും സിരിയും അലെക്സയും കൂടെയുണ്ട്. പൂമുഖപ്പടിയില്‍ പോസ്റ്റ്മാന്റെ വരവിനായി ഇന്നാരും കാത്തിരിക്കാറില്ല, ഫോണില്‍ നിന്ന് വരുന്ന ടിക് ടിക് ശബ്ദം പലപ്പോഴും അവഗണിക്കാറാണ് പതിവ്. ഏഴരയുടെ സീരിയല്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും അമ്മമാര്‍ വേവലാതിപ്പെടാറില്ല, ഹോട്ട്സ്റ്റാറും നെറ്റ്ഫ്‌ളിക്‌സും സ്മാര്‍ട്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടല്ലോ! ഗൂഗിള്‍ മാപ്പ് ഉണ്ടായത് കൊണ്ട് കവലകളില്‍ വാഹനം നിര്‍ത്തി വഴി ചോദിക്കുന്ന നാട്ടുനടപ്പ് ഏറെക്കുറെ കൈമോശം വന്നുപോയി.

ശാസ്ത്ര സാങ്കേതിക വിദ്യകളിലെ കുതിച്ചു ചാട്ടം നമ്മുടെ ജീവിതത്തെ അത്ര മേല്‍ സ്വാധീനിച്ചിരിക്കുന്നു എന്നതില്‍ സംശയമില്ലല്ലോ! ഇനിയും മാറ്റങ്ങള്‍ വരികയാണ്. അവിടെ ഉപഭോക്താക്കള്‍ എന്ന ഇപ്പോഴത്തെ നമ്മുടെ അവസ്ഥയില്‍ നിന്ന് ഉത്പാദകര്‍ എന്ന അവസ്ഥയിലേക്ക് മാറാന്‍ നമുക്ക് സാധിക്കുമോ? ലോകം അതിവേഗം മാറിയിട്ടും നാം പഠിച്ച വിദ്യാഭ്യാസ രീതിയും ടെക്സ്റ്റ് ബുക്കുകളും പഠന സമ്പ്രദായങ്ങളും തന്നെയാണ് അണുവിട വ്യത്യാസമില്ലാതെ നമ്മുടെ മക്കളും പിന്തുടരുന്നതെന്ന് എന്നതിനാല്‍ നാം ഉപഭോക്തക്കള്‍ മാത്രമായി നിലനില്‍ക്കും എന്ന ഉത്തരത്തിനാണ് സാധ്യത കൂടുതല്‍. സ്റ്റെം എഡ്യുക്കേഷന്‍ വ്യതിരിക്തമാവുന്നത് ഇവിടെയാണ്.

STEM പാഠ്യരീതി?

Science, Technology, Engineering and Mathematics എന്നതിന്റെ ചുരുക്കപ്പേരാണ് STEM. ദൈനംദിന ജീവിതത്തില്‍ നാം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്ന, നമ്മുടെ ജീവിതം ആയാസ രഹിതമാക്കുന്ന വിജ്ഞാന ശാഖകളാണ് ഇവ നാലും. ഈ നാല് പഠന മേഖലകളെയും ഒരുമിച്ച് ചേര്‍ത്തുള്ള വിദ്യാഭ്യാസ രീതിയെയാണ് STEM Education എന്നു വിളിക്കുന്നത്. നമ്മുടെ സ്‌കൂളുകളില്‍ ഇവയില്‍ നാം പഠിക്കുന്നത് സയന്‍സ്, മാത്സ് എന്നിവയാണ്. അതും വ്യത്യസ്ത പാഠങ്ങളും വിഷയങ്ങളുമായി. എന്നാല്‍ ഒരു വിഷയത്തെ ഈ നാല് മേഖലയുടെയും പരിപ്രേഷ്യത്തില്‍ ഒന്നിച്ച് കാണുന്ന രീതിയെ കുറിച്ച് ആലോചിച്ച് നോക്കൂ.

നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ മൊബൈല്‍ ഫോണ്‍ തന്നെയെടുക്കുക. ആധുനിക ലോകത്തിലെ അതിപ്രധാനമായ ടെക്നോളജി ആണത്. മൊബൈല്‍ ഫോണുകളുടെ പ്രവര്‍ത്തനത്തിന് പിന്നിലുള്ള ശാസ്ത്രം നാം പഠിക്കുമ്പോള്‍ അത് അര്‍ധ ചാലകങ്ങളിലേക്കും (Semi Conductors) ഇലക്ട്രോണിക്സിലേക്കും എത്തിച്ചേരുന്നു. അവയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചുള്ള കൃത്യമായ ധാരണ ലഭിക്കാന്‍ ബൈനറി സംഖ്യകളെ പറ്റി പഠിക്കേണ്ടത് അനിവാര്യമാണ്. ഇനി ഇത്തരം മൊബൈല്‍ ഫോണുകള്‍ എങ്ങനെ നിര്‍മിക്കാം എന്ന് നമ്മുടെ പാഠ്യപദ്ധതി എവിടെയും ചര്‍ച്ച ചെയ്യുന്നില്ല. അവക്ക് പിന്നിലെ എഞ്ചിനീയറിംഗ് സംബന്ധിച്ച് പഠിക്കുമ്പോള്‍ നാം ഐ.സി ഡിസൈന്‍, ലിതോഗ്രഫി തുടങ്ങി അത്യാധുനിക എഞ്ചിനീയറിംഗ് മേഖലകളെ കുറിച്ച് മനസ്സിലാക്കുന്നു. നാളെ ഈ സാങ്കേതിക വിദ്യയെ നൂതനമായ എന്തെല്ലാം മാര്‍ഗങ്ങളില്‍ ഉപയോഗിക്കാം എന്ന ചിന്ത കുട്ടികള്‍ നടത്തുന്നു. മൊബൈല്‍ ഫോണിന് പിന്നിലുള്ള ശാസ്ത്രവും ഗണിതവും എഞ്ചിനീയറിംഗും സാങ്കേതിക വിദ്യയുമെല്ലാം സമഗ്രമായി മനസ്സിലാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനം ഫലപ്രദവും മൂര്‍ത്ത രൂപത്തിലുള്ളതുമായി മാറുന്നു.

സാമ്പ്രദായിക ക്ലാസ് റൂം പഠനം പ്രയാസകരമാവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് വിഷയങ്ങള്‍ തമ്മിലുള്ള ബന്ധം കുട്ടികള്‍ക്ക് അനുഭവവേദ്യമാകുന്നതില്‍ നമ്മുടെ പാഠ്യപദ്ധതി പരാജയപ്പെടുന്നതിനാലാണ്. എന്താണ് പഠിപ്പിക്കുന്നു എന്നല്ലാതെ ഇതെല്ലാം എന്തിന് പഠിക്കുന്നു എന്നും, നാം പഠിക്കുന്നതിന്റെ പ്രായോഗിക ഉപയോഗങ്ങള്‍ എന്തെല്ലാമാണെന്നും കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ മുന്‍ പറഞ്ഞ ഉദാഹരണത്തിലെ മൊബൈലിനെ പറ്റിയുള്ള പഠനം ശ്രദ്ധിക്കൂ. ശാസ്ത്രവും, ഗണിതവും, സാങ്കേതിക വിദ്യയുമെല്ലാം കൃത്യമായി അവതരിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയും. മാത്രമല്ല, നൂതന എഞ്ചിനീയറിഗം സാങ്കേതിങ്ങളെ സംബന്ധിച്ച് ഉള്‍ക്കാഴ്ച്ചയും, അത് വഴി ഭാവിയില്‍ തിരഞ്ഞെടുക്കേണ്ട വഴികളെ കുറിച്ച് മികച്ച ധാരണയും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നു.

സ്മാര്‍ട്ട് ഫോണുകളുടെ കാലം കഴിഞ്ഞ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (അൃശേളശരശമഹ കിലേഹഹശഴലിരല) മെഷീന്‍ ലേണിംഗും (Machine Learning), ഇന്റര്‍നെറ്റ് ഓഫ് തിംഗ്സും (Internet of Things), ബിഗ് ഡാറ്റയും (Big Data) കടന്നു വരുന്നു. ഇവയെ കുറിച്ചെല്ലാം കൃത്യമായ വിവരങ്ങളും കാഴ്ച്ചപ്പാടുകളും നമ്മുടെ കുട്ടികള്‍ക്കുണ്ടാവേണ്ടത് അനിവാര്യമല്ലേ? ഇവയുടെയെല്ലാം പിന്നിലുള്ള ശാസ്ത്രം നമ്മുടെ കുട്ടികള്‍ അവര്‍ പോലുമറിയാതെ സ്‌കൂളുകളില്‍ പഠിക്കുന്നു. ആ പാഠങ്ങളെ ഈ സാങ്കേതകിക വിദ്യകളുമായി ബന്ധിപ്പിച്ച് സമഗ്രവും പ്രായോഗികവുമായ പരിജ്ഞാനം STEM വിദ്യാഭ്യാസ രീതി നല്‍കുന്നു. ഒരു കാന്തവും കുറച്ച് കമ്പി ചുരുളുകളുമുണ്ടെങ്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന പാഠപുസ്തകങ്ങളിലെ വരികള്‍ക്ക് പകരം അവ കുട്ടികളുടെ കയ്യില്‍ നല്‍കി നിങ്ങള്‍ വൈദ്യുതി ഉത്പാദിപ്പിച്ച് കാണിക്കൂ എന്ന് കുട്ടികളെ വെല്ലുവിളിച്ച്, കാന്തങ്ങള്‍ ഉപയോഗിച്ച് വസ്തുക്കള്‍ വായുവില്‍ താങ്ങി നിര്‍ത്തി മാഗ്ലെവ് ട്രെയിനുകളെ കുറിച്ച് സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ച് അവരില്‍ കൗതുകവും ജിജ്ഞാസയും വളര്‍ത്തലാണ് STEM വിദ്യാഭ്യാസ രീതി മുന്നോട്ട് വെക്കുന്ന ആശയം.

സ്റ്റെം പഠനരീതി ലോകതലത്തില്‍

ലോകതലത്തില്‍ സ്റ്റെം എഡ്യുക്കേഷന്‍ ഏറെ മുന്നേറിക്കഴിഞ്ഞു. കൂടെ പോകാന്‍ നാം തയ്യാറുണ്ടോ എന്നാണ് ചോദ്യം! അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും STEM വിദ്യാഭ്യാസ രീതി ഏറ്റെടുത്ത് കഴിഞ്ഞു. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബാരാക്ക് ഒബാമയുടെ കാലത്ത് ടഠഋങ വിദ്യാഭ്യാസ രീതി വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുപാട് പദ്ധതികള്‍ നടപ്പാക്കുകയുണ്ടായി. വിദ്യാര്‍ഥികളുടെയും നാടിന്റെയും ഭാവിക്ക് ടഠഋങ വിദ്യാഭ്യാസ രീതി അനിവാര്യമാണ് എന്നായിരുന്നു ഒബാമ സര്‍ക്കാറിന്റെ നിലപാട്. തന്റെ ഋറൗരമലേ ീേ കിിീ്മലേ പദ്ധതിയുടെ ഭാഗമായി ഒരു ബില്യണ്‍ ഡോളറാണ് സ്വകാര്യ സംരംഭകരില്‍ നിന്ന് ഒബാമ ടഠഋങ വിദ്യാഭ്യാസ രീതിക്ക് വേണ്ടി സ്വരൂപിച്ചത്. 2020ഓട് കൂടി 20 മില്യണിലേറെ തൊഴിലവസരങ്ങള്‍ ടഠഋങ മേഖലകളില്‍ ഉണ്ടാവും എന്നാണ് കണക്ക്.

നാളെയുടെ വരദാനങ്ങളാവാന്‍...

തോമസ് ആല്‍വാ എഡിസണ്‍, പതിനായിരത്തിലധികം വസ്തുക്കള്‍ പരീക്ഷിച്ച ശേഷമാണ് ബള്‍ബില്‍ ഉപയോഗിക്കാന്‍ ഉപയുക്തമായ ലോഹം ടങ്സ്റ്റണ്‍ ആണ് എന്ന് കണ്ടെത്തിയത്. ആയിരം തവണ നിങ്ങള്‍ പരാജയപ്പെട്ടില്ലേ എന്ന് പരിഹസിച്ച വ്യക്തിയോട് എഡിസണ്‍ പ്രതിവചിച്ചത് ഇപ്രകാരമായിരുന്നു, ''ഞാന്‍ തോറ്റിട്ടില്ല, മറിച്ച് പ്രവര്‍ത്തിക്കാത്ത പതിനായിരം വഴികള്‍ കണ്ടെത്തുകയാണ് ഞാന്‍ ചെയ്തത്'' എന്നായിരുന്നു. 'വിജയിക്കണം, പരാജയപ്പെടാന്‍ പാടില്ല' എന്ന് കുട്ടികളുടെ ചെവിയില്‍ രക്ഷിതാക്കളും അദ്ധ്യാപകരും മന്ത്രിച്ച് കൊണ്ടേയിരിക്കുന്ന ഇക്കാലത്ത് ഏതൊരു ചെറിയ പരാജയത്തേയും വിജയത്തിലേക്കുള്ള വഴികളായി മനസ്സിലാക്കിയ എഡിസണ്‍മാരേയും രാമാനുജന്‍മാരെയും ഐന്‍സ്റ്റീനുമാരെയും സൃഷ്ടിച്ചെടുക്കാന്‍ നമുക്ക് സാധിക്കണം. പരീക്ഷണ നിരീക്ഷണങ്ങളും പ്രായോഗിക പരിജ്ഞാനവും പാഠ്യ വിഷയങ്ങളുടെ ലക്ഷ്യവും പ്രായോഗികവും വിദ്യാര്‍ഥികള്‍ക്ക് കൈമാറി പഠനം ആസ്വാദ്യകരമായ അനുഭവമാക്കി പരിവര്‍ത്തിപ്പിച്ച് കുട്ടികളില്‍ ജിജ്ഞാസയും കൗതുകവും വളര്‍ത്തുന്ന STEM വിദ്യാഭ്യാസ രീതി ഈയൊരു ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പുകളിലൊന്നാണ്!

Read More >>