അവഗണിക്കപ്പെടുന്ന അടിസ്ഥാന യാഥാർത്ഥ്യങ്ങൾ

ഏറ്റവും രസകരമായ കാര്യം, ബിഹാറിലെ സർവീസ് കമ്മിഷൻ വേണ്ടെന്നു വച്ചതാണ്-2007ൽ. എന്തൊക്കെയോ തട്ടുമുട്ട് ന്യായങ്ങൾ പറഞ്ഞു നിർത്തലാക്കിയ കമ്മിഷൻ 10 വർഷത്തിനു ശേഷം 2017 ൽ പുനരാരംഭിച്ചെങ്കിലും രണ്ടു വർഷം കഴിഞ്ഞാണ് അതിലെ അംഗങ്ങളെ നിയമിച്ചത്

അവഗണിക്കപ്പെടുന്ന അടിസ്ഥാന യാഥാർത്ഥ്യങ്ങൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളിലെ ഉത്തർപ്രദേശ്, ബിഹാർ യാത്രയ്ക്കിടയിലെ ചർച്ചകളെല്ലാം ചെന്നെത്തുക ജാതിയിലാണ്. വിഷയവും പ്രശ്നവും എന്തായാലും, വോട്ടിന്റെ കണക്കുകൂട്ടലുകൾ മുട്ടിനിൽക്കുക പിന്നാക്ക ജാതി സംവരണം, മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സംവരണം, യാദവ്-ദളിത്- മുസ്ലിം ഐക്യം, ബ്രാഹ്മണ- രജപുത്ര-കായസ്ഥ-ഭൂമിഹാർ എന്നീ സവർണ്ണ ജാതിക്കാർക്ക് ബി.ജെ.പിയോടുള്ള അടുപ്പം എന്നീ സമവാക്യങ്ങളിലാവും. സാമൂഹികശ്രേണിയിലെ ഏത് തട്ടിൽ നിൽക്കുന്നവരോട് സംസാരിച്ചാലും ചർച്ചകളുടെ ഈ പൊതുഘടനയിൽ വ്യത്യാസമില്ല. ജാത്യാതീത രാഷ്ട്രീയ വോട്ട് എന്ന സങ്കൽപ്പത്തെ പൂർണ്ണമായും നിരാകരിക്കുകയാണ് ഈ ചർച്ചകൾ. അത് സ്വാഭാവികം. ജാതിയെന്ന മൂര്‍ത്ത യാഥാര്‍ഥ്യത്തെ നിരാകരിക്കാനാവില്ല.

ഇതിനിടയിലാണ് പട്ന എ.എൻ സിൻഹ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സോഷ്യൽ സ്റ്റഡീസിലെ പ്രഫ.ഡി.എം ദിവാകറിനെ കണ്ടത്. ശ്രേണിബദ്ധമായ ജാതീയതക്ക് അപ്പുറം ബിഹാറിലെ സാമൂഹിക- സാമ്പത്തിക യാഥാർത്ഥ്യങ്ങളെ അറിയുന്നതിനാണ് ആദ്ദേഹത്തെ കണ്ടത്. വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലകളിലെ ബീഹാറിന്റെ പരിതാപകരമായ അവസ്ഥയിലേക്ക് സ്ഥിതിവിവര കണക്കുകളുടെ പിൻബലത്തിൽ അദ്ദേഹം ഒരു ഓട്ടപ്രദക്ഷിണം നടത്തി.

തകര്‍ന്ന വിദ്യാഭ്യാസവും ആരോഗ്യവും

സംസ്ഥാനത്തെ പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസം പൂർണ്ണമായും തകർന്നു. 1990 കളിലാണ് ഇത് ആരംഭിക്കുന്നത്. നിരവധി പ്രൈമറി സ്കൂളുകൾ അടച്ചുപൂട്ടി. അദ്ധ്യാപകർക്ക് സ്ഥിരം നിയമനം വേണ്ടെന്നുവച്ചു. എല്ലാം താൽക്കാലിക കോൺട്രാക്റ്റ് നിയമനമാക്കി. 30:1 എന്നതിൽ നിന്ന് വിദൂര ഗ്രാമങ്ങളിൽ വിദ്യാർത്ഥി- അദ്ധ്യാപക അനുപാതം 100:1 എന്നായി. സ്‌കൂൾ കുട്ടികൾക്ക് സൈക്കിൾ കൊടുക്കുന്ന പദ്ധതി നടപ്പാക്കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളും അദ്ധ്യാപകരും ഇല്ലാത്തതിനാൽ അത് വേണ്ടത്ര വിജയമായില്ല.ആദ്യത്തെ രണ്ടു ഘട്ടത്തിൽ ഇക്കാര്യങ്ങളിൽ ശ്രദ്ധ നൽകിയ നിതീഷ് കുമാർ ഇത്തവണ തീർത്തും വിമുഖനാണ്. പ്രാഥമിക-സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർന്നതിന്റെ സ്വാഭാവിക പ്രതിഫലനം സർവ്വകലാശാലാ വിദ്യാഭ്യാസത്തിന്റെ അളവിലും ഉള്ളടക്കത്തിലും കണ്ടു തുടങ്ങി. സംസ്ഥാനത്ത് നിരവധി സ്വകാര്യ സർവ്വകലാശാലകൾ സ്ഥാപിക്കപ്പെട്ടു. നിലവിൽ ബിഹാറിൽ നാലു ലക്ഷം താല്കാലിക അദ്ധ്യാപകരാണ് ഉള്ളത്. അവരുടെ പ്രശ്നം മുഖവിലക്കെടുക്കാൻ ആരും തയ്യാറില്ല. ഒരു പക്ഷേ, ഇതിന്റെ സ്വാധീനം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കാണാനാവുമെന്ന് പ്രഫ. ദിവാകർ പറഞ്ഞു.

ആരോഗ്യ രംഗത്ത് ഗ്രാമീണ മേഖലയിലെ സർക്കാർ ആശുപത്രികൾ കാര്യക്ഷമതയിലും ചികിത്സാസൗകര്യങ്ങളിലും ഏറെ പിന്നിലാണ്. നഗരങ്ങളിൽ അവ താരതമ്യേന മെച്ചമാണ്. ഭരണാധികാരികൾ ആരും സർക്കാർ ആശുപത്രികളിൽ പോകാറേയില്ല. സ്വകാര്യ ആശുപത്രികളും അനുബന്ധ ആരോഗ്യ സംവിധാനങ്ങളും അനുദിനം വികസിക്കുകയാണ്.

ഏറ്റവും രസകരമായ കാര്യം, ബിഹാറിലെ സർവീസ് കമ്മിഷൻ വേണ്ടെന്നു വച്ചതാണ്-2007ൽ. എന്തൊക്കെയോ തട്ടുമുട്ട് ന്യായങ്ങൾ പറഞ്ഞു നിർത്തലാക്കിയ കമ്മിഷൻ 10 വർഷത്തിനു ശേഷം 2017 ൽ പുനരാരംഭിച്ചെങ്കിലും രണ്ടു വർഷം കഴിഞ്ഞാണ് അതിലെ അംഗങ്ങളെ നിയമിച്ചത്. സർക്കാർ സേവനരംഗത്തു നിന്ന് പിരിഞ്ഞു പോകുന്നവർക്ക് പകരം പുതിയ നിയമനങ്ങൾ നടക്കുന്നില്ല. ചുരുക്കത്തിൽ, ഏത് അളവുകോലെടുത്ത് തിട്ടപ്പെടുത്തിയാലും 'വികസന'ത്തില്‍ ബിഹാറിന്റെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്.

ഇങ്ങനെ ഓരോ മേഖലയിലെയും ബീഹാറിന്റെ പിന്നാക്കാവസ്ഥയിലേക്ക് പ്രഫ. ദിവാകർ വിരൽചൂണ്ടവേയാണ് സ്വാഭാവികമായും ഒരു ചോദ്യം വന്നത്: പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുക, ഉള്ളവയിലെ സ്ഥിരനിയമനം ഒഴിവാക്കുക, ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള സർവീസ് കമ്മിഷൻ തന്നെ നിർത്തലാക്കുക എന്നൊക്കെ വന്നാൽ, ഈ പിന്നാക്ക-ദലിത് സംവരണം എന്ന ആവശ്യത്തിന് പിന്നെ എന്താണ് പ്രസക്തി? അടിസ്ഥാന സമത്വം ഉറപ്പു വരുത്താതെ എങ്ങനെ സംവരണം സാദ്ധ്യമാവും?അടിസ്ഥാന വിദ്യാഭ്യാസ അവകാശവും തൊഴിൽ അവകാശവും നിഷേധിച്ചാൽ പിന്നെന്ത് സംവരണം? വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കുമ്പോൾ പാവപ്പെട്ടവർക്ക് വാങ്ങൽശേഷി ഉണ്ടാവില്ല.

ബിഹാറിൽ ഇപ്പോൾ ഏറ്റവുമധികം നിക്ഷേപം നടക്കുന്നത് പശ്ചാത്തല വികസന മേഖലയിലാണ്. റോഡുകൾ, കെട്ടിടങ്ങൾ, ഫ്ലൈ ഓവറുകൾ, പാലങ്ങൾ എന്നിവയ്‌ക്കെല്ലാം വൻ തോതിൽ പണമിറക്കുന്നുണ്ട്. ഇതിലെ മറ്റൊരു സവിശേഷത, ദേശീയ പ്രശസ്തമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിഹാറിൽ ആരംഭിക്കുന്നുണ്ട്. വലിയ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി ഈ സ്ഥാപനങ്ങൾ കെട്ടിപ്പൊക്കുമ്പോൾ പഴയ ചില സർക്കാർ സ്ഥാപനങ്ങൾ തകരുകയാണ്. ചാണക്യ നാഷണൽ ലോ യൂണിവേഴ്‌സിറ്റി ആരംഭിച്ചപ്പോൾ പട്നയിലെ പ്രശസ്തമായ സർക്കാർ ലോ കോളജ്‌ ദുർബ്ബലമായി.

ഇത്തരത്തിലുള്ള അടിസ്ഥാനപ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എന്നെങ്കിലും ഉയർന്നു വരാറുണ്ടോ എന്ന ചോദ്യത്തിന് നിസ്സഹായമായ ചിരിയായിരുന്നു പ്രഫ.ദിവാകറിന്റെ മറുപടി.

ജാതീയതയുടെ അവശതകൾ പരിഹരിക്കാൻ ഭൂപരിഷ്‌ക്കരണ നടപടികൾ ഉണ്ടായോ എന്ന ചോദ്യത്തിന്, കർപ്പൂരി താക്കൂറിന്റെയും ലാലു പ്രസാദിന്റെയും ഭരണത്തിൽ ചില ശ്രമങ്ങൾ നടത്തിയെങ്കിലും അവ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു. 2009 ൽ ഭൂപരിഷ്ക്കരണ വകുപ്പും കോർ കമ്മിറ്റിയും ഉണ്ടായെങ്കിലും ഒന്നുംനടന്നില്ല. എന്തെങ്കിലും നടന്നാൽ കോടതിയും ഉദ്യോഗസ്ഥ മേധാവിത്തവും ഭരണ രാഷ്ട്രീയക്കാരും ചേർന്ന് അതിനെ അട്ടിമറിക്കും. ജയപ്രകാശ് നാരായണന്റെയും വിനോബാ ഭാവെയുടെയും നേതൃത്വത്തിൽ ഭൂദാന പ്രസ്ഥാനം ബീഹാറിൽ മുന്നേറിയെങ്കിലും ഭൂവിതരണത്തിന്റെ സമയമാവുമ്പോൾ എല്ലാം നിയമങ്ങളിൽ തട്ടി കോടതിമുറികളിൽ തകർന്നു വീഴുമെന്ന് പ്രഫ.ദിവാകർ വ്യക്തമാക്കി. ഗുണഭോക്താക്കളുടെ കണക്കുകൾ സർക്കാരിന്റെ കയ്യിൽ ഇല്ലാത്തതും പ്രശ്നമായി.ചമ്പാരൻ സത്യാഗ്രഹത്തിന്റെ നൂറാം വർഷത്തിൽ ആ സത്യാഗ്രഹത്തിൽ പങ്കാളിയായിരുന്ന പങ്കജിന്റെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടന്നെങ്കിലും പിന്നീട് ഒന്നും ഉണ്ടായില്ല. ഭൂദാൻ കമ്മിറ്റി പിന്നെ പിരിച്ചുവിട്ടു.

പറഞ്ഞു വരുമ്പോൾ ബിഹാറിൽ ലാലു പ്രസാദ് യാദവിന്റെയും യു.പിയിൽ മുലായം സിങ് യാദവിന്റെയും രാഷ്ട്രീയ ദാർശനികൻ ഡോ. റാം മനോഹർ ലോഹ്യയാണ്. ജാതിവ്യവസ്ഥയെ പറ്റിയുള്ള തന്റെ പഠനത്തിൽ ലോഹ്യ പറയുന്നുണ്ട്,"സാമ്പത്തിക അസമത്വവും ജാതി അസമത്വവും വധിക്കപ്പെടേണ്ട ഇരട്ട ചെകുത്താന്മാരാണെന്നും അവ രണ്ടും പരസ്പര ബന്ധിതമാണെന്നും വിലയിരുത്തുന്നതിൽ അവർ (സോഷ്യലിസ്റ്റുകൾ) പരാജയപ്പെടുന്നു.ജാതി വ്യവസ്ഥയെ പരസ്യമായി വെല്ലുവിളിക്കാൻ അവർ മടികാണിക്കുന്നത് തങ്ങളുടെ ജനസമ്മതി കുറഞ്ഞു പോകുമെന്ന മാറ്റിക്കൊണ്ട് കൂടിയായിരിക്കാം-" 'ജാതിവ്യവസ്ഥ' എന്ന പുസ്തകത്തിൽ ലോഹ്യ എഴുതി. തുടർന്ന് "പതിനായിരം വർഷത്തോളം പഴക്കമുള്ള സാംസ്ക്കാരിക മേധാവിത്തം ദ്വിജരെ വിദ്യാഭ്യാസവും ബുദ്ധിശക്തിയും മുൻകൈയെടുക്കാനുള്ള പാടവവുമൊക്കെ സ്വായത്തമാക്കാൻ സഹായിച്ചിട്ടുണ്ട്.

ശൂദ്രർക്കനുകൂലമായ ചില മുൻഗണനാപരമായ വിവേചനം കൂടാതെ ഈ സാംസ്കാരിക മേധാവിത്വത്തെ തകർക്കുന്നതിനും ശൂദ്രർക്ക് സംസ്ക്കാരത്തിന്റെ പുത്തിയ ചൈതന്യം കൈവരുത്തുന്നതിനും സാദ്ധ്യമല്ല" എന്നും ലോഹ്യ വിശദീകരിച്ചു. ശൂദ്രരുടെയും ദളിതരുടെയും സ്ത്രീകളുടെയും സ്വത്വം ഉയർത്താൻ ബോധപൂർവ്വമായ ശ്രമമില്ലെങ്കിൽ നാടിന് പുതുചൈതന്യം ഉണ്ടാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ നിരീക്ഷണങ്ങളെയെല്ലാം അപ്രസക്തമാക്കുന്നതായിരുന്നു ബിഹാറിലെ യാദവ, നിതീഷ് കുമാർ ഭരണം എന്നർത്ഥം.

മദ്യനിരോധനത്തിന്റെ നേട്ടങ്ങള്‍

തൊഴിലില്ലായ്‌മ കാരണം തൊഴിൽശക്തിയുടെ കുടിയേറ്റം ഇപ്പോൾ 21 ശതമാനമാണ്. ഫലഭൂയിഷ്ഠവും ജലസമൃദ്ധവുമാണ് ബിഹാർ. തൊഴിൽ ശക്തിയിലും മുന്നിലാണ്. എന്നാൽ, ജല വിനിയോഗത്തിലും മറ്റും ഇവിടം വലിയ പരാജയമാണ്. കാർഷിക മേഖലയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും മുടന്തുകയാണ്. ഭൂമി ഉപയോഗം വർദ്ധിച്ചില്ല. കാർഷിക ദിശാനിർണ്ണയത്തിൽ ഉൽപ്പാദനത്തിൽ പിന്നോട്ടടിക്കുകയാണ്. അല്പം വളർച്ച കാണിക്കുന്നത്.

ജാർഖണ്ഡ് സംസ്ഥാന രൂപീകരണത്തോടെ വൻകിട വ്യവസായങ്ങൾ എല്ലാം ബിഹാറിന് നഷ്ടമായി. കാർഷിക മേഖലയിൽ അധിഷ്ഠിതമായ വ്യവസായങ്ങൾ വളർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മഹാത്മാ ഗാന്ധി ദേശീയ തൊഴിൽ പദ്ധതിയാണ് അല്പം വളർച്ച കാണിക്കുന്നത്.

ബീഹാറിലെ സമ്പൂർണ്ണ മദ്യ നിരോധനം കുടുംബങ്ങളിൽ ശാന്തമായ അന്തരീക്ഷം സൃഷ്ടിച്ചതായി പ്രഫ.ദിവാകർ വ്യക്തമാക്കി. നികുതിയിനത്തിൽ ലഭിക്കേണ്ട നാലായിരം കോടി രൂപ വേണ്ടെന്നുവച്ച് കൈക്കൊണ്ട നടപടിയുടെ ഗുണഭോക്താക്കൾ പാവപ്പെട്ടവരാണ്. ഇതിന്റെ മറ്റൊരു വശം മദ്യക്കടത്ത് കൂടിയെന്നതാണ്. അപ്പോൾ പിടിക്കപ്പെടുന്നത് കരിയർമാരാണ്. മാഫിയകൾ സുരക്ഷിതരായി നിൽക്കുകയും ചെയ്യുകയാണ്-അദ്ദേഹം പറഞ്ഞു.

ലാലുജിയുടെ അഭാവം

തെരഞ്ഞെടുപ്പിന്റെ തലേന്നാൾ, പട്നയിലെ തന്റെ വീട്ടിൽ വച്ച് ബിഹാറിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായ സത്യനാരായൺ മദൻ വിവരിച്ചത് ലാലു പ്രസാദ്‌ജിയുടെ പ്രായോഗിക പറ്റിയാണ്: 1991ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വി.പി സിങ്ങിന്റെ ആവശ്യപ്രകാരം ഐ.കെ ഗുജ്റാളിനെ പട്നയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ ലാലുജി നിർബ്ബന്ധിതനായി. സവർണ്ണനായ ഗുജ്റാളിനെ ഐ.കെ ഗുജ്ജർ എന്ന പേരിലാണ് തെരഞ്ഞെടുപ്പ് റാലിയിൽ ലാലുജി ജനങ്ങൾക്ക് പരിചയപ്പെടുത്തിയത്. ആട്ടിടയന്മാരായ ഗുജ്ജറുകൾ പിന്നാക്ക ജാതിക്കാരാണ്. തെരഞ്ഞെടുപ്പിൽ ഗുജ്‌റാൾ ജയിച്ചെങ്കിലും കൃത്രിമം നടന്നെന്ന പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. അടുത്ത വർഷം ലാലുജിയുടെ സഹായത്തോടെ ബിഹാറിൽ നിന്ന് ഗുജ്‌റാൾ രാജ്യസഭയിലെത്തി.

ദീർഘനാളുകൾക്കു ശേഷമാണ് രാഷ്ട്രീയ ജനത ദൾ (ആർ.ജെ.ഡി) നേതാവ് ലാലു പ്രസാദ് യാദവിന്റെ നേരിട്ടുള്ള ഇടപെടലും സാന്നിദ്ധ്യവും ഇല്ലാത്ത ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടന്നത്. ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് മദൻ മേൽഅനുഭവം വിവരിച്ചത്.

ലാലുവിന്റെ സുഹൃത്തായ സത്യനാരായൺ, 1970കളിൽ ജയപ്രകാശ് നാരായണന്റെ സമ്പൂർണ്ണ വിപ്ലവകാലത്ത് ലാലുവിനൊപ്പം വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കഞ്ചൻ ബാലയും അറിയപ്പെടുന്ന പൊതുപ്രവർത്തകയാണ്.

ബുദ്ധികൂർമ്മതയും കൗശലവും പ്രത്യുല്പന്നമതിത്വവും ഒത്തുചേർന്ന അപൂർവ്വ ജനുസ്സിൽപ്പെട്ട നേതാവാണ് ലാലുപ്രസാദ് യാദവ്- സമാനമായ ഉദാഹരണങ്ങളിലൂടെ മദൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ ലാലുവിന്റെ സൂക്ഷ്മത അപാരമാണ്. എല്ലാ മണ്ഡലത്തിലും ഒരു തവണ അദ്ദേഹം എത്തും. എന്നാൽ, ബി.ജെ.പി സ്ഥിരമായി ജയിക്കുന്ന, ശത്രുഘ്‌നൻ സിൻഹയുടെ പട്നാ സാഹിബ് പോലുള്ള മണ്ഡലങ്ങളിൽ പോയില്ലെന്നും വരും. ഗ്രാമീണ ഉപമകളും കഥകളും തമാശകളുമായി സമകാലിക സംഭവങ്ങളെ അദ്ദേഹം വിശദീകരിക്കും. അനായാസം ജനഹൃദയങ്ങളിൽ കടന്നിരിക്കാൻ പാടവമുണ്ട് ലാലുവിന്. കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട് ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ ജയിലിലാണ് ലാലു.

ആർ.ജെ.ഡിയിൽ ലാലുവിന്റെ പിൻഗാമിയായ ഇളയ മകൻ തേജസ്വി യാദവ് മഹാസഖ്യത്തിനായി രണ്ടും മൂന്നും തവണ ഓരോ മണ്ഡലത്തിലും എത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ബിഹാറിൽ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടനം എന്താവും?

ദേശീയ ജനാധിപത്യ സഖ്യ (എൻ.ഡി.എ)ത്തിന് ബിഹാറിൽ അനുഭവ സമ്പന്നരായ നേതാക്കളുണ്ട്- ജെ.ഡി.യു നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, ബി.ജെ.പി നേതാവും ഉപ മുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി, തെരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ധനും ജെ.ഡി. യു നേതാവുമായ പ്രശാന്ത് കിഷോർ തുടങ്ങിയവർ. ഇവരെ അതിജീവിക്കാനുള്ള പ്രാപ്തി താരതമ്യേന ചെറുപ്പമായ, വേണ്ടത്ര അനുഭവമില്ലാത്ത തേജസ്വിക്ക് കഴിയുമോ?

ലാലു പ്രസാദ് യാദവിന്റെ 'ഗോപാൽ ഗഞ്ചിൽ നിന്ന് റയ്‌സിനയിലേക്ക്' എന്ന ആത്മകഥയുടെ സഹഗ്രന്ഥകാരനായ പ്രശസ്ത പത്രപ്രവർത്തകൻ നളിൻ വർമ പറയുന്നതും ലാലുവിന്റെ അകളങ്കമായ നൈസർഗ്ഗികതയെ പറ്റിയാണ്. വശ്യവും ഗ്രാമീണവുമായ പ്രകൃതമുള്ള അദ്ദേഹം ഭൂമിയിൽ ചവിട്ടി നിൽക്കുന്ന മനുഷ്യനാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ തമാശകൾ ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കും. ജനങ്ങളുമായുള്ള ബന്ധമാണ് ഇതിന് കാരണം. ലാലുവിന്റെ നേരിട്ടുള്ള അസാന്നിദ്ധ്യത്തിൽ പോലും അദ്ദേഹം പ്രതീക്ഷ നൽകുന്നു. ( Lalu Prasad's idea of revolution will continue: Nalin Verma, The Indian Express, May18) വെല്ലുവിളികൾ നിറഞ്ഞ ഇക്കാലത്ത് ആർ.ജെ.ഡിയുടെ തുടക്കം മുതൽ ലാലുവിന്റെ ദീർഘകാല സഹപ്രവർത്തകരായ ശിവാനന്ദ് തിവാരി, ജഗദാനന്ദ് സിങ്, രഘുവംശ് പ്രസാദ് തുടങ്ങിയ മുതിർന്ന നേതാക്കൾ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തരാണെന്ന് വർമ പറയുന്നു. ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം 2014ന്റെ വഴിക്കായിരിക്കില്ല എന്നതിൽ വർമക്ക് സംശയമില്ല.

Read More >>