മോദി പുറത്തേക്കുള്ള വഴിയില്‍

സി.പി.ഐ (എം.എല്‍-ലിബറേഷന്‍) അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യയുമായി തത്സമയം ഡെപ്യുട്ടി എഡിറ്റര്‍ ഡോ. ഐ.വി ബാബു നടത്തിയ അഭിമുഖം.

മോദി പുറത്തേക്കുള്ള വഴിയില്‍

ദീപാങ്കര്‍ ഭട്ടാചാര്യ / ഡോ. ഐ.വി ബാബു


തെരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യം എങ്ങനെയായിരിക്കുമെന്നാണ് താങ്കള്‍ കരുതുന്നത് ?

ആറാം ഘട്ട തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ സൂചനകള്‍ വ്യക്തമാണ്. മോദി അധികാരത്തില്‍ നിന്ന് പുറത്തേക്കുള്ള വഴിയിലാണ്. പ്രധാനപ്പെട്ട ഹിന്ദി മേഖലാ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, യു. പി, ബിഹാര്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത്, പശ്ചിമ ഹിന്ദി സംസ്ഥാനമായ മഹാരാഷ്ട്ര എന്നിവിടങ്ങള്‍ ബി.ജെ.പിക്കും അതിന്റെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടക കക്ഷികള്‍ക്കും നഷ്ടപ്പെടുന്ന വലിയ എണ്ണം സീറ്റുകള്‍ക്ക് പകരം സീറ്റുകള്‍ എവിടെ നിന്ന് കണ്ടെത്തുമെന്നു എനിക്ക് മനസ്സിലാവുന്നില്ല. ഇതിനു പകരം സീറ്റുകള്‍ കണ്ടെത്താമെന്നു അവര്‍ കരുതുന്നത് പശ്ചിമ ബംഗാളില്‍ നിന്നാണ്. എന്നാല്‍, അവിടെപ്പോലും അവര്‍ അങ്ങേയറ്റം നിരാശരാണ്. കഴിഞ്ഞൊരു ദിവസം വൈകീട്ട് അവര്‍ ബംഗാളില്‍ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തല്ലിത്തകര്‍ത്തു. ഇതു തന്നെ അവരുടെ നൈരാശ്യത്തെ തുറന്നു കാണിക്കുന്നതാണ്. ഈ അക്രമാസക്തത ബംഗാളിലെ അവരുടെ സാദ്ധ്യതകള്‍ ഇല്ലാതാക്കി.

അതുകൊണ്ട് ഈ സര്‍ക്കാറിന് തിരിച്ചുവരാനാകുമെന്ന് ഞാന്‍ കരുതുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷം ഇന്ത്യയെ സംബന്ധിച്ച് അങ്ങേയറ്റം ദുരന്തപൂര്ണമായിരുന്നു. ഏതൊരു ദുരന്തവും സംഭവിച്ചാല്‍ നാം ആദ്യം ചെയ്യേണ്ടത് അതിന് ഇരയായ ജനങ്ങളെ രക്ഷപ്പെടുത്തുകയാണ്. രക്ഷാപ്രവര്‍ത്തനമാണ്. അതുകൊണ്ട് നാം ഇപ്പോള്‍ ചെയ്യുന്നത് രാജ്യത്തെയും ജനങ്ങളെയും ഭരണഘടനയെയും ജനാധിപത്യത്തെയും ഫാസിസത്തിന്റെ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ്. ആ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ജനാധിപത്യത്തെ പുനര്‍നിര്‍മ്മിക്കണം. അത് എങ്ങനെ വേണമെന്ന ചോദ്യം ഉയരും. നിലവിലുള്ള അവസ്ഥയില്‍ ഈ സര്‍ക്കാര്‍ തിരിച്ചുവരില്ലെന്ന കാര്യത്തില്‍ എനിക്ക് പ്രതീക്ഷയുണ്ട്, ആത്മവിശ്വാസമുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷത്തിന്റെ പങ്ക് എന്തായിരിക്കും ?

ഇടതുപക്ഷത്തിന്റെ പങ്കിനെ പറ്റി പറയുമ്പോള്‍ ആദ്യം നാം ഓര്‍ക്കേണ്ടത്, ഈ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതില്‍ ഇടതുപക്ഷം വഹിച്ച വലിയ പങ്കിനെ കുറിച്ചാണ്. പ്രതിപക്ഷം ഒന്നിച്ചു നില്‍ക്കുന്നതിനും സര്‍ക്കാരിനെതിരെ ജനങ്ങള്‍ മുന്നോട്ടു വരുന്നത്തിനും ആവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിലും അത് വഹിച്ച പങ്ക് വലുതാണ്. കഴിഞ്ഞ അഞ്ചു കൊല്ലത്തെ അനുഭവങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുക. തുടക്കത്തില്‍ പാര്‍ലമെന്റില്‍ പോലും സര്‍ക്കാരിന് എതിര്‍പ്പുണ്ടായില്ല. പല പാര്‍ട്ടികളും സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ പേടിച്ചു. ജനങ്ങള്‍ സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ പേടിച്ചു. ആ സാഹചര്യത്തിലാണ് രോഹിത് വെമുല കൊലചെയ്യപ്പെടുന്നത്. അതിനു ശേഷം രാജ്യത്തെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി ഉയര്‍ന്നര്‍ന്നെണീറ്റു. അതില്‍ ഇടതുപക്ഷ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും നിര്‍ണ്ണായക പങ്കുവഹിച്ചു.പിന്നെ കര്‍ഷകപ്രസ്ഥാനത്തെ നോക്കൂ. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സഖ്യം കര്‍ഷക സംഘടനകളുടേതാണ്. ഇരുന്നൂറിലേറെ കര്‍ഷക സംഘടനകള്‍ കൈകോര്‍ത്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ അവര്‍ നിരവധി റാലികളും കര്‍ഷക സമരങ്ങളും കര്‍ഷക പാര്‍ലമെന്റുകളും സംഘടിപ്പിച്ചു. കഴിഞ്ഞ രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ചത്തീസ് ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ നിന്ന് പുറത്തുപോയതിന്റെ യഥാര്‍ത്ഥ കാരണക്കാര്‍ കര്‍ഷക സംഘടനകളാണ്.

അതിലും ഇടതുപക്ഷം ഒരു പങ്കുവഹിച്ചു. ഇന്ത്യന്‍ തൊഴിലാളികളിലെ വര്‍ഗ്ഗത്തിലെ പുതിയ വിഭാഗങ്ങള്‍ മാന്യമായ ജോലിക്കും തൊഴില്‍ സാഹചര്യത്തിനും മിനിമം കൂലിക്കും വേണ്ടി തെരുവില്‍ ഇറങ്ങി.ഇതിലും ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ക്ക് നേതൃത്വപരമായ പങ്കുണ്ടായിരുന്നു. തീര്‍ച്ചയായും ചില പ്രധാനപ്പെട്ട ഇടതുപക്ഷ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷം അധികാരത്തിലില്ല. അവിടങ്ങളില്‍ ഇടതുപക്ഷത്തിന് ജന പിന്തുണ നഷ്ടപ്പെട്ടുവെന്നത് ഉത്കണ്ഠാകുലമാണ്. ഇടതുപക്ഷ ത്തിന് അതിന്റെ നഷ്ടപ്പെട്ട അടിത്തറ എങ്ങനെ വീണ്ടെടുക്കാം മുന്‍കൈ തിരിച്ചുപിടിക്കാം എന്നത് പ്രധാനമാണ്. പക്ഷെ ഹിന്ദി മേഖലയില്‍- ബിഹാറിലും ജാര്‍ഖണ്ഡിലും

ഞങ്ങള്‍ ആവുംവിധം ഇതിനായി ശ്രമിക്കുന്നുണ്ട്. കേരളത്തിലും ഫാസിസ്റ്റ് കടന്നാക്രമണം തടയുന്നതില്‍ ഇടതുപക്ഷം മികച്ച പങ്കു വഹിക്കും എന്ന് ഞാന്‍ കരുതുന്നു. ഈ ഫാസിസ്റ്റ് ഭരണത്തെ പുറത്താക്കി കഴിഞ്ഞാല്‍ ഇടതുപക്ഷത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്ന ചോദ്യം മുഖ്യ കാര്യ പരിപാടിയാവണം. കാരണം, ഇടതുപക്ഷമാണ് ജനാധിപത്യത്തിന്റെ അടിയുറച്ച സംരക്ഷകരും വക്താക്കളും. ഇടതുപക്ഷം ദുര്‍ബ്ബലമായാല്‍ രാജ്യം ഫാസിസ്റ്റ് കടന്നാക്രമണത്തിനു മുമ്പില്‍ കൂടുതല്‍ ദുര്‍ബ്ബലമാവും. അതിനാല്‍ ഇടതുപക്ഷത്തെ ശക്തമാക്കാന്‍ തീര്‍ച്ചയായും എല്ലാ പരിശ്രമങ്ങളും നടത്തേണ്ടതുണ്ട്.

പാര്‍ലമെന്ററി വ്യവസ്ഥയില്‍ ലോക്‌സഭയിലെ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ പ്രധാനമല്ലേ ?

അംഗസഖ്യയുടെ കാര്യത്തില്‍ സമഗ്രമായ ഒരു പ്രതിപക്ഷ സഖ്യം ഉണ്ടാവുമെന്നാണ് നാം പ്രതീക്ഷിച്ചത്. എന്നാല്‍, ദൗര്ഭാഗ്യമെന്നു പറയട്ടെ ഉദാഹരത്തിന് 1977 ലേത് പോലുള്ള ഒരു സഖ്യം സാദ്ധ്യമായില്ല. എങ്കിലും അതാതിടത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മികച്ച സഖ്യം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. യു. പി.യില്‍ നമുക്കറിയാം എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി പാര്‍ട്ടികള്‍ ഒന്നിച്ചും കോണ്ഗ്രസ്സ് ഒറ്റയ്ക്കുമാണ് മത്സരിക്കുന്നത്. എന്നാല്‍, ഇവിടെ ബിഹാറില്‍ നമ്മുടെ സഖ്യം പൂര്‍ണ്ണമല്ല. ലിബറേഷന്‍ മത്സരിക്കുന്ന ആറായില്‍ എല്ലാവരും ഒന്നിച്ചാണ്. മറ്റ് ചില സീറ്റുകളില്‍ പരസ്പരം മത്സരിക്കുന്നുണ്ട്. ബഗുസാരായില്‍ കനയ്യയ്ക്ക് മുന്നണിയുടെ പിന്തുണ ലഭിച്ചില്ല.അതുകൊണ്ട് സഖ്യം പൂര്‍ണമല്ല, സമഗ്രമല്ല. എങ്കിലും ജനങ്ങളുടെ സഹായത്തോടെ എല്ലായിടത്തും ബി.ജെ.പിയെ പരാജയപ്പെടുത്താനാവും എന്നതില്‍ സംശയമില്ല. ഇടതുപക്ഷത്തിന് അതിന്റെ സാന്നിദ്ധ്യം വിപുലപ്പെടുത്താന്‍ ഒരിക്കല്‍ കൂടി ആവുമെന്ന് കരുതുന്നു.

ഒരു യഥാര്‍ത്ഥ ഇടത് -ജനാധിപത്യ-മതനിരപേക്ഷ ബദല്‍ ഉണ്ടാക്കുന്നതിനെ പറ്റിയുള്ള താങ്കള്‍ കാഴ്ച്ചപ്പാട് എന്താണ് ?

ബി.ജെ.പി അധികാരത്തില്‍ നിന്ന് പുറത്തായാല്‍ ഒരു ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയും. ഈ സര്‍ക്കാരിന്റെ സ്വഭാവം, അതിന്റെ ഉള്ളടക്കം എന്നിവ എന്തായിരിക്കുമെന്ന് പറയാന്‍ ഇപ്പോള്‍ കഴിയില്ല. എന്നാല്‍, കഴിഞ്ഞ അഞ്ചു കൊല്ലത്തെ മോദി ഭരണം നല്‍കിയ അനുഭവങ്ങളുടെ പാഠങ്ങളാവണം ആ സര്‍ക്കാരിനെ നയിക്കേണ്ടത്. മോദി സര്‍ക്കാര്‍ ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിച്ചു.

നിയമവാഴ്ച്ച തകര്‍ക്കപ്പെട്ടു. ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെട്ടു. നിയമവാഴ്ച്ച ശക്തമായി പുനഃസ്ഥാപിക്കപ്പെടണം ജനാധിപത്യ സ്ഥാപനങ്ങള്‍ സംരക്ഷിക്കപ്പെടണം. അവിടെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സാമൂഹ്യ നീതിയുടെയും അടിസ്ഥാന ആശയങ്ങള്‍ കാത്തുസൂക്ഷിക്കപ്പെട്ടണം. അതില്‍ ഇടതുപക്ഷവും ഇടതുപക്ഷ ഇതര ശക്തികളും മതനിരപേക്ഷമല്ലെങ്കിലും വര്‍ഗ്ഗീയതയെ നിരാകരിക്കുന്ന പാര്‍ട്ടികളും എല്ലാം ഒന്നിക്കണം.

ഇത്തവണത്തെ കോണ്ഗ്രസ്സ് പ്രകടനപത്രികയില്‍ എന്തെങ്കിലും മാറ്റം കാണാനാവുമോ ?

കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഇതാദ്യമായി അഫ്‌സപ, രാജ്യദ്രോഹ കുറ്റം ചുമത്തുന്ന നിയമം തുടങ്ങിയവ പോലുള്ള മാരകമായ ചില നിയമങ്ങളെ കുറിച്ചുള്ള പരാമര്‍ശം ഉണ്ടായി. അത് സ്വാഗതാര്‍ഹമാണ്. നമുക്ക് ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഔദ്യോഗിക രഹസ്യ നിയമം തുടങ്ങിവ പോലുള്ളത് പുനഃപരിശോധിക്കും എന്നത് ജനാധിപത്യ സംവിധാനത്തിന്റെ സംരക്ഷണത്തില്‍ പ്രധാനമാണ്. ഈ നിയമങ്ങള്‍ ഉപയോഗിച്ചാണ് തങ്ങള്‍ക്കെതിരായ നീക്കങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തുന്നത്. ഇവയെ ചോദ്യം ചെയ്യുന്നവരെ വിചാരണ ചെയ്യുന്നത്. ഇതിലൊക്കെ പുനരാലോചന വേണം എന്ന നിലപാട് നല്ലതാണ്.

ഒപ്പം കര്‍ഷകര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ് കടത്തില്‍ നിന്നുള്ള മോചനം. സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ച, കാര്ഷികോല്പന്നങ്ങള്‍ക്കുള്ള മാന്യമായ പ്രതിഫലം എന്നിവ പ്രതിപാദിക്കുന്നുണ്ട് കോണ്ഗ്രസ്സ് പ്രകടനപത്രിക. തൊഴിലിനുള്ള അവകാശത്തെ പറ്റിയുള്ള യുവാക്കളുടെ ആവശ്യം, തൊഴില്‍ നല്‍കിയില്ലെങ്കില്‍ അയ്യായിരം രൂപ പ്രതിമാസ വേതനം വേണമെന്ന ആവശ്യം തുടങ്ങിയവ സ്വാഗതാര്‍ഹമാണ്. പ്രതിമാസം18,000 രൂപ ചുരുങ്ങിയ വേതനം വേണമെന്നത് വിവിധ വിഭാഗം തൊഴിലാളികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. അവയെപ്പറ്റി കോണ്ഗ്രസ്സ് പ്രകടനപത്രികയില്‍ പരാമര്ശിക്കുന്നുവെന്നത് നല്ലതാണ്. അടുത്തത് അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന 'ന്യായ്' ആണ്. എങ്ങനെ നടപ്പാക്കും എന്ന ചോദ്യം ഉണ്ട്.

ജനങ്ങളുടെ അകൗണ്ടിലേക്ക് വെറുതെ പണം മാറ്റിയത് കൊണ്ടായില്ല. അത് മോദിയും പറയുന്നുണ്ട്. നിലവിലുള്ള ക്ഷേമ പദ്ധതികളില്‍ നിന്ന് തുക വകമാറ്റിയാണ് ഇത് നടപ്പാക്കുകയെങ്കില്‍ കാര്യമില്ല.

തെരഞ്ഞെടുപ്പിനപ്പുറം നിലവില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും, പഞ്ചാബിലെ പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് അലയന്‍സ് പോലുള്ള പുരോഗമന നിലപാടുള്ള പല മുന്നണികളും ഉണ്ട്. അവയെ കുറിച്ചുള്ള നിലപാട് എന്താണ് ?

ഇവയില്‍ പലതും സംസ്ഥാനടിസ്ഥാനത്തില്‍ ഉള്ളവയാണ്. അഖിലേന്ത്യാ സ്വഭാവം ആര്‍ജ്ജിച്ചവയല്ല. ഓരോ പ്രദേശത്തെയും അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അനുസരിച്ചാണ് അവ രൂപപ്പെട്ടത്. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും ഊന്നിയാവണം അവ ഉണ്ടാക്കേണ്ടത്. എന്നാല്‍, പലതും അവസരവാദപരമായി തരംതാന്നു. ബിഹാറില്‍ തന്നെ നിതീഷ് കുമാര്‍ എന്തുചെയ്തു എന്ന് നമുക്കറിയാം. അതുപോലുള്ള നഗ്‌നമായ അവസര വാദം ശരിയല്ല.

ഭാവി സഖ്യങ്ങള്‍ ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആവണം ഉണ്ടാക്കേണ്ടത്. സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ മേഖലയിലെയും ജനങ്ങളുടെ-തൊഴിലാളികള്‍, കര്‍ഷകര്‍, ദലിത് വിഭാഗങ്ങള്‍- ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ആവണം അത് ഉയരേണ്ടത്.

ഇന്ത്യയെ സംബന്ധിച്ച് നമ്മുടെ ജനാധിപത്യത്തെ കുറിച്ചുള്ള ഗൗരവപൂര്‍ണ്ണമായ പുനരാലോചന വേണ്ട ഘട്ടമാണിത്. ഇവിടെ ദ്വി കക്ഷി ഭരണം സാദ്ധ്യമല്ല. ഏക കക്ഷി ഭരണവും പറ്റില്ല. പരസ്പര ബഹുമാനത്തി ല്‍ അടിയുറച്ച ബഹുകക്ഷി സംവിധാനമാണ് നമുക്ക് വേണ്ടത്. അതിനായി നാം ആലോചിക്കണം.

Read More >>