ആചാര സംരക്ഷണ നടപടി എന്തുകൊണ്ട് വൈകി?

മാസങ്ങൾക്ക് മുമ്പ് കേരളം മുൾമുനയിൽ നിന്നത് ശബരിമല വിഷയത്തിലുള്ള സുപ്രിം കോടതിയുടെ വിധിയെത്തുടർന്നാണ്. വിധി കേരളത്തിൽ ഞെട്ടലൊന്നുമുണ്ടാക്കിയിരുന്നില്ല. പ്രായവ്യത്യാസമില്ലാതെ വനിതകൾക്ക് ശബരിമലയിലെന്നല്ല ഏതു ആരാധനാലയത്തിലും പോകാം എന്നാണ് കോടതി വിധിച്ചത്. ഇത്തരത്തിലുള്ള ഒരു വിധിയും ഒരു ആരാധനാലയത്തിനു മാത്രം ബാധകമാവുന്ന ഒന്നല്ല. പൊതു തത്ത്വങ്ങളാണ് കോടതി പറഞ്ഞത്. പുരുഷന്മാർക്ക് പ്രവേശനമുള്ള ഒരിടത്തും സ്ത്രീകൾക്കു പ്രവേശനം നിഷേധിച്ചുകൂടാ എന്ന ഇന്ത്യൻ ഭരണഘടനയുടെ മഹത്തായ തത്ത്വമാണ് പരമോന്നത കോടതി ഉയർത്തിപ്പിടിച്ചത്. ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകാം. വിധി പറഞ്ഞ ബഞ്ചിൽതന്നെ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. അതൊന്നുമല്ല പ്രശ്‌നം. മാസങ്ങൾ പിന്നിട്ട് കേരളത്തിൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പു നടക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി ഉന്നയിക്കേണ്ട പ്രധാനവിഷയം ഇതാണോ എന്നതാണ്

ആചാര സംരക്ഷണ നടപടി എന്തുകൊണ്ട് വൈകി?

ലോക്‌സഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും രാജ്യത്തിന്റെ പ്രശ്‌നങ്ങളേക്കാളേറെ സംസ്ഥാനവിഷയങ്ങളാണ് ഏറെ ചർച്ച ചെയ്യപ്പെടാറുള്ളത്. അതിൽ അസ്വാഭാവികത ഉണ്ട് എന്നു പറയാനാവില്ല. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കോഴിക്കോട്ട് നടത്തിയ പ്രസംഗം കേരളീയർ ഉറ്റുനോക്കിയ പ്രസംഗം തന്നെയാണ്. ഒരു സംസ്ഥാനത്ത് പ്രധാനമന്ത്രി വരുമ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെടുക ആ സംസ്ഥാനത്തിന്റെ ഏതേതു പ്രശ്‌നങ്ങളിലാണ് പ്രധാനമന്ത്രി ഊന്നൽ നൽകുക എന്നതിനാണ്. നിർഭാഗ്യമെന്നു പറയട്ടെ, പ്രധാനമന്ത്രി ഊന്നിയത് പ്രധാനമന്ത്രിയുടെ പ്രഥമ പരിഗണന അർഹിക്കാത്ത ഒരു വിഷയത്തിലാണ്. വിശ്വാസികളെ പ്രീണിപ്പിക്കാനും വോട്ട് ഉറപ്പുവരുത്താനും പറ്റിയ ഒരു വിഷയം എന്നു തെറ്റിദ്ധരിച്ചാണ് പ്രധാനമന്ത്രി ശബരിമല വിവാദത്തിലേക്ക് വീണ്ടും ശ്രദ്ധ തിരിക്കാൻ ശ്രമിച്ചത് എന്നു വ്യക്തമാണ്.

മാസങ്ങൾക്ക് മുമ്പ് കേരളം മുൾമുനയിൽ നിന്നത് ശബരിമല വിഷയത്തിലുള്ള സുപ്രിം കോടതിയുടെ വിധിയെത്തുടർന്നാണ്. വിധി കേരളത്തിൽ ഞെട്ടലൊന്നുമുണ്ടാക്കിയിരുന്നില്ല. പ്രായവ്യത്യാസമില്ലാതെ വനിതകൾക്ക് ശബരിമലയിലെന്നല്ല ഏതു ആരാധനാലയത്തിലും പോകാം എന്നാണ് കോടതി വിധിച്ചത്. ഇത്തരത്തിലുള്ള ഒരു വിധിയും ഒരു ആരാധനാലയത്തിനു മാത്രം ബാധകമാവുന്ന ഒന്നല്ല. പൊതു തത്ത്വങ്ങളാണ് കോടതി പറഞ്ഞത്. പുരുഷന്മാർക്ക് പ്രവേശനമുള്ള ഒരിടത്തും സ്ത്രീകൾക്കു പ്രവേശനം നിഷേധിച്ചുകൂടാ എന്ന ഇന്ത്യൻ ഭരണഘടനയുടെ മഹത്തായ തത്ത്വമാണ് പരമോന്നത കോടതി ഉയർത്തിപ്പിടിച്ചത്. ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകാം. വിധി പറഞ്ഞ ബഞ്ചിൽതന്നെ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. അതൊന്നുമല്ല പ്രശ്‌നം. മാസങ്ങൾ പിന്നിട്ട് കേരളത്തിൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പു നടക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി ഉന്നയിക്കേണ്ട പ്രധാനവിഷയം ഇതാണോ എന്നതാണ്. കേരളത്തെ മുഴുവൻ ബാധിക്കുന്ന, കേരളത്തിന്റെ ഭാവിയെയും വർത്തമാനത്തേയും ബാധിക്കുന്ന ഏറ്റവും പ്രധാനവിഷയമാണോ ആചാരസംരക്ഷണം? ഈ ചോദ്യം കേട്ടില്ലെന്നു നടിച്ച് നമുക്ക് കടന്നു പോകാനാവില്ല.

നിയമത്തിന്റെ പരിധിക്കകത്തു നിന്നു കൊണ്ടാണെങ്കിലും മതം ഒരു വിഷയമായി ഉന്നയിക്കാനും അതിൽനിന്നു നേട്ടമുണ്ടാക്കാനുമാണ് പ്രധാനമന്ത്രി ശ്രമിച്ചത് എന്നു വ്യക്തം. കേരളത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമായ വിശ്വാസവും ആചാരവും ആരാധനാരീതികളും സംരക്ഷിക്കാൻ വേണ്ടി വന്നാൽ ഇവയ്ക്കു ഭരണഘടനയുടെ പരിരക്ഷ ഉറപ്പുവരുത്തും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. വളരെ വൈകി വളരെ ദുർബലമായാണ് ഈ ഉറപ്പു കേരളത്തിനു ലഭിക്കുന്നത്. കേരളം ആളിക്കത്തുംവിധം ഈ പ്രശ്‌നം പടർന്ന ഘട്ടത്തിലൊന്നും പ്രധാനമന്ത്രി മൗനത്തിന്റെ ഗുഹയിൽനിന്നു പുറത്തു വന്നതേയില്ല എന്നോർക്കണം. പല പാർട്ടികളും വ്യക്തികളും ഈ ആവശ്യമുന്നയിച്ചതാണ്. പ്രധാനമന്ത്രി ഇപ്പോൾ പറഞ്ഞ 'ഭരണഘടനാപരമായ പരിരക്ഷ' നൽകുക മാത്രമായിരുന്നു, കേരളത്തിൽ സംഘർഷം കത്തിപ്പടർന്ന ആ നാളുകളിൽ ചെയ്യേണ്ടിയിരുന്നത്. അന്നു പ്രധാനമന്ത്രി മിണ്ടിയില്ല. കത്തട്ടെ, ഇനിയും കത്തട്ടെ എന്ന ദുഷ്ടമനസ്സോടെയാണ് കേന്ദ്രം ഈ വിഷയത്തെ കണ്ടത് എന്ന കാര്യത്തിൽ സംശയമില്ല. പാർട്ടി വളർത്താനുള്ള ഒരു സുവർണാവസരമായി ഈ വിഷയത്തെ ഉപയോഗിക്കാനായിരുന്നു ശ്രമം. 'ഭരണഘടനാപരമായ പരിരക്ഷ' നൽകിയിരുന്നുവെങ്കിൽ സമാധാനപരമായി നടന്നു പോകുമായിരുന്നല്ലോ കഴിഞ്ഞ ശബരിമല തീർത്ഥാടനം. എണ്ണമറ്റ ഹർത്താലുകളും ബന്തുകളും അക്രമങ്ങളും ലാത്തിച്ചാർജ്ജുകളും മരണങ്ങളും ഉണ്ടായത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ കുറ്റകരമായ അലംഭാവത്തിന്റെയും തികഞ്ഞ രാഷ്ട്രീയ സ്വാർത്ഥതയുടെയും ഫലമായാണ് എന്നു ലവലേശം സംശയമില്ലാതെ ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുന്നു.

ഇതെല്ലാം പറയുമ്പോഴും, പ്രധാനമന്ത്രിയുടെയും ബി.ജെ.പി പ്രസിഡന്റ്് അമിത് ഷായുടെയും പ്രസംഗങ്ങളിൽ സമീപകാലത്ത് തുടരെത്തുടരെ ഉണ്ടായ വിഷംചീറ്റുന്ന വർഗ്ഗീയ പരാമർശങ്ങൾ കേരളത്തിലെത്തിയപ്പോൾ ഉണ്ടായില്ല എന്ന കാര്യം വിസ്മരിക്കാനാവില്ല. മനസ്സ് മാറിയതുകൊണ്ടാവില്ല, അതു വോട്ടു കിട്ടുന്നതിനു തടസ്സമാവുമോ എന്ന ആശങ്കയാവാം ഇപ്പോഴത്തെ മൃദുഭാവത്തിനു കാരണം. വയനാട് കോഴിക്കോടിന്റെ അയൽജില്ലയാണ്. ഇന്ത്യയൊട്ടുക്കും വയനാട് പാകിസ്താനിലാണോ എന്നു സംശയം പ്രകടിപ്പിച്ചവർക്ക് എന്തേ കോഴിക്കോട്ടെത്തിയപ്പോൾ ആ സ്ഥലപ്പേരു മറന്നു പോയത്! പാകിസ്താൻ കൊടിയുമേന്തിയാണ് വയനാട്ടിൽ ആളുകൾ രാഹുൽ ഗാന്ധിയെ വരവേറ്റത് എന്നു നാടെങ്ങും പ്രചരിപ്പിക്കുന്നവരുടെ മനസ്സിലിരുപ്പ് എന്താണ് എന്നു കാണാൻ ഒരു പ്രയാസവുമില്ല. എന്തു ചെയ്യാൻ പാടില്ല എന്നു തെരഞ്ഞെടുപ്പു നിയമം വ്യക്തമായി പറഞ്ഞുവോ അതാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ നേതാക്കൾ ചെയ്തുകൊണ്ടിരുന്നത്. കേരളത്തിൽ വന്നപ്പോൾ വയനാടിനെക്കുറിച്ച് പറഞ്ഞില്ലെന്നേ ഉള്ളൂ. കേരളം വിട്ടാൽ ആ വിഷയം വീണ്ടും പുറത്തെടുക്കും എന്ന കാര്യത്തിൽ സംശയമില്ല. ജനങ്ങളെ ഒന്നിപ്പിച്ചു ഒപ്പം കൊണ്ടു പോവുകയാണ്, ഭിന്നിപ്പിച്ച് നേട്ടം കൊയ്യുകയല്ല ജനസ്‌നേഹം എന്നെങ്കിലും ബി.ജെ.പി നേതൃത്വം തിരിച്ചറിഞ്ഞേ തീരൂ.

Read More >>