സുസ്ഥിര ജനാധിപത്യത്തിന് പണാധിപത്യം ഭീഷണി

മോഹന വാഗ്ദാനങ്ങൾക്കൊപ്പം പകൽവെളിച്ചത്തിൽ പണവും പാരിതോഷികങ്ങളും നൽകുന്നത് പലയിടത്തും പിടിക്കപ്പെട്ടിട്ടുണ്ട്. സ്വതന്ത്രമായി നടക്കേണ്ട ജനാധിപത്യപ്രക്രിയ പണം ഒഴുക്കി അട്ടിമറിക്കപ്പെടരുത് എന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ കർശന നടപടി കൈക്കൊള്ളുന്നത്. ഒരു മണ്ഡലത്തിൽ മാത്രം എട്ട് തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയോഗിച്ചാണ് പണാധിപത്യം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത്.

സുസ്ഥിര ജനാധിപത്യത്തിന് പണാധിപത്യം ഭീഷണി

കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവനെ കുടുക്കിയ സ്വകാര്യ ചാനലിന്റെ ഒളികേമറ ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർത്തിയിരിക്കുകയാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം ഇത്തവണ ശക്തവുമാണ്. പരമാവധി 70 ലക്ഷം രൂപ വരെയാണ് ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന തുക. എന്നാൽ തെരഞ്ഞെടുപ്പിൽ എങ്ങനെയും ജയിക്കാനുള്ള മത്സരത്തിൽ കോടികളാണ് പൊടിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു സ്ഥാനാർത്ഥിയുടെ ചെലവ് 70 ലക്ഷത്തിൽ ഒതുങ്ങില്ലെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അറിയാം. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് ദേശീയ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയുമെല്ലാം കോടിക്കണക്കിന് രൂപ താഴെ തട്ടിലേക്ക് ഒഴുക്കുന്നുണ്ട്. കണക്ക് കാണിക്കുന്നതും യഥാർത്ഥത്തിൽ ചെലവഴിക്കുന്നതും തമ്മിൽ ഒരു രാഷ്ട്രീയ പാർട്ടിയും പുലബന്ധം പുലർത്താറില്ല എന്നത് രഹസ്യമായ പരസ്യമാണ്.

മോഹന വാഗ്ദാനങ്ങൾക്കൊപ്പം പകൽവെളിച്ചത്തിൽ പണവും പാരിതോഷികങ്ങളും നൽകുന്നത് പലയിടത്തും പിടിക്കപ്പെട്ടിട്ടുണ്ട്. സ്വതന്ത്രമായി നടക്കേണ്ട ജനാധിപത്യപ്രക്രിയ പണം ഒഴുക്കി അട്ടിമറിക്കപ്പെടരുത് എന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ കർശന നടപടി കൈക്കൊള്ളുന്നത്. ഒരു മണ്ഡലത്തിൽ മാത്രം എട്ട് തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയോഗിച്ചാണ് പണാധിപത്യം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത്.

എത്ര നിയന്ത്രിച്ചാലും തെരഞ്ഞെടുപ്പ് ചെലവുകൾ കമ്മിഷൻ നിശ്ചയിക്കുന്ന പരിധിയിൽ നിൽക്കില്ല എന്നു വ്യക്തമാണ്. ഫ്‌ളക്‌സുകൾക്കുള്ള നിയന്ത്രണം കാരണം ചുമരെഴുത്ത്, ബാനറെഴുത്ത് എന്നിങ്ങനെ മനുഷ്യാദ്ധ്വാനം കൂടുതൽ ആവശ്യമുള്ള മേഖലകൾ ഉയർന്നുവന്നിരിക്കുന്നു. ഇത് വാസ്തവത്തിൽ തെരഞ്ഞെടുപ്പ് ചെലവ് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അഭ്യർത്ഥന, പോസ്റ്ററുകൾ, ചിഹ്നങ്ങൾ, പ്രകടന പത്രിക, മാതൃക ബാലറ്റ് പേപ്പർ തുടങ്ങി അച്ചടിച്ച് വിതരണം ചെയ്യേണ്ട പ്രചാരണ വസ്തുക്കൾ നിരവധിയാണ്. ഇതോടൊപ്പം ഇത്തവണ ചെലവ് വർദ്ധിപ്പിക്കുന്ന പ്രധാന പരിപാടി ഡിജിറ്റൽ കാമ്പയിനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളേക്കാൾ കൂടുതലായാണ് രാഷ്ട്രീയ പാർട്ടികൾ ഇതിനായി പണം ചെലവഴിക്കുന്നത്. പുതിയ തലമുറയെ സ്വാധീനിക്കാൻ ഏറ്റവും മികച്ച മാർഗ്ഗമെന്ന നിലയിലാണ് ഡിജിറ്റൽ കാമ്പയിൻ ശക്തമാകുന്നത്. പ്രൊഫഷണൽ സംഘങ്ങളുമായി തെരഞ്ഞെടുപ്പിനു മുമ്പേ കരാർ ഉറപ്പിച്ചാണ് ഡിജിറ്റൽ കാമ്പയിൻ നടന്നുകൊണ്ടിരിക്കുന്നത്.

ആരാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഇത്രയും പണം കൊടുക്കുന്നത്? ജനാധിപത്യവാദികൾ ന്യായമായി ചോദിക്കേണ്ട ഒരു ചോദ്യമാണിത്. കണക്കിൽപെടാത്ത പണത്തിന്റെ കെട്ടുകൾ തെരഞ്ഞെടുപ്പിനു മുമ്പ് പലയിടങ്ങളിലും പിടിക്കപ്പെടുന്നുണ്ട്. പിടിക്കപ്പെടാത്തതാണ് കൂടുതലും. പ്രവർത്തകർക്കുള്ള ചെലവിനും മദ്യം ഉൾപ്പെടെ ഒഴുക്കുന്നതിനും ബൂത്ത്തലങ്ങളിലേക്ക് ഈ പണം എത്തുന്നു. കോർപ്പറേറ്റ് ഉടമസ്ഥരും വൻകിട കരാറുകാരുമെല്ലാം അവരുടെ താല്പര്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടി രാഷ്ട്രീയ പാർട്ടികൾക്ക് ചോദിക്കുന്ന പണം കൊടുക്കുന്നു. കൊടുത്തതിലും പലയിരട്ടി തുക അവർ സർക്കാറുകളിൽ നിന്നു വഴിയെ നേടിയെടുക്കുകയും ചെയ്യുന്നു. ഇതു ജനങ്ങളുടെ പണമാണ്. ജനങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയ നികുതിപ്പണമാണ് ഇങ്ങനെ അഴിമതിക്കാരുടെ കൈകളിലൂടെ ചോർന്നു പോവുന്നത്.

തെരഞ്ഞെടുപ്പ് ചെലവിനുള്ള തുക സംഭാവനയായി തരണമെന്ന് ആവശ്യപ്പെട്ട് കനയ്യ കുമാർ നടത്തിയ ഓൺലൈൻ കാമ്പയിൻ വൻ വിജയമായിരുന്നു. ഇതൊരു നല്ല മാതൃകയാണ്. 70 ലക്ഷം രൂപയാണ് കനയ്യ കുമാർ ക്രൗഡ് ഫണ്ടിങ്ങിലൂടെ കണ്ടെത്തിയത്. ഈ 70 ലക്ഷം മാത്രമാണ് ചെലവഴിക്കുന്നതെങ്കിൽ കനയ്യ കുമാറിനെ സ്വാധീനിക്കാൻ അധികാരത്തിന്റെ ഇടനാഴികളിൽ ചുറ്റിത്തിരിയുന്ന ഉപജാപക സംഘങ്ങൾക്ക് കഴിയില്ല. അദ്ദേഹം എം.പിയായി തെരഞ്ഞെടുക്കപ്പെട്ടാൽ അനുവദിക്കപ്പെടുന്ന പണം കൃത്യമായി ചെലവഴിക്കപ്പെടുന്ന മണ്ഡലമായി ബിഹാറിലെ ബഗുസരായ് മാറും. കേരളത്തിൽ ഇടതു മുന്നണിയുടെ എം.ബി രാജേഷ് ആണ് ഈ മാതൃക പിന്തുടർന്ന ഒരു സ്ഥാനാർത്ഥി. 100 രൂപയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവനയായി പൊതുജനങ്ങളോട് ആവശ്യപ്പെട്ടത്. എന്നാൽ, ഇത്തരം പിരിവുകൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമായിക്കൂടാ.

ഒരു സ്ഥാനാർത്ഥി സംഭാവനയായി നേരിട്ട് കൈപ്പറ്റാവുന്ന തുക 10,000 രൂപ മാത്രമാണ്. റിട്ടേണിങ് ഓഫീസർ നൽകുന്ന ചെലവ് രജിസ്റ്ററിൽ ഓരോ ദിവസത്തെയും തുക രേഖപ്പെടുത്തണം. ഫലം വന്ന് ഒരു മാസത്തിനകം ചെലവ് വിവരം പൂർണ്ണമായി നൽകണം. ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം ഉൾപ്പെടെ തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നുണ്ട്. 10 ലക്ഷത്തിന് മുകളിൽ മൂല്യമുള്ള വസ്തുക്കളോ പണമോ കണ്ടാൽ പിടിച്ചെടുക്കും. സ്ഥാനാർത്ഥിത്വത്തിൽനിന്ന് അയോഗ്യനാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.

തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടക്കുന്നതോടെ രാജ്യം മറ്റൊന്നായി മാറും. പാടിപ്പറഞ്ഞ വീമ്പുകളെല്ലാം വെറുതെയാകും. അതിനാൽ, പണമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആരും ശ്രമിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള ബാദ്ധ്യത ജനങ്ങൾ കൂടി ഏറ്റെടുക്കണം. ചട്ടലംഘനങ്ങൾ കണ്ടാൽ ഉത്തരവാദപ്പെട്ടവരെ അപ്പപ്പോൾ അറിയിക്കണം. ജനാധിപത്യത്തെ ആരോഗ്യത്തോടെ നിലനിർത്താനുള്ള ഉത്തരവാദിത്തം ഓരോ പൗരനുമുണ്ട്.

Read More >>