എല്ലാ അധികാരസ്ഥാനങ്ങള്‍ക്കും വേണം പ്രായപരിധി.

75 കഴിഞ്ഞവർക്കു സ്ഥാനാർത്ഥിത്വം നൽകേണ്ട എന്ന ബി.ജെ.പി നയം മറ്റു പാർട്ടികളും പിന്തുടരണം എന്നു പറയാൻ മടിക്കേണ്ട. കോൺഗ്രസ് ആണ് ഇക്കാര്യത്തിൽ ബി.ജെ.പിയിൽ നിന്നു പാഠം പഠിക്കേണ്ട പാർട്ടി. 80 പിന്നിട്ട രോഗഗ്രസ്തരായ നേതാക്കൾ രാജ്യസഭാംഗത്വം ഉപേക്ഷിക്കാൻ തയ്യാറല്ല. അവസാനകാലത്തെ ചികിത്സയ്ക്കും മറ്റും ഈ പദവി സൗകര്യപ്രദമാണെന്നു പറഞ്ഞുതന്നെ സീറ്റു ചോദിക്കാൻ അവർ മടിക്കുന്നില്ല. യു.പി.എ ഭരണകാലത്ത് രാജ്യത്തെ ഗവർണ്ണർ വസതികളെല്ലാം വൃദ്ധസദനങ്ങളായി മാറിയിരുന്നു. ആ കാര്യത്തിൽ ഇപ്പോഴും വലിയ മാറ്റം വന്നതായി തോന്നുന്നില്ല.

എല്ലാ അധികാരസ്ഥാനങ്ങള്‍ക്കും വേണം പ്രായപരിധി.

ബി.ജെ.പി യിൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായപ്പോൾ ഉയർന്നു വന്ന ഒരു പ്രശ്നം അവരുടെ മുതിർന്ന നേതാക്കൾക്ക് സീറ്റ് കൊടുത്തില്ല എന്നതായിരുന്നു. പാർട്ടിയിലുള്ളവരേക്കാൾ പുറത്തുള്ളവരെയാണ് അത് വല്ലാതെ വേദനിപ്പിച്ചതെന്നു തോന്നി. എൽ.കെ അദ്വാനിയുടെ കാര്യമാണ് അതിൽ ഏറ്റവും ഗൗരവമായി എടുത്തുകാട്ടിയത്. തീർച്ചയായും എൽ.കെ അദ്വാനി ഇല്ലാത്ത ബി.ജെ.പി എന്നത് സങ്കൽപ്പിക്കാൻ പ്രയാസമുള്ള കാര്യം തന്നെ. ബി.ജെ.പി യെ ഇന്നത്തെ അവസ്ഥയിൽ എത്തിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിച്ച നേതാവ് ലാൽ കൃഷ്ണന്‍ അദ്വാനിയാണ്. സംശയമില്ല. പക്ഷേ, അത്തരം എല്ലാ പരിഗണനകൾക്കും പരിധികളുണ്ട്.

അദ്വാനി നിരാശനാണ്. അതു ഇപ്പോൾ ലോക്‌സഭയിലേക്കു മത്സരിക്കാൻ അവസരം കിട്ടാഞ്ഞതു കൊണ്ടു മാത്രം ഉണ്ടായതല്ല. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ബി.ജെ.പി തീരുമാനിച്ചപ്പോൾതന്നെ അതുണ്ടായി. പ്രധാനമന്ത്രി സ്ഥാനം വഹിച്ച എ.ബി വാജ്‌പേയിക്ക് സമശീർഷനാണ് അദ്വാനി. ഒരു പക്ഷേ, അദ്വാനി ആഗ്രഹിച്ചിരുന്നെങ്കിൽ, വാശി പിടിച്ചിരുന്നെങ്കിൽ വാജ്‌പേയി ഭരണത്തിന്റെ രണ്ടാംപകുതിയിൽ അദ്വാനിക്ക് പ്രധാനമന്ത്രി പദവി ലഭിക്കാനുള്ള സാദ്ധ്യത ഉണ്ടായിരുന്നു. അദ്ദേഹം അന്നു മാറിനിൽക്കുകയും ഉപപ്രധാനമന്ത്രിസ്ഥാനം കൊണ്ടു തൃപ്തിപ്പെടുകയും ചെയ്തു. ഒരു പക്ഷേ, അദ്ദേഹം വാജ്‌പേയിക്കു ശേഷം പ്രധാനമന്ത്രിയാകാം എന്ന മോഹം സൂക്ഷിച്ചിരിക്കാം. പക്ഷേ, 2014-ൽ 85 വയസ്സുള്ള നേതാവിനെ, യുവതലമുറയ്ക്ക് മുൻകൈ ലഭിക്കേണ്ട ഒരു കാലഘട്ടത്തിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിപ്പിടിക്കുന്നത് ബുദ്ധിശൂന്യമാവുമെന്നു പാർട്ടിക്കു തോന്നിയിരിക്കാം.

ആ തീരുമാനം തെറ്റായിരുന്നില്ല എന്നു പാർട്ടിയിൽ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. പിന്നെയും അഞ്ചു വർഷം കഴിഞ്ഞ്, 90 പിന്നിട്ട അദ്വാനി എന്തിന് ഒരു നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഈ പൊരിവേനലിൽ വോട്ട് ഇരന്ന് തെരുവുകളിലൂടെ ചുറ്റിയടിക്കണം! ഇനി ജയിച്ചാൽത്തന്നെ അദ്ദേഹത്തിന് എന്തു സ്ഥാനമാണ് പാർട്ടിയിൽ ലഭിക്കാൻ പോകുന്നത്?

സ്ഥാനാർത്ഥിത്വം കിട്ടാത്തതിൽ അദ്വാനി പരിഭവമോ പ്രതിഷേധമോ പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ, മുരളി മനോഹർ ജോഷിയുടെ സ്ഥിതി അതല്ല. 85 പിന്നിട്ടെങ്കിലും അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണ്. ടിക്കറ്റ് നിഷേധിക്കപ്പെട്ടതിൽ ക്ഷുഭിതനാണെന്നും വിമതനായി മത്സരിക്കാൻ ഉദ്ദേശിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തെ പിന്താങ്ങാൻ കോൺഗ്രസ് ആലോചിക്കുന്നതായിപ്പോലും റിപ്പോർട്ടുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് ഏതു പാർട്ടി എന്തു ചെയ്യും എന്നു ദൈവംതമ്പുരാനു പോലും ഉറപ്പിക്കാൻ പറ്റില്ല. എന്ത് മണ്ടത്തവും വലിയ ബുദ്ധിയാണെന്ന മട്ടിൽ ചെയ്യാൻ കോൺഗ്രസ് ഉൾപ്പെടെ ഒരു പാർട്ടിക്കും മടിയില്ല. സിനിമകളിൽ ആരോ എഴുതിക്കൊടുത്ത ദീർഘസംഭാഷണങ്ങൾ കാണാതെ പഠിച്ച് നടത്തിയ തട്ടുപൊളിപ്പൻ പ്രകടനങ്ങളുടെ പേരിൽ മാത്രം ആരെല്ലാം എന്തെല്ലാം ആകുന്നു!

മുരളി മനോഹർ ജോഷി നാളെ കോൺഗ്രസ്സിന്റെ ത്രിവർണ്ണ പതാകയുമായി റോഡിലിറങ്ങിയാലും ആരും അത്ഭുതപ്പെടുകയില്ല. അതാണ് കാലം. പക്ഷേ, ഇതിനെയൊന്നും സാമാന്യമായ രാഷ്ട്രീയബോധമുള്ളവർ അംഗീകരിക്കുകയില്ല.

അദ്വാനിയാകട്ടെ, മുരളി മനോഹർ ജോഷിയാകട്ടെ, സ്പീക്കർ സുമിത്ര മഹാജൻ തന്നെയാവട്ടെ, 75 ൽ കൂടുതൽ പ്രായമുള്ളവർക്കു സ്ഥാനാർത്ഥിത്വം നൽകേണ്ട എന്ന പാർട്ടി തീരുമാനത്തിൽ നിന്നു ഒഴിവു നൽകപ്പെടേണ്ടവരല്ല. അത്തരം നേതാക്കളുടെ ചുമലിൽ വച്ചുകെട്ടേണ്ടത് ലോക്‌സഭാംഗത്വത്തിന്റെ ഭാരമേറിയ ബാദ്ധ്യതകളല്ല. അവർ അതു ആഗ്രഹിക്കാനും പാടില്ല. ഹിന്ദു ധർമ്മശാസ്ത്രം അനുസരിച്ച് 80 ഉം 90 ഉം വയസ്സെത്തിയവർക്ക് ഏതു ആശ്രമമാണ് പറഞ്ഞിട്ടുള്ളത്? 72 പിന്നിട്ടാൽത്തന്നെ സന്ന്യാസമാണ് അഭികാമ്യം എന്നാണ് തത്ത്വം. അത്രത്തോളമൊന്നും നമുക്ക് പോകാൻ പറ്റില്ലായിരിക്കാം. പക്ഷേ, അധികാരത്തിന്റെ ആർത്തികളോട് നിസ്സംഗത പുലർത്താൻ ആ പ്രായത്തിലെങ്കിലും കഴിയേണ്ടേ, അല്ലെങ്കിൽ അതിനു ശ്രമിക്കേണ്ടേ?

75 കഴിഞ്ഞവർക്കു സ്ഥാനാർത്ഥിത്വം നൽകേണ്ട എന്ന ബി.ജെ.പി നയം മറ്റു പാർട്ടികളും പിന്തുടരണം എന്നു പറയാൻ മടിക്കേണ്ട. കോൺഗ്രസ് ആണ് ഇക്കാര്യത്തിൽ ബി.ജെ.പിയിൽ നിന്നു പാഠം പഠിക്കേണ്ട പാർട്ടി. 80 പിന്നിട്ട രോഗഗ്രസ്തരായ നേതാക്കൾ രാജ്യസഭാംഗത്വം ഉപേക്ഷിക്കാൻ തയ്യാറല്ല. അവസാനകാലത്തെ ചികിത്സയ്ക്കും മറ്റും ഈ പദവി സൗകര്യപ്രദമാണെന്നു പറഞ്ഞുതന്നെ സീറ്റു ചോദിക്കാൻ അവർ മടിക്കുന്നില്ല. യു.പി.എ ഭരണകാലത്ത് രാജ്യത്തെ ഗവർണ്ണർ വസതികളെല്ലാം വൃദ്ധസദനങ്ങളായി മാറിയിരുന്നു. ആ കാര്യത്തിൽ ഇപ്പോഴും വലിയ മാറ്റം വന്നതായി തോന്നുന്നില്ല. വാർദ്ധക്യത്തിലെത്തിയിട്ടും ഒരാൾ ​ഗ്രാമ പഞ്ചായത്ത് അംഗമാകാൻ സന്നദ്ധനാകുകയും ആ ആളെ ജയിപ്പിക്കാൻ ജനങ്ങൾ തയ്യാറാകുകയും ചെയ്യുന്നുണ്ടെങ്കിൽ അതു അദ്ദേഹത്തിന്റെ സേവനത്തെ മാനിച്ചാവണം. ഈ പരിഗണന ഉന്നതാധികാരസ്ഥാനങ്ങൾക്ക് ബാധകമല്ല. പ്രായപരിധി വേണം. അതു ആർക്കും അടിച്ചേൽപ്പിക്കാനാവില്ല. രാഷ്ട്രീയനേതൃത്വങ്ങൾ പുതിയ കീഴ് വഴക്കങ്ങൾ സൃഷ്ടിച്ചേ തീരൂ.

Read More >>