തകഴി സ്ഥാനാര്‍ത്ഥി, മലയാറ്റൂര്‍ ഏജന്റ്

മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ പി.ഗോവിന്ദപിള്ള 25ാം വയസ്സിൽ പെരുമ്പാവൂരിൽ നിന്ന് ആദ്യം മത്സരിക്കുമ്പോൾ തിരഞ്ഞെടുപ്പ് ഏജന്റ് ആയിരുന്നത് അന്നു ഐ.എ.എസ് ഉദ്യോഗസ്ഥനോ പ്രമുഖ നോവലിസ്റ്റോ ആയിട്ടില്ലാത്ത മലയാറ്റൂർ രാമകൃഷ്ണൻ ആയിരുന്നു. ഐക്യമുന്നണിക്കു വേണ്ടി മത്സരിക്കാൻ യോഗ്യനായ ഒരു സ്ഥാനാർഥി ഇല്ലാതിരുന്നതിനാൽ ബോംബെയിൽ ബി.എ ഓണേഴ്‌സ് വിദ്യാർത്ഥി ആയിരുന്ന പി.ഗോവിന്ദപിള്ളയെ കമ്പിയടിച്ച് വിളിപ്പിച്ചാണ് സ്ഥാനാർത്ഥിയാക്കിയത്. അടുത്ത തീവണ്ടിയിൽ ബോംബെയിൽനിന്നു പുറപ്പെട്ട ഗോവിന്ദപിള്ളയ്ക്ക് ലഭിച്ച തെരഞ്ഞെടുപ്പ് ചിഹ്നം തീവണ്ടിയായിരുന്നു! പിന്നീട് മലയാറ്റൂർ രാമകൃഷ്ണൻ സ്ഥാനാർത്ഥിയായപ്പോൾ ഇലക്ഷൻ ഏജന്റായി പ്രവർത്തിച്ച് ഗോവിന്ദപിള്ള സമനില പിടിച്ചു.

തകഴി സ്ഥാനാര്‍ത്ഥി,   മലയാറ്റൂര്‍ ഏജന്റ്

നാം പ്രതീക്ഷിക്കാത്ത പലരും സ്ഥാനാർത്ഥികളും ഇലക്ഷൻ ഏജന്റുമാരും ആയ ഒരു കാലം ഉണ്ടായിരുന്നു കേരളത്തിൽ. പ്രശസ്ത നോവലിസ്റ്റ് തകഴി ശിവശങ്കരപിള്ള എന്നെങ്കിലും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു എന്നു പറഞ്ഞാൽ ഇന്നു പലരും വിശ്വസിക്കില്ല. അദ്ദേഹത്തിന്റെ പ്രശസ്തമായ പിശുക്കും തെരഞ്ഞെടുപ്പ് ചെലവും തമ്മിൽ എങ്ങനെ ഒത്തുപോകും എന്നായിരിക്കും എല്ലാവരെയും അലട്ടുന്ന ചിന്ത. അന്നു തകഴിയുടെ ഇലക്ഷൻ ഏജന്റ് ആയിരുന്നത് പിന്നീട് മനോരമയുടെ റസിഡന്റ് എഡിറ്റർ ആയ പ്രമുഖ രാഷ്ട്രീയ ലേഖകൻ കെ.ആർ ചുമ്മാർ ആയിരുന്നു.


മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ പി.ഗോവിന്ദപിള്ള 25ാം വയസ്സിൽ പെരുമ്പാവൂരിൽ നിന്ന് ആദ്യം മത്സരിക്കുമ്പോൾ തിരഞ്ഞെടുപ്പ് ഏജന്റ് ആയിരുന്നത് അന്നു ഐ.എ.എസ് ഉദ്യോഗസ്ഥനോ പ്രമുഖ നോവലിസ്റ്റോ ആയിട്ടില്ലാത്ത മലയാറ്റൂർ രാമകൃഷ്ണൻ ആയിരുന്നു. ഐക്യമുന്നണിക്കു വേണ്ടി മത്സരിക്കാൻ യോഗ്യനായ ഒരു സ്ഥാനാർഥി ഇല്ലാതിരുന്നതിനാൽ ബോംബെയിൽ ബി.എ ഓണേഴ്‌സ് വിദ്യാർത്ഥി ആയിരുന്ന പി.ഗോവിന്ദപിള്ളയെ കമ്പിയടിച്ച് വിളിപ്പിച്ചാണ് സ്ഥാനാർത്ഥിയാക്കിയത്. അടുത്ത തീവണ്ടിയിൽ ബോംബെയിൽനിന്നു പുറപ്പെട്ട ഗോവിന്ദപിള്ളയ്ക്ക് ലഭിച്ച തെരഞ്ഞെടുപ്പ് ചിഹ്നം തീവണ്ടിയായിരുന്നു! പിന്നീട് മലയാറ്റൂർ രാമകൃഷ്ണൻ സ്ഥാനാർത്ഥിയായപ്പോൾ ഇലക്ഷൻ ഏജന്റായി പ്രവർത്തിച്ച് ഗോവിന്ദപിള്ള സമനില പിടിച്ചു.

എ.കെ ഗോപാലൻ കാസർക്കോട്ട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോഴെല്ലാം ചീഫ് ഇല്ക്ഷൻ ഏജന്റ് ആയിരുന്നതു പിന്നീട് ഹൈക്കോടതി ചീഫ് ജസ്റ്റിസായ യു.എൽ ഭട്ട് ആയിരുന്നു. 1951-ൽ വിയ്യൂരിൽ നിന്ന് കൊച്ചി നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ കെ.കെ വാരിയരുടെ ചീഫ് ഏജന്റ് പ്രശസ്ത സാഹിത്യകാരൻ എം.ആർ ചന്ദ്രശേഖരനായിരുന്നു. അന്നു കേരളമുണ്ടായിട്ടില്ല. കെ.കെ വാരിയരും എം.ആർ ചന്ദ്രശേഖരനും പിൽക്കാലത്ത് പ്രശസ്തരായി. തൃശ്ശൂർ നവജീവൻ പത്രാധിപരായിരുന്നു കെ.കെ വാരിയർ. കേരള മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ എതിരാളികളുടെ ജാഥകളിൽ വിളിക്കാറുള്ളതു കരിങ്കാലി കരുണാകരൻ എന്നായിരുന്നല്ലോ. ഈ പേരിട്ടത് കെ.കെ വാരിയരാണ്. ബ്ലാക്ക് മാർക്കറ്റ് എന്ന ഇംഗ്ലീഷ് വാക്കിനു കരിഞ്ചന്ത എന്ന് തർജ്ജമ സംഭാവന ചെയ്തത് വാരിയരാണ് എന്നു പഴയ സഹപ്രവർത്തകർ ഓർക്കുന്നു. എം.ആർ ചന്ദ്രശേഖരൻ പ്രശസ്തനായ നിരൂപകൻ മാത്രമല്ല കോളേജ് അദ്ധ്യാപക സംഘടനാ നേതാവുമായിരുന്നു. ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം കമ്മ്യൂണിസത്തെ ആശയപരമായി ചോദ്യം ചെയ്യുന്ന പുസ്തകങ്ങൾ എഴുതി.


സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളിൽ ഇടതുപക്ഷ ഐക്യമുന്നണിക്ക് ഇലക്ഷൻ ഏജന്റുമാരെ കിട്ടാൻ പ്രയാസമായിരുന്നു. കമ്യുണിസ്റ്റ് പാർട്ടി സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത കാലത്ത് വിശേഷിച്ചും. തിരുവനന്തപുരത്ത് പാളയത്തെ ഒരു ലോഡ്ജിൽ വിദ്യാർത്ഥി ജീവിതകാലത്ത് താമസിച്ചിരുന്ന പ്രശസ്ത പത്രപ്രവർത്തകരായ ബി.ആർ.പി ഭാസ്‌കറിന്റെയും എൻ. രാമചന്ദ്രന്റെയും മുറിയിൽ സന്ദർശകനായി വന്നതായിരുന്നു സാഹിത്യകാരനും മാനേജ്‌മെന്റ് വിദഗ്ദ്ധനുമായ പട്ടത്തുവിള കരുണാകരൻ. അപ്പോഴാണ് ഒരു തൊഴിലാളി പ്രവർത്തകൻ, അടുത്ത ദിവസം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഇലക്ഷൻ ഏജൻുമാരാകാൻ ആരെയെങ്കിലും കിട്ടുമോ എന്ന അന്വേഷിച്ച് മുറിയിലേക്കു വരുന്നത്. മൂന്നു പേരും തയ്യാറായി. മൂന്ന് പേരെയും പാർട്ടി ഉടൻതന്നെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പഠിപ്പിച്ചു.

വോട്ടെടുപ്പ് നടക്കവെ, ബി.ആർ.പി ഭാസ്‌കർ ഏജന്റായിരുന്ന ബൂത്തിൽ അദ്ദേഹത്തിന് എക്കാലവും ഓർമ്മിക്കത്തക്ക ഒരു സംഭവം ഉണ്ടായി. പ്രശസ്ത കോൺഗ്രസ് കോൺഗ്രസ് നേതാവ് പട്ടം താണുപിള്ള ബൂത്തിലേക്കു കടന്നു വന്നു. തിരുവിതാംകൂർ സിംഹം എന്നാണ് അദ്ദേഹത്തെ ആളുകൾ വിളിച്ചിരുന്നത്. അത്ര വലിയ വ്യക്തിത്വം.

അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പരക്കെ വിശേഷിക്കപ്പെട്ടിട്ടുള്ള ആളുമാണ് അദ്ദേഹം. മുഖ്യമന്ത്രിയല്ല, പ്രധാനമന്ത്രിയാണ് അക്കാലത്തു സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്നത്. ഈ പട്ടംതാണുപിള്ളയാണ് ബൂത്തിൽ കടന്നു വന്നത്. പട്ടംതാണുപ്പിള്ളയെ കണ്ടാൽ എല്ലാവരും എഴുനേറ്റു നിൽക്കും എന്നതാണ് നാട്ടുനടപ്പ്. പക്ഷേ, സ്ഥാനാർത്ഥി അല്ലാത്ത ആർക്കും, മുഖ്യമന്ത്രിക്കു പോലും, ബൂത്തിൽ കയറാൻ പാടില്ല. ഇലക്ഷൻ ഏജന്റുമാർക്ക് ചട്ടങ്ങൾ അറിയാമല്ലോ. ബി.ആർ.പി ഭാസ്‌കർ വരണാധികാരിയോട് ചോദിച്ചു-'ഇദ്ദേഹം ഇവിടെ സ്ഥാനാർത്ഥിയല്ലല്ലോ. പിന്നെയെങ്ങനെ ബൂത്തിൽ കയറും?' പട്ടത്തിന് കാര്യത്തിന്റെ ഗൗരവം മനസ്സിലായി. അദ്ദേഹം ഒരക്ഷരം മിണ്ടാതെ തിരിച്ചുപോയി.

( മലയാള മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്റ്ററും പ്രമുഖ പത്രാധിപരുമാണ് ലേഖകൻ )

Read More >>