അണ്ണനെ കൈവിടാത്ത ആണ്ടിപ്പട്ടിയില്‍

അദ്ദേഹം മദിരാശിയിൽ ആശുപത്രി കിടക്കയിൽ മരണവുമായി പടവെട്ടുമ്പോൾ അദ്ദേഹത്തെ സന്ദർശിച്ച ഉറ്റമിത്രവും കോൺഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധി അപ്പോഴേക്കും അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചിരുന്നു. എം.ജി.ആർ ഇന്ത്യയിൽ ഇല്ലെങ്കിലും ഇന്ദിരയ്ക്കു പകരം രാജീവ് വന്നെങ്കിലും എ.ഐ.എ.ഡി.എം.കെയും കോൺഗ്രസ്സും ആയി പഴയ ഫോർമുലയിൽ സീറ്റ് വിഭജനം നടന്നു. കോൺഗ്രസിന് മൂന്നിൽ ഒന്ന് നിയമസഭാസീറ്റ് പകരം ലോക്‌സഭയിലേക്കു മൂന്നിൽ രണ്ടു സീറ്റുകൾ എ.ഐ.എ.ഡി.എം.കെ ക്ക്. അന്ന് സംസ്ഥാന നേതാക്കന്മാർ പ്രധാനമന്ത്രി പദം സ്വപ്നം കണ്ടു തുടങ്ങിയിരുന്നില്ല. അങ്ങനെ രാജിവ്ഗാന്ധി തമിഴ്‌നാട്ടിൽ പ്രചാരണത്തിനു വരികയാണ്.

അണ്ണനെ കൈവിടാത്ത ആണ്ടിപ്പട്ടിയില്‍

ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് 1984-ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പ്. അന്നു ഞാന്‍ മാതൃഭൂമി ചെന്നൈ ലേഖകനാണ്. മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ തലവനുമായ എം.ജി.ആർ അമേരിക്കയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ പറ്റി ആർക്കും കാര്യമായ വിവരമില്ല. 'നോ ന്യൂസ് ഈസ് ഗുഡ് ന്യൂസ്'എന്ന ഒറ്റ വാക്കിലുള്ള മറുപടിയായിരുന്നു അന്ന് ആരോഗ്യമന്ത്രിയായിരുന്ന എസ്. രാമചന്ദ്രൻ പറഞ്ഞത്. അതു മനസ്സിലാക്കിയെടുക്കാൻ ഇംഗ്ലീഷിലുള്ള അല്പജ്ഞാനം പരമാവധി ഉപയോഗിക്കേണ്ടി വന്നു. പക്ഷെ, തമിഴ്മക്കൾക്ക് ആശങ്കയൊന്നുമില്ല. അദ്ദേഹം കത്തി ഉപയോഗിച്ചു സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്ന പോസ്റ്ററുകൾ കണ്ടതോടെ അവരുടെ വിശ്വാസം ഇരട്ടിച്ചു .മുപ്പിറവിയാണ്ട(മൂന്നു തവണ മരണത്തെ അതിജീവിച്ച) തലൈവർ തിരികെ വരുമെന്ന് അവർക്ക് നല്ല ബോധമുണ്ടായിരുന്നു.


അദ്ദേഹം മദിരാശിയിൽ ആശുപത്രി കിടക്കയിൽ മരണവുമായി പടവെട്ടുമ്പോൾ അദ്ദേഹത്തെ സന്ദർശിച്ച ഉറ്റമിത്രവും കോൺഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധി അപ്പോഴേക്കും അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചിരുന്നു. എം.ജി.ആർ ഇന്ത്യയിൽ ഇല്ലെങ്കിലും ഇന്ദിരയ്ക്കു പകരം രാജീവ് വന്നെങ്കിലും എ.ഐ.എ.ഡി.എം.കെയും കോൺഗ്രസ്സും ആയി പഴയ ഫോർമുലയിൽ സീറ്റ് വിഭജനം നടന്നു. കോൺഗ്രസിന് മൂന്നിൽ ഒന്ന് നിയമസഭാസീറ്റ് പകരം ലോക്‌സഭയിലേക്കു മൂന്നിൽ രണ്ടു സീറ്റുകൾ എ.ഐ.എ.ഡി.എം.കെ ക്ക്. അന്ന് സംസ്ഥാന നേതാക്കന്മാർ പ്രധാനമന്ത്രി പദം സ്വപ്നം കണ്ടു തുടങ്ങിയിരുന്നില്ല. അങ്ങനെ രാജിവ്ഗാന്ധി തമിഴ്‌നാട്ടിൽ പ്രചാരണത്തിനു വരികയാണ്.

രാഹുൽ പ്രചാരണത്തിന് എത്തിയത് ശ്രീപെരുംപുത്തൂരില്‍ . മദ്രാസ് (ഇന്ന് ചെന്നൈ )നഗരത്തിൽ നിന്നും അകലെ, കുഗ്രാമം (ഇന്നത് വല്ലാതെ മാറിയിരിക്കുന്നു) എന്ന് പറയാവുന്ന ഇടമായിരുന്ന മരഗതം ചന്ദ്രശേഖർ മത്സരിച്ചിരുന്ന ആ നിയോജകമണ്ഡലം. കരിമ്പനകൾ അതിരിട്ട, വൈഷ്ണവ ഗുരുവായ രാമാനുജരുടെ ആ നാട്ടിൽ അദ്ദേഹം ഒരു വെളുത്ത ഹെലികോപ്ടരിൽ എത്തി. കോൺഗ്രസ് ഏർപ്പെടുത്തിയ ഒരു ബസ്സിൽ ആണ് ഞങ്ങൾ പത്രപ്രവർത്തകർ എത്തിയത്. തീ പാറുന്ന പ്രസംഗം കാഴ്ചവെയ്ക്കുന്ന തമിഴ്‌നാട്ടിലെ ശിങ്കങ്ങൾക്കിടയിൽ വളരെ കാര്യമാത്ര പ്രസക്തമായി പ്രസംഗിക്കുന്ന രാജീവ് ഒന്നുമായിരുന്നില്ല.

പക്ഷെ, അദ്ദേഹത്തിന്റെ ഒരു വാചകം മനസ്സിൽ തട്ടി. നാടിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിക്കാൻ കോൺഗ്രസ്സിനു വോട്ട് ചെയ്യുക എന്നതായിരുന്നു ആ ഒരു വാക്യം. വെറും വാക്കായിരുന്നില്ല അതെന്നു പിന്നീട് ബോദ്ധ്യമാകുകയും ചെയ്തു. ഒരു സഹതാപ അന്തരീക്ഷം സൃഷ്ടിക്കാനൊന്നും അദ്ദേഹം മുതിർന്നില്ല. മരിച്ച ഇന്ദിരയും ചികിത്സയിൽ കഴിയുന്ന എം.ജി.ആറും ദൃഢപ്പെടുത്തിയ ആ സഖ്യം ഡി.എം.കെ യുടെ ഉദയസൂര്യനെ പിടിച്ചു നിർത്തി എന്നത് ചരിത്രം. അതെ വേദിയിൽ വെച്ചായിരുന്നു 1991-ൽ അദ്ദേഹം എൽ.ടി.ടി.ഇ യുടെ ചാവേർ ബോംബാക്രമണത്തിൽ ഛിന്നഭിന്നമായി മരിച്ചത്. ഇന്നത് രാജീവ് ഗാന്ധിയുടെ സ്മൃതി മണ്ഡപമാണ്.

തിരികെയുള്ള യാത്രയിൽ പത്രപ്രവർത്തകനായ ഭഗവാൻ സിങ് ഡി.എം.കെ യുടെ പ്രചാരണത്തെ പറ്റി വാചാലനായി. എം.ജി.ആർ ചികിത്സയിൽ കഴിയുന്ന ഈ കാലത്ത് കരുണാനിധി തമിഴ്‌നാട് തിരിച്ചുപിടിക്കും എന്നായിരുന്നു സൂചന. ഇതിനിടയ്ക്ക് തമിഴ്‌നാട്ടിൽ ഒരു ഗ്രാമത്തിൽ നടന്ന ഒരു വഴക്കിനെ പറ്റി അദ്ദേഹം പറഞ്ഞു. ഫ്ലക്‌സ് ഒന്നും ഇല്ലാത്ത കാലം. അക്കാലത്ത് തിയ്യേറ്ററുകൾ പരസ്യം ചെയ്യുന്നത് നടന്മാരുടെ വലിയ കട്ടൗട്ട് കൊണ്ടാണ്. ഇതിനു വലിയ ഡിമാൻഡ് ആണ്. ദിവസവും രാത്രി സ്ത്രീകൾ അത് വാടകയ്ക്ക് എടുക്കും. പിന്നിട് അത് തിരികെ നൽകും.

ഒരു ദിവസം ഒരു സ്ത്രീ ആ കട്ടൗട്ട് തിരികെ നൽകാതെ രണ്ടുനാൾ കൂടി വാടക ദീർഘിപ്പിച്ചു. ആ ദിവസം മുൻകൂർ വാടക നൽകിയിരുന്ന സ്ത്രീ അവരുടെ വീട്ടിൽ എത്തി ബഹളമുണ്ടാക്കി. അതായിരുന്നു എം.ജി.ആർ തമിഴ് നാടിന്. ആ കൊടും വേനലിൽ ഞാൻ തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ കറങ്ങി. പല്ലില്ലാത്ത വായുമായി ആഹാരം കഴിക്കുന്ന എം.ജി.ആറിന്റെ പടം എങ്ങും കാണാം അദ്ദേഹം മത്സരിക്കുന്ന ആണ്ടിപ്പട്ടിയിലും ചെന്നു.

1984-ലെ ആ തെരഞ്ഞെടുപ്പിൽ ആണ്ടിപ്പട്ടിയോ തമിഴകമോ എം.ജി.ആറിനെയോ കോൺഗ്രസിനെയോ കൈവിട്ടില്ല. ജനങ്ങൾ ഹൃദയത്തിൽ വെച്ചിരിക്കുന്ന ഒരു നേതാവിനെയും ഒരു പ്രചാരണത്തിനും തോൽപ്പിക്കാനാവില്ല. കാലം മാറി. കോൺഗ്രസ് ഇന്ന് ഡി.എം.കെ യുടെ സഖ്യ കക്ഷിയാണ്. എം.ജി.ആറും ഇതയക്കനി ജയലളിതയും ശത്രുവായ കരുണാനിധിയുമെല്ലാം ചരിത്രമായി. എങ്കിലും, ഇതുവരെ ആ ആണ്ടിപ്പട്ടി എ.ഐ.ഡി.എം.കെ.യെ കൈവിട്ടിട്ടില്ല. ഇത്തവണ എന്താവുമോ...

( ഇന്ത്യ ടുഡേയില്‍ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു ലേഖകന്‍)

Read More >>